728X90

728X90

0

0

0

ഈ ലേഖനത്തിൽ

Dust Mite Allergy: സോഫ്റ്റ് ടോയ്സ് കുട്ടികൾക്ക് ദോഷകരമായേക്കാം
82

Dust Mite Allergy: സോഫ്റ്റ് ടോയ്സ് കുട്ടികൾക്ക് ദോഷകരമായേക്കാം

പൊടിയിൽ വസിക്കുന്ന സൂക്ഷ്മജീവികളെ സോഫ്റ്റ് ടോയ്സ് ആകർഷിക്കും. കാണാൻ വളരെ ഭംഗിയും നിറയെ രോമങ്ങളുമുള്ള കളിപ്പാട്ടങ്ങളാണ് ഏറ്റവും അപകടകരം. .

സ്തുതി അഗർവാളിന് തൻ്റെ മൂത്ത മകൻ്റെ പൊടി അലർജിയെക്കുറിച്ച് എപ്പോഴും ആശങ്കയാണ്. അലർജി വരുന്നത് തടയാൻ അവർ സ്വീകരിച്ച മുൻകരുതലുകളിൽ ഒന്ന്, വീട്ടിലെ സോഫ്റ്റ് ടോയ്സ് മുഴുവൻ കുട്ടികൾക്ക് കയ്യെത്താത്തിടത്ത് വയ്ക്കുക എന്നതായിരുന്നു. പലതരം മൃഗങ്ങളുടെ ചെറുരൂപങ്ങളായ വർണ്ണാഭമായ സോഫ്റ്റ് ടോയ്സ് കുട്ടികളെ മാത്രമല്ല, പൊടിയിൽ കാണപ്പെടുന്ന നഗ്നനേത്രങ്ങൾ കൊണ്ടു കാണാനാകാത്ത സൂക്ഷ്മജീവികളേയും ആകർഷിക്കുന്നു.

തൻ്റെ നാലര വയസ്സുള്ള മകന് പൊടി അലർജിയും അതുമായി ബന്ധപ്പെട്ടു സാധാരണ കാണപ്പെടാറുള്ള ലക്ഷണങ്ങളായ തുമ്മലും മൂക്കൊലിപ്പും ഉണ്ടാകാറുണ്ടെന്ന് മുംബൈയിൽ നിന്നുള്ള ബ്ലോഗറായ സ്തുതി പറയുന്നു. നാലു വർഷം മുമ്പ്, അവരുടെ കുടുംബം ഹോങ്കോങ്ങിലായിരുന്നപ്പോൾ, മകന് ഇടയ്ക്കിടെ ചർമ്മത്തിൽ തിണർപ്പുകൾ വരാറുണ്ടായിരുന്നു. എന്നാൽ അതിൻ്റെ കാരണമെന്താണെന്ന് കൃത്യമായി മനസ്സിലാക്കാൻ മാതാപിതാക്കൾക്ക് കഴിഞ്ഞില്ല. “ഹോങ്കോങ്ങിൽ ഇടയ്ക്കിടെ ഡോക്ടർമാരെ കാണുന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. എങ്കിലും ഒരു ഡോക്ടറെ ഞങ്ങൾ കണ്ടിരുന്നു. ഹോങ്കോങ്ങിൽ പൊടി അലർജി വളരെ സാധാരണമാണെങ്കിലും ഇത് തിണർപ്പ് മാത്രമാണെന്നുമാണ് ആ ഡോക്ടർ പറഞ്ഞത്. അന്നവന് വെറും പത്തു മാസം പ്രായമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ മുംബൈയിലേക്ക് താമസം മാറിയപ്പോൾ, തുമ്മലും മൂക്കൊലിപ്പും കൂടി വരാൻ തുടങ്ങി. പൊടിയുടെ അലർജിയാണെന്ന് ഡോക്ടർമാർ പറഞ്ഞു,” അവർ പറയുന്നു.

ഡോക്ടർമാരെല്ലാം സോഫ്റ്റ് ടോയ്സ് പൂർണ്ണമായും ഒഴിവാക്കാൻ ആവശ്യപ്പെട്ടതായി അവർ ഓർക്കുന്നു. പല വർഷങ്ങളായി ഭർത്താവ് കുട്ടികൾക്ക് സമ്മാനിച്ചിട്ടുണ്ടായിരുന്ന സോഫ്റ്റ് ടോയ്സ് എല്ലാം പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് എടുത്തുവച്ചു. “സോഫ്റ്റ് ടോയ്സ് പൊടിയിൽ വസിക്കുന്ന സൂക്ഷ്മജീവികളെ ആകർഷിക്കും. വളരെ ആകർഷകമായി തോന്നുന്ന നിറയെ രോമങ്ങളുള്ള കളിപ്പാട്ടങ്ങളാണ് ഏറ്റവും അപകടകരം. ഞങ്ങളിപ്പോൾ കുട്ടികൾക്ക് ഇടയ്ക്കിടെ കഴുകാൻ കഴിയുന്ന തരത്തിലുള്ള മരത്തിൻ്റെ കളിപ്പാട്ടങ്ങളാണ് നൽകുന്നത്,” സ്തുതി പറഞ്ഞു.

സോഫ്റ്റ് ടോയ്സ് അലർജി

“ കുട്ടികൾ എപ്പോഴും കൊണ്ടുനടക്കുന്ന സോഫ്റ്റ് ടോയ്സിനെ നമ്മൾ പലപ്പോഴും, അവഗണിക്കാറാണ് പതിവ്.  കുട്ടികളിൽ ഇടയ്ക്കിടെ അലർജി വരുന്നതുകൊണ്ട് സോഫ്റ്റ് ടോയ്സിൽ പൊടിപടലങ്ങളിൽ ധാരാളം സൂക്ഷ്മജീവികൾ  ഉണ്ടാകുമെന്ന് ഞങ്ങൾ കണ്ടെത്തി,” പൂനെയിലെ അപ്പോളോ ക്ലിനിക്കിലെ മുതിർന്ന ശിശുരോഗ വിദഗ്ദ്ധ ഡോ. അനുപമ സെൻ പറയുന്നു. ഈ ചെള്ളുകൾ അലർജിക്ക് കാരണമാകുമെന്നും അതുമൂലം തിണർപ്പ്, ജലദോഷം അല്ലെങ്കിൽ കണ്ണിൽ നിന്ന് വെള്ളം വരിക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.

ചർമ്മം അമിതമായി വരണ്ടുപോകുന്ന അറ്റോപിക് ഡെർമറ്റൈറ്റിസ് എന്ന അവസ്ഥയുള്ള കുട്ടികൾക്ക്  പൊടി മൂലമുള്ള  അലർജി ഉണ്ടാകാൻ സാധ്യത കൂടുതലാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് സോഫ്റ്റ് ടോയ്സിലെ പൊടി ഇത്തരം കുട്ടികളുടെ കാര്യത്തിൽ സ്ഥിതി കൂടുതൽ വഷളാക്കും.

“അലർജി നീണ്ടുനിന്നാൽ അത് ആസ്ത്മയിലേക്ക് നയിച്ചേക്കാം. കുട്ടിയുടെ ജീവിതപരിസരങ്ങളിലുള്ള പ്രേരകഘടകങ്ങൾ ഉണ്ടാക്കുന്ന അലർജി മൂലമാണ് ആസ്ത്മ ഉണ്ടാകുന്നത്. കുട്ടികളുടെ പ്രാം, തൊട്ടി, കിടക്ക, മെത്ത എന്നിവയിലും പൊടിപടലങ്ങൾ ഉണ്ടാകാം,” ഡോ സെൻ പറയുന്നു. “കുട്ടികൾക്ക് മൃദുവായ കളിപ്പാട്ടങ്ങൾ നൽകുമ്പോൾ നാം വളരെയധികം ശ്രദ്ധിക്കണം. എല്ലാ കളിപ്പാട്ടങ്ങളും കഴുകി വൃത്തിയാക്കി ഉണക്കണം,” ഡോ സെൻ ചൂണ്ടിക്കാട്ടുന്നു.

സോഫ്റ്റ് ടോയ്സ് എങ്ങനെ വൃത്തിയാക്കാം

ഡോ സെന്നിൻ്റെ അഭിപ്രായത്തിൽ വേനൽക്കാലത്ത് സോഫ്റ്റ് ടോയ്സ് വീട്ടിൽത്തന്നെ വൃത്തിയാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം ലിക്വിഡ് ഡിറ്റർജൻ്റിൽ ആൻ്റിസെപ്റ്റിക് ചേർത്ത് കഴുകി വെയിലത്ത് ഉണക്കുക എന്നതാണ്. ഈർപ്പവും ചൂടും കാരണം വേനൽക്കാലത്ത് പൊടിപടലങ്ങൾ വളരെ പെട്ടെന്ന് പെരുകുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. “ടീത്തറുകൾ, കട്ടിയുള്ള കളിപ്പാട്ടങ്ങൾ, വലിച്ചു നടക്കാനുള്ള കളിപ്പാട്ടങ്ങൾ തുടങ്ങി എല്ലാ കളിപ്പാട്ടങ്ങളും കുട്ടികൾക്ക് നൽകുന്നതിന് മുമ്പ് കഴുകി വൃത്തിയാക്കിയിരിക്കണം. അതുപോലെ ചുറ്റുപാടുകളും വാക്വം ക്ലീനർ ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കണം. കിടയ്ക്ക വാക്വം ചെയ്ത് വെയിലത്ത് ഉണക്കാം. വെയിലത്തുണക്കുന്നത് അണുവിമുക്തമാക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ്. എല്ലാ സോഫ്റ്റ് ടോയ്സും അലർജിയുണ്ടാക്കും എന്ന് പറയാനാകില്ല. ഉപരിതലത്തിൽ പൊടിപടലങ്ങൾ നിറഞ്ഞിരിക്കുന്നവയാണ് അലർജിക്ക് കാരണമാകുന്നത്,” അവർ പറയുന്നു. രണ്ട് വയസ്സിന് താഴെയുള്ള, ഓടിക്കളിച്ചു തുടങ്ങാത്ത കുട്ടികളിലാണ്  പൊടി അലർജി കൂടുതലായി കാണപ്പെടുന്നതെന്ന് അവർ കൂട്ടിച്ചേർക്കുന്നു. “സ്കൂളിൽ പോകാൻ തുടങ്ങുമ്പോൾ, അവർ മറ്റ് പ്രവർത്തനങ്ങളിൽ മുഴുകുകയും അവിടത്തെ കുട്ടികളുമായി കളിക്കാൻ തുടങ്ങുകയും ചെയ്യുന്നു. അപ്പോൾ സോഫ്റ്റ് ടോയ്സുമായി ഇടപഴകുന്നത് ക്രമേണ കുറഞ്ഞുവരുന്നു,”

കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ നൽകുമ്പോൾ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്നും 12 മാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങൾ ഉറങ്ങുമ്പോൾ കളിപ്പാട്ടങ്ങൾ അവരുടെ അരികത്തു വയ്ക്കരുതെന്നും ഡോ സെൻ നിർദ്ദേശിക്കുന്നു. “കളിപ്പാട്ടം വളരെ അടുത്താണെങ്കിൽ അത് അവരുടെ മൂക്കിൻ്റെ ദ്വാരങ്ങൾ മൂടിയേക്കാം.”

ഒമ്പത് വയസ്സുള്ള മകളുടെ അലർജി പരിശോധനയിൽ പൊടിയാണ് അലർജിയുണ്ടാക്കുന്നതെന്ന് കണ്ടെത്തിയതായി ബെംഗളൂരുവിലെ ദിവ്യ സോമയാജി പറയുന്നു. “എൻ്റെ മകളുടെ കണ്ണുകൾ പലപ്പോഴും  ചുവന്നുവരാറുണ്ടായിരുന്നു. കണ്ണുകൾ വീർക്കുകയും വെള്ളമൊഴുകുകയും ചെയ്യുമായിരുന്നു. കണ്ണിൻ്റെ പ്രശ്‌നമാകുമെന്നാണ് ആദ്യം കരുതിയത്. അതുകൊണ്ട് നേത്രരോഗവിദഗ്ദ്ധരെ ആദ്യം സമീപിച്ചു. അവൾക്ക് അലർജിയാണെന്നാണ് അറിയാനായത്. രോഗലക്ഷണങ്ങളിൽ നിന്ന് മോചനം നേടാൻ തുള്ളിമരുന്നുകൾ സഹായിച്ചു. പിന്നീട് ഞങ്ങൾ ഒരു അലർജി സ്പെഷ്യലിസ്റ്റിനെ കാണുകയും പരിശോധനയിൽ ഇത് പൊടിയുടെ അലർജിയാണെന്ന് കണ്ടെത്തുകയും ചെയ്തു,” സോമയാജി പറയുന്നു.

മകൾ കളിപ്പാട്ടങ്ങളുമായി കളിക്കുമ്പോൾ ദിവ്യ എപ്പോഴും ജാഗ്രത പാലിക്കുന്നു. കളിപ്പാട്ടങ്ങളെല്ലാം കഴുകുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നു. “ഭാഗ്യത്തിന് എൻ്റെ മകൾക്ക് സോഫ്റ്റ് ടോയ്സിനോട് വലിയ പ്രിയമൊന്നുമില്ല. എങ്കിലും അവൾ അവയ്‌ക്കൊപ്പം കളിക്കുമ്പോഴെല്ലാം ഞങ്ങൾ പരമാവധി മുൻകരുതൽ എടുക്കും,”  അവർ പറയുന്നു. അതുകൂടാതെ, പൊടി ഉണ്ടാകാതിരിക്കാൻ വീട് എല്ലാ ദിവസവും തുടച്ചു വൃത്തിയാക്കുന്നു.

ദിവ്യയുടെ മകൾക്ക് പൂമ്പൊടിയും പൊടിപടലങ്ങളും അലർജിയാണെന്ന് അവളെ ചികിത്സിക്കുന്ന ബെംഗളൂരു കംഗാരുകെയർ ആശുപത്രിയിലെ പീഡിയാട്രിക് പൾമണോളജിസ്റ്റും അലർജി സ്പെഷ്യലിസ്റ്റുമായ ഡോ.സൗമ്യ ആരുടി നാഗരാജൻ പറയുന്നു. “മനുഷ്യരുടെ മൃതമായ ചർമ്മകോശങ്ങളെ ഭക്ഷിച്ചു വളരുന്ന സൂക്ഷ്മജീവികൾ പൊടിപടലങ്ങളിൽ ഉണ്ടായിരിക്കും. തലയിണകൾ, മെത്തകൾ, സോഫയുടെ കുഷ്യനുകൾ എന്നിവ പോലുള്ള അനുകൂല ചുറ്റുപാടുകളിൽ അവ തഴച്ചുവളരുന്നു. പൊടിയൊന്നും ഇല്ലെങ്കിൽപ്പോലും ഈ സൂക്ഷ്മജീവികൾക്ക് പെരുകാൻ സാധിക്കും. പലരും അവ പൊടിയാണെന്ന് തെറ്റിദ്ധരിക്കുന്നു,” ഡോ. സൗമ്യ പറയുന്നു. ഈ സൂക്ഷ്മജീവികളുടെ പ്രോട്ടീൻ വിസർജ്ജ്യമായിരിക്കാം അലർജി ഉണ്ടാക്കുന്നതന്നും അവർ കൂട്ടിച്ചേർക്കുന്നു.

പീഡിയാട്രിക് അലർജി ഇമ്മ്യൂണോളജി എന്ന ജേണലിൽ 2011-ൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധം പറയുന്നത്, സോഫ്റ്റ് ടോയ്സ്  പൊടിയിൽ കാണപ്പെടുന്ന സൂക്ഷ്മജീവികളുടേയും അവയുണ്ടാക്കുന്ന അലർജനുകളുടെയും പ്രധാന ഉറവിടമാണെന്നാണ്. സോഫ്റ്റ് ടോയ്സ് അടുത്തുവച്ച് ഉറങ്ങുന്നത് അലർജി ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും  പ്രബന്ധം പറയുന്നു. സോഫ്റ്റ് ടോയ്സിൽ നിന്നും  സൂക്ഷ്മജീവികളെ നീക്കാനുള്ള മൂന്നു രീതികൾ ഗവേഷകർ പരീക്ഷിച്ചു. മരവിപ്പിക്കൽ, ഹോട്ട് ടംബിൾ ഡ്രയിംഗ്, യൂക്കാലിപ്റ്റസ് ഓയിൽ ഉപയോഗിച്ച് കഴുകൽ എന്നിവയായിരുന്നു അവ. ഗവേഷണം പറയുന്നത്, ‘മുപ്പത്തിയാറ് കളിപ്പാട്ടങ്ങളെ, ഓരോ ട്രീറ്റ്മൻ്റ് ഗ്രൂപ്പിലും 12 എണ്ണം വീതം വച്ച് രാത്രി മുഴുവൻ ഫ്രീസുചെയ്യുകയോ ഒരു മണിക്കൂർ ഹോട്ട് ടംബിൾ ഡ്രയിംഗ് ചെയ്യുകയോ 0.2 ശതമാനം മുതൽ 0.4 ശതമാനം വരെ യൂക്കാലിപ്റ്റസ് ഓയിൽ ഉപയോഗിച്ച് കഴുകുകയോ ചെയ്തു. അങ്ങനെ ചെയ്യുന്നതിന് മുമ്പും ശേഷവും ഹീറ്റ് എസ്കേപ്പ് രീതി ഉപയോഗിച്ച് ജീവനുള്ള സൂക്ഷ്മജീവികളുടെ സാന്നിധ്യം പരിശോധിച്ചു. മരവിപ്പിക്കുന്നതും ഹോട്ട് ടംബിൾ ഡ്രയിംഗ് ചെയ്യുന്നതും യൂക്കാലിപ്റ്റസ് ഓയിൽ ഉപയോഗിച്ച് കഴുകുന്നതും ജീവനുള്ള സൂക്ഷ്മജീവികളുടെ സാന്നിധ്യത്തിൽ കാര്യമായ കുറവ് വരുത്തുന്നുണ്ടെന്ന് പരീക്ഷണത്തിൽ കണ്ടെത്തി. യഥാക്രമം 95.1 ശതമാനം, 89.1 ശതമാനം, 95.1 ശതമാനം എന്നിങ്ങനെയാണ് ഓരോ രീതിയിലും കുറവ് കാണിക്കുന്നത്.

സൂക്ഷ്മജീവികൾ (ഡസ്റ്റ് മൈറ്റ്) എവിടെ ഒളിച്ചിരിക്കും?

പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉൾപ്പെടെ എവിടെയും ഇത്തരം സൂക്ഷ്മജീവികളുടെ സാന്നിധ്യമുണ്ടാകാമെന്ന് ഡോ.സൗമ്യ പറയുന്നു. “ചില കേസുകളിൽ, വിനോദയാത്ര കഴിഞ്ഞു വന്ന ഉടനെ കുട്ടികളിൽ അലർജിയുടെ ലക്ഷണങ്ങൾ ഞങ്ങൾ കണ്ടിട്ടുണ്ട്.   തുമ്മൽ, കണ്ണിൽ നിന്നും വെള്ളം വരിക എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ഹോട്ടലുകളിലെ തലയിണ കവറുകൾ മാറ്റുകയും കഴുകുകയും ചെയ്തിട്ടുണ്ടാകാം. പക്ഷേ തലയിണകൾ മാറ്റാത്തതുകൊണ്ട് അവയ്ക്കുള്ളിൽ (സൂക്ഷ്മജീവികൾ) അപ്പോഴും ഉണ്ടാകും,” അവർ പറയുന്നു.

“എസി ഫിൽട്ടറുകളിൽ, പ്രത്യേകിച്ച് കാറുകളിൽ ഉപയോഗിക്കുന്നവയിൽ,  സൂക്ഷ്മജീവികൾ ധാരാളമുണ്ടാകും. അവ ഇടയ്ക്കിടെ വൃത്തിയാക്കണം,” ഡോ. സൗമ്യ പറയുന്നു. “എയർകണ്ടീഷണറിലെ തണുത്ത താപനില സൂക്ഷ്മജീവികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

രോഗനിർണയം

പൊടി മൂലമുണ്ടാകുന്ന അലർജിയുടെ കാര്യത്തിൽ രോഗനിർണയം ഓരോ കുട്ടിയിലും വ്യത്യാസപ്പെടാം. ഇത് കണ്ടെത്തുന്നത് ഒരു ഉന്മൂലന പ്രക്രിയയിലൂടെയാണ്. “ഈ പ്രക്രിയയിൽ കുട്ടി എന്താണ് കഴിച്ചത്, അല്ലെങ്കിൽ കുടിച്ചത്, ഏതെല്ലാം പ്രതലത്തിലാണ് അവർ സ്പർശിച്ചത്, എന്തു തരം വസ്ത്രങ്ങളാണ് ധരിച്ചത്, ഇതെല്ലാം പരിഗണിക്കണം, “ ഡോ സെൻ പറയുന്നു.

സ്കിൻ പ്രിക് ടെസ്റ്റുകളും നടത്താറുണ്ട്. അത്തരം ഒരു പരിശോധനയിൽ, അലർജിയുള്ള വ്യക്തിയെ പലതരം അലർജനുകൾ അല്ലെങ്കിൽ അലർജിക്ക് കാരണമാകുന്ന വസ്തുക്കളുമായി സമ്പർക്കത്തിൽ വരുത്തുകയും അലർജിക് റിയാക്ഷനുകൾ ഡോക്ടറുടെ സാന്നിധ്യത്തിൽ നിരീക്ഷിക്കുകയും ചെയ്യുന്നു.

“ആൻ്റി ഹിസ്റ്റാമൈനുകളും ആൻ്റി അലർജിക് മരുന്നുകളും ഉപയോഗിച്ചാണ് ചികിത്സ. ആൻ്റി ഹിസ്റ്റാമൈനുകൾ ഉപയോഗിച്ചുള്ള ചികിത്സയുടെ ആദ്യഘട്ടം ഗുണം ചെയ്യാത്തപ്പോൾ മാത്രമാണ് സ്കിൻ പ്രിക് ടെസ്റ്റ് നടത്തുന്നത്. കൂടാതെ, അലർജിയുടെ അളവ് മിതമായതുമുതൽ കഠിനമായതു വരെയാണെങ്കിൽ ഞങ്ങൾ സ്കിൻ പ്രിക് ടെസ്റ്റുമായി മുന്നോട്ട് പോകും,”  ഡോ സൗമ്യ പറയുന്നു.

നഷ്ടപ്പെടുന്ന ഏകാഗ്രത

ഇടയ്ക്കിടെ അലർജിയുണ്ടാകുന്നത് കുട്ടിയുടെ ശ്രദ്ധയെ ബാധിക്കുന്നുവെന്നാണ് അലർജിയുള്ള കുട്ടികളുടെ മാതാപിതാക്കൾ പറയുന്നത്. ഋതുക്കൾ മാറുന്നതിനനുസരിച്ച് മകൻ്റെ പൊടി അലർജി രൂക്ഷമാകുകയും അത് കുട്ടിയുടെ  ഏകാഗ്രതയെ ബാധിക്കുകയും ചെയ്യുന്നുവെന്ന് സ്തുതി പറയുന്നു. “ഞങ്ങൾ ഒന്നിലധികം ഡോക്ടർമാരുമായി സംസാരിച്ചു. നേസൽ സ്പ്രേകൾ അവന് ഉപകാരപ്രദമാണ്. എന്നാൽ ഇത് എല്ലാക്കാലത്തും ഉപയോഗിക്കേണ്ടിവരുമോ എന്ന് ഞങ്ങൾക്കറിയില്ല. പ്രകൃതിചികിത്സയിലെ ഉപ്പ് ചികിത്സ പോലെയുള്ള പുതിയ ചികിത്സാരീതികളും ഞങ്ങൾ പരീക്ഷിക്കുന്നുണ്ട്. പക്ഷേ, പൊടിപടലങ്ങൾ ഒഴിവാക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി,” സ്തുതി പറയുന്നു. തൻ്റെ മകന് അലർജിയുണ്ടെങ്കിലും ചെളിയിലും അഴുക്കിലും കളിക്കാൻ അവനെ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും അവർ പറയുന്നു. “അങ്ങനെയാണ് അവന് പ്രതിരോധശേഷി ലഭിക്കുക,” സ്തുതി പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

19 − fourteen =

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്