ജിമ്മിൽ പോയി ഭാരിച്ച വസ്തുക്കളുപയോഗിച്ചുള്ള വ്യായാമം വളരെ സൂക്ഷ്മമായി ആസൂത്രണം ചെയ്ത് ചെയ്യേണ്ട ഒരു കാര്യമാണ്. ആഴ്ചതോറും ശരീരത്തിൻ്റെ എല്ലാ പേശികൾക്കും ആവശ്യമായ വ്യായാമം നൽകുന്നുണ്ടെന്ന് ഉറപ്പാക്കണം. ആവശ്യമായ വിശ്രമം, വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീനുകൾ, എന്നിവയടങ്ങിയ ഭക്ഷണക്രമം, ശാരീരികക്ഷമതയുടെ അളവ് എന്നിവയെല്ലാം ആസൂത്രണത്തിൽ പരിഗണിക്കണം. പ്രധാന പേശികളുടെ ഗ്രൂപ്പുകൾക്ക്, പ്രവർത്തനപരമായും സൗന്ദര്യാത്മകമായും കണക്കിലെടുത്താൽ ആബ്‌സ്, നെഞ്ച്, തുടകൾ, കൈകൾ മുതലായവയ്ക്ക് ശ്രദ്ധ ലഭിക്കുമ്പോൾ, ചില പ്രധാന പേശികളുടെ ഗ്രൂപ്പുകൾ പലപ്പോഴും അവഗണിക്കപ്പെടുന്നു. ഉദാഹരണത്തിന്, കൈത്തണ്ടയോട് അടുത്തുള്ള പേശികൾ- ഗ്രിപ്പ് സ്ട്രെങ്ത് കൂട്ടാൻ അവ പ്രധാനമാണ്. എന്നാൽ സാധാരണയായി വ്യായാമത്തിൽ അവ അവഗണിക്കപ്പെടുന്നു.
ജിമ്മിൽ ഭാരം ഉയർത്താൻ മാത്രമല്ല, പല കായിക പ്രവർത്തനങ്ങളിലും മറ്റ് ജോലികളിലും ഗ്രിപ്പ് സ്ട്രെങ്ത് പ്രധാനമാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഒരു ഹാൻഡ് ഡൈനാമോമീറ്റർ വഴി ഗ്രിപ്പ് സ്ട്രെങ്ത് അളക്കാൻ കഴിയും. ശാരീരിക അദ്ധ്വാനങ്ങളിലും മനുഷ്യൻ്റെ ചലനത്തിലും അതിൻ്റെ പങ്ക് വളരെ പ്രശംസനീയമാണ്.
ഗ്രിപ്പ് സ്ട്രെങ്ത്തിൻ്റെ പ്രാധാന്യം
ഹാൻഡ് ഗ്രിപ്പ് സ്ട്രെങ്തിലെ മാറ്റങ്ങൾ ഷോൾഡർ റൊട്ടേറ്റർകഫ് ഫംഗ്‌ഷനുമായി ബന്ധപ്പെട്ടിട്ടുണ്ടോ? ഇയാൻ ഹോർസ്‌ലി എറ്റ്. അൽ.2016 ലെ ഗവേഷണ പ്രബന്ധത്തിലൂടെ ഗ്രിപ്പ് സ്ട്രെങ്തും തോളിൻ്റെ ലാറ്ററൽ റൊട്ടേറ്റർ സ്ട്രെങ്തും തമ്മിലുള്ള ബന്ധം പരിശോധിക്കുന്നു. പരിശീലന സമയത്ത് ഗ്രിപ്പ് സ്ട്രെങ്ത് ക്ഷീണത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ഒരു കായിക പ്രവർത്തനം നടത്താനുള്ള സന്നദ്ധത വിലയിരുത്തുന്നതിനുള്ള ഒരു ഏകകമായി എങ്ങനെ പ്രവർത്തിക്കുന്നുവെന്നും പ്രബന്ധം വിശദീകരിക്കുന്നു.
ജിമ്മിലോ കായികരംഗത്തോ, നല്ല പ്രകടനത്തിന് ശക്തമായ ഗ്രിപ്പ് ആവശ്യമാണ്. “ഗ്രിപ്പ് സ്ട്രെങ്ത് ശരീരത്തിൻ്റെ മുകൾ ഭാഗത്തെ സ്ട്രെങ്തുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതായി ബംഗളൂരു ആസ്ഥാനമായുള്ള ഫിറ്റ്നസ് പരിശീലകൻ അഫ്രിദ് ഉലിസ്ലാം പറയുന്നു. “ജിമ്മിൽ ഭാരം ഉയർത്താനും എല്ലാ ദൈനംദിന ജീവിത പ്രവർത്തനങ്ങൾ നടത്താനും ഗ്രിപ്പ് സ്ട്രെങ്ത് ആവശ്യമാണ്. ശക്തിവർധിപ്പിക്കുന്ന പരിശീലനത്തിൻ്റെ വീക്ഷണത്തിൽ പറഞ്ഞാൽ , ശരീരത്തിലെ മറ്റേതൊരു പേശികളെയും പോലെ ഗ്രിപ്പ് സ്ട്രെങ്ത് വർധിപ്പിക്കുന്നത് വളരെ പ്രധാനമാണ്. കാരണം ഒരു വ്യക്തിയുടെ ഗ്രിപ്പ് സ്ട്രെങ്ത് ശരിയായില്ലെങ്കിൽ ആ വ്യക്തിക്ക് ശരിയായി ഭാരം ഉയർത്താൻ കഴിയില്ല.
ഗ്രിപ്പ് സ്ട്രെങ്ത് വർദ്ധിപ്പിക്കാൻ കൈത്തണ്ടയ്ക്കും കൈകൾക്കുമുള്ള പരിശീലനം
കൈകളുടെ പേശികൾ നേരിട്ട് ഗ്രിപ്പ് സ്ട്രെങ്തുമായി ബന്ധപ്പെട്ടിരിക്കുന്നു. സത്യജിത് അംബികയുടെ ഗവേഷണ പ്രബന്ധ പ്രകാരം , ഗ്രിപ്പ് ഫോഴ്സിനെ ബാധിക്കുന്ന ഘടകങ്ങൾ അനാട്ടമി, മെക്കാനിക്സ് ആൻഡ് റഫറൻ്റ് കോൺഫിഗറേഷനുകൾ എന്നിവയാണ്. കൂടാതെ കൈകളുടെ ഫ്ലെക്സർ ഡിജിറ്റോറം പ്രെഫ്രോണ്ടിസ് (എഫ് ഡി പി), പേശികളും ഫ്ലെക്സർ പോളിസിസ് ലോംഗസ് (എഫ്പിഎൽ) പേശികളും ഗ്രിപ്പ് ഫോഴ്സ് എങ്ങനെ സുഗമമാക്കുന്നുവെന്ന് ഇതിൽ വ്യക്തമാക്കുന്നു
“കൈകളിലെ പേശികൾ, കൈത്തണ്ട, ഗ്രിപ്പ് സ്ട്രെങ്ത് എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, അഹമ്മദാബാദിലെ ഫിറ്റ്നസ് പരിശീലകനും മുൻ പവർ ലിഫ്റ്ററുമായ സമീർ മണ്ഡൽ പറയുന്നു. ആരെങ്കിലും ഗ്രിപ്പ് സ്ട്രെങ്ത് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ കൈകളിലെ പേശികളെ ശക്തിപ്പെടുത്തുക എന്നത് അനിവാര്യമാണ്.”
കൈകളുടെ പേശികൾ ശക്തിപ്പെടുത്തുന്നത് അവഗണിക്കാനുള്ള പ്രവണതയുണ്ടെന്നും അത് നമ്മുടെ മൊത്തത്തിലുള്ള പ്രകടനത്തെ മാത്രമല്ല പരിക്കുകളുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നുവെന്നും മണ്ഡൽ കൂട്ടിച്ചേർക്കുന്നു.
“കൈത്തണ്ടയുടെ സന്ധികളിൽ അധികം പേശികളില്ല, അതിനാൽ മുൻകരുതലുകളോടെ ഉചിതമായ വ്യായാമ മുറകൾ പാലിക്കേണ്ടത് അത്യാവശ്യമാണ്, അല്ലാത്തപക്ഷം [ഭാരം ഉയർത്തുമ്പോൾ] പരിക്കിനുള്ള സാധ്യത വർദ്ധിക്കും,” മണ്ഡൽ കൂട്ടിച്ചേർക്കുന്നു. “കൂടാതെ, കൈത്തണ്ടയ്ക്കുള്ള വ്യായാമം ചെയ്യാത്തതോ അല്ലെങ്കിൽ ശരീരത്തിലെ മറ്റ് പേശികളുടെ വ്യായാമവുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവോ ചെയ്യുന്നിടത്ത് ചിലപ്പോഴൊക്കെ ആളുകൾ കൈകളുടെ പേശികളെ പാടെ അവഗണിക്കുന്നതായി കാണുന്നു. ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കരുത്.
ഗ്രിപ്പ് സ്ട്രെങ്ത് വർദ്ധിപ്പിക്കുന്നതിനുള്ള വ്യായാമങ്ങൾ
ഗ്രിപ് സ്ട്രെങ്ത് മെച്ചപ്പെടുത്താൻ ചെയ്യാവുന്ന ചില വ്യായാമങ്ങൾ ഇതാ. ഈ വ്യായാമങ്ങൾ ഓരോ ദിവസവും ഇടവിട്ട് ചെയ്യണം (ഓരോ വ്യായാമത്തിനും 30 സെക്കൻഡ് വീതം 3 സെറ്റ്).
- മുഷ്ടി ചുരുട്ടുകയും നിവർത്തുകയും ചെയ്യുന്നു.
- മുഷ്ടിയിൽ ഒരു പന്ത് ഞെരുക്കുന്നു.
- ഹാൻഡ് ഗ്രിപ്പർ സ്പ്രിംഗ് ഉപയോഗിച്ച് ഞെരുക്കുന്നു.
കൈപ്പത്തിയിലെ പേശികളുടെയും കൈത്തണ്ടയുടെയും കരുത്ത് വർദ്ധിപ്പിക്കുന്നതിനുള്ള മറ്റ് വ്യായാമങ്ങൾ ഇവയാണ്:
- ഡെഡ് ലിഫ്റ്റ്
- ഫാർമേഴ്‌സ് വോക്ക്
- പുൾ അപ്പുകൾ
- നക്കിൾ പുഷ് അപ്പുകൾ
- ഫോർആം ഡംബെൽ കേൾ
- ഫോർആം റിവേഴ്‌സ് ഡംബെൽ കേൾ
സ്ഥിരമായ പുരോഗതി ഉറപ്പാക്കുക. ഈ വ്യായാമങ്ങൾ ചെയ്യുമ്പോൾ അമിതഭാരം വഹിക്കുന്നത് കൈത്തണ്ടകളിലും കൈകാലുകളിലും പരിക്കേൽപ്പിക്കാൻ കാരണമാകും.
പ്രധാന പോയിൻ്റുകൾ
- കൈകൾ ഗ്രിപ്പ് സ്ട്രെങ്തിനെ നേരിട്ട് സ്വാധീനിക്കുന്നു, അതിനാൽ കൈകളിലെ പേശികളെ ശക്തിപ്പെടുത്തേണ്ടത് പ്രധാനമാണ്.
- കൈകളെ ശക്തിപ്പെടുത്തുന്നതിനായി വ്യായാമം ചെയ്യുമ്പോൾ, അമിതഭാരം വഹിക്കുകയോ അമിതമായി നീങ്ങുകയോ ചെയ്യരുത്, കാരണം അത് കൈത്തണ്ടയ്ക്ക് പരിക്കേൽപ്പിക്കും.
- ഗ്രിപ്പ് സ്ട്രെങ്ത് വർദ്ധിക്കുന്നത് വ്യക്തിയുടെ മൊത്തത്തിലുള്ള വ്യായാമത്തെയും ശാരീരിക പ്രകടനത്തെയും നല്ല രീതിയിൽ സ്വാധീനിക്കുന്നു.