വിറ്റാമിൻ എ, ബി 12, ഇരുമ്പ്, കാൽസ്യം എന്നിവയുടെ കുറവുകൾ സാധാരണയായി എല്ലാവരും മുൻഗണനയോടെ പരിഗണിക്കാറുണ്ടെങ്കിലും മഗ്നീഷ്യത്തിൻ്റെ അഭാവം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാറില്ല. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിൽ ഈ ധാതു ഒരു പ്രധാന ഘടകമാണ്. അതോടൊപ്പം തന്നെ പേശികളുടെയും നാഡികളുടെയും പ്രവർത്തനം, രക്തസമ്മർദ്ദം സാധാരണ നിലയിലാക്കൽ, ഊർജ്ജ ഉൽപാദനം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കൽ, എല്ലുകളെ ശക്തിപ്പെടുത്തൽ എന്നിവയും മഗ്നീഷ്യത്തിൻ്റെ
പ്രധാന ധർമ്മങ്ങളാണ്.
എങ്കിൽപോലും അതിൻ്റെ അപര്യാപ്തത വളരെ സാധാരണയായി കണ്ടുവരുന്നു. സെറം മഗ്നീഷ്യം ലെവൽ അടിസ്ഥാനമാക്കിയുള്ള കണക്കനുസരിച്ച് ആഗോള ജനസംഖ്യയുടെ 10 മുതൽ 30 ശതമാനം വരെ ആളുകളിൽ മഗ്നീഷ്യത്തിൻ്റെ കുറവ് കാണപ്പെടുന്നതായി ബ്രിട്ടീഷ് മെഡിക്കൽ ജേണൽ പറയുന്നു.
പരിസ്ഥിതിയെയും ജീവിതശൈലിയെയും കുറ്റപ്പെടുത്തണോ?
മണ്ണിലെ ധാതുക്കളെ നശിപ്പിക്കുന്ന തരത്തിലുള്ള കൃഷിരീതികളാണ് മഗ്നീഷ്യത്തിൻ്റെ ലഭ്യത കുറയാനുണ്ടായ പ്രധാന കാരണമെന്ന് ഉത്തർപ്രദേശിലെ നോയിഡ ആസ്ഥാനമായുള്ള ന്യൂട്രീഷ്യനിസ്റ്റും ലൈഫ്‌സ്‌റ്റൈൽ മാനേജ്‌മെൻ്റ് കൺസൾട്ടൻ്റുമായ ഡോ.പല്ലവി ആഗ പറയുന്നു. ഇതുമൂലം സസ്യങ്ങൾക്ക് വേണ്ടത്ര അളവിൽ മഗ്നീഷ്യം വലിച്ചെടുക്കാൻ സാധിക്കാതെ വരുന്നു. കൂടാതെ ഭക്ഷണത്തിൽ നിന്നും കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവ് കുറച്ചതും, ജങ്ക് ഫുഡുകൾ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയതും മഗ്നീഷ്യത്തിൻ്റെ അപര്യാപ്തതക്കുള്ള മറ്റ് കാരണങ്ങളാണ്. കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉയർന്ന പ്രോട്ടീനും അടങ്ങിയ ആഹാരങ്ങൾ ഇൻസുലിൻ്റെ അളവ് കുറയുന്നതിനും വൃക്കകളിലൂടെ ജലവും ധാതുക്കളും കൂടുതലായി പുറന്തള്ളാനും ഇടയാക്കും.
എന്നാൽ മിക്ക ഭക്ഷണങ്ങളിലും മഗ്നീഷ്യം അടങ്ങിയിട്ടുള്ളതിനാൽ ഇതിൻ്റെ
അപര്യാപ്തത അത്രത്തോളം സാധാരണമല്ലെന്നാണ് ബംഗളൂരു ആസ്ഥാനമായുള്ള ന്യൂട്രീഷ്യനിസ്റ്റ് രഞ്ജനി രാമൻ്റെ അഭിപ്രായം. ചില ദഹന സംബന്ധമായ തകരാറുകൾ മൂലവും, വൃക്കരോഗം, പ്രമേഹം അല്ലെങ്കിൽ അമിതമായ മദ്യപാനം എന്നിവ കാരണവും മഗ്നീഷ്യത്തിൻ്റെ കുറവുകൾ സംഭവിക്കാമെന്ന് അവർ പറയുന്നു.
താളക്രമം നിലനിർത്താൻ മഗ്നീഷ്യം
മഗ്നീഷ്യം അപര്യാപ്തതയെ കുറിച്ച് നമ്മൾ എത്രമാത്രം ബോധവാന്മാരാകണം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം ഈ ധാതുവിൻ്റെ അപര്യാപ്തത മൂലം ചിലപ്പോൾ ഹൃദയമിടിപ്പ് പോലും നിന്നുപോയേക്കാം.
കോശ സ്തരങ്ങളിൽ മഗ്നീഷ്യത്തിൻ്റെ പ്രവർത്തനവും സോഡിയം, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ മറ്റ് പദാർത്ഥങ്ങളുമായുള്ള ഇടപെടലും ഹൃദയാരോഗ്യത്തിൽ മഗ്നീഷ്യം നിർണായക പങ്ക് വഹിക്കുന്നതിൻ്റെ പ്രധാന തെളിവാണെന്ന് ബെംഗളൂരു ആസ്റ്റർ ആർവി ഹോസ്പിറ്റലിലെ ഇൻ്റർവെൻഷണൽ കാർഡിയോളജി ലീഡ് കൺസൾട്ടൻ്റ് ഡോ എസ് വെങ്കിടേഷ് പറയുന്നു. ധാതുക്കളുടെ ഇൻട്രാ സെല്ലുലാർ അളവ് വർദ്ധിപ്പിച്ച് സോഡിയത്തിൻ്റെ അളവ് കുറയ്ക്കുന്നതിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ മഗ്നീഷ്യം സഹായിക്കുന്നു.
“മറ്റ് ആൻറി ഹൈപ്പർടെൻസിവ് മരുന്നുകളുടെ ഫലപ്രാപ്തി മെച്ചപ്പെടുത്തുക, രക്തക്കുഴലുകളുടെ ടോൺ മെച്ചപ്പെടുത്തുക, എൻഡോതെലിയൽ അപര്യാപ്തത (രക്തക്കുഴലുകളുടെ സങ്കോചം) തടയുക, ഇടത് വെൻട്രിക്കുലാർ ഹൈപ്പർട്രോഫി (വെൻട്രിക്കിളിൻ്റെ കട്ടിയാക്കൽ) കുറയ്ക്കുകയും അതുവഴി രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുക എന്നിവയും മഗ്നീഷ്യത്തിൻ്റെ ധർമങ്ങളാണെന്ന്,” ഡോ വെങ്കിടേഷ് പറയുന്നു.
നാഡി സിഗ്നലുകൾ കൈമാറുകയും പേശികളുടെ സങ്കോചം നിലനിർത്തുകയും ചെയ്യുന്നതിനാൽ സാധാരണ ഹൃദയമിടിപ്പിന് ഇലക്ട്രോലൈറ്റുകൾ പ്രധാനമാണെന്ന് ഡോ ആഗ പറയുന്നു. “കോശ സ്തരങ്ങളിലുടനീളം സോഡിയം, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളുടെ സജീവ ഗതാഗതത്തിൽ മഗ്നീഷ്യം വലിയ പങ്ക് വഹിക്കുന്നതായും അവർ പറഞ്ഞു.
പിരിമുറുക്കം കുറയ്ക്കാൻ
മഗ്നീഷ്യത്തിൻ്റെ അളവ് കുറയുന്നത് വിഷാദം, ഉത്കണ്ഠ, തലവേദന, രാത്രികാലങ്ങളിൽ കൈകാലുകളിൽ കഴപ്പ്, മൈഗ്രെയ്ൻ, ഹൈപ്പർടെൻഷൻ, പ്രീ-മെൻസ്ട്രൽ സിൻഡ്രോം എന്നിവയ്ക്ക് കാരണമാകുമെന്ന് ഡോ ആഗ പറയുന്നു.
പിരിമുറുക്കം ഉണ്ടാകുമ്പോൾ, അതിൻ്റെ പ്രതികൂല ഫലങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ രക്തകോശങ്ങളിലേക്ക് മഗ്നീഷ്യത്തെ പുറപ്പെടുവിക്കുകയും വൃക്കകളിലൂടെ പുറന്തള്ളുകയും ചെയ്യുന്നു. പിരിമുറുക്കം കൂടുതൽ കാലം നീണ്ടു നിന്നാൽ കൂടുതൽ മഗ്നീഷ്യം രക്തത്തിലേക്ക് പുറപ്പെടുവിക്കുകയും ഇത് ശരീരത്തിലെ മഗ്നീഷ്യത്തിൻ്റെ അളവ് കുറയുന്നതിലേക്ക് നയിക്കുകയും ചെയ്യും. കൂടാതെ വിഷാദരോഗത്തിനും കാരണമാകും.
തലച്ചോറിലെ സാധാരണ പ്രവർത്തനത്തിന് പ്രധാനമായ ന്യൂറോ ട്രാൻസ്മിറ്ററായ ഗ്ലൂട്ടാമേറ്റിൻ്റെ അളവ് നിയന്ത്രിക്കാൻ മഗ്നീഷ്യം സഹായിക്കുന്നു. അധികമായാൽ, ഇത് മസ്തിഷ്ക കോശങ്ങളെ അമിതമായി ഉത്തേജിപ്പിക്കുകയും കോശങ്ങളുടെ മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് അപസ്മാരം, പക്ഷാഘാതം, പാർക്കിൻസൺസ്, അൽഷിമേഴ്സ് തുടങ്ങിയ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മോളിക്യുലർ ന്യൂറോബയോളജി ജേണലിൽ 2020ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ആവശ്യമായ അളവ്
യുഎസിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൻ്റെ നിർദ്ദേശ പ്രകാരം 19 മുതൽ 51 വയസു വരെയും അതിൽ കൂടുതലുമുള്ള പുരുഷന്മാർക്ക് പ്രതിദിനം 400-420 മില്ലിഗ്രാമും സ്ത്രീകൾക്ക് 310-320 മില്ലിഗ്രാമുമാണ് ദിവസേന വേണ്ട മഗ്നീഷ്യത്തിൻ്റെ അളവ്. സെറം മഗ്നീഷ്യം ലെവൽ 0.75 mmol/L-ൽ കുറവാകുന്നത് ഹൈപ്പോമാഗ്നസീമിയ അല്ലെങ്കിൽ മഗ്നീഷ്യം അപര്യാപ്തതയെ സൂചിപ്പിക്കുന്നു. വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, ക്ഷീണം, ബലഹീനത എന്നിവയാണ് ഇതിൻ്റെ ആദ്യകാല ലക്ഷണങ്ങൾ. മഗ്നീഷ്യത്തിൻ്റെ അപര്യാപ്തത വഷളാകുമ്പോൾ, മരവിപ്പ്, ഇക്കിളി, പേശികളുടെ സങ്കോചങ്ങൾ, കഴപ്പ്, അപസ്മാരം, വ്യക്തിത്വ മാറ്റങ്ങൾ, അസാധാരണമായ ഹൃദയ താളം, കൊറോണറി സങ്കോചങ്ങൾ എന്നിവ ഉണ്ടാകാം. ധാതുക്കളുടെ ഹോമിയോസ്റ്റാസിസ് (രക്തത്തിലെ ധാതുക്കളുടെ സാന്ദ്രത)
തകരാറിലായതിനാൽ മഗ്നീഷ്യത്തിൻ്റെ ഗുരുതരമായ കുറവ് ഹൈപ്പോകാൽസെമിയ അല്ലെങ്കിൽ ഹൈപ്പോകലീമിയ (യഥാക്രമം കുറഞ്ഞ സെറം കാൽസ്യം അല്ലെങ്കിൽ പൊട്ടാസ്യം അളവ്) എന്നിവയ്ക്ക് കാരണമാകും.
പച്ചനിറത്തിലുള്ള ഇലക്കറികൾ, പരിപ്പ്, വിത്തുകൾ, കരൾ, സമുദ്രവിഭവങ്ങൾ, മിനറൽ വാട്ടർ എന്നിവയിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മറ്റ് ഭക്ഷ്യ ഉൽപന്നങ്ങളിൽ ചേർക്കാം, ഒരു ഡയറ്ററി സപ്ലിമെൻ്റായും മഗ്നീഷ്യം ലഭ്യമാണ്, കൂടാതെ ചില മരുന്നുകളിലും (ആൻ്റാസിഡുകളും ലാക്‌സറ്റീവുകളും പോലുള്ളവ) ഇവ ഉണ്ട്.
മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ മതിയോ?
ബംഗളൂരുവിലെ അപ്പോളോ 24/7-ൽ നിന്നുള്ള മുതിർന്ന ഡയറ്റീഷ്യൻ മുബാറക പാലൻപൂർവാല പറയുന്നത്, മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ദിവസേന കഴിക്കുന്നത് ഈ പ്രധാന പോഷകത്തിൻ്റെ ആവശ്യകത നിറവേറ്റുമെന്നാണ്. ഒരു പ്രത്യേക ആരോഗ്യസ്ഥിതിയുള്ള 20 പേരിൽ ഒരാൾക്ക് മാത്രമേ മഗ്നീഷ്യം സപ്ലിൻ്റുകൾ ആവശ്യമായി വരികയുള്ളുവെന്നും മുബാറക പറഞ്ഞു.
ദിവസേനയുള്ള ആവശ്യത്തിനായി മഗ്നീഷ്യം കഴിക്കുന്നതിനൊപ്പം, സപ്ലിമെൻ്റുകളും മഗ്നീഷ്യത്തിൻ്റെ ചികിത്സാ ഡോസുകളുടെ ഉപയോഗവും ഹൃദയാരോഗ്യത്തിന് നിർണായകമാണെന്ന് ഡോ വെങ്കിടേഷ് പറയുന്നു. ലോ കാർബ് ഡയറ്റിൽ മഗ്നീഷ്യം അളവ് കുറവായതിനാൽ ഉണ്ടാകുന്ന മലബന്ധം ഒഴിവാക്കാൻ സപ്ലിമെൻ്റുകൾ സഹായിക്കുമെന്ന് ഡോ ആഗ പവ്യക്തമാക്കി. വിഷാദരോഗം, പേശികൾ- സന്ധികൾ വേദന എന്നിവയുള്ള ആളുകൾക്കും സപ്ലിമെൻ്റുകൾ ഗുണം ചെയ്യും. ചർമ്മത്തിലൂടെ മഗ്നീഷ്യം ആഗിരണം ചെയ്യുന്നതിന്, എപ്സം ലവണങ്ങളിൽ പാദങ്ങൾ മുക്കിവയ്ക്കാൻ ഡോക്ടർ ആഗ നിർദ്ദേശിക്കുന്നു.
ജാഗ്രതാ നിർദേശം
മഗ്നീഷ്യം സൾഫേറ്റിൻ്റെ ഇൻട്രാവണസ് ഡോസുകൾ ഗുരുതരമായ പേശി ബലഹീനതയ്ക്ക് കാരണമാകുമെന്നും മയസ്തീനിയ ഗ്രാവിസ് രോഗികൾക്ക് ഇത് ഒഴിവാക്കണമെന്നും യുഎസിലെ ഇല്ലിനോയിസ് ആസ്ഥാനമായുള്ള മയസ്തീനിയ ഗ്രാവിസിനുള്ള സംഘടനയായ കോൺക്വയർ മയസ്തീനിയ പറയുന്നു.
ആൻറിബയോട്ടിക്കുകളും ഡൈയൂററ്റിക്‌സും ഉൾപ്പെടെയുള്ള ചില മരുന്നുകൾക്കൊപ്പം മഗ്നീഷ്യം ഉപയോഗിച്ചാൽ ചിലപ്പോൾ ദോഷഫലങ്ങൾ ഉണ്ടായേക്കാമെന്നും മഗ്നീഷ്യം വളരെ കൂടുതലായി കഴിക്കുന്നത് വയറുവേദന, വയറിളക്കം, ഓക്കാനം എന്നിവയ്ക്ക് കാരണമാകുമെന്നും NIH പറയുന്നു. ചില സന്ദർഭങ്ങളിൽ, അത് വളരെ ഉയർന്ന അളവിൽ കഴിച്ചാൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും.