സിനിമാ ഹാളിലെ സർവസാധാരണമായ ലഘുഭക്ഷണമാണ് പോപ് കോൺ. ഇതൊരു ജങ്ക് ഫുഡ് ആയാണ് പൊതുവേ കണക്കാക്കുന്നത്. പക്ഷേ ശരിയായ രീതിയിൽ തയ്യാറാക്കിയാൽ, പ്രമേഹമുള്ളവർക്ക് പോലും ആരോഗ്യകരമായ ലഘുഭക്ഷണമാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
പ്രമേഹമുള്ളവർക്ക് ലഘുഭക്ഷണമായി പോപ്‌കോൺ പതിവായി നിർദേശിക്കുന്നതായി ബാംഗ്ലൂരിലെ പ്രശസ്ത ഡയബറ്റോളജിസ്റ്റ് ഡോ. അശ്വിത ശ്രുതി ദാസ് പറയുന്നു. പോപ് കോൺ വീട്ടിൽ തന്നെ തയ്യാറാക്കാനാണ് പൊതുവേ നിർദ്ദേശിക്കാറുള്ളത്. പായ്ക്ക് ചെയ്തതും പുറത്തുനിന്നും വാങ്ങുന്നതുമായവ ഉപയോഗിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുകയും ചെയ്യും.
പോപ്‌കോണിൽ കലോറി കുറവാണ്. അതിനാൽ, ഡോക്ടർമാരും ഡയറ്റീഷ്യൻമാരും ഇത് ഒരു ലഘുഭക്ഷണമായി നിർദ്ദേശിക്കാറുണ്ട്. “പോപ്‌കോൺ നനുത്തതും വലുതുമാണ്. അതിനാൽ ഒരു കപ്പ് പോപ്‌കോൺ അതായത് ഏകദേശം 25 ഗ്രാം കഴിച്ചാൽ ഒരാൾക്ക് വയറുനിറഞ്ഞതായി തോന്നാമെന്ന് ഡയറ്റീഷ്യൻ നിധി നിഗം ചൂണ്ടിക്കാട്ടുന്നു.
ഉയർന്ന ഫൈബറിൻ്റെ അംശവും കുറഞ്ഞ ഗ്ലൈസാമിക് ഇൻഡക്സും (ജിഐ) ഉള്ളതിനാൽ പ്രമേഹമുള്ളവർക്ക് പോപ്‌കോൺ ഗുണം ചെയ്യുമെന്നാണ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡയറ്റീഷ്യൻ അവ്‌നി കൗൾ വ്യക്തമാക്കുന്നത്. “ഫൈബർ ദഹനത്തെ മന്ദഗതിയിലാക്കുന്നു, ദ്രുതഗതിയിലുള്ള സ്പൈക്കുകൾ തടയുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു”
അനാരോഗ്യകരമായ ചേരുവകൾ ഒഴിവാക്കുക
അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പ്രസിദ്ധീകരിച്ച ഒരു ലേഖനമനുസരിച്ച്, നാരുകൾക്ക് പുറമെ പോളിഫെനോളുകളുടെ നല്ല ഉറവിടമാണ് പോപ്കോൺ. അതിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്സിഡൻ്റുകൾ മെച്ചപ്പെട്ട രക്തചംക്രമണം, ദഹന ആരോഗ്യം,എന്നിവ പരിപാലിക്കാൻ സഹായിക്കുന്നു. കൂടാതെ ചില കാൻസറുകളുടെ അപകടസാധ്യത കുറക്കുകയും ചെയ്യുന്നു.
എങ്കിലും, കാരമൽ, ചീസ്, ബട്ടർ തുടങ്ങിയ ചേരുവകൾ അമിതമായി ചേർത്ത പോപ്കോൺ കഴിക്കുന്നത് നല്ലതല്ല. ഇത് ഗ്ലൈസെമിക് ഇൻഡക്‌സ് കൂട്ടുന്നതിനു പുറമെ കലോറി കൂടുന്നതിനും കാരണമാകുന്നു.
പോപ്‌കോൺ തയ്യാറാക്കാനുള്ള മികച്ച മാർഗം
ഒലിവ് ഓയിലോ ഉപ്പുചേർക്കാത്ത വെണ്ണ വളരെ കുറഞ്ഞ അളവിലോ ഉപയോഗിച്ച് മൈക്രോവേവ് ചെയ്ത് പോപ്‌കോൺ തയ്യാറാക്കുന്നതാണ് നല്ലത്. എയർ ഫ്രൈ ചെയ്തും തയ്യാറാക്കാമെന്ന് നിഗം പറയുന്നു.
ഒന്നും ചേർക്കാതെ പോപ്കോൺ കഴിക്കാമെങ്കിലും, അല്പം ഉപ്പും കുരുമുളക് പൊടിയും ചേർത്താൽ ഇവയ്ക്ക് രുചി കൂടുമെന്നാണ് ഡോ.ദാസിൻ്റെ അഭിപ്രായം.
“എന്നാൽ, അതിൽ എണ്ണ, ചീസ്, വെണ്ണ എന്നിവ ഉപയോഗിക്കുന്നതിലൂടെ പോപ് കോൺ അനാരോഗ്യകരമായ ലഘുഭക്ഷണമായി മാറുമെന്ന് നിഗം മുന്നറിയിപ്പ് നൽകുന്നു.
കൗളിൻ്റെ അഭിപ്രായപ്രകാരം, രക്തസമ്മർദ്ദത്തെ ബാധിക്കുന്ന സോഡിയത്തിൻ്റെ ഉപഭോഗം കുറയ്ക്കുന്നതിനായി പ്രമേഹരോഗികൾ ഉപ്പില്ലാത്ത പോപ്കോൺ കഴിക്കുന്നത് നന്നായിരിക്കും . ഇത്തരത്തിലുള്ള പോപ്കോൺ രക്തത്തിലെ പഞ്ചസാരയുടെ സ്ഥിരത നിലനിർത്താൻ സഹായിക്കുന്നു, മാത്രമല്ല ഹൃദയാരോഗ്യത്തിന് ദോഷകരമായ ഫലങ്ങളൊന്നും ഉണ്ടാക്കില്ല.
“അൽപ്പം രുചികൂട്ടാൻ പ്രമേഹത്തിന് ദോഷകരമായി ബാധിക്കാത്ത, കറുവപ്പട്ടയോ കൊക്കോ പൊടിയോ വിതറി താളിക്കാം. ഈ പ്രകൃതിദത്തമായ വസ്തുക്കൾ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാതെ തന്നെ മധുരം നൽകുന്നു,” കൗൾ വിശദീകരിക്കുന്നു.
പ്രമേഹമുള്ളവർക്ക് പ്രോസസ് ചെയ്യാത്ത ചീസ് ആരോഗ്യകരമായ ഒരു ഓപ്ഷനാണെന്ന് നിഗം വിശദീകരിക്കുന്നു. എന്നാൽ സാധാരണയായി ചീസ് പോപ്കോൺ ഉണ്ടാക്കുന്നതിനായി ഡീഹൈഡ്രേറ്റഡ് ചീസ് പൗഡർ ഉപയോഗിക്കുന്നു, ഇത് ഒഴിവാക്കണം.
“പകരം, നിങ്ങൾക്ക് ഇത് വീട്ടിൽ തന്നെ ഉണ്ടാക്കാം, കൂടാതെ ചെറിയ അളവിൽ നന്നായി പൊടിച്ച പാർമസൻ ചീസ് ചേർക്കാവുന്നതാണ്. ഇത് അധിക കാർബോഹൈഡ്രേറ്റുകളില്ലാതെ തന്നെ രുചികരമായ സ്വാദും നൽകുന്നുമെന്ന് കൗൾ പറയുന്നു.
കാർബോഹൈഡ്രേറ്റും കൊഴുപ്പും ധാരാളം അടങ്ങിയ ചീസ് പോപ്‌കോൺ കഴിക്കുന്ന ദിവസം മറ്റ് കാർബോഹൈഡ്രേറ്റുകളുടെ ഉപഭോഗം കുറയ്ക്കണം. “പച്ചക്കറികളും ധാന്യങ്ങളും പോലെയുള്ള പ്രൊസസ് ചെയ്യാത്ത കാർബോഹൈഡ്രേറ്റുകൾ കഴിക്കുക, സന്തുലിതാവസ്ഥ നിലനിർത്താൻ ലീൻ പ്രോട്ടീനുകൾക്കും ആരോഗ്യകരമായ കൊഴുപ്പുകൾക്കും മുൻഗണന നൽകുക,” കൗൾ പറയുന്നു.
അപകടസാധ്യത അറിഞ്ഞിരിക്കാം
പ്രമേഹമുള്ളവർക്ക് സാധാരണയായി ഒന്നോ രണ്ടോ കപ്പ് പ്ലെയിൻ, എയർ-പോപ്പ്ഡ് പോപ്‌കോൺ കഴിക്കാം. ഇതിൽ ഏകദേശം 15 മുതൽ 30 ഗ്രാം വരെ കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നതായി ഡോ.കൗൾ പറയുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കേണ്ടതും കഴിക്കാനെടുക്കുന്ന പോപ് കോണിൻ്റെ അളവ് നിയന്ത്രിക്കേണ്ടതും നിർണായകമാണ്.
“ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചുള്ള ആശങ്കയില്ലാതെ പോപ്‌കോൺ ആസ്വദിക്കാനായി നല്ല ഒരു ഡയറ്റീഷ്യനെ നിർദ്ദേശം തേടാവുന്നതാണെന്ന് കൗൾ വ്യക്തമാക്കുന്നു.
പ്രധാന പോയിൻ്റുകൾ
പോപ് കോൺ ആരോഗ്യകരമായ ഒരു ലഘുഭക്ഷണമായി ഉപയോഗിക്കാവുന്നതാണ്. ഉപ്പും എണ്ണയും അധികമായ ഇല്ലാതെ പ്രമേഹരോഗികൾക്ക് ഒന്നോ രണ്ടോ കപ്പ് പോപ്കോൺ കഴിക്കാം. അല്പം മധുരവും എന്നാൽ പ്രമേഹരോഗികൾക്ക് ഗുണം ചെയ്യുന്നതുമായ രുചിയുണ്ടാക്കുന്നതിന്, കുറച്ച് കറുവപ്പട്ടയോ കൊക്കോ പൗഡറോ ചേർക്കാവുന്നതുമാണ്.