728X90

728X90

0

0

0

ഈ ലേഖനത്തിൽ

പ്രായമായവരിലെ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ
20

പ്രായമായവരിലെ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ

65 വയസ്സിനു മുകളിലുള്ളവർക്ക്  ശ്വാസതടസ്സം, നെഞ്ചുവേദന, തലകറക്കം തുടങ്ങിയ പ്രശ്നങ്ങൾ  കൂടുതൽ കാണുകയാണെങ്കിൽ അതൊരു ഹൃദ്രോഗത്തിൻ്റെ ലക്ഷണമായിരിക്കാം. .

പ്രായമായവരിൽ കണ്ടുവരുന്ന ഹൃദയസംബന്ധമായ പ്രശ്നങ്ങൾ

പ്രായത്തിനൊപ്പം വിവേകവും വർദ്ധിക്കുന്നു എന്നാണ് പൊതുവേ പറയാറുള്ളത്.  എന്നാൽ പ്രായമാകുന്നതിനൊപ്പം തന്നെ ഹൃദയ സംബന്ധമായ പല പ്രശ്നങ്ങളും ഉടലെടുത്തു തുടങ്ങും എന്ന കാര്യം പലരും വേണ്ടത്ര ശ്രദ്ധിക്കാറില്ല.  ഒരു വ്യക്തിക്ക്  പ്രായമാകുമ്പോൾ ആ വ്യക്തിയുടെ  ഹൃദയത്തിനും  പ്രായമാകുന്നുവെന്നു വേണം പറയാൻ.  ഇത്  ഹൃദയത്തിൻ്റെ സ്വാഭാവിക പ്രവർത്തനത്തെ ബാധിച്ചേക്കാം. കൂടാതെ  മറ്റു അവയവങ്ങൾക്ക് പ്രായമാകുന്നതും  ഹൃദയാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്ന് പഠനങ്ങളിലൂടെ  വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. 65 വയസ്സിനു മുകളിലുള്ളവർക്ക്  ശ്വാസതടസ്സം, നെഞ്ചുവേദന, തലകറക്കം തുടങ്ങിയ പ്രശ്നങ്ങൾ  കൂടുതൽ  കാണുകയാണെങ്കിൽ  അതൊരു ഹൃദ്രോഗത്തിൻ്റെ ലക്ഷണമായിരിക്കാം. പ്രായമായവരിലെ ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്ന് ഹൃദയമിടിപ്പ് കുറയുന്നതാണ് . ഇത് ഹൃദയസ്തംഭനം സംഭവിക്കുന്നതിന് വരെ കാരണമാകുന്നു.

പ്രായത്തിനനുസരിച്ച് നിങ്ങളുടെ ഹൃദയത്തിന് സംഭവിക്കുന്ന മാറ്റം?

 ഹൃദയം മാത്രമല്ല, നാഡീവ്യൂഹംരക്തക്കുഴലുകൾ എന്നിവയേയും പ്രായം ബാധിക്കുന്നതായി ബംഗളൂരുവിലെ മില്ലേഴ്‌സ് റോഡിൽ സ്ഥിതിചെയ്യുന്ന മണിപ്പാൽ ഹോസ്പിറ്റലിലെ കാർഡിയോളജി കൺസൾട്ടൻ്റ്  ഡോ.സുനിൽ ദ്വിവേദി   വിശദീകരിക്കുന്നു. കാലക്രമേണ ഹൃദയപേശികൾ ദൃഢമാവുകയും ശരിയായ വിശ്രമം ലഭിക്കാതിരിക്കുകയും ചെയ്യുന്നു. ഇത് രക്തത്തിൻ്റെ പമ്പിംഗ് ശേഷിയെ  ദോഷകരമായി ബാധിക്കുകയും ഹൃദയസ്തംഭനം സംഭവിക്കുന്നതിന്    കാരണവുമാവുകയും ചെയ്യും.”

ഹൃദ്രോഗ പാരമ്പര്യമില്ലെങ്കിലും പലരിലും  65 വയസ്സിന് ശേഷം ഹൃദയാരോഗ്യത്തിൽ സങ്കീർണതകൾ കണ്ടുവരുന്നു. ഇത് പ്രായവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതായാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത് “ഹൃദ്രോഗത്തിനുള്ള ഏറ്റവും സാധാരണവും മാറ്റാനാവാത്തതുമായ അപകട ഘടകം പ്രായം ആണ്. അതുകൊണ്ട് തന്നെ പ്രായവുമായി ബന്ധപ്പെട്ട ഹൃദ്രോഗങ്ങളെ പൊതുവേ മൂന്നു വിഭാഗങ്ങളായി തിരിക്കാം. ഹൃദയത്തിൻ്റെ കണ്ടക്ഷൻ സിസ്റ്റം, പമ്പിങ് ശേഷി, വാൽവ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നതായി അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ.അഭിജിത് വിലാസ് കുൽക്കർണി പറയുന്നു.

ഡോക്ടർമാർ  ഹൃദ്രോഗം കണ്ടുപിടിക്കുന്നത് എങ്ങനെ?

 പ്രായമായവരിൽ ഏതു  തരം  ഹൃദ്രോഗം  ആണ് ബാധിച്ചതെന്ന് കണ്ടുപിടിക്കുക തീർത്തും  വെല്ലുവിളിയാണ്. ലക്ഷണങ്ങൾ സമാനമായി കാണുന്നതാണ് കാരണം.  അവയിൽ  ശ്വാസതടസ്സം, ആൻജിന അഥവാ നെഞ്ചുവേദന, ബോധക്ഷയം (ബോധം നഷ്ടപ്പെടൽ ), തലകറക്കം, നീർവീക്കം(കാൽപാദങ്ങളിലെ നീര്) എന്നിവ ഉൾപ്പെടുന്നു.  ഹൃദയവുമായി ബന്ധപ്പെട്ട ഏത് പ്രശ്നങ്ങളിലും  സാധാരണയായി ഈ ലക്ഷണങ്ങളിലൊന്ന് കാണാറുണ്ട്. അതുകൊണ്ട് ഇലക്ട്രോകാർഡിയോഗ്രാം (ഇസിജി) എക്കോകാർഡിയോഗ്രാം എന്നീ അടിസ്ഥാന പരിശോധന  വളരെ പ്രധാനമാണ്. ഇതിലൂടെ എന്താണ് പ്രശ്നമെന്നും, ഹൃദയത്തിൻ്റെ ഏതുഭാഗത്താണ് ഇത് ബാധിച്ചതെന്നും  തിരിച്ചറിയാനും ചില അടിയന്തിര സാഹചര്യങ്ങൾ ഒഴിവാക്കാനും സാധിക്കും” ഡോ.അഭിജിത് വിലാസ് കുൽക്കർണി കൂട്ടിച്ചേർത്തു.

പ്രായമായവരിൽ സാധാരണ കണ്ടുവരുന്ന ഹൃദയസംബന്ധമായ പ്രശ്നങ്ങൾ

ബ്രാഡികാർഡിയ

പ്രായമായവരിൽ കണ്ടുവരുന്ന ഏറ്റവും സാധാരണമായ അവസ്ഥകളിലൊന്നാണ്  ഹൃദയമിടിപ്പ് കുറയുക അല്ലെങ്കിൽ ബ്രാഡികാർഡിയ. ഹൃദയപേശികളും ശരീരത്തിൻ്റെ വൈദ്യുത ആവേഗങ്ങളും തമ്മിൽ ശരിയായ ഏകോപനം ഇല്ലാതാകുന്നത് മൂലമാണ് ബ്രാഡികാർഡിയ സംഭവിക്കുന്നത്. ഇത് രക്തത്തിൻ്റെ പമ്പിംഗിനെ ബാധിക്കുന്നു. ഈ കാരണം മൂലമാണ് ക്ഷീണവും തലകറക്കവും  അവശതയും അനുഭവപ്പെടുന്നതെന്ന് ഡോ. കുൽക്കർണി പറയുന്നു. “ചിലപ്പോൾ  പ്രായമായവർ ബോധരഹിതരായി വീണേക്കാം. പിന്നെ പതുക്കെ എഴുന്നേൽക്കും. ആ സമയത്ത് ഹൃദയമിടിപ്പ് വളരെ കുറവായതിനാലാണ് ഇത് സംഭവിക്കുന്നത്”, അദ്ദേഹം കൂട്ടിച്ചേർത്തു.

ഏട്രിയൽ ഫൈബ്രിലേഷൻ

പ്രായം കൂടുന്നത് കാർഡിയാക് കണ്ടക്ഷൻ സിസ്റ്റത്തെയും ബാധിച്ചേക്കാം . ഹൃദയത്തിൻ്റെ ഇലക്ട്രിക്കൽ സിസ്റ്റം തകരാറിലാകാൻ തുടങ്ങുമ്പോൾ  ഹൃദയമിടിപ്പിൻ്റെ  വേഗത കുറയുകയോ കൂടുകയോ ചെയ്യുമെന്ന് ഡോ. ദ്വിവേദി പറയുന്നു. ഹൃദയമിടിപ്പുമായി ബന്ധപ്പെട്ട് ഏറ്റവും സാധാരണമായി കണ്ടുവരുന്ന  പ്രശ്നങ്ങളിലൊന്ന് ഏട്രിയൽ ഫൈബ്രിലേഷൻ ആണ്. ഹൃദയത്തിൻ്റെ മുകളിലെ അറകളുടെ മിടിപ്പിൽ സംഭവിക്കുന്ന അസ്വാഭാവികതയാണിത്. ഇവ ഹൃദയാഘാതത്തിനും സ്ട്രോക്കിനും കാരണമായേക്കാം.

ഏട്രിയൽ ഫൈബ്രിലേഷൻ മൂലം  ഹൃദയത്തിൽ ചെറിയ രക്തക്കട്ടകൾ ധാരാളം ഉണ്ടാകുന്നു. ഹൃദയമിടിപ്പ് താളം തെറ്റുന്നതിനാൽ, ഒരാളുടെ ഹൃദയത്തിൻ്റെ പ്രവർത്തനം  മന്ദഗതിയിൽ ആവുകയും രക്തയോട്ടം കുറയുകയും ചെയ്തേക്കാം. ഇത് ബോധം നഷ്ടമാകുന്നതിനോ ട്രാൻസിയെൻ്റ്  ഇസ്കെമിക് അറ്റാക്കിലേക്കോ (TIA) നയിക്കുന്നു.

 ട്രാൻസിയെൻ്റ് ഇസ്കെമിക് അറ്റാക്ക്

തലച്ചോറിലേക്കുള്ള രക്തപ്രവാഹം ചുരുങ്ങിയ സമയത്തേക്ക് തടസ്സപ്പെടുമ്പോൾ, ഒരാൾക്ക് ട്രാൻസിയെൻ്റ് ഇസ്കെമിക് അറ്റാക്ക്(ടിഐഎ )സംഭവിക്കാം. തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിലെ കൊളസ്ട്രോൾ തടസ്സങ്ങളാകാം ഇതിന് കാരണം. ഹൃദയാഘാതത്തിന് സമാനമായാണ് ഇതും സംഭവിക്കുന്നതെന്ന് ഡോ. ദ്വിവേദി വിശദീകരിക്കുന്നു.

 ഹൃദയ വാൽവിലെ  ചോർച്ച

ഹൃദയ വാൽവുകളുടെ പ്രവർത്തന ക്ഷമത കുറയുന്ന അവസ്ഥ പ്രായമായവരിൽ കണ്ടുവരുന്ന മറ്റൊരു സാധാരണ പ്രശ്നമാണ്.  ഇത് മൂലം ഹൃദയ വാൽവ് ഇടുങ്ങിയതും ചോർച്ചയുള്ളതുമായി മാറുന്നു. മഹാധമനി വാൽവ്(അയോർട്ടിക് വാൽവ്), ദ്വിദള വാൽവ്(മിട്രൽ വാൽവ് ) എന്നിവയെയാണ് കാൽസിഫിക്കേഷൻ  ഏറ്റവും കൂടുതൽ  ബാധിക്കുന്നതെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. ഈ അവസ്ഥകളെ യഥാക്രമം അയോർട്ടിക് വാൽവ് സ്റ്റെനോസിസ്, മിട്രൽ വാൽവ് റിഗർജിറ്റേഷൻ അല്ലെങ്കിൽ ഹൃദയ വാൽവിലെ ചോർച്ച എന്ന് വിളിക്കുന്നു. കാൽസ്യം അടിഞ്ഞുകൂടിയാൽ , അത് വാൽവുകളുടെ സാധാരണ പ്രവർത്തനത്തെ സാരമായി ബാധിക്കും. ഹൃദയം ചുരുങ്ങിക്കഴിഞ്ഞാൽ അവ തുറക്കാൻ പ്രയാസമുണ്ടാക്കുമെന്നും ഡോ.കുൽക്കർണി വിശദീകരിക്കുന്നു.

 ഹൃദയധമനി രോഗം

വാർദ്ധക്യം മൂലം കൊളസ്‌ട്രോളും കാൽസ്യവും അടിഞ്ഞുകൂടുകയും, ഇത് രക്തത്തിൻ്റെ സുഗമമായ പ്രവാഹത്തെ ദോഷകരമായി  ബാധിക്കുകയും ചെയ്യുമെന്നാണ് ഡോ.ദ്വിവേദി പരാമർശിക്കുന്നത്. ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നതാണ് ഹൃദയധമനി രോഗത്തിൻ്റെ പ്രധാന കാരണം. ഇത് ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികളുടെ സങ്കോചത്തിലേക്ക് നയിക്കുന്നു. തൽഫലമായി ചിലപ്പോൾ രോഗലക്ഷണങ്ങളൊന്നും ഉണ്ടാകാതിരിക്കുകയും മറ്റുചിലപ്പോൾ നെഞ്ചുവേദനയോ ഹൃദയാഘാതമോ ഉണ്ടാകാനും ഇടയുണ്ട്.

നമ്മുടെ ശരീരഭാഗങ്ങളിലേക്ക്  രക്തം എത്തിക്കുന്ന രക്തക്കുഴലുകളുടെ ഇലാസ്തികതയും കുറയുന്നു. ഇത് ഡയസ്റ്റോളിക് രക്തസമ്മർദ്ദത്തേക്കാൾ സിസ്റ്റോളിക് രക്തസമ്മർദ്ദം വർദ്ധിക്കുന്നതിന് കാരണമാകും.

ബ്രോക്കൺ ഹാർട്ട് സിൻഡ്രോം

വൈകാരികമായ സമ്മർദ്ദങ്ങൾ  മൂലമാണ് ബ്രോക്കൺ ഹാർട്ട് സിൻഡ്രോം ഉണ്ടാകുന്നതെന്ന് ഡോ.ദ്വിവേദി ചൂണ്ടിക്കാണിക്കുന്നു. “ഇണയെ നഷ്ടപ്പെടുമ്പോൾ പ്രായമായവരിൽ ഇത് സംഭവിക്കാം.അതുപോലെ  മനസികപിരിമുറുക്കം കാരണം  ഹൃദയസ്തംഭനം അല്ലെങ്കിൽ ഹൃദയമിടിപ്പിലെ തകരാറുകൾ എന്നിവ സംഭവിച്ചേക്കാമെന്നും.” അദ്ദേഹം  കൂട്ടിച്ചേർത്തു.

 ഹൃദയസ്തംഭനം

പ്രായം കൂടുന്തോറും  ഹൃദയപേശികൾക്ക് കാഠിന്യം വർദ്ധിക്കും. ഇതുമൂലം ഹൃദയ പ്രവർത്തനത്തിൻ്റെ കാര്യക്ഷമത കുറഞ്ഞുവരുന്നു. കൂടാതെ കാർഡിയാക് ഫൈബ്രോസിസ് സംഭവിക്കുന്നത് മൂലം ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളിൽ നിന്ന് രക്തം ശേഖരിക്കാൻ  കഴിയാതെ വരുകയും ചെയ്തേക്കാം.”ഇത് ശരീരത്തിൽ  വീക്കം മുതൽ , ഹൃദയസ്തംഭനത്തിന് വരെ  കാരണമായേക്കും”. ഡോ.  ദ്വിവേദി വിശദീകരിക്കുന്നു. ഹൃദയ സംബന്ധമായ എല്ലാ തകരാറുകളും ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

പ്രായമായവരിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള മുൻകരുതലുകൾ

ഓരോ അഞ്ചു വർഷവും ഉപാപചയ നിരക്ക് കുറയുന്ന തരത്തിലാണ് നമ്മുടെ  ശരീരം രൂപകൽപ്പന ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ  പ്രായം  കൂടുന്തോറും ശരീരഭാരവും കൂടുന്നു. നിലവിൽ നിങ്ങൾക്ക് അനുയോജ്യമായ വ്യായാമങ്ങളും ഭക്ഷണക്രമവും കലോറി ഉപഭോഗവും അഞ്ചു വർഷത്തിന് ശേഷം സമാനമാവണമെന്നില്ല.  അവ ഓരോ അഞ്ചുവർഷം കൂടുമ്പോഴും പരിഷ്കരിക്കേണ്ടതുണ്ട് .” ഡോ. ദ്വിവേദി വിശദീകരിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലിയാണ് നമ്മുടെ ആരോഗ്യത്തിൻ്റെ താക്കോൽ. അത് ജീവിതാരംഭം മുതൽ പരിപാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എത്രയും നേരത്തെ ആരോഗ്യകരമായ ജീവിതശൈലി നാം സ്വീകരിക്കുന്നുവോ അത്രയും ഗുണം നമുക്ക് ലഭിക്കും. പ്രായവുമായി ബന്ധപ്പെട്ട ഹൃദ്രോഗങ്ങൾ ഒരു പരിധിവരെ തടയുന്നതിന് വിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾ ഇവയൊക്കെയാണ്.

  • കൊളസ്ട്രോൾ, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയവ നിയന്ത്രിക്കുക
  • കൃത്യമായ ഇടവേളകളിൽ പതിവ് ആരോഗ്യ പരിശോധനകൾ നടത്തുക
  • ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക
  • മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കുക
  • ദിവസവും വ്യായാമം ചെയ്യുക
  • പുകവലി,മദ്യപാനം എന്നിവ ഒഴിവാക്കുക
  • നന്നായി ഉറങ്ങുക

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

6 − 4 =

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്