
വ്യായാമത്തിന് ശേഷം പേശികളിൽ തളർച്ചയും വേദനയും ഉണ്ടാക്കുന്നതിന് പലപ്പോഴും ലാക്റ്റിക് ആസിഡിനെ പഴിചാരാറാണ് പതിവ്. എന്നാൽ ഇത്തരം പേശിവേദന മറ്റുപല കാരണങ്ങളാലും സംഭവിക്കാം.
“ശാരീരിക പ്രവർത്തനങ്ങൾക്കിടയിൽ ഉണ്ടാവുന്ന പേശിവേദന പേശികളുടെ ക്ഷീണവും നാഡീവ്യൂഹവുമായി ബന്ധപ്പെട്ട ഹൈപ്പർസെൻസിറ്റൈസേഷൻ്റേയും ഫലമായി ഉണ്ടാകുന്നതാണെന്ന് മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റൽ സ്പോർട്സ് ആൻഡ് എക്സർസൈസ് മെഡിസിൻ കൺസൾട്ടൻ്റ് ക്രിസ്റ്റഫർ പെദ്ര പറയുന്നു. എങ്കിലും, വ്യായാമത്തിന് ശേഷം അനുഭവപ്പെടുന്ന പേശിവേദന സാധാരണയായി 24 മുതൽ 72 മണിക്കൂർ വരെ അനുഭവപ്പെടും. ഇത് DOMS അഥവാ ഡിലൈഡ് ഓൺസെറ്റ് മസിൽ സോർനസ് എന്നറിയപ്പെടുന്നു. പേശികളിലുണ്ടാകുന്ന വളരെ സൂക്ഷ്മമായ ക്ഷതം [പേശികളിലെ ചെറിയ പൊട്ടൽ ] കാരണമാണ് ഇവ സാധാരണയായി സംഭവിക്കുന്നത്. പേശികളെ അമിതമായി വ്യായാമം ചെയ്യിക്കുന്നതാണ് ക്ഷതത്തിന് കാരണം. തുടർന്ന്, നിങ്ങളുടെ ശരീരത്തിൻ്റെ ആ ഭാഗം ശക്തിപ്പെടുകയും ശക്തമായ ഫൈബർ നാരുകൾ രൂപപ്പെടുകയും ചെയ്യുന്നു.
DOMS & ലാക്റ്റിക് ആസിഡ്
അമിതമായ വ്യായാമം മൂലം ഓക്സിജൻ ഇല്ലാതെ പേശികൾ കഠിനാധ്വാനം ചെയ്യുന്നു. ഇതിൻ്റെ ഫലമായി പേശികൾ ലാക്റ്റിക് ആസിഡ് ഉത്പാദിപ്പിക്കുകയും ഇവ DOMS അല്ലെങ്കിൽ വ്യായാമത്തിനു ശേഷമുള്ള പേശികളുടെ ക്ഷീണത്തിന് കാരണവുമാകുമെന്ന് കരുതപ്പെടുന്നു. എന്നാൽ വിവിധ ഗവേഷണ പഠനങ്ങൾ ഈ ആശയം നിഷേധിക്കുന്നു. കാരണം ലാക്റ്റിക് ആസിഡ് വേഗത്തിൽ പേശികളിൽ നിന്ന് പുറത്തുകടന്ന് വീണ്ടും രക്തചംക്രമണത്തിലേക്ക് പ്രവേശിക്കും.
നിങ്ങൾ ശാരീരിക പ്രവർത്തനങ്ങളിൽ സജീവമാകുമ്പോൾ ഊർജത്തിനായി നിങ്ങളുടെ കോശങ്ങൾ ഗ്ലൂക്കോസിനെ വിഘടിപ്പിക്കുന്നു. എന്നാൽ ആ പ്രക്രിയയുടെ ‘മാലിന്യ ഉൽപന്നമായ’ ലാക്റ്റേറ്റിന് സ്വന്തമായി ഊർജം ഉൽപ്പാദിപ്പിക്കാനും കഴിയുമെന്ന് പെദ്ര പറയുന്നു. നിങ്ങളുടെ തലച്ചോർ, കരൾ, പേശികൾ, ഹൃദയം എന്നിവ പോലെ നിങ്ങളുടെ ശരീരത്തിലെ ചില കലകൾക്ക് ആ ലാക്റ്റേറ്റ് തന്മാത്രകളെ ഊർജത്തിനായി നേരിട്ട് ഉപയോഗിക്കാൻ കഴിയും. കൂടാതെ, അവ കരളിലേക്ക് തിരികെ കൊണ്ടുപോകുകയും പൈറുവേറ്റ് [ഗ്ലൂക്കോസ് മെറ്റബോളിസത്തിൻ്റെ ഉപോൽപ്പന്നം] ആയി പരിവർത്തനം ചെയ്യുകയും പിന്നീട് പര്യയന വ്യവസ്ഥയിലേക്ക് ഗ്ലൂക്കോസിൻ്റെ രൂപത്തിൽ മടങ്ങുകയും ചെയ്യാം. അതിനാൽ, ഇത് നിങ്ങളുടെ ശരീരത്തിൽ നിന്ന് ഒഴിവാക്കേണ്ട ഒന്നല്ല, ”അദ്ദേഹം വിശദീകരിക്കുന്നു.
ലാക്‌റ്റിക് ആസിഡ് ഉണ്ടാകുന്നത് മൂലമാണ് ഓട്ടത്തിന് ശേഷം DOMS അഥവാ പേശിവേദന സംഭവിക്കുന്നത് എന്ന ആശയത്തിൻ്റെ ആധികാരികത ദി ഫിസിഷ്യൻ ആൻ്റ് സ്‌പോർട്‌സ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധത്തിൻ്റെ ഭാഗമായി ഷ്വാൻ ജെ എറ്റ് അൽ പരിശോധിക്കുയുണ്ടായി. ഗവേഷണത്തിൽ പങ്കെടുത്തവരുടെ രക്തത്തിലെ ലാക്റ്റിക് ആസിഡിൻ്റെ അളവ് ട്രെഡ്‌മില്ലിൽ ഓടുന്നതിന് മുമ്പും ശേഷവും അളന്നിരുന്നു. കൂടാതെ, ഓട്ടത്തിന് ശേഷം വ്യത്യസ്ത സമയ ഇടവേളകളിൽ (24, 48, 72 മണിക്കൂർ) പേശിവേദന വിലയിരുത്താൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. വേദന തുടങ്ങിയിട്ടും ഓട്ടക്കാരിൽ ലാക്റ്റിക് സാന്ദ്രത വർദ്ധിക്കുന്നില്ലെന്ന് ഫലങ്ങൾ വെളിപ്പെടുത്തി. ഇത് എക്സർസൈസ് -ഇൻഡ്യുസ്‌ഡ് DOMS വുമായി ബന്ധപ്പെട്ടതല്ലെന്ന് സൂചിപ്പിക്കുന്നു.
മസാജ്& ലാക്റ്റിക് ആസിഡ്
മസാജ് ചെയ്യുന്നതിലൂടെ രക്തയോട്ടം മെച്ചപ്പെടുത്തി പേശികളുടെ പിരിമുറുക്കം കുറയ്ക്കാം. ഇത് പേശിവേദന കുറയ്ക്കാനും താൽക്കാലിക ആശ്വാസം നൽകാനും സഹായിക്കും. എന്നാൽ മസാജ് ചെയ്യുന്നതിലൂടെ പേശികളിൽ നിന്ന് ലാക്റ്റിക് ആസിഡ് ഫലപ്രദമായി നീക്കം ചെയ്യാനാവും എന്നതിന് അടിസ്ഥാനമായ ശാസ്ത്രീയ തെളിവുകളൊന്നുമില്ല.
“നിങ്ങളുടെ ശരീരം ഹോമിയോസ്റ്റാസിസ് സ്റ്റേറ്റ് നിലനിർത്തുന്നു. ഇത് നിങ്ങളുടെ രക്തപ്രവാഹത്തിൽ ഒരു പ്രത്യേക ലെവൽ ലാക്റ്റേറ്റ് നിലനിർത്തുന്നു. സബ്‌മാക്സിമൽ എക്സർസൈസിൻ്റെ കാര്യത്തിൽ ഇത് അതിൻ്റെ സാധാരണ സാന്ദ്രതയുടെ പലമടങ്ങ് വർദ്ധിപ്പിക്കും, ”പെദ്ര പറയുന്നു.
രക്തചംക്രമണം, മെറ്റബോളിസം തുടങ്ങിയ സ്വാഭാവിക പ്രക്രിയകളിലൂടെ ലാക്റ്റിക് ആസിഡ് ശരീരത്തിൽ നിന്ന് ശുദ്ധീകരിക്കപ്പെടുന്നു. “ലാക്റ്റിക് ആസിഡിനെ ഒഴിവാക്കാൻ ആളുകൾ മസാജ് ചെയ്യുകയും ക്രമരഹിതമായ സാങ്കേതികതകളെ ആശ്രയിക്കുകയും ചെയ്യുന്നു. കാരണം ശരീരത്തിൽ ലാക്ടിക് ആസിഡിൻ്റെ സാന്നിധ്യം ആരോഗ്യകരമല്ലെന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ ഇത് ശരിയല്ല. നിങ്ങളുടെ ശരീരം ഊർജം ഉപയോഗിച്ചോ അല്ലെങ്കിൽ നിങ്ങളുടെ വർക്ക്ഔട്ട് സെഷനുശേഷം ഏകദേശം ഒരു മണിക്കൂറിന് ശേഷം ക്ലിയറിങ്ങിലൂടെയോ ഉയർന്ന ലാക്റ്റേറ്റിൻ്റെ സാന്ദ്രത സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നു,” പെദ്ര പറയുന്നു.
പ്രധാന പോയിൻ്റുകൾ
- വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും ഗവേഷണങ്ങളും അനുസരിച്ച്, വ്യായാമത്തിന് ശേഷം പേശി വേദനയും ക്ഷീണവും ഉണ്ടാകുന്നതിന് ലാക്റ്റിക് ആസിഡ് കാരണമല്ല .
- ലാക്റ്റേറ്റിന് സ്വന്തമായി ഊർജം ഉത്പാദിപ്പിക്കാൻ കഴിയും, ഇത് മസ്തിഷ്കം, കരൾ, പേശികൾ, ഹൃദയം തുടങ്ങിയ നിരവധി കലകൾക്ക് ഉപയോഗിക്കാം.
- രക്തചംക്രമണം, മെറ്റബോളിസം തുടങ്ങിയ സ്വാഭാവിക പ്രക്രിയകളിലൂടെ ലാക്റ്റിക് ആസിഡ് ശരീരത്തിൽ നിന്ന് നീക്കം ചെയ്യുന്നു; മസാജുകൾക്ക് കാര്യമായ സ്വാധീനമില്ല.