രക്തത്തിലെ ഗ്ലൂക്കോസിൻ്റെ ഏറ്റക്കുറച്ചിലുകൾ മൂലമുണ്ടാകുന്ന ആന്തരിക ഹോർമോണുകളുടെയും രക്തക്കുഴലുകലുടേയും വ്യതിയാനങ്ങൾ കാരണം പ്രമേഹമുള്ളവർക്ക് പലപ്പോഴും മാനസികാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ഈ മൂഡ് സ്വിംഗുകൾ, പ്രത്യേകിച്ച് അസ്വസ്ഥമാകലും അമിത ദേഷ്യവുമെല്ലാം തന്നെ ഡയബറ്റിക് റേജ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
“ഡയബറ്റിക് റേജ് ഒരു മെഡിക്കൽ പദമല്ല, കോപത്തെ സൂചിപ്പിക്കുന്ന ലളിതമായ പദമാണ്,” ബെംഗളുരു മില്ലേഴ്‌സ് റോഡിലെ മണിപ്പാൽ ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് എൻഡോക്രൈനോളജിസ്റ്റും ഡയബറ്റോളജിസ്റ്റുമായ ഡോ. എ. ശാരദ പറയുന്നു.
എന്താണ് ഡയബറ്റിക് റേജ്
പ്രമേഹരോഗിയായ ഒരാൾക്ക് അനുഭവപ്പെടുന്ന മാനസിക വ്യതിയാനങ്ങളെയാണ് പൊതുവിൽ ഡയബറ്റിക് റേജ് എന്ന് വിശേഷിപ്പിക്കുന്നതെന്ന് ബെംഗളൂരുവിലെ എൻഡോക്രൈനോളജി ആസ്റ്റർ സി.എം.ഐ ഹോസ്പിറ്റൽ കൺസൾട്ടൻ്റ് ഡോ മഹേഷ് ഡി.എം പറയുന്നു. അവരുടെ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവിലെ ഏറ്റക്കുറച്ചിലുകൾ മാനസികാവസ്ഥയ്ക്ക് കാരണമാകുന്ന തലച്ചോറിലെ രാസവസ്തുക്കളെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കുട്ടികളിലും ഇത് വളരെ സാധാരണമാണ്.
“പ്രമേഹമുണ്ടെന്ന് കണ്ടെത്തിയാൽ ചിലരത് അംഗീകരിക്കില്ല. രോഗനിർണയത്തിന് മുമ്പുതന്നെ പലരും പൊതുവെ ദേഷ്യമുള്ളവരായിരുന്നുവെന്നും പ്രമേഹം ഇത് കൂടുതൽ വഷളാക്കിയെന്നും പറയുന്ന ആളുകളെ എനിക്കറിയാം. ഡയബറ്റിക് റേജ് ഉള്ള ആളുകൾക്ക് അവരെ പ്രമേഹവുമായി ബന്ധപ്പെടുത്തുന്നത് പലപ്പോഴും ഇഷ്ടമല്ല.” മുംബൈയിലെ ജസ്‌ലോക് ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റ് ഡോ റിതിക അഗർവാൾ പറയുന്നു.
ഡയബറ്റിക് റേജ് – കാരണം?
രക്തത്തിലെ പഞ്ചസാരയുടെ അളവ്
രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനങ്ങൾ നമ്മുടെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിനെ നേരിട്ട് ബാധിക്കുന്നതായി കരുതപ്പെടുന്നു. രക്തത്തിലെ പഞ്ചസാര ഉയരുമ്പോൾ, കോർട്ടിസോളിൻ്റെ അളവും വർദ്ധിക്കുന്നു.
രക്തത്തിലെ പഞ്ചസാര കൂടുമ്പോഴും കുറയുമ്പോഴും അത് സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ ഉൽപാദിപ്പിക്കുന്നതും പുറപ്പെടുവിക്കുന്നതും വർദ്ധിപ്പിക്കുന്നു. ഇത് ഉത്കണ്ഠയിലേക്കോ വിഷാദത്തിലേക്കോ നയിച്ചേക്കാം. ഇതെല്ലാം ചേർന്ന് നിരാശ വർദ്ധിപ്പിക്കും, ”ഡോ. അഗർവാൾ പറയുന്നു.
പഞ്ചസാരയുടെ ഉയർന്ന അളവ് ഉത്കണ്ഠയും ദേഷ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
“രോഗനിർണയം അംഗീകരിച്ചതിന് ശേഷവും, അവരുടെ പഞ്ചസാര നില ഉയർന്നിരിക്കുകയാണെങ്കിൽ അവർക്ക് ദേഷ്യം അനുഭവപ്പെടാം.” ഡോ. ശാരദ പറയുന്നു.
മനഃശാസ്ത്രപരമായ കാരണങ്ങൾ
“മനഃശാസ്ത്രപരമായി നോക്കുകയാണെങ്കിൽ, നിരാശയും നീരസവും കൊണ്ടാണ് ഇത് സംഭവിക്കുന്നത്. പ്രമേഹ രോഗനിർണയം കൊണ്ട് വരുന്ന ആരോഗ്യ, ജീവിതശൈലി പരിമിതികളെക്കുറിച്ച് വളരെയധികം ഭയവും അനിശ്ചിതത്വവും ഇവരിൽ ഉണ്ടാകാറുണ്ട്. ”ഡോ അഗർവാൾ പറയുന്നു. ഉദാഹരണത്തിന്, അവർ ഒരു പ്രത്യേക സമയത്ത് ഭക്ഷണം കഴിക്കണം അല്ലെങ്കിൽ ആളുകളോടൊപ്പം ഭക്ഷണം കഴിക്കാൻ കഴിയില്ല എന്ന ഭയം ജോലിയെയും ജീവിതരീതിയെയും തടസ്സപ്പെടുത്തുന്നു. രോഗനിർണയവുമായി ബന്ധപ്പെട്ട് ധാരാളം രോഗികൾക്ക് കോപം, നിരാശ, പ്രകോപനം, സമ്മർദ്ദം എന്നിവ ഉണ്ടാകാറുണ്ട്. പ്രമേഹം നിയന്ത്രിക്കുക എന്നത് ഒരു ചിലവേറിയ അവസ്ഥയുമാണ്.
“പ്രമേഹം ഒരു ആജീവനാന്ത രോഗമാണ്, അത് നിയന്ത്രിക്കാൻ മാത്രമേ കഴിയൂ, സുഖപ്പെടുത്താൻ കഴിയില്ല. ഭേദമാക്കാൻ കഴിയാത്ത ദീർഘകാല രോഗങ്ങളോടുള്ള മനുഷ്യൻ്റെ ആദ്യ പ്രതികരണം നിഷേധമാണ്, അത് തന്നെ ദേഷ്യത്തിന് കാരണമാകും, ”ഡോ ശാരദ പറയുന്നു.
ഒരിടത്ത് കുടുങ്ങിക്കിടക്കുക എന്ന തോന്നൽ, എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയാത്തത്, അല്ലെങ്കിൽ അതിനനുസരിച്ച് നിങ്ങളുടെ ജീവിതശൈലി എങ്ങനെ മാറ്റണം എന്നറിയാത്തത് തുടങ്ങിയവ മൂലം ഇത് സംഭവിക്കാമെന്ന് ഡോക്ടർ അഗർവാൾ കൂട്ടിച്ചേർക്കുന്നു.
400 mg/dL, 450 mg/dL, 500 mg/dL എന്ന ഷുഗർ നിലയുമായി 3 ആഴ്‌ചയ്‌ക്കുള്ളിൽ 5 ഡോക്ടർമാർമാരെ കണ്ട ഒരു രോഗിയെ തനിക്കറിയാമെന്ന് ഡോ. ശാരദ വിശദീകരിക്കുന്നു. ഒരു ദീർഘകാല രോഗത്തെ അംഗീകരിക്കാനാകാത്തത് ദേഷ്യത്തിനും കോപത്തിനും കാരണമാകും.
ഡയബറ്റിക് റേജ് ലക്ഷണങ്ങൾ
“ലക്ഷണങ്ങൾ അടിസ്ഥാനമാക്കി, മാനസികമായ കാരണങ്ങളാലാണോ ഗ്ലൂക്കോസിൻ്റെ ഏറ്റക്കുറച്ചിലുകളാലാണോ ഇത് സംഭവിക്കുന്നുത് എന്ന് നമുക്ക് പറയാൻ കഴിയും,” ഡോ. മഹേഷ് പറയുന്നു.
ശാരീരികമായ അക്രമം, പ്രകോപനപരവും ആക്രമണോത്സുകവുമായ പെരുമാറ്റം എന്നിവയുൾപ്പെടെയുള്ള അക്രമാസക്തമായ പൊട്ടിത്തെറികളാണ് മറ്റ് പ്രധാന ലക്ഷണങ്ങളെന്ന് ഡോ അഗർവാൾ കൂട്ടിച്ചേർക്കുന്നു.
ഡയബറ്റിക് റേജ് എങ്ങനെ നേരിടാം
ഏതൊരു പുതിയ രോഗനിർണയവും അതിൻ്റേതായ വിഷാദമുണ്ടാക്കുമെന്ന് ഡോക്ടർ അഗർവാൾ വിശദീകരിക്കുന്നു. രോഗനിർണയം അംഗീകരിക്കുകയും അത് സാധാരണമാണെന്ന് അറിയുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഭക്ഷണക്രമം, ഉറക്കചക്രം, ജീവിതശൈലി മുതലായവയെക്കുറിച്ച് ഡോക്ടർ നിങ്ങളോട് പറഞ്ഞ കാര്യങ്ങൾ പാലിക്കുന്നത് അതിന് ഗുണം ചെയ്യും.
ഇതെല്ലാം ചെയ്തിട്ടും, പ്രമേഹമുള്ള ഒരാൾക്ക് രോഗനിർണയം അംഗീകരിക്കാൻ ബുദ്ധിമുട്ട് തോന്നുന്നുവെങ്കിലോ കോപം, ഉത്കണ്ഠ വിഷാദം എന്നിവ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിലോ, അവർ ഒരു മാനസികാരോഗ്യ വിദഗ്ദ്ധൻ്റെ സഹായം തേടണം.
“കോപമോ വിശപ്പോ വിഷാദമോ അനുഭവിക്കുന്ന പ്രമേഹ രോഗികൾ അത് പ്രമേഹവുമായി ബന്ധപ്പെട്ടതാനെന്ന് മനസിലാക്കുകയും പ്രശ്നം തിരിച്ചറിയാൻ സഹായിക്കുന്നതിന് ഒരു മാനസികാരോഗ്യ പ്രാക്ടീഷണറോടോ ഫിസിഷ്യനോടോ സംസാരിക്കുകയും വേണം.” ഡോ ശാരദ പറയുന്നു.
ഡയബറ്റിക് റേജും ഗ്ലൂക്കോസ് നിരീക്ഷണവും
പഞ്ചസാരയുടെ അളവ് പതിവായി പരിശോധിക്കാൻ അവർക്ക് ഗ്ലൂക്കോസ് മോണിറ്ററിംഗ് ഉപകരണങ്ങളും ഉപയോഗിക്കാവുന്നതാണ്. പ്രമേഹമുണ്ടെന്ന് സഹപ്രവർത്തകരെയും കുടുംബാംഗങ്ങളെയും അറിയിക്കേണ്ടതും പ്രധാനമാണ്.
“ഗ്ലൂക്കോസ് മീറ്റർ പോലുള്ള ഒരു മോണിറ്ററിംഗ് സംവിധാനത്തിലൂടെയോ പഞ്ചസാരയുടെ അളവുമായി മാനസികാവസ്ഥയെ ബന്ധപ്പെടുത്തി നിരീക്ഷിക്കുന്നതിലൂടെയോ ഇത് 60-80% വരെ നിയന്ത്രിക്കാനാകുമെന്ന് ഡോ.ശാരദ പറയുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് മാറാതെ സ്ഥിരമായി നിലനിർത്തിയാൽ, മാനസികാവസ്ഥ മാറാനുള്ള സാധ്യത കുറയ്ക്കാം.
മനസ്സിലാക്കേണ്ടവ
പ്രമേഹമുള്ളവരിൽ മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കൽ സാധാരണമാണ്. രക്തത്തിലെ ഗ്ലൂക്കോസിൻ്റെ ഏറ്റക്കുറച്ചിലുകൾ മൂലമുണ്ടാകുന്ന ആന്തരിക ഹോർമോണുകളുടെയും രക്തക്കുഴലുകളിലേയും വ്യതിയാനങ്ങൾ കാരണം പ്രമേഹമുള്ള ആളുകൾക്ക് പലപ്പോഴും മാനസികാവസ്ഥ മാറാറുണ്ട്. കർശനമായ പ്രമേഹ നിയന്ത്രണ ദിനചര്യയ്‌ക്ക് പുറമെ, ശക്തമായ വൈകാരിക പിന്തുണയും പ്രമേഹ നിയന്ത്രിക്കാനുള്ള ദിനചര്യകളിൽ ഉറച്ചുനിൽക്കാനുള്ള പ്രചോദനവും നൽകുന്നതിലൂടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അവരെ സഹായിക്കാനാകുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.