ദീർഘകാലം കൂടുതൽ അളവിൽ ഉപ്പ് കഴിക്കുന്നത് അമിതവണ്ണത്തിന് ഇടയാക്കും. പ്രത്യേകിച്ച് അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും ക്രമേണ ടൈപ്പ് 2 പ്രമേഹത്തിനും ഇത് കാരണമാകും. യുഎസിലെ ടുലെൻ സർവ്വകലാശാലയിലെ ഗവേഷകരുടേതാണ് കണ്ടെത്തൽ. ഭക്ഷണത്തിലൂടെ കൂടുതലായി ഉപ്പ് കഴിക്കുന്ന ആളുകളിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത, ഉപ്പ് കഴിക്കാത്തവരെ അപേക്ഷിച്ച് 39 ശതമാനം കൂടുതലാണെന്നും പഠനം പറയുന്നു. കുറഞ്ഞ അളവിൽ ഉപ്പ് ഉപയോഗിക്കുന്നവരിൽ പ്രമേഹത്തിനുള്ള അപകടസാധ്യത 20 ശതമാനം കുറവാണ്. ആഹാരത്തിൽ ഒട്ടും തന്നെ ഉപ്പ് ചേർക്കാത്ത ആളുകളുടെ കാര്യത്തിൽ ഈ അപകടസാധ്യത ഏറ്റവും കുറവാണെന്നാണ് കണ്ടെത്തൽ.
“ഉപ്പിൻ്റെ ഉപയോഗം പരിമിതപ്പെടുത്തുന്നത് രക്തസമ്മർദ്ദം കൂടുന്നതിൻ്റേയും ഹൃദയ സംബന്ധമായ പ്രശ്നങ്ങളുടേയും അപകടസാധ്യത കുറയ്ക്കുമെന്ന് നമുക്കറിയാം. എന്നാൽ ഉപ്പിൻ്റെ അളവ് കുറച്ചാൽ ടൈപ്പ്2 പ്രമേഹത്തിനുള്ള സാധ്യതയും കുറയ്ക്കാമെന്ന് നമുക്ക് ആദ്യമായി കാണിച്ചുതരുന്ന പഠനമാണിത്”. ഗവേഷകനും പഠനത്തിൻ്റെ മുഖ്യ ലേഖകനുമായ ഡോ.ലു.കി പറയുന്നു. ടുലൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ആൻ്റ് ട്രോപ്പിക്കൽ സയൻസിൻ്റെ എച്ച്സിഎ റെജൻ്റ്സ് ചെയർമാനും പ്രൊഫസറുമാണ് അദ്ദേഹം. യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക പത്രക്കുറിപ്പിലാണ് പഠനത്തിലെ കണ്ടെത്തലുകൾ വെളിപ്പെടുത്തിയത്.
യുകെ ബയോബാങ്കിലെ 402,982 ആളുകളുടെ ആരോഗ്യ വിവരങ്ങൾ വിശകലനം ചെയ്ത് അവരുടെ ദൈനംദിന ശൈലിയും ഉപ്പ് ഉപഭോഗത്തിൻ്റെ ആവൃത്തിയും പരിശോധിച്ചു. പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വൃക്ക സംബന്ധമായ അസുഖങ്ങൾ എന്നിവയില്ലാത്തവരായിരുന്നു വിശകലനത്തിൽ പങ്കെടുത്തത്. ഈ പഠനത്തിലെ കണ്ടെത്തലുകൾ മയോക്ലിനിക്ക് പ്രൊസീഡിങ്ങ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉപ്പും ടൈപ്പ് 2 പ്രമേഹവും തമ്മിലുള്ള ബന്ധം പൂർണ്ണമായി മനസിലാക്കുന്നതിന് കൂടുതൽ പഠനങ്ങൾ നടത്തേണ്ടതിൻ്റെ ആവശ്യകത അതിൽ ഉയർത്തിക്കാട്ടുന്നു.
പഠനത്തിൽ പങ്കെടുത്ത 402,982 പേരിൽ 11.8 വർഷം നിരന്തരം നടത്തിയ നിരീക്ഷണത്തിനു ശേഷം 13,000 പേർക്കെങ്കിലും ടൈപ്പ് 2 പ്രമേഹം പിടിപെട്ടതായി കണ്ടെത്തി. അവരുടെ ഭക്ഷണരീതികളും ആരോഗ്യസ്ഥിതിയിലെ മറ്റ് വ്യതിയാനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയും പഠനത്തിൻ്റെ തുടക്കത്തിൽ രേഖപ്പെടുത്തിയ അടിസ്ഥാന HbA1C റീഡിംഗിൽ നിന്നുള്ള വ്യതിയാനങ്ങൾക്കനുസരിച്ച് ക്രമീകരിക്കുകയും ചെയ്തിരുന്നു. ഉപ്പും പഞ്ചസാരയും കുറവുള്ളതും പഴങ്ങളും പച്ചക്കറികളും പ്രകൃതിദത്ത മൈക്രോ ന്യൂട്രിയൻ്റുകളും കൂടുതലുള്ളതുമായ DASH ഡയറ്റ് പിന്തുടരുന്ന ആളുകളിൽ പഠന കാലയളവിൽ ആരോഗ്യനില മെച്ചപ്പെട്ടതായി കണ്ടെത്തി.
ഭക്ഷണത്തിൽ ഉപ്പ് കുറയ്ക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നത് പ്രമേഹം തടയുന്നതിനുള്ള ഒരു ജീവിതശൈലി ഇടപെടലായി കണക്കാക്കണമെന്നാണ് ഗവേഷകരുടെ നിഗമനം
ഉപ്പും പ്രമേഹവും തമ്മിലുള്ള ബന്ധം
പഠനത്തിലെ പ്രധാന കണ്ടെത്തലുകളിൽ ഒന്ന് ഉപ്പ് കഴിക്കുന്നതും ശരീരഭാരവും തമ്മിലുള്ള ബന്ധമാണ്, പ്രത്യേകിച്ച് അരക്കെട്ടിലും വയറിന് ചുറ്റുമായി അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പിനുള്ള ഒരു കാരണം ഇതാണെന്നാണ് വിലയിരുത്തൽ. വയറ്റിലെ അമിതമായ കൊഴുപ്പ് ടൈപ്പ്2 പ്രമേഹത്തിൻ്റെ അപകട സാധ്യതയുടെ പ്രധാന സൂചനയാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം
ശരീരത്തിൽ പെട്ടെന്ന് അണുബാധകളും, ഓക്സിഡേറ്റീവ് സ്ട്രെസും വർധിപ്പിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇവ ഇൻസുലിൻ പ്രതിരോധവും ടൈപ്പ് 2 പ്രമേഹവും ഉണ്ടാക്കുന്ന ഘടകങ്ങളാണ്.
“അമിതമായി ഉപ്പ് കഴിക്കുന്നത് ശരീരഭാരം വർദ്ധിക്കുന്നതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു, ഇത് രക്തർസമ്മർദ്ദം ഉയർത്തുന്നതിലേക്ക് നയിക്കുന്നതായി ഡോ.ബെലിൻ്റ ജോർജ് വ്യക്തമാക്കുന്നു. ബാംഗ്ലൂർ സെൻ്റ് ജോൺസ് മെഡിക്കൽ കോളേജിലെ എൻഡോക്രൈനോളജി വിഭാഗം അസോസിയേറ്റ് പ്രോഫസറാണ് ഡോ.ബെലിൻ്റ.
“ഉപ്പിൻ്റെ അളവ് കൂടുതലായാൽ ജലാംശം നിലനിർത്തുന്നതിനായി ശരീരത്തിന് കൂടുതൽ വെള്ളം ആവശ്യമായി വരും. ഇത്തരത്തിൽ കൂടുതലായി ആവശ്യം വരുന്ന വെള്ളത്തിൻ്റെ ഭാരം ശരീരഭാരത്തോടൊപ്പം ചേരും. അമിതവണ്ണവും രക്തസമ്മർദ്ദവും ടൈപ്പ് 2 പ്രമേഹത്തിൻ്റെ സാധ്യത വർദ്ധിപ്പിക്കുന്ന നേരിട്ടുള്ള ഘടകങ്ങളാണ്”-ഡോ.ബെലിൻ്റ വിശദീകരിക്കുന്നു
ടൈപ്പ്2 പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായും പഠനത്തിൽ പറയുന്നു. അമിതവണ്ണം, ശാരീരിക പ്രവർത്തനങ്ങളിലുണ്ടാകുന്ന കുറവ്, അനാരോഗ്യകരമായ ഭക്ഷക്രമം എന്നിവ ഇതിനുള്ള കാരണങ്ങളാണ്. ഹൈപ്പർടെൻഷനും പ്രമേഹവും ഇൻസുലിൻ റെസിസ്റ്റൻസ് പോലുള്ള ഒരേ മൂലകാരണം പങ്കിടുന്നതായി ഡോ.ബെലിൻ്റ കൂട്ടിച്ചേർത്തു.
രക്തസമ്മർദ്ദത്തെ കുറിച്ചുള്ള WHO റിപ്പോർട്ട്
ലോകാരോഗ്യ സംഘടന രക്തസമ്മർദ്ദത്തെക്കുറിച്ചുള്ള ആദ്യത്തെ ആഗോള റിപ്പോർട്ട് അടുത്തിടെ പുറത്തിറക്കിയിരുന്നു. ലോകമെമ്പാടുമുള്ള 10.8 ദശലക്ഷം മരണങ്ങളിൽ കുറഞ്ഞത് 2 ദശലക്ഷം മരണങ്ങൾക്ക് കാരണമായത് അമിതമായ അളവിൽ സോഡിയം ഉപഭോഗം മൂലമുണ്ടായ ഉയർന്ന രക്തസമ്മർദ്ദമാണെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ ഉപ്പിൻ്റെ ഉപഭോഗം കുറയ്ക്കാനും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാനും ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്യുന്നു. രക്തസമ്മർദ്ദവും പ്രമേഹും തമ്മിൽ പൊതുവായ ഒരു ബന്ധമുണ്ട്. അനിയന്ത്രിതമായ പ്രമേഹമുള്ള മിക്ക ആളുകൾക്കും ഉയർന്ന രക്തസമ്മർദ്ദമുണ്ട്, തിരിച്ച് രക്തസമ്മർദ്ദമുള്ളവർ പ്രമേഹത്താലും ബുദ്ധിമുട്ടുന്നുണ്ട്.
പ്രമേഹരോഗികളിൽ അകാലമരണം, വൈകല്യം എന്നിവയുമായി ഏറ്റവും കൂടുതൽ ബന്ധപ്പെട്ടിരിക്കുന്ന അപകട ഘടകങ്ങൾ ഹൈപ്പര് ഗ്ലൈസീമിയ അല്ലെന്നും അനിയന്ത്രിതമായ രക്തസമ്മർദ്ദവും ഉയർന്ന കൊളസ്ട്രോളുമാണെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പറയുന്നു.
ചില ആളുകൾ, പ്രത്യേകിച്ച് ഇന്ത്യക്കാർ ചിന്തിക്കുന്നത് പ്രമേഹം നിയന്ത്രിക്കാനുള്ള ആദ്യപടി മധുര പലഹാരങ്ങൾ നിയന്ത്രിക്കുക എന്നതാണ്. ഈ വിശ്വാസം ചെന്നെത്തുന്നതാവട്ടെ ഉപ്പ് കൂടുതലുള്ള ആഹാരങ്ങൾ പ്രത്യേകിച്ച് ലഘു സ്നാക്സുകൾ കൂടുതലായി കഴിക്കുന്നതിലായിരിക്കും. ഇത് പ്രമേഹനിയന്ത്രണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഡോ.ബെലിൻ്റ പറയുന്നു.
ലോകാരോഗ്യ സംഘടന അടുത്തിടെ പുറത്തിറക്കിയ മറ്റൊരു റിപ്പോർട്ടിൽ ഇന്ത്യയിലെ അൾട്രാ പ്രോസസ് ചെയ്ത ഭക്ഷ്യവസ്തുക്കളുടെ ഉപഭോഗവും വിൽപ്പനയും സംബന്ധിച്ച് വിസധീകിരിക്കുന്നു. ഡയബറ്റിസ്, കൊറോണറി ഹൃദ്രോഗം തുടങ്ങിയ പകർച്ചവ്യാധികളല്ലാത്ത രോഗങ്ങളുടെ വ്യാപനത്തിന് പ്രധാന കാരണക്കാരായി കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷ്യവസ്തുക്കളെ ചൂണ്ടിക്കാട്ടിയിരുന്നു. പ്രമേഹം, കൊറോണറി ഹൃദ്രോഗം തുടങ്ങിയ പകർച്ചവ്യാധികളല്ലാത്ത രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകുന്ന പ്രധാന ഘടകമാണ് കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ എന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഉപ്പിൻ്റെ ഉപഭോഗം എങ്ങനെ കുറയ്ക്കാം
അവശ്യ ധാതുക്കൾ, മാക്രോ ന്യൂട്രിയൻ്റുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവ ദൈനംദിന ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഹൈപ്പർടെൻഷൻ റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഉപ്പ് കുറച്ചും പൊട്ടാസ്യം, നൈട്രേറ്റ് എന്നിവയാൽ സമ്പന്നമായ പച്ച ഇലയുള്ള പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്, രക്തക്കുഴലുകളുടെആരോഗ്യവും രക്തചംക്രമണവും മെച്ചപ്പെടുത്താനും പ്രമേഹവും ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുമെന്നും റിപ്പോർട്ട് പ്രത്യേകം ചൂണ്ടിക്കാട്ടുന്നു.
പ്രധാനപോയിൻ്റുകൾ
ഭക്ഷണത്തിൽ കൂടുതൽ അളവിൽ ഉപ്പ് ചേർത്ത് ദീർഘകാലം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനൻ്റെ സാധ്യത വർധിപ്പിക്കുമെന്നാണ് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ ലേഖനം ചൂണ്ടിക്കാട്ടുന്നത്. ഒരു ദശാബ്ദത്തിലേറെയായി യുകെ ബയോബാങ്കിൽ നിന്നും ശേഖരിച്ച 40,000 പേരുടെ ആരോഗ്യ വിവരങ്ങളും അവരുടെ ഭക്ഷണരീതികളും വിശകലനം ചെയ്ത ശേഷമാണ് ഈ നിഗമനത്തിലെത്തിയത്. പ്രമേഹവും ഉപ്പു കഴിക്കുന്നതും തമ്മിലുള്ള ബന്ധം സംബന്ധിച്ച് കൂടുതൽ ഗവേഷണം നടത്തണമെന്നും ഉപ്പു കഴിക്കുന്നത് കുറയ്ക്കുന്നത് ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത് തടയാൻ സഹായിക്കുമെന്നും ലേഖനം പറയുന്നു.