
പ്രകൃതിദത്തമായ പഞ്ചസാരയുടെ അംശം ഉള്ളതിനാൽ പ്രമേഹമുള്ള ആളുകൾ തണ്ണിമത്തൻ ജ്യൂസ് മിതമായ അളവിൽ മാത്രമേ കഴിക്കാൻ പാടുള്ളു എങ്കിലും സ്വാദിഷ്ടമായ ഈ പഴത്തിനുള്ളിൽ പ്രമേഹത്തെ ചെറുക്കാനുള്ള ഒരു രഹസ്യം അടങ്ങിയിട്ടുണ്ട്. നമ്മൾ പലപ്പോഴും കഴിക്കാതെ ഒഴിവാക്കുന്ന തണ്ണിമത്തൻ വിത്തുകളിൽ ഹൃദയത്തിന് ഇണങ്ങിയതും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നതുമായ ഒന്നിലധികം പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.
“സാധാരണയായി, മുളച്ച് ചെടികളും വൃക്ഷങ്ങളും ആയി വളരേണ്ടതിനാൽ, മിക്ക പഴങ്ങളുടെയും വിത്തുകൾ പോഷകങ്ങളാൽ സമ്പുഷ്ടമായിരിക്കും.” ഗോവ മണിപ്പാൽ ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് കാർഡിയോളജിസ്റ്റ് ഡോ.സബ്യസാചി മുഖോപാധ്യായ പറയുന്നു.
തണ്ണിമത്തൻ വിത്തുകളിൽ ഇരുമ്പ്, നാരുകൾ, പ്രോട്ടീൻ, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇവ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ്. കൂടാതെ വിറ്റാമിൻ ബി, സി, ഇ എന്നിവയും അവയിൽ അടങ്ങിയിട്ടുണ്ട്.
“തണ്ണിമത്തൻ വിത്തുകളിൽ ആരോഗ്യകരമായ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗം, രക്തസമ്മർദ്ദം, പ്രമേഹം, ഓട്ടോ ഇമ്യൂൺ രോഗങ്ങൾ, വൃക്കസംബന്ധമായ സങ്കീർണതകൾ എന്നിവയുള്ള ആളുകൾക്ക് ഗുണം ചെയ്യുമെന്ന് ഡോ.സബ്യസാചി മുഖോപാധ്യായ പറയുന്നു. കലോറി കുറവായതിനാൽ, ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ലഘുഭക്ഷണമായും കഴിക്കാം.
ഹൃദയാരോഗ്യത്തിനായി തണ്ണിമത്തൻ വിത്തിലുള്ള ഗുണങ്ങൾ
ആരോഗ്യകരമായ വിഭവമായി തണ്ണിമത്തൻ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്, ഉയർന്ന രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് ഡോ.സബ്യസാചി മുഖോപാധ്യായ വിശദീകരിക്കുന്നു. അവയിൽ അടങ്ങിയിരിക്കുന്ന MUFA (മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ), PUFA (പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ) എന്നിവ രക്തത്തിലെ ചീത്ത കൊളസ്ട്രോളിൻ്റേയും ട്രൈഗ്ലിസറൈഡിൻ്റേയും അളവ് കുറയ്ക്കുന്നു. കൂടാതെ, ഈ വിത്തുകളിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഡയറ്റീഷ്യനും 360 ഡിഗ്രി ന്യൂട്രികെയറിൻ്റെ (ഇ-ക്ലിനിക്) സ്ഥാപകയുമായ ദീപലേഖ ബാനർജി പറയുന്നത് പ്രകാരം, ഈ വിത്തുകളിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്‌സിഡൻ്റുകൾ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന വാസോഡിലേറ്ററുകളായി (രക്തക്കുഴലുകൾ വികസിപ്പിക്കുകയോ തുറക്കുകയോ ചെയ്യുന്നു) പ്രവർത്തിക്കുന്നു. കൂടാതെ, തണ്ണിമത്തൻ വിത്തുകളിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് രക്തത്തിൻ്റെ ഓക്സിജൻ വഹിക്കാനുള്ള ശേഷി മെച്ചപ്പെടുത്തുകയും, സിങ്ക് ഹൃദയത്തിലെ കാൽസ്യത്തിൻ്റെ ചലനത്തെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഹൈദരാബാദിലെ കാമിനേനി ഹോസ്പിറ്റൽസിലെ മുതിർന്ന എൻഡോക്രൈനോളജിസ്റ്റ് ഡോ.സന്ദീപ് റെഡ്ഡി വിശദീകരിക്കുന്നു. തണ്ണിമത്തൻ വിത്തുകൾ കഴിക്കുന്നത് കൊളസ്‌ട്രോളിൻ്റെ ഓക്‌സിഡേഷനും കൊളസ്‌ട്രോളിൻ്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും തടയാൻ സഹായിക്കും, ഇത് ഹൃദയ സംബന്ധമായ സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കും.
പ്രമേഹ നിയന്ത്രണത്തിൽ തണ്ണിമത്തൻ വിത്തുകളുടെ പങ്ക്
തണ്ണിമത്തൻ വിത്തുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ പ്രമേഹരോഗികൾക്ക് നല്ലൊരു ലഘുഭക്ഷണ ഓപ്ഷനാണ്. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ അവ സഹായിക്കുന്നു. കോശങ്ങൾ ഇൻസുലിനോട് എത്രത്തോളം പ്രതികരിക്കുന്നു എന്നതാണ് ഇൻസുലിൻ സംവേദന ക്ഷമത എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. കാർബോഹൈഡ്രേറ്റ് മെറ്റബോളിസത്തെ നിയന്ത്രിക്കാനും അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും തണ്ണിമത്തൻ വിത്തിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം സഹായിക്കുമെന്ന് ദീപലേഖ ബാനർജി വിശദീകരിക്കുന്നു. “ഇൻസുലിൻ റിലീസിനും കാർബോഹൈഡ്രേറ്റ് മെറ്റബോളിസത്തിനും മഗ്നീഷ്യം ഒരു അവശ്യ മൈക്രോ ന്യൂട്രിയൻ്റാണ്,”. ഡോ. സന്ദീപ് റെഡ്ഡി പറയുന്നു.
പ്രമേഹമുള്ളവർക്ക് തണ്ണിമത്തനും അതിൻ്റെ വിത്തുകളും മിതമായ അളവിൽ കഴിക്കാമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. തണ്ണിമത്തനിൽ ഗ്ലൂക്കോസ് കൂടുതലാണെങ്കിലും, ഗ്ലൈസെമിക് ലോഡ് (ഉപഭോഗത്തിന് ശേഷം രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവിൽ പ്രതീക്ഷിക്കുന്ന വർദ്ധനവ്) കുറവാണെന്നും അതിൽ ഉയർന്ന ജലാംശം ഉണ്ടെന്നും ഡോ. സന്ദീപ് റെഡ്ഡി വിശദീകരിക്കുന്നു. പക്ഷെ, പഞ്ചസാര ചേർത്ത തണ്ണിമത്തൻ ജ്യൂസ് കർശനമായും ഒഴിവാക്കേണ്ടതാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
ഭക്ഷണത്തിൽ തണ്ണിമത്തൻ വിത്തുകൾ ഉൾപ്പെടുത്തേണ്ട വിധം
വെള്ളയും കറുപ്പും നിറത്തിലുള്ള തണ്ണിമത്തൻ വിത്തുകൾ കഴിക്കുന്നത് സുരക്ഷിതമാണെന്ന് ദീപലേഖ ബാനർജി വിശദീകരിക്കുന്നു. കൂടാതെ, നമ്മുടെ സാധാരണ ഭക്ഷണങ്ങളായ ചോറിലോ ചപ്പാത്തിയിലോ പച്ചക്കറികളിലോ ഇല്ലാത്ത മൈക്രോ ന്യൂട്രിയൻ്റുകളാൽ സമ്പുഷ്ടമാണ് ഇവയെന്നും ഡോ.റെഡ്ഡി പറയുന്നു. അതിനാൽ ഭക്ഷണക്രമത്തിൽ തണ്ണിമത്തൻ വിത്തുകൾ ചേർക്കുന്നത് വളരെയധികം ഗുണം ചെയ്യും.
തണ്ണിമത്തൻ വിത്തുകൾ പച്ചയ്‌ക്കോ വറുത്തോ കഴിക്കാം. അവ പഴത്തിൽ നിന്ന് വേർതിരിച്ച് ഉണക്കിയെടുക്കാവുന്നതാണ്. ഉണങ്ങിയ ശേഷം, ഈ വിത്തുകൾ സലാഡുകളിലും സാൻഡ്‌വിച്ചുകളിലും ചേർത്ത് കഴിക്കുകയോ ലഘുഭക്ഷണമായോ കഴിക്കാവുന്നതാണ്.
മനസ്സിലാക്കേണ്ടവ
- തണ്ണിമത്തൻ വിത്തുകളിൽ ധാതുക്കളും ആൻ്റി ഓക്‌സിഡൻ്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, രക്തസമ്മർദ്ദം, പ്രമേഹം, വൃക്കസംബന്ധമായ പ്രശ്നങ്ങൾ, പൊണ്ണത്തടി തുടങ്ങിയ സങ്കീർണതകളുള്ള ആളുകൾക്ക് ഗുണകരമാണ്.
- ഈ വിത്തുകളിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ, ഇരുമ്പ് ഓക്സിജൻ വഹിക്കാനുള്ള രക്തത്തിൻ്റെ ശേഷി മെച്ചപ്പെടുത്തുന്നു. അതോടൊപ്പം സിങ്ക് ഹൃദയത്തിലെ കാൽസ്യം ചലനത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു.
- ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്തുന്നതിനു പുറമേ, ഈ വിത്തുകൾ കാർബോഹൈഡ്രേറ്റ് മെറ്റബോളിസത്തെ നിയന്ത്രിക്കുകയും അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.