പ്രമേഹം ചിലപ്പോൾ ഒരു മയവുമില്ലാതെ ജീവിതത്തിലേക്ക് കയറിവന്നേക്കാം. കുട്ടികൾക്കും പ്രായമായവർക്കും പുറമേ, നവജാതശിശുക്കളെ പോലും ഇത് ബാധിച്ചേക്കും. ശിശുക്കളിലെ പ്രമേഹത്തെ നിയോനേറ്റൽ പ്രമേഹം എന്ന് വിളിക്കുന്നു. ഇത് കുഞ്ഞ് ജനിച്ച് ആറ് മാസത്തിനുള്ളിലാണ് കണ്ടു വരുന്നത്. ജനിതകമാറ്റം മൂലമുണ്ടാകുന്ന നിയോനേറ്റൽ പ്രമേഹം, നാല് ലക്ഷം കുട്ടികൾ ജനിക്കുന്നതിൽ ഒരാൾക്ക് എന്ന തോതിൽ കണ്ടുവരുന്നതായി യു.എസിലെ ക്ലീവ് ലാൻഡിലുള്ള യു.എച്ച്. റെയിൻബോ ബേബീസ് ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് എൻഡോക്രൈനോളജിസ്റ്റ് ഡോ. സെനിയ ടോണിയുഷ്കിന പറയുന്നു.
നിയോനേറ്റൽ പ്രമേഹത്തിനുള്ള കാരണം?
നിയോനേറ്റൽ പ്രമേഹം എന്നത്കുട്ടി ജനിച്ച് ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുന്ന പ്രമേഹത്തെ സൂചിപ്പിക്കുന്നു. പാൻക്രിയാസ് ഗ്രന്ഥിയുടെ വികാസത്തിലെ വൈകല്യം കാരണം ആദ്യ 12 മാസത്തിനുള്ളിൽ രക്തത്തിലേയും മൂത്രത്തിലേയും ഗ്ലൂക്കോസിൻ്റെ അളവ് ഉയരുന്നത് ഇത് സൂചിപ്പിക്കുന്നു. “പാൻക്രിയാറ്റിക് ബീറ്റാ സെൽ വികസനത്തെയും പ്രവർത്തനത്തെയും ബാധിക്കുന്ന ജീനിലെ അപ്രതീക്ഷിതമായ പരിവർത്തനം മൂലമാണ് ഇത് കൂടുതലും സംഭവിക്കുന്നത്. മിക്ക കേസുകളിലും, അമ്മയ്ക്ക് രക്തത്തിലെ ഗ്ലൂക്കോസ് ലെവലിൽ പ്രശ്നങ്ങളോ പ്രമേഹമോ ഉണ്ടാകുകയില്ല. ” ഡോ. ടോണിയുഷ്കിന പറയുന്നു.
നവജാതശിശുക്കളിൽ പ്രമേഹം ഉണ്ടാകുന്നത് ജനിച്ച് ആദ്യ മാസങ്ങളിലാണെങ്കിലും, ആറ് മാസത്തിൻ്റെ അവസാനത്തോടെ മാത്രമേ രോഗനിർണയം നടത്തുകയുള്ളൂവെന്ന് ബംഗളൂരു മാറത്തഹള്ളിയിലെ റെയിൻബോ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ നിയോനറ്റോളജി ആൻഡ് പീഡിയാട്രിക്‌സ് കൺസൾട്ടൻ്റ് ഡോ.സന്ദീപ്.ആർ പറയുന്നു.
നിയോനേറ്റൽ പ്രമേഹമുള്ള പല കുട്ടികളും മാസം തികയാതെ ജനിക്കുന്നവരാണ്. “മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളെ നിരീക്ഷണത്തിനായി NICU [നിയോനേറ്റൽ ഇൻ്റൻസീവ് കെയർ യൂണിറ്റ്] യിൽ സൂക്ഷിക്കുന്നു. അത്തരം സന്ദർഭങ്ങളിൽ, ഞങ്ങൾ അവരുടെ രക്തത്തിലെ പഞ്ചസാര പതിവായി നിരീക്ഷിക്കുന്നതിനാൽ രോഗനിർണയം വേഗത്തിൽ നടക്കും. അവരുടെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമല്ലെങ്കിൽ, നിയോനേറ്റൽ പ്രമേഹമുണ്ടെന്ന് സംശയിക്കും.”ഡോ സന്ദീപ് പറയുന്നു.
നവജാതശിശുക്കളിലെ പ്രമേഹ ലക്ഷണങ്ങൾ
നവജാതശിശുക്കളിലെ പ്രമേഹ നിർണയം നടത്തുന്നത് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് (> 200 mg/dl) മറ്റു കാരണങ്ങളൊന്നുമില്ലാതെ സ്ഥിരമായി ഉയർന്നു നിൽക്കുന്നതിനെ അടിസ്ഥാനമാക്കിയാണ്. “ജനിതക പരിശോധനയിൽ രോഗകാരിയായ ജീൻ മ്യൂട്ടേഷൻ കണ്ടെത്തുമ്പോൾ രോഗനിർണയം സ്ഥിരീകരിക്കപ്പെടുന്നു.” ഡോ ടോണിയുഷ്കിന പറയുന്നു.
നന്നായി ഭക്ഷണം നൽകിയിട്ടും കുഞ്ഞിന് ഭാരം കൂടാത്ത അവസ്ഥയാണ് സാധാരണ ലക്ഷണങ്ങളിൽ ഒന്ന് എന്ന് ഡോക്ടർ സന്ദീപ് കൂട്ടിച്ചേർക്കുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനുശേഷം ഈ ലക്ഷണങ്ങൾ സാധാരണയായി നിരീക്ഷിക്കപ്പെടുന്നു. പ്രമേഹം ബാധിച്ച കുട്ടികളിൽ 30 മുതൽ 40 ശതമാനം വരെ ഐ.യു.ജി.ആർ (ഗർഭാശയ വളർച്ചാ നിയന്ത്രണം) ഉള്ളവരാണ്. തൽഫലമായി, അവർക്ക് കുറഞ്ഞ ജനനഭാരവും ജനനസമയത്ത് പോഷകാഹാരക്കുറവും ഉണ്ടായിരിക്കും, ”അദ്ദേഹം പറയുന്നു.
വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, നിയോനേറ്റൽ പ്രമേഹത്തിൻ്റെ ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു
- ഡയബറ്റിസ് കീറ്റോഅസിഡോസിസ് (രക്തത്തിൽ ആസിഡിൻ്റെ അളവ് വർദ്ധിക്കുക ).
- വളർച്ചയും വികാസവും പതുക്കെയാവുക
- ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, ദാഹം
- നിർജലീകരണം
നിയോനേറ്റൽ പ്രമേഹത്തിൻ്റെ വ്യത്യസ്ത തരങ്ങൾ
നവജാതശിശുക്കളിലെ പ്രമേഹം താൽക്കാലികമോ സ്ഥിരമോ ആയിരിക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. ക്ലിനിക്കൽ പ്രകടനവും രോഗനിർണയവും അടിസ്ഥാനമാക്കി, ഇവയെ നാല് തരങ്ങളായി തിരിച്ചിരിക്കുന്നു:
താൽക്കാലികമായുള്ള നിയോനേറ്റൽ പ്രമേഹം
നവജാത ശിശുക്കളുടെ പ്രമേഹ കേസുകളിൽ 20 ശതമാനവും താൽക്കാലികമായിരിക്കും. ഇത് 13 ആഴ്ച മുതൽ ഒന്നര വർഷത്തിനുള്ളിൽ ഭേദമാകാറുണ്ട്. എങ്കിലും ചിലർക്ക് കൗമാരത്തിലോ പ്രായപൂർത്തിയാകുമ്പോഴോ മറ്റ് തരത്തിലുള്ള പ്രമേഹം ഉണ്ടായേക്കാം.
സൾഫോണൈൽ റെസ്പോൺസീവ് നിയോനേറ്റൽ പ്രമേഹം
നവജാതശിശുക്കളുടെ പ്രമേഹത്തിൻ്റെ ഏറ്റവും സാധാരണമായ രൂപമാണിത്. ഏകദേശം 40 ശതമാനം കേസുകളും ഇത്തരത്തിൽ ഉള്ളവയാണെന്ന് ഡോ. ടോണിയുഷ്കിന പറയുന്നു.ഓറൽ മരുന്നുകളോട് കുഞ്ഞുങ്ങൾ നന്നായി പ്രതികരിക്കും ഇത് ഇൻസുലിൻ ഉത്പാദനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. എങ്കിലും ചില സന്ദർഭങ്ങളിൽ അവർക്ക് ജീവിതകാലം മുഴുവൻ മരുന്ന് ആവശ്യമായി വന്നേക്കാം.
ഇൻസുലിൻ ആശ്രയിച്ചുള്ള നിയോനേറ്റൽ പ്രമേഹം
പ്രമേഹ കേസുകളിൽ ഏകദേശം 10 ശതമാനവും ഇത്തരത്തിലുള്ളവയാണ്. അവയ്ക്ക് സ്ഥിരമായ ഇൻസുലിൻ ചികിത്സ ആവശ്യമാണ്.
ജനിതക രോഗങ്ങളുമായി ബന്ധപ്പെട്ട നിയോനേറ്റൽ പ്രമേഹം
ഏകദേശം 10 ശതമാനം കേസുകളിൽ മറ്റ് രോഗങ്ങളുടെ ഭാഗമായി ലക്ഷണങ്ങൾ കാണിക്കുന്നു. ഹൈപ്പർ ഗ്ലൈസീമിയക്ക് പുറമെ, ഒന്നിലധികം അവയവങ്ങളിൽ കാര്യമായ മറ്റ് വൈകല്യങ്ങളും ഈ കേസിൽ ഉണ്ടായിരിക്കും.
നിയോനേറ്റൽ പ്രമേഹത്തിൻ്റെ സങ്കീർണതകൾ
വളർച്ചാ വൈകല്യങ്ങൾ, പഠന വൈകല്യങ്ങൾ, പേശികളുടെ ബലഹീനത, ജനിക്കുമ്പോൾ ഭാരക്കുറവ് എന്നിവയാണ് നിയോനേറ്റൽ പ്രമേഹത്തിൻ്റെ സങ്കീർണതകളിൽ സാധാരണയായി ഉൾപ്പെടുന്നവ. “സങ്കീർണതകൾ മറ്റ് തരത്തിലുള്ള പ്രമേഹത്തിന് (ടൈപ്പ് 1 അല്ലെങ്കിൽ ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ്) സമാനമായിരിക്കും. ഇതിൽ റെറ്റിന, വൃക്കകൾ, കാലുകൾ എന്നിവയിലെ ചെറുതും വലുതുമായ രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഹൃദയസംബന്ധമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു.” ഡോ. ടോണിയുഷ്കിന പറയുന്നു.
കൂടാതെ, നവജാതശിശുക്കളിൽ പ്രമേഹമുള്ള കുട്ടികൾക്കും കീറ്റോഅസിഡോസിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടെന്നുള്ള കുതിച്ചുചാട്ടം, അസിഡോസിസ് (ശരീരത്തിൽ ആസിഡ് അടിഞ്ഞുകൂടൽ), ബോധ നിലയിൽ മാറ്റം വരൽ എന്നിവയാണ്. രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ ഇൻസുലിൻ കുത്തിവയ്‌പ്പുകൾ ആവശ്യമായി വന്നേക്കാം.
ഈ അവസ്ഥ കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിത നിലവാരത്തെയും ബാധിക്കുന്നു. കുട്ടികൾക്ക് പിന്നീട് ജീവിതത്തിൽ ടൈപ്പ് 1 പ്രമേഹമോ ടൈപ്പ് 2 പ്രമേഹമോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നിയോനേറ്റൽ പ്രമേഹം തുടക്കത്തിൽ തന്നെ മരുന്ന് ഇൻസുലിനോ ഉപയോഗിച്ച് നിയന്ത്രിക്കാം. കാരണം കുഞ്ഞുങ്ങൾക്ക് ആ സമയത്ത് മുലപ്പാൽ മാത്രമാണ് ഭക്ഷണമായി നൽകുന്നത്. എന്നാഷ കട്ടിയുള്ള ഭക്ഷണം കഴിച്ച് സ്‌കൂളിൽ പോകുന്ന പ്രായമായാൽ, ഇത് വെല്ലുവിളിയാകുമെന്ന് ഡോ.സന്ദീപ് പറയുന്നു. “ഞങ്ങൾ സാധാരണയായി മാതാപിതാക്കളെ അവരുടെ കുട്ടികളുടെ ഭക്ഷണത്തിൽ വളരെ കർശനമായിരിക്കാനും മിക്കവാറും എല്ലാം കഴിക്കാൻ അനുവദിക്കാനും ഉപദേശിക്കാറില്ല. പക്ഷേ മിതമായി. എന്നാൽ അവരുടെ കുട്ടിയുടെ ഇൻസുലിൻ ഡോസിനനുസരിച്ച് ഭക്ഷണം ക്രമീകരിക്കാൻ ഞങ്ങൾ അവരെ ഉപദേശിക്കാറുണ്ട്.”അദ്ദേഹം വിശദീകരിക്കുന്നു.
അതിനാൽ, നാഡീവികസനം നടക്കുന്ന പ്രായത്തിൽ, ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകാതിരിക്കാൻ കുട്ടികളെ നിരന്തരം നിരീക്ഷിക്കുകയും കൃത്യമായ ഫോളോ-അപ്പുകൾ ഉറപ്പാക്കുകയും ഇൻസുലിൻ, മറ്റ് മരുന്നുകൾ (ഡോക്ടർ നിർദ്ദേശിച്ച പ്രകാരം) എന്നിവ ശരിയായ ഡോസുകളിൽ നൽകുകയും വേണം. “ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകുന്ന ഓരോ സമയത്തും അത് അവരുടെ തലച്ചോറിൻ്റെ വളർച്ചയെ ബാധിക്കും. രക്ഷകർത്താക്കളെ ശരിയായി പറഞ്ഞു മനസിലാക്കിയാൽ ഈ അവസ്ഥ നിയന്ത്രിക്കാൻ കഴിയും. ”അദ്ദേഹം പറയുന്നു.
മനസ്സിലാക്കേണ്ടവ
- നിയോനേറ്റൽ പ്രമേഹം എന്നത് നവജാതശിശുക്കളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാവുന്ന ഒരു അവസ്ഥയാണ്. ഇത് സാധാരണയായി ആറുമാസം പ്രായമാകുമ്പോഴാണ് കണ്ടുവരുന്നത്.
- വളർച്ചയും വികാസവും കുറയുക, കീറ്റോഅസിഡോസിസ്, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, ദാഹം, നിർജ്ജലീകരണം എന്നിവയാണ് ലക്ഷണങ്ങൾ.
- നിയോനേറ്റൽ പ്രമേഹമുള്ള കുട്ടികൾക്ക് പിന്നീടുള്ള ജീവിതത്തിൽ ടൈപ്പ് 1 അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.
- രക്ഷിതാക്കൾ കുട്ടിയുടെ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് പതിവായി നിരീക്ഷിക്കുകയും അതിനനുസരിച്ച് ഇൻസുലിൻ ഡോസ് ക്രമീകരിക്കുകയും വേണം.