ഓട്ടം നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണകരമായ വ്യായാമമാണ്. എങ്കിലും ഒരു ശാരീരിക പ്രവർത്തനം എന്ന നിലയിൽ ചില ദോഷങ്ങളും ഇതുമൂലം സംഭവിക്കാറുണ്ട്. കഠിനമായ കാലാവസ്ഥയുമായി നിരന്തരം സമ്പർക്കം പുലർത്തുന്നതിലൂടെ ചർമ്മത്തിനുണ്ടാകുന്ന കേടുപാടുകൾ ഓട്ടക്കാരിലെ ദീർഘകാല പ്രത്യാഘാതങ്ങളൽ ഒന്നാണ്. ‘റണ്ണേഴ്‌സ് ഫേസ്’ അഭിമാനമുദ്രയാണെങ്കിലും, അടിസ്ഥാനപരമായി പറഞ്ഞാൽ ചർമ്മത്തിൻ്റെ കഴിവ് നഷ്ടപ്പെടുന്ന അവസ്ഥ കൂടിയാണ്. കൂടാതെ ഇത് അത്രത്തോളം നല്ല കാര്യവുമല്ല.
‘റണ്ണേഴ്‌സ് ഫേസ്’ സംഭവിക്കുന്നതിന് കാരണമെന്താണ്?
ദീർഘദൂര ഓട്ടക്കാരുടെ മുഖത്തിൽ വരുന്ന മാറ്റങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് റണ്ണേഴ്‌സ് ഫേസ്. ഈ അവസ്ഥയിൽ മുഖത്തിൻ്റെ സ്വാഭാവിക നിറം മങ്ങുകയും, ചർമ്മം ചുരുങ്ങുകയും ചെയ്യുന്നു. ഇത് ചർമ്മത്തിൻ്റെ അകാലത്തിലുള്ള വാർദ്ധക്യത്തിന് കാരണമാകും. “ദീർഘകാലം ഓടുന്നവർക്ക് ചർമ്മത്തിൻ്റെ ഇലാസ്തികത നഷ്ടപ്പെടാൻ ഇടയുണ്ട്. ചർമ്മത്തെ മൃദുലമാക്കുന്ന കൊളാജൻ, എലാസ്റ്റിൻ നാരുകൾ എന്നിവയെ ആശ്രയിച്ചുള്ളതാണ് ഇലാസ്തികത” ചെന്നൈയിലെ ഫോർട്ടിസ് മലർ ഹോസ്പിറ്റലിലെ ഡെർമറ്റോളജിസ്റ്റ് ആയ ഡോ. സുഭാഷിണി മോഹൻ പറയുന്നു.
ദീർഘദൂരം ഓടാൻ ഉയർന്ന കലോറി ഉപയോഗിക്കേണ്ടി വരുന്നതിനാൽ. ശരീരത്തിലേയും മുഖത്തേയും കൊഴുപ്പ് നഷ്ടപ്പെടുന്നു. ഇതിൻ്റെ ഫലമായി മുഖത്തെ കട്ടിയുള്ള കൊഴുപ്പ് പാളി നശിക്കുകയും, മുഖം മെലിഞ്ഞതും പൊള്ളയായതുമായി കാണപ്പെടുകയും ചെയ്യും. കൂടാതെ, കഠിനമായ കാലാവസ്ഥയുമായി നിരന്തരം സമ്പർക്കത്തിൽ വരുന്നത്, കൊളാജനെയും എലാസ്റ്റിനെയും ദോഷകരമായി ബാധിക്കാൻ ഇടയാക്കും. ഇതിൻ്റെ ഫലമായി ചർമ്മത്തിന് അകാലത്തിലുള്ള വാർദ്ധക്യം സംഭവിക്കുന്നു.
ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നതിൻ്റെ ഫലമായി എപ്പിഡെർമൽ കോശങ്ങൾ,കൊളാജൻ, എലാസ്റ്റിൻ നാരുകൾ എന്നിവയെ അൾട്രാവയലറ്റ് രശ്മികൾ നശിപ്പിക്കുകയും ഫ്രീ റാഡിക്കലുകളെ പുറന്തള്ളുകയും ചെയ്യുന്നു. ഇത് ചർമ്മത്തിലെ അകാല ചുളിവുകൾക്ക് കാരണമാകും. ചർമ്മത്തിൻ്റെ പുറം പാളിയിലെ കോശങ്ങളാണ് എപ്പിഡെർമൽ കോശങ്ങൾ.
മുഖത്തെ കൊഴുപ്പ് കുറയുന്നതോടെ, പേശികൾ അയഞ്ഞുവരാൻ തുടങ്ങും. ഈ കാരണത്താൽ ഭൂമിയുടെ ഗുരുത്വാകർഷണത്തെ ചെറുക്കാൻ ചർമ്മത്തിന് സാധിക്കാതെ വരികയും താഴോട്ട് തൂങ്ങാൻ തുടങ്ങുകയും ചെയ്യുന്നു. ” അമിതമായി സൂര്യപ്രകാശം ഏൽക്കുന്നതിൻ്റെ ഫലമായി ചർമ്മത്തെ താങ്ങി നിർത്തുന്നതോ ഉറപ്പിച്ച് നിർത്തുന്നതോ ആയ പേശികൾ അയഞ്ഞു തുടങ്ങുമെന്ന്” ബംഗളൂരു മണിപ്പാൽ ഹോസ്പിറ്റലിലെ മുതിർന്ന കൺസൾട്ടൻ്റ് ഡോ.സച്ചിത് എബ്രഹാം പറയുന്നു. “ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നതിലൂടെ കൊളാജനും എലാസ്റ്റിനും നശിക്കുകയും മുഖത്ത് ചുളിവുകൾ പ്രത്യക്ഷപ്പെടുകയും ചെയ്യും. തുടർച്ചയായി ഓടുമ്പോൾ നിങ്ങളുടെ സപ്പോർട്ട് മെക്കാനിസത്തിന് ചർമ്മത്തിൻ്റെ സംരക്ഷണം സാധ്യമാകാതെ വരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
‘റണ്ണേഴ്‌സ് ഫേസിൻ്റെ പാർശ്വഫലങ്ങൾ എങ്ങനെ കുറയ്ക്കാം
ലളിതമായ നടപടികളിലൂടെ അത്ലറ്റുകൾക്ക് റണ്ണേഴ്‌സ് ഫേസിൻ്റെ പ്രശ്നങ്ങൾ തടയാനോ കുറയ്ക്കാനോ സാധിക്കും. സൂര്യോദയത്തിനു മുമ്പോ സൂര്യാസ്തമയത്തിനു ശേഷമോ ഓടുന്നതാണ് അനുയോജ്യം. രാവിലെ 10 നും വൈകുന്നേരം 4 നും ഇടയിലെ ഓട്ടം ഒഴിവാക്കാം. കടുത്ത അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്നതിൽ നിന്ന് നമ്മെ സംരക്ഷിക്കാൻ ഇത് സഹായിക്കുമെന്ന് ഡോക്ടർ സുഭാഷിണി മോഹൻ പറയുന്നു. അഥവാ ഇത് സാധ്യമല്ലെങ്കിൽ, വായുസഞ്ചാരമുള്ള വസ്ത്രങ്ങളും സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണം നൽകുന്ന അധിക വസ്തുക്കളും ധരിക്കാം. ഉദാഹരണത്തിന് തൊപ്പി,ഫുൾ സ്ലീവ് വസ്ത്രങ്ങൾ എന്നിവ സൂര്യാഘാതം നേരിട്ട് ചർമ്മത്തിൽ പതിക്കാതിരിക്കാൻ സഹായിക്കുന്നവയാണ്.
ഓടുന്നതിന് മുമ്പ് നല്ല സൺസ്‌ക്രീൻ പുരട്ടുന്നതും നിർബന്ധമാണ്. വാസ്‌തവത്തിൽ, ഓട്ടക്കാർ എപ്പോഴും സൺസ്‌ക്രീൻ കൂടെ കരുതേണ്ടതാണ്. എങ്കിൽ ഓട്ടത്തിനിടയിൽ തന്നെ ഓരോ മണിക്കൂറിലും സൺസ്‌ക്രീൻ ഉപയോഗിക്കാൻ കഴിയും. SPF 50 റേറ്റിംഗുള്ള ബ്രോഡ് സ്പെക്ട്രം സൺസ്ക്രീൻ ഉപയോഗിക്കാനാണ് ഡോക്ടർമാർ പൊതുവേ നിർദേശിക്കാറുള്ളത്.
മാത്രവുമല്ല ധാരാളം വെള്ളം കുടിക്കുകയും സമീകൃതാഹാരം കഴിക്കുകയും വേണം, അതിൽ ആനുപാതികമായ അളവിൽ ആരോഗ്യകരമായ കൊഴുപ്പും ഉൾപ്പെടുത്തണം. പോഷകസമൃദ്ധമായ ഭക്ഷണക്രമം ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യാനും ചർമ്മത്തിലെ കൊഴുപ്പ് നഷ്ടപ്പെടുന്നത് തടയാനും സഹായിക്കുന്നു.
ദീർഘനേരം തുടർച്ചയായി ഓടുന്നത് ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയ്ക്കും ജലനഷ്ടത്തിനും കാരണമാകും. അതുകൊണ്ട് ഓടുന്നതിനിടെ സ്ഥിരമായി വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം തടയാനും സഹായിക്കും.
ഓട്ടക്കാർക്ക് വേണ്ടിയുള്ള ചർമ്മ സംരക്ഷണ മാർഗ്ഗങ്ങൾ
കടുപ്പമേറിയ സോപ്പ് ഉപയോഗിച്ച് മുഖം പതിവായി കഴുകാതിരിക്കാൻ ഓട്ടക്കാർ പ്രത്യേകം ശ്രദ്ധിക്കണം. ഇത് ചർമ്മത്തിൻ്റെ സ്വാഭാവിക ഈർപ്പം ഇല്ലാതാക്കുന്നതിന് കാരണമാകും. മാത്രവുമല്ല മോയ്സ്ചറൈസർ ഉപയോഗിക്കുകയും കൃത്യമായ ഇടവേളകളിൽ സൺസ്ക്രീൻ പുരട്ടുകയും വേണം. വിയർക്കുമ്പോൾ സൺസ്‌ക്രീൻ നഷ്ടപ്പെടുന്നതിനാൽ ഓട്ടത്തിനിടയിൽ തുടർച്ചയായി വീണ്ടും ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. രാത്രിയിൽ റെറ്റിനോൾ (വിറ്റാമിൻ എ) അടങ്ങിയ ആൻ്റി-ഏജിംഗ് ക്രീമുകൾ ഉപയോഗിക്കാവുന്നതാണ്. ഇത് ചർമ്മത്തെ മൃദുലവും ആരോഗ്യകരവുമായി നിലനിർത്താൻ സഹായിക്കും.
പോഷകസമൃദ്ധമായ ആഹാരം കഴിക്കുക, നന്നായി വെള്ളം കുടിക്കുക , സൺ സ്ക്രീൻ പ്രയോഗിക്കുക എന്നിവയാണ് ചർമ്മത്തെ പരിപാലിക്കാനും ഓട്ടക്കാരുടെ മുഖത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്ന മൂന്നു കാര്യങ്ങൾ .
പ്രധാന പോയിൻ്റുകൾ
- ദീർഘദൂര ഓട്ടക്കാരിൽ സാധാരണയായി കാണപ്പെടുന്ന ചർമ്മത്തിലെ മാറ്റങ്ങളെ വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണ് റണ്ണേഴ്‌സ് ഫേസ്. സൂര്യപ്രകാശം ദീർഘനേരം നേരിടേണ്ടി വരുന്നതിലൂടെയാണ് റണ്ണേഴ്സ് ഫേസ് സംഭവിക്കുന്നത്.
- ഈ അവസ്ഥയിൽ മുഖചർമ്മം മങ്ങുകയും ചുരുങ്ങുകയും ചെയ്യുന്നു. ഇത് ചർമ്മത്തിന്റെ അകാലത്തിലുള്ള വാർദ്ധക്യത്തിന് കാരണമാകും.
- ഇതിൻ്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനായി, ഓട്ടക്കാർ അവരുടെ ഓട്ടത്തിനിടയിൽ സൺസ്ക്രീൻ കരുതുകയും ഉപയോഗിക്കുകയും വേണം. നന്നായി വെള്ളം കുടിക്കുന്നതും പോഷകാഹാരങ്ങൾ കഴിക്കുന്നതും ഓട്ടക്കാരുടെ മുഖത്തിൻ്റെ ആരോഗ്യത്തിന് ഗുണകരമാണ്