“ഒരു സമയത്ത് എനിക്കിത് അനുഭവപ്പെട്ടിരുന്നു. എൻ്റെ ജീവിതത്തിൽ ഒരിക്കലും ഇനിയത് ഉണ്ടാകല്ലേ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. “കൊൽക്കത്തയിൽ നിന്നുള്ള 32-കാരിയായ മാധ്യമ പ്രവർത്തക തമീന അലിയുടെ വാക്കുകളാണിത്
തമീനയെ സംബന്ധിച്ചിടത്തോളം 2017 അങ്ങേയറ്റം സമ്മർദ്ദമേറിയ വർഷമായിരുന്നു. നെഞ്ചിൽ നേരിയ വേദനയോടെയാണ് തുടക്കം. അത് അസിഡിറ്റിയായി തള്ളിക്കളഞ്ഞു. എന്നാൽ താമസിയാതെ അത് തീവ്രമാകുകയും ഇടത് കൈയിലേക്ക് വ്യാപിക്കുകയും ചെയ്തു.
ഇ.സി.ജി റിപ്പോർട്ട് സാധാരണ നിലയിലായിരുന്നത് ഡോക്ടറെപ്പോലും അമ്പരപ്പിച്ചു. എന്നാൽ ആവർത്തിച്ചുള്ള ശ്വാസതടസ്സം, വിയർപ്പ്, ഛർദ്ദി എന്നിവയുള്ളതിനാൽ, ഹൃദയമിടിപ്പ് തുടർച്ചയായി നിരീക്ഷിക്കുന്നതിനായി ഹോൾട്ടർ മോണിറ്റർ (ധരിക്കാവുന്ന ഉപകരണം) ഉപയോഗിച്ച് ആംബുലേറ്ററി ഇലക്ട്രോകാർഡിയോഗ്രാം (ഇസിജി) എടുക്കാൻ തമീനയോട് ആവശ്യപ്പെട്ടു.
“24 മണിക്കൂറും എൻ്റെ പക്കൽ ആ ഉപകരണം ഉണ്ടായിരുന്നു, ദിവസത്തിലെ ഒരു നിശ്ചിത സമയത്ത് എൻ്റെ ഹൃദയമിടിപ്പ് കൂടുതലായിരിക്കുന്നത് അത് രേഖപ്പെടുത്തി – ചിലപ്പോൾ മിനിറ്റിൽ 135 മുതൽ 140 വരെ മിടിപ്പുകൾ ഉണ്ടായിരുന്നു (ബി.പി.എം)” തമീന പറയുന്നു.
തമീനയ്ക്ക് എല്ലായ്‌പ്പോഴും ഹൃദയമിടിപ്പ് സാധാരണയെക്കാൾ (110-115 ബി.പി.എം) അൽപ്പം വേഗത്തിലായിരുന്നുവെങ്കിലും ഇതിന് മുമ്പ് ഇത്തരം ശാരീരിക ലക്ഷണങ്ങൾ ഉണ്ടായിട്ടില്ല.
ക്രമമല്ലാത്തതും അതിവേഗത്തിലുമുള്ള ഹൃദയമിടിപ്പിന് കാരണമാകുന്ന സുപ്രവെൻട്രിക്കുലാർ ടാക്കികാർഡിയ എന്ന രോഗാവസ്ഥയായിരുന്നു കണ്ടെത്തിയത്.ഡോക്ടർ തമീനയ്ക്ക് മരുന്നുകൾ നൽകുകയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ചിട്ടയായതും ലളിതവുമായ ശാരീരിക വ്യായാമവും ഭക്ഷണക്രമത്തിലെ മാറ്റങ്ങളും കൊണ്ട് മരുന്നുകളുടെ ആവൃത്തി കുറയ്ക്കുകയും, അഞ്ച് മാസത്തിനുള്ളിൽ മരുന്നിൻ്റെ സഹായം വേണ്ടെന്നു വയ്ക്കാനും അവൾക്ക് കഴിഞ്ഞു. അതിനുശേഷം ഇതുവരെ തമീനക്ക് ഈ അവസ്ഥ ഉണ്ടായിട്ടില്ല.
ഹൃദയത്തിൻ്റെ മുകളിലെ അറയിൽ ക്രമം തെറ്റിയ ഹൃദയമിടിപ്പ് മൂലം സംഭവിക്കുന്ന ഒരു സാധാരണ അവസ്ഥയാണ് സുപ്രവെൻട്രിക്കുലാർ ടാക്കികാർഡിയ. ഇത് വളരെ അപൂർവ്വമായി മാത്രമേ ഗുരുതരമായ ആരോഗ്യപ്രശ്നമായി മാറുകയുള്ളൂ. എന്നിരുന്നാലും, ചില പ്രത്യേക തരങ്ങളിൽ പെട്ട ടാക്കികാർഡിയയെ രോഗനിർണയം നടത്താതെയും ശ്രദ്ധിക്കാതെയും വിടുകയാണെങ്കിൽ ഹൃദയാഘാതം വരെ സംഭവിച്ചേക്കാം.
എന്താണ് ഹൃദയമിടിപ്പ് ?
ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുകയാണ് ഹൃദയം ചെയ്യുന്നത്. സൈനോ ഏട്രിയൽ (എസ്എ) നോഡിൽ നിന്ന് ഉത്ഭവിക്കുന്ന വൈദ്യുത പ്രേരണകൾ ഹൃദയത്തിലെ നാല് അറകളിലെ പേശികളെ ചുരുക്കാൻ പ്രേരിപ്പിക്കുമ്പോൾ ഇത് സംഭവിക്കുന്നു.നാല് ഹൃദയ വാൽവുകളും ഒരേ സമയം തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് വഴി രക്തം ഒരേ ദിശയിലാണ് ഒഴുകുന്നതെന്ന് ഉറപ്പാക്കാം. എസ്.എ നോഡിനെ ഹൃദയത്തിൻ്റെ സ്വാഭാവിക പേസ്മേക്കർ എന്നും വിളിക്കുന്നു.
ഈ പേശികളുടെ സങ്കോചത്തിൻ്റെ നിരക്കിനെ ഹൃദയസ്പന്ദനം (ഹൃദയമിടിപ്പ്) എന്നും ഈ വൈദ്യുത ആവേഗങ്ങളുടെ ക്രമാനുഗതമായ രീതിയെ ഹൃദയ താളം എന്നും വിളിക്കുന്നു. ഹൃദയ താളത്തിൽ തകരാർ ഉണ്ടാകുമ്പോഴെല്ലാം അത് ഹൃദയമിടിപ്പിനെ ബാധിക്കുകയും ഹൃദയത്തെ സാധാരണ നിരക്കിനേക്കാൾ വേഗത കുറഞ്ഞതോ കൂടിയതോ ആയ രീതിയിൽ മിടിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. പ്രായപൂർത്തിയായവരിൽ സാധാരണ അവസ്ഥയിൽ മിനിറ്റിൽ 60 മുതൽ 100 വരെയാണ് ഹൃദയമിടിപ്പെന്ന് ചെന്നൈ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ.എം.എസ് മീനാക്ഷി ചൂണ്ടിക്കാണിക്കുന്നു.
ക്രമരഹിതമായ ഹൃദയ താളത്തിന് പൊതുവായി ഉപയോഗിക്കുന്ന പദമാണ് അറിഥമിയ. ഹൃദയം സാധാരണയേക്കാൾ വേഗത്തിലാണെങ്കിൽ അതിനെ ടക്കിക്കാർഡിയ എന്നും മന്ദഗതിയിലാണെങ്കിൽ ബ്രാഡികാർഡിയ എന്നും വിളിക്കുന്നു.
ഹാർട്ട് അറിഥമിയ നിസാരമാക്കരുത്
മിക്കപ്പോഴും, ഹൃദയമിടിപ്പിലെ ചെറിയ മാറ്റങ്ങൾ ആരും ശ്രദ്ധിക്കാറില്ല. എന്നാൽ ഹൃദയമിടിപ്പിൽ ഇടയ്ക്കിടെ ഏറ്റക്കുറച്ചിലുകൾ ശ്രദ്ധയിൽ പെട്ടാൽ ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ഒരുപക്ഷേ ഇത് അസാധാരണമായ ഹൃദയതാളം മൂലമാകാം.
വെൻട്രിക്കുലാർ ടാക്കികാർഡിയ & ഏട്രിയൽ ടാക്കികാർഡിയ
ഡോ.മീനാക്ഷി പറയുന്നതനുസരിച്ച്, നമ്മുടെ ഹൃദയത്തെ ശക്തിപ്പെടുത്തുന്ന വൈദ്യുത ആവേഗങ്ങൾ മുകളിലെ രണ്ട് അറകളിൽ നിന്ന് (ആട്രിയ) ഉത്ഭവിക്കുന്നു. നാല് ഹൃദയ വാൽവുകളും ഒരു നിശ്ചിത പാറ്റേണിൽ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന വിധത്തിൽ SA നോഡിൽ നിന്ന് താഴത്തെ രണ്ട് അറകളിലൂടെ (വെൻട്രിക്കിളുകൾ) കടന്നുപോകുകയും ചെയ്യുന്നു. ഇത് നമ്മുടെ ശരീരത്തിൽ രക്തസഞ്ചാരം ഉറപ്പാക്കുന്നു.
“ഈ പാറ്റേൺ പിന്തുടരാതിരിക്കുമ്പോൾ ഹൃദയമിടിപ്പിൽ വർദ്ധനവുണ്ടാകാം. ഈ അവസ്ഥയെ ടാക്കികാർഡിയ എന്ന് വിളിക്കുന്നു. ഹൃദയത്തിൻ്റെ മുകളിലെ അറകൾ സാധാരണ മിടിപ്പിനേക്കാൾ മൂന്നോ അഞ്ചോ ഇരട്ടി മിടിക്കുമ്പോൾ അതിനെ ഏട്രിയൽ ടാക്കികാർഡിയ എന്ന് വിളിക്കുന്നു, ”താഴത്തെ അറകളിലെ (വെൻട്രിക്കിളുകളിലെ) സങ്കോച നിരക്ക് നമ്മുടെ ഹൃദയത്തിൻ്റെ പ്രവർത്തനത്തിൽ എന്തെങ്കിലും തടസ്സം ഉണ്ടാകാതിരിക്കാൻ പ്രവർത്തിക്കുന്നതിനാൽ ഇത് മിക്കവാറും ജീവന് ഭീഷണിയല്ലെന്നും ഡോ. മീനാക്ഷി കൂട്ടിച്ചേർക്കുന്നു. “മുകളിലെ അറ 240 തവണ മിടിക്കുന്നുവെങ്കിൽ, താഴത്തെ അറ ആ സ്പന്ദനങ്ങളുടെ പകുതിയോളം, ഏകദേശം 120 സ്പന്ദനങ്ങൾ വരെ മിടിക്കാറുണ്ട്” അവർ പറയുന്നു.
ഏട്രിയൽ ടാക്കികാർഡിയയിൽ നിന്ന് വ്യത്യസ്തമായി, വെൻട്രിക്കുലാർ ടാക്കികാർഡിയ അല്ലെങ്കിൽ ഹൃദയത്തിൻ്റെ താഴത്തെ അറയിലെ പ്രശ്നം ഗുരുതരമായ ആരോഗ്യ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. ചിലപ്പോൾ, ഹൃദയപേശികൾ പ്രകോപിതമാകുകയും വൈദ്യുത ആവേഗങ്ങൾ തെറ്റായി പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്യുന്നതിനാൽ താഴത്തെ അറ സ്വയമേവ മിടിക്കാൻ തുടങ്ങുന്നു. ഇത് അതിൻ്റെ ഫലപ്രദമല്ലാത്ത സങ്കോചത്തിലേക്ക് നയിക്കുകയും മസ്തിഷ്കം ഉൾപ്പെടെയുള്ള ശരീരത്തിലെ രക്ത വിതരണത്തെ ബാധിക്കുകയും ചെയ്യും.
“തലച്ചോറിലേക്ക് ശരിയായ രീതിയിൽ രക്തം എത്തിയില്ലെങ്കിൽ ഒരു വ്യക്തി 30 സെക്കൻഡിനുള്ളിൽ തളർന്നുവീഴുകയും ഒന്നോ രണ്ടോ മിനിറ്റിനുള്ളിൽ മരിക്കുകയും ചെയ്യും,” അവൾ പറയുന്നു.
ഉയർന്ന ഹൃദയമിടിപ്പ് അർത്ഥമാക്കുന്നത് ഹൃദയ സങ്കീർണതകൾ ഉണ്ടെന്നല്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ഹൃദയമിടിപ്പുകളിൽ കാര്യമായ വ്യതിയാനം ഉണ്ടായാൽ മാത്രമേ അത് പരിശോധിക്കേണ്ടതുള്ളൂ.
“നിങ്ങൾക്ക് സ്ഥിരമായല്ലാതെ ടാക്കികാർഡിയ ഉണ്ടായേക്കാം. ടാക്കികാർഡിയ എന്ന് വിളിക്കാൻ, ഹൃദയത്തിന് കുറഞ്ഞത് മൂന്ന് അസാധാരണ സ്പന്ദനങ്ങളെങ്കിലും ഉണ്ടായിരിക്കണം. അതിൽ കവിയുമ്പോൾ, നിങ്ങൾക്ക് സ്ഥിരമായ ടാക്കികാർഡിയ ഉണ്ടെന്ന് മനസിലാക്കാം. അതായത് രക്ത വിതരണത്തിൻ്റെ പ്രശ്നം വരുമ്പോൾ. കുറഞ്ഞത് മൂന്ന് അധിക ഹൃദയമിടിപ്പുകളെങ്കിലും ഉള്ളതിനാൽ ഹൃദയത്തിൽ നിന്നുള്ള രക്തയോട്ടം നിലനിർത്തുന്നത് ബുദ്ധിമുട്ടാണ്. വെല്ലൂരിലെ സി.എം.സി മുൻ ഡയറക്ടർ ഡോ.സുനിൽ ചാണ്ടി പറയുന്നു.
വെൻട്രിക്കുലാർ ടാക്കിക്കാർഡിയയ്ക്ക് കാരണമാകുന്നത് എന്താണ്?
നിലവിൽ ഹൃദ്രോഗമുള്ളവരിൽ, പ്രത്യേകിച്ച് 35 വയസ്സിനു മുകളിലുള്ളവരിൽ, വെൻട്രിക്കുലാർ ടാക്കികാർഡിയ കൂടുതലായി കാണപ്പെടുന്നു. പ്രായം കൂടുന്തോറും അപകടസാധ്യതയും കൂടും. ആജീവനാന്ത മരുന്നുകളിലൂടെയും നേരത്തെയുള്ള ഇടപെടലിലൂടെയും ഇത് കൈകാര്യം ചെയ്യാൻ കഴിയും. ”ഡോ ചാണ്ടി പറയുന്നു.
വെൻട്രിക്കുലാർ ടാക്കികാർഡിയയിൽ ഉയർന്ന അപകടസാധ്യതയുള്ള ചില ഘടകങ്ങൾ ഇവയാണ്:
- ഹൃദയാഘാതം
- കാർഡിയോമയോപ്പതി
- ജന്മനാലുള്ള ഹൃദ്രോഗം
- അമിതമായ വ്യായാമങ്ങൾ
- സൈലൻ്റ് അറ്റാക്ക്
എന്തുകൊണ്ടാണ് ആളുകൾ ജിമ്മിൽ തല കറങ്ങി വീഴുന്നത്?
രോഗനിർണയം നടത്താത്ത ഹൃദയപ്രശ്നങ്ങളോ ഹൃദയസംബന്ധമായ അവസ്ഥകളോ പലപ്പോഴും ഹൃദയാഘാതത്തിന് ഒരു പ്രേരക ഘടകമായേക്കാം. പ്രത്യേകിച്ച് അമിതമായ ശാരീരിക അദ്ധ്വാനം, മേൽനോട്ടമില്ലാത്ത കഠിനമായ വ്യായാമ സെഷനുകൾ എന്നിവയിൽ ഇത് പ്രകടമായേക്കാം.ഹൃദയ താളത്തിലെ ഗുരുതരമായ വ്യതിയാനങ്ങളുമായി ഇവ കൂടിച്ചേരുമ്പോൾ, ടാക്കികാർഡിയ (വേഗതയുള്ള ഹൃദയമിടിപ്പ്) അല്ലെങ്കിൽ ബ്രാഡികാർഡിയ (മന്ദഗതിയിലുള്ള നിരക്ക്) എന്നിവ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. വ്യായാമവും ശാരീരിക പ്രവർത്തനങ്ങളും നമ്മുടെ ഹൃദയമിടിപ്പ് മാറ്റുമെന്നും എന്നാൽ ആരോഗ്യമുള്ള ഹൃദയമുണ്ടെങ്കിൽ അത് വീണ്ടെടുക്കുമെന്നും ഡോ.ചാണ്ടി ചൂണ്ടിക്കാട്ടുന്നു. പക്ഷെ ഇത് വീണ്ടെടുക്കാൻ ആകുന്നില്ലെങ്കിൽ, ഹ്യദയാഘാതം ഉണ്ടായേക്കാം.
“നിങ്ങളുടെ ഹൃദയം ആരോഗ്യമുള്ളതാണെങ്കിൽ, വ്യായാമത്തിന് ശേഷം അത് വേഗത്തിൽ (മൂന്ന് മിനിറ്റിനുള്ളിൽ) വീണ്ടെടുക്കും. നിങ്ങൾക്ക് ദീർഘകാല ഹൃദ്രോഗമുണ്ടെങ്കിൽ, ഹൃദയമിടിപ്പ് വീണ്ടെടുക്കാൻ കൂടുതൽ സമയമെടുക്കും, ”ഡോ ചാണ്ടി പറയുന്നു.
ശക്തമായ പെട്ടെന്നുള്ള ആഘാതമോ നെഞ്ചിലെ പരിക്കോ ഹൃദയത്തിൽ നിന്ന് തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തും. കാരണം ഇത്തരം ആഘാതങ്ങൾ വൈദ്യുത ആവേഗങ്ങളെ തടസ്സപ്പെടുത്തുകയും ഹൃദയ താളത്തിൽ പെട്ടെന്നുള്ള വ്യതിയാനം വരുത്തുകയും രക്ത വിതരണം തടസ്സപ്പെടുത്തുകയും ചെയ്യും. കൂട്ടിയിടികളിലും അടുത്തിടപഴകുന്ന കായിക വിനോദങ്ങളിലും ഇത് വളരെ സാധാരണമാണ്. തികച്ചും ആരോഗ്യമുള്ള കായികതാരങ്ങളെപ്പോലും അത് ബാധിച്ചേക്കാം.
“ഇതിന് ഒരു മിനിറ്റിനുള്ളിൽ തലച്ചോറിനെ തകർക്കാൻ കഴിയും. ചെസ്റ്റ് കംപ്രഷനോ സി.പി.ആറോ ഉപയോഗിച്ച് അടിസ്ഥാന ലൈഫ് സപ്പോർട്ട് ഉടനടി നൽകിയില്ലെങ്കിൽ ഒരാൾക്ക് അതിജീവിക്കാൻ കഴിയില്ല, ”ഡോ ചാണ്ടി പറയുന്നു.
വെൻട്രിക്കുലാർ ടാക്കികാർഡിയയുടെ ലക്ഷണങ്ങൾ
പെട്ടെന്നുള്ള അബോധാവസ്ഥ, തലകറക്കം, ഓക്കാനം, ശ്വാസതടസ്സം തുടങ്ങിയവയാണ് വെൻട്രിക്കുലാർ ടാക്കികാർഡിയയുടെ പ്രധാന ലക്ഷണങ്ങളെന്ന് ഡോ. ചാണ്ടി ചൂണ്ടിക്കാട്ടുന്നു. ഈ സംഭവങ്ങൾക്ക് വൈദ്യശാസ്ത്രപരമോ ശാരീരികമോ ആയ കാരണങ്ങൾ ഇല്ലെങ്കിൽ, ഒരാൾ വൈദ്യസഹായം തേടേണ്ടതുണ്ട്. അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
വെൻട്രിക്കുലാർ ടാക്കികാർഡിയ മൂലമുണ്ടാകുന്ന പെട്ടെന്നുള്ള ഹൃദയാഘാതം ഒഴിവാക്കാൻ അദ്ദേഹം ഇനിപ്പറയുന്ന കാര്യങ്ങൾ നിർദ്ദേശിക്കുന്നു:
- രോഗത്തിൻ്റെ കാരണം കണ്ടെത്തി ചികിത്സിക്കുക
- പതിവ് പരിശോധനകൾ പിന്തുടരുക
- ഒറ്റയ്ക്കുള്ള യാത്രകൾ ഒഴിവാക്കുക
- പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രണവിധേയമാക്കുക
- കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കുക
വെൻട്രിക്കുലാർ ടാക്കികാർഡിയയ്ക്കുള്ള മികച്ച ചികിത്സ?
ആവർത്തിച്ചുള്ള വെൻട്രിക്കുലാർ ടാക്കികാർഡിയ ഉണ്ടാകുന്നവരോട് എ.ഐ.സി.ഡി (ഓട്ടോമാറ്റിക് ഇംപ്ലാൻ്റബിൾ കാർഡിയോവർട്ടർ-ഡിഫിബ്രിലേറ്റർ) സ്ഥാപിക്കാൻ ആവശ്യപ്പെടാറുണ്ട്. “ആശുപത്രിയിൽ ഹൃദയത്തെ പുനരുജ്ജീവിപ്പിക്കാൻ ഉപയോഗിക്കുന്ന ഷോക്ക് പാഡിലുകളുടെ മിനിയേച്ചർ പതിപ്പ് പോലെയാണ് അവ. എ.ഐ.സി.ഡി ഒരു പേസ്മേക്കർ പോലെ ചേർക്കാവുന്നതാണ്. ഇത് വെൻട്രിക്കുലാർ ടാക്കികാർഡിയ മനസ്സിലാക്കാൻ പ്രോഗ്രാം ചെയ്യുന്നു. ഹൃദയമിടിപ്പ് 200-ൽ കൂടുതലാണെങ്കിൽ, അതിന് ഒരു ഷോക്ക് അനുഭവിക്കാനും ട്രിഗർ ചെയ്യാനും കഴിയും.” അദ്ദേഹം പറയുന്നു.