വാർദ്ധക്യം അനിവാര്യമായ കാര്യമാണ്. ഇത് ആന്തരികവും ബാഹ്യവുമായി സംഭവിക്കുന്ന പ്രതിഭാസമാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ആന്തരിക പേശീബലം, ശക്തമായ തന്മാത്രാ ഘടന, നന്നായി പ്രവർത്തിക്കുന്ന ആന്തരികാവയവങ്ങൾ, തിളങ്ങുന്ന ചർമ്മം എന്നിവ യുവത്വത്തെ സൂചിപ്പിക്കുന്നു. പ്രായത്തിനനുസരിച്ച് ഈ ഘടകങ്ങളിൽ മാറ്റം സംഭവിച്ചു കൊണ്ടേയിരിക്കും.
ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ചർമ്മം പ്രായമാകുന്നതിൻ്റെ വ്യക്തമായ സൂചന നൽകും. “വാർദ്ധക്യം ചർമ്മകോശങ്ങളെ നശിപ്പിക്കുന്നു. ഇത് ആന്തരിക ഘടകങ്ങൾ മൂലമോ (ജീനുകൾ) ബാഹ്യ ഘടകങ്ങൾ മൂലമോ (യു.വി. രശ്മികൾ, പുകവലി, മദ്യം, വായു മലിനീകരണം അല്ലെങ്കിൽ പോഷകാഹാരക്കുറവ്) സംഭവിക്കാമെന്ന് ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റും ന്യൂട്രീഷ്യൻ ഡിഫൈൻഡ് സ്ഥാപകയുമായ റിധിമ ബത്ര വിശദീകരിക്കുന്നു.
“പലപ്പോഴും, ജനിതക ഘടകങ്ങളേക്കാൾ ബാഹ്യഘടകങ്ങളാണ് ചർമ്മത്തിന് പ്രായമാകുന്നതിന് കാരണമാകുന്നത്.” ബംഗളൂരുവിൽ നിന്നുള്ള പോഷകാഹാര വിദഗ്ദ്ധയും ഇൻസ്റ്റാഗ്രാമറും യോഗാ അധ്യാപികയുമായ ശാലിനി അഭിലാഷ് ചൂണ്ടിക്കാട്ടുന്നു.
കൊളാജൻ്റെ കുറവ്: ചർമ്മത്തിന് പ്രായമാകുന്നതിൻ്റെ പ്രധാന കാരണം
പ്രായമാകുന്നത് നിർണ്ണയിക്കുന്ന അമിനോ ആസിഡാണ് കൊളാജൻ. പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ള ഈ ടിഷ്യു സന്ധികൾ, പേശികൾ, കലകൾ എന്നിവയെ ബന്ധിപ്പിക്കുന്നു. ഇത് ചർമ്മത്തിൻ്റെ തന്മാത്രാ ഘടനയെ ശക്തമായി ബന്ധിപ്പിക്കുകയും ചെയ്യുന്നതായി ശാലിനി പറയുന്നു.
25 വയസ്സ് വരെ കൊളാജൻ നമ്മുടെ ശരീരത്തിൽ ധാരാളമായി ഉത്പാദിപ്പിക്കും. 25-ന് ശേഷം കൊളാജൻ ഉത്പാദനം എല്ലാ വർഷവും 10 മുതൽ 15 ശതമാനം വരെ കുറയുന്നതായി ശാലിനി വിശദീകരിക്കുന്നു.
പ്രായം കൂടുന്തോറും ചർമ്മത്തിൽ കാണപ്പെടുന്ന മാറ്റങ്ങളുടെ പ്രധാന കാരണം കൊളാജൻ കുറയുന്നതാണെന്ന് റിധിമ ബത്ര പറയുന്നു. പുകവലി, മദ്യം, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, പ്രോസസ്‌ഡ് ഫുഡ്, കൂടിയ അളവിലുള്ള പഞ്ചസാരയുടെ ഉപയോഗം, ക്രമരഹിതമായ ഉറക്ക രീതികൾ എന്നിവയാണ് കൊളാജൻ കുറയ്ക്കുന്ന ചില അപകട ഘടകങ്ങൾ.
ഉറക്കക്കുറവ് അല്ലെങ്കിൽ മോശം ഉറക്ക ശീലങ്ങൾ ചർമ്മം പെട്ടെന്ന് പ്രായമാകുന്നതിന് കാരണമാകുമെന്ന് ശാലിനി മുന്നറിയിപ്പ് നൽകുന്നു.
പ്രായമാകുന്നതിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ
വാർദ്ധക്യത്തിൻ്റെ ആദ്യ ലക്ഷണങ്ങൾ എന്ന നിലയിൽ ചർമ്മം സൂചിപ്പിക്കുന്ന മാറ്റങ്ങൾ റിധിമ ബത്ര വിശദീകരിക്കുന്നു:
- ഹൈപ്പർപിഗ്മെൻ്റേഷൻ
- അയഞ്ഞ ചർമ്മം അല്ലെങ്കിൽ ചർമ്മത്തിൻ്റെ ഇലാസ്തികത നഷ്ടപ്പെടുന്നു
- മുടി നരയ്ക്കൽ അല്ലെങ്കിൽ മുടി കൊഴിച്ചിൽ
ഉയർന്ന കൊളാജൻ ഉല്പാദനം മൂലം വാർദ്ധക്യം വൈകുന്നു
കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നത് പ്രായമാകൽ വൈകിപ്പിക്കും. കൃത്യമായ ഭക്ഷണത്തിലൂടെയും സമീകൃത പോഷകാഹാരത്തിലൂടെയും ഇത് നേടാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കൊളാജൻ അടങ്ങിയിട്ടുള്ള ഒരേയൊരു ഭക്ഷണമാണ് മാംസമെങ്കിലും പ്രായമാകാതിരിക്കാൻ മാംസത്തെ ധാരാളമായി ആശ്രയിക്കുന്നത് ഉചിതമല്ലെന്ന് ശാലിനി വ്യക്തമാക്കുന്നു. ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണത്തിനൊപ്പം സസ്യാധിഷ്ഠിത ഭക്ഷണവും കഴിക്കുന്നത് കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കും. “100 ഗ്രാം മാംസത്തിൽ ഏകദേശം 0.3% കൊളാജൻ അടങ്ങിയിട്ടുണ്ട്.” ശാലിനി പറയുന്നു.
ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റി ഓക്‌സിഡൻ്റ്, വിറ്റാമിൻ സി, സിങ്ക്, കോപ്പർ, സിലിക്കൺ, ഗ്ലൈസിൻ, ലൈസിൻ എന്നിവയാൽ സമ്പന്നമായ ഭക്ഷണങ്ങൾ കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുമെന്നാണ് റിധിമയുടെ വാക്കുകൾ
വാർദ്ധക്യം തടയുന്ന ഭക്ഷണങ്ങൾ
“മിക്ക സസ്യാഹാരങ്ങളിലും ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്,” ശാലിനി പറയുന്നു. “എന്നാൽ, ഇവയിൽ ചിലത് ആൻ്റി ഓക്‌സിഡൻ്റുകളാലും നാരുകളാലും സമ്പന്നമാണ്.” ആരോഗ്യകരമായ ജീവിതശൈലി ചെറുപ്പത്തിൽ തന്നെ തുടങ്ങുന്നത് പ്രായമാകുന്നത് വൈകിപ്പിക്കുന്നതിനുള്ള താക്കോലാണെന്ന് ശാലിനി ഊന്നിപ്പറയുന്നു.
ആരോഗ്യപരമായ ഗുണങ്ങൾക്കായി താൻ ഒരു വർഷത്തേക്ക് അംല ജ്യൂസ് കഴിക്കാൻ തുടങ്ങിയതായി ബംഗളൂരുവിൽ നിന്നുള്ള 42-കാരിയായ ഐടി പ്രൊഫഷണലായ ആർ ആശ ഹാപ്പിയസ്റ്റ് ഹെൽത്തിനോട് പറഞ്ഞു. “രാവിലെ വെറും വയറ്റിലാണ് ഈ ജ്യൂസ് കുടിക്കുന്നത്, എൻ്റെ എനർജി ലെവലുകൾ മെച്ചപ്പെട്ടതായി എനിക്ക് തോന്നുന്നു. കൂടാതെ ചർമ്മത്തിന് ഒരു വർഷം മുമ്പുള്ളതിനേക്കാൾ ആരോഗ്യവും തിളക്കവും ലഭിക്കുകയും ചെയ്തു.
കറ്റാർ വാഴ
കറ്റാർ വാഴ ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കറ്റാർ വാഴ ജ്യൂസ് രാവിലെ കഴിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് ശാലിനി ചൂണ്ടിക്കാട്ടുന്നു. മുരിങ്ങയില, ഗോതമ്പ് പുല്ല്, ബർമുഡ പുല്ല് എന്നിവയിൽ നിന്ന് ഉണ്ടാക്കുന്ന മറ്റ് സസ്യാധിഷ്ഠിത ജ്യൂസുകളും ആരോഗ്യകരമായ പോഷകാഹാരമായി ഉപയോഗിക്കണമെന്ന് അവർ നിർദ്ദേശിക്കുന്നു.
ക്രൂസിഫറസ് പച്ചക്കറികൾ
ബ്രോക്കോളി, ബ്രസൽ മുളകൾ, കാബേജ്, മറ്റ് ഇലക്കറികൾ എന്നിവ ആൻ്റിഓക്‌സിഡൻ്റുകളാലും ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാലും സമ്പന്നമാണെന്ന് റിധിമ പറയുന്നു. ക്രൂസിഫറസ് പച്ചക്കറികളിൽ കാണപ്പെടുന്ന ജൈവ രാസവസ്തുക്കളായ സൾഫറൻസും ഐസോത്തിയോ സയനേറ്റുമാണ് ആൻ്റി ഓക്‌സിഡൻ്റ് റെസ്പോൺസിനെ സജീവമാക്കുന്നതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം
കൂൺ
ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് കൂണുകൾ. എന്നിരുന്നാലും, അലർജി ഒഴിവാക്കാൻ കൂൺ പാകം ചെയ്ത് മാത്രമേ കഴിക്കാവൂ എന്ന് ശാലിനി കൂട്ടിച്ചേർക്കുന്നു. “ആഴ്ചയിൽ രണ്ടോ മൂന്നോ തവണയായി കൂൺ ഉപയോഗം പരിമിതപ്പെടുത്തുയും വേണം.”
നെല്ലിക്ക
ഇന്ത്യൻ നെല്ലിക്ക, അംല എന്നും അറിയപ്പെടുന്നു. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ഒരു പഴമാണിത്. കൊളാജൻ ഉൽപ്പാദനം വർധിപ്പിക്കാൻ നെല്ലിക്കയ്ക്ക് സവിശേഷമായ ആൻ്റി-ഏജിംഗ് പ്രോപ്പർട്ടി ഉണ്ടെന്ന് ശാലിനി കൂട്ടിച്ചേർക്കുന്നു. അതിരാവിലെ നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്.
ഡാർക്ക് ചോക്ലേറ്റ്
കൊക്കോ ബീൻസിൽ നിന്ന് നിർമ്മിച്ച ഡാർക്ക് ചോക്ലേറ്റ് പ്രായമാകൽ തടയുന്നതിനുള്ള പുതിയമാർഗമായി മാറിയിരിക്കുന്നു. കൊക്കോ ബീൻസ് ആൻ്റിഓക്‌സിഡൻ്റുകളാൽ (പോളിഫിനോളുകളും ഫ്ലേവനോയ്ഡുകളും) സമ്പന്നമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ പ്രോസസ്സിംഗ് പ്രക്രിയ ഈ ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളിൽ ഭൂരിഭാഗവും ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ഇതിൽ അടങ്ങിയ കൊഴുപ്പും പഞ്ചസാരയും ഒരേപോലെ ശ്രദ്ധിക്കേണ്ടതുണ്ട്. “പ്രമേഹം ഇല്ലാത്ത ഒരാൾക്ക് ഒരു ദിവസം ആറ് മുതൽ എട്ട് ഗ്രാം വരെ ഡാർക്ക് ചോക്ലേറ്റ് കഴിക്കാം,” അവർ കൂട്ടിച്ചേർക്കുന്നു .
എല്ലാ ആൻ്റി-ഏജിംഗ് ഭക്ഷണങ്ങളും എല്ലാ ശരീര പ്രകൃതിയുള്ളവർക്കും അനുയോജ്യമല്ലെന്ന് ചെന്നൈയിലെ അതുല്യ സീനിയർ കെയറിലെ ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റായ ഡോ.സുഗന്യ എൻ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന്, ഹൈപ്പോതൈറോയിഡിസം ഉള്ളവർക്ക് ക്രൂസിഫറസ് പച്ചക്കറികൾ ദഹിപ്പിക്കാൻ കൂടുതൽ സമയമെടുക്കും. അതിനാൽ, പാകം ചെയ്ത രൂപത്തിലും പരിമിതമായ അളവിലും ഇത് കഴിക്കണമെന്ന് ഡോ സുഗന്യ പറയുന്നു. പ്രിസർവേറ്റീവുകൾ ഉപയോഗിച്ച് വിദൂര സ്ഥലങ്ങളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതിനേക്കാൾ പ്രാദേശികമായി ലഭ്യമായ കാർഷിക ഉൽപ്പന്നങ്ങൾ കഴിക്കുന്നതാണ് ഗുണകരമെന്നും അവർ കൂട്ടിച്ചേർത്തു.
ശരീരത്തിൻ്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്നു
വാർദ്ധക്യം തടയുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ അമിതമായി കഴിച്ചാൽ ശരീരത്തിൻ്റെ സന്തുലിതാവസ്ഥ തടസപ്പെട്ടേക്കാം എന്ന് ന്യൂട്രീഷ്യനിസ്റ്റ് മുന്നറിയിപ്പ് നൽകുന്നു. എന്നാൽ പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ എന്നിവയുൾപ്പെടെയുള്ള ഭക്ഷണത്തിൽ ആൻ്റിഓക്‌സിഡൻ്റ് കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ പ്രതിദിനം കുറഞ്ഞത് നാലോ അഞ്ചോ തവണയായെങ്കിലും കഴിക്കണം, റിധിമ പറയുന്നു.
ഒരു നേരത്തെ ഭക്ഷണത്തിൽ ആവശ്യമായ അളവിൽ ഇവ കഴിക്കുന്നത് വെല്ലുവിളിയാണെന്നും ശാലിനി കൂട്ടിച്ചേർത്തു. “എല്ലാ നേരത്തെ ഭക്ഷണത്തിലും നാരുകളാൽ സമ്പുഷ്ടമായ 100 ഗ്രാം വേവിച്ച പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് പ്രായമാകുന്നത് വൈകിപ്പിക്കുമെന്നാണ് ശാലിനിയുടെ അഭിപ്രായം. എല്ലാത്തിനുമുപരി സൗജന്യമായി ലഭ്യമായതും അധികം ഉപയോഗിക്കാത്തതുമായ ഏറ്റവും നല്ല ആൻ്റി-ഏജിംഗ് മരുന്ന് ഉറക്കമാണെന്ന് ശാലിനി പറയുന്നു.
പ്രധാന പോയിൻ്റുകൾ
- കൊളാജൻ ഉൽപ്പാദനം കൂട്ടുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രായമാകുന്നത് വൈകിപ്പിക്കും.
- ക്രൂസിഫറസ് പച്ചക്കറികൾ, കൂൺ, ഡാർക്ക് ചോക്ലേറ്റ്, നെല്ലിക്ക എന്നിവ കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നവയാണ്
- ആരോഗ്യകരമായ ജീവിതശൈലി ചെറുപ്പത്തിൽ തന്നെ ആരംഭിക്കുന്നത് പ്രായമാകൽ വൈകിപ്പിക്കുന്നതിനുള്ള താക്കോലാണ്.
- താളം തെറ്റിയ ഭക്ഷണവും ഉറക്കക്കുറവും ചർമ്മത്തിന് പ്രായമാകുന്നതിനുള്ള പ്രധാന കാരണങ്ങളാണ്.