728X90

728X90

0

0

0

Jump to Topics

ആഫ്രിക്കൻ പന്നിപ്പനി: മനുഷ്യരിൽ ആരോഗ്യഭീഷണിയില്ലെന്ന് വിദഗ്ദ്ധർ
4

ആഫ്രിക്കൻ പന്നിപ്പനി: മനുഷ്യരിൽ ആരോഗ്യഭീഷണിയില്ലെന്ന് വിദഗ്ദ്ധർ

പന്നിപ്പനി എന്ന് സാധാരണയായി അറിയപ്പെടുന്ന H1N1 ഇൻഫ്ലുവൻസയുമായി ആഫ്രിക്കൻ പന്നിപ്പനിക്ക് ബന്ധമില്ല .

ആഫ്രിക്കൻ പന്നിപ്പനി പടർന്നു പിടിക്കുന്ന സാഹചര്യം, നിയന്ത്രണവിധേയമാക്കാൻ വൈറസ് ബാധയേറ്റ പന്നികളെ കണ്ടെത്തി കൊലപ്പെടുത്തുകയും, സുരക്ഷിതമായ സംസ്കരണ നടപടികൾ നടപ്പിലാക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. ആഫ്രിക്കൻ പന്നിപ്പനി മനിഷ്യരിലേക്ക് പടരുകയില്ല എന്നാണ് ലഭ്യമായ ഏറ്റവും പുതിയ വിവരം.

കേരളത്തിൽ കണ്ണൂരിലെ കണിച്ചാറിലുള്ള പന്നിഫാമിൽ വെള്ളിയാഴ്ചയാണ് ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തത്. ഇതേത്തുടർന്ന് ഫാമിലെ പന്നികളെ കൊല്ലാൻ ആരോഗ്യ അധികൃതർ ഉത്തരവിടുകയും ഫാമിന് സമീപത്തെ ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ, ഫാമിൽ നിന്ന് 10 കിലോമീറ്റർ വരെയുള്ള പ്രദേശം രോഗ സാധ്യതാ മേഖലയായി കണക്കാക്കി നിരീക്ഷണത്തിലാണ്.

ഒരു ഫാമിൽ മാത്രമാണ് അണുബാധ റിപ്പോർട്ട് ചെയ്തതെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതർ ഹാപ്പിയസ്റ്റ് ഹെൽത്തിനോട് പറഞ്ഞു. ആഗസ്റ്റ് 18-ന് ഫലം വരികയും, ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ച് അടുത്ത ദിവസം തന്നെ നശീകരണം തുടങ്ങുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി. “ആഫ്രിക്കൻ പന്നിപ്പനിക്ക് ചികിൽസയോ വാക്സിനേഷനോ ഇതുവരെ ഇല്ലാത്തതിനാൽ, പന്നികളെ കൊല്ലുന്നത് മാത്രമാണ് വ്യാപനം നിയന്ത്രിക്കാനുള്ള ഏക പോംവഴി,” അവർ കൂട്ടിച്ചേർത്തു.

ആഫ്രിക്കൻ പന്നിപ്പനി കൈകാര്യം ചെയ്യുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേഷൻ നടപടിക്രമമനുസരിച്ച്, രോഗബാധിത പ്രദേശത്ത് പന്നിയിറച്ചി വിൽക്കുകയോ കഴിക്കുകയോ ചെയ്യരുതെന്ന് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി (കെ.വി.എ.എസ്.യു) അക്കാദമിക് ആൻഡ് റിസർച്ച് ഡയറക്ടർ ഡോ. സി ലത പറയുന്നു. പന്നികളിൽ പെട്ടെന്ന് പടർന്നു പിടിക്കുന്നതിനാൽ, രോഗം ബാധിച്ച ഫാമിലെ എല്ലാ പന്നികളെയും കൊല്ലണമെന്നും തുടർന്ന് ശരിയായ രീതിയിൽ സംസ്കരണം നടത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്.

എന്താണ് ആഫ്രിക്കൻ പന്നിപ്പനി?

പന്നികളെ മാത്രം ബാധിക്കുന്ന ഒരു മാരക വൈറൽ രോഗമാണ്  ആഫ്രിക്കൻ പന്നിപ്പനി എന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ വ്യക്തമാക്കുന്നു. ‘ഭക്ഷ്യ സുരക്ഷ, ഉപജീവനമാർഗങ്ങൾ, ദേശീയ അന്തർദേശീയ വിപണികൾ തുടങ്ങിയ മേഖലകളിൽ ഇത് ഗൗരവ പ്രത്യാഘാതങ്ങൾ’ ഉണ്ടാക്കും. വിശപ്പില്ലായ്മ, തളർച്ച, പെട്ടെന്നുള്ള മരണം എന്നിവയാണ് ഈ രോഗം ബാധിച്ച പന്നികളിൽ കാണുന്ന ലക്ഷണങ്ങൾ.

ആഫ്രിക്കൻ പന്നിപ്പനിയും സാധാരണ പന്നിപ്പനിയും തമ്മിലുള്ള വ്യത്യാസം

പന്നികളെയും കാട്ടുപന്നികളെയും മാത്രം ബാധിക്കുന്ന ആഫ്രിക്കൻ പന്നിപ്പനി പൊതുജനാരോഗ്യ പ്രശ്‌നമല്ലെന്ന്  കോട്ടയം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ (പകർച്ചവ്യാധികൾ) ഡോ.നെറ്റോ ജോർജ് പറഞ്ഞു. മാത്രമല്ല, ആഫ്രിക്കൻ പന്നിപ്പനി പന്നികളിൽ സാംക്രമികവും മാരകവുമായ ഒരു രോഗമാണെങ്കിലും മനുഷ്യരിലേക്ക് ഇതിന് പടരാൻ കഴിയില്ല.  പന്നിപ്പനി എന്ന് സാധാരണയായി അറിയപ്പെടുന്ന H1N1 ഇൻഫ്ലുവൻസയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ വിശദീകരിക്കുന്നു. “ആഫ്രിക്കൻ പന്നിപ്പനി ഒരു വ്യത്യസ്ത രോഗമാണ്,” “ഇതൊരു ഡി.എൻ.എ വൈറസാണ്, പന്നികളിൽ നിന്ന് എളുപ്പത്തിൽ മ്യൂട്ടേഷൻ സംഭവിച്ച് മനുഷ്യരിലേക്ക് പടരാൻ ഇതിന് കഴിയില്ല. അതേസമയം, പന്നിപ്പനി അഥവാ  H1N1 വൈറസിന് മ്യൂട്ടേഷനുകൾ സംഭവിച്ചുകൊണ്ടിരിക്കുന്നതിനാൽ പന്നികളിൽ നിന്ന് മനുഷ്യരിലേക്ക് അപൂർവ്വമായി പടർന്നേക്കാം. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും ഈ പന്നിപ്പനി പടരുമെന്ന് ഡോക്ടർ ജോർജ് പറയുന്നു.

ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച പന്നികളെ നശിപ്പിക്കുകയും സുരക്ഷിതമായി സംസ്കരിക്കുകയും ചെയ്യണം. എന്നാൽ സാധാരണ പന്നിപ്പനിയുടെ കാര്യത്തിൽ, പന്നിയിറച്ചി ശരിയായി കൈകാര്യം ചെയ്യുകയും പാകം ചെയ്യുകയും ചെയ്താൽ സുരക്ഷിതമായി കഴിക്കാമെന്ന് ഡോ. ലത പറയുന്നു. കേരളത്തിൽ പന്നിയിറച്ചി നന്നായി പാകം ചെയ്യാറുണ്ട് , അതുകൊണ്ട് തന്നെ പന്നിപ്പനി സംസ്ഥാനത്ത് പടർന്നുപിടിച്ച കാലത്ത് ഇത് ഗുണം ചെയ്തിരുന്നു,” അവർ ചൂണ്ടിക്കാട്ടി.

എന്താണ് പന്നിപ്പനി?

ഇൻഫ്ലുവൻസ എ വൈറസിൻ്റെ ഒരു ഉപവിഭാഗമാണ് പന്നിപ്പനിയെന്ന് ബെംഗളൂരുവിലെ ഓൾഡ് എയർപോർട്ട് റോഡിലുള്ള മണിപ്പാൽ ഹോസ്പിറ്റലിൽ സാംക്രമിക രോഗങ്ങളുടെ കൺസൾട്ടൻ്റ് ആയ ഡോ.നേഹ മിശ്ര പറയുന്നു. നാല് തരം ഇൻഫ്ലുവൻസ വൈറസുകൾ ഉണ്ടെന്ന് അവർ വിശദീകരിച്ചു – എ, ബി, സി, ഡി. “ഇവയിൽ, ഇൻഫ്ലുവൻസ എ, ബി എന്നിവയാണ് കാലികംമായുണ്ടാകുന്ന ഇൻഫ്ലുവൻസ പകർച്ചവ്യാധികൾക്ക് കാരണമാകുന്നത്. ഇൻഫ്ലുവൻസ എ എച്ച് 1 എൻ 1, എച്ച് 3 എൻ 2 എന്നിവയാണ് സാധാരണയായി കാണപ്പെടുന്നത്. ഇതിൽ ആദ്യത്തേതിനെ സാധാരണയായി പന്നിപ്പനി എന്ന് വിളിക്കുന്നു, ”അവർ കൂട്ടിച്ചേർത്തു.

“പന്നികളിൽ നിന്നുള്ള മ്യൂട്ടേഷൻ വഴിയാണ് വൈറസ് ആദ്യം മനുഷ്യരിലേക്ക് വന്നത് എന്നതിനാലാണ് അണുബാധയെ പന്നിപ്പനി എന്ന് വിളിക്കുന്നത്,” ഡോക്ടർ ജോർജ് വിശദീകരിക്കുന്നു. “അതിൻ്റെ ഉത്ഭവം പന്നികളിൽ നിന്നായതിനാൽ, തുടക്കത്തിൽ അതിനെ പന്നിപ്പനി എന്നാണ് വിളിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് മനുഷ്യരിലേക്കും വ്യാപിച്ചതിനാൽ ഞങ്ങൾ അതിനെ എച്ച് 1 എൻ 1 വൈറസ് എന്നാണ് വിളിക്കുന്നത്.”

യു.എസ് സെൻ്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) പ്രകാരം, സാധാരണയായി പന്നികളിൽ കാണുന്ന ഇൻഫ്ലുവൻസ വൈറസുകൾ, H1N1v, H3N2v തുടങ്ങിയവ മനുഷ്യരിൽ കണ്ടെത്തുമ്പോൾ, അവയെ ‘വേരിയൻ്റ്’ ഫ്ലൂ വൈറസുകൾ എന്ന് വിളിക്കുന്നു.

പന്നിപ്പനി എങ്ങനെയാണ് മനുഷ്യരെ ബാധിക്കുന്നത്?

രോഗം ബാധിച്ചവരിൽ സാധാരണയായി ഇൻഫ്ലുവൻസയുടെ നേരിയ ലക്ഷണങ്ങളാണ് കാണിക്കുന്നതെങ്കിൽ, ചില ആളുകളിൽ അണുബാധ ഗുരുതരമാകാറുണ്ടെന്ന് ഡോക്ടർ മിശ്ര പറയുന്നു. കൊച്ചുകുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ദീർഘകാല പ്രമേഹമുള്ളവർ, വിട്ടുമാറാത്ത കരൾ രോഗമുള്ളവർ, വിട്ടുമാറാത്ത വൃക്കരോഗമുള്ളവർ, അല്ലെങ്കിൽ കീമോതെറാപ്പിക്ക് വിധേയരായ ആളുകൾ തുടങ്ങിയ പ്രതിരോധശേഷി കുറഞ്ഞ ആളുകളിലാണ് ഇതിന് സാധ്യത കൂടുതൽ.

പനി, ചുമ, ജലദോഷം, തൊണ്ടവേദന, ക്ഷീണം, തലവേദന, ശരീരവേദന എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. “പന്നിപ്പനി സാധാരണയായി സ്വയം സുഖപ്പെടുന്ന ഒരു രോഗമാണ്,” ഡോക്ടർ മിശ്ര പറയുന്നു. “സാധാരണയായി, ഇത് ഉപരിഭാഗത്തെ ശ്വാസനാളിയെയാണ് ബാധിക്കാറ്. എന്നാൽ അപൂർവമായി, മറ്റ് രോഗാവസ്ഥകളുള്ളവരിൽ ഇത് താഴത്തെ ശ്വാസകോശനാളിയിൽ അണുബാധകൾ ഉണ്ടാക്കിയേക്കാം.”

സാധാരണ ആളുകളിൽ പന്നിപ്പനിയുടെ ലക്ഷണങ്ങൾ വീര്യം കുറഞ്ഞതാണെന്ന് ഡോ. ജോർജ്ജ് പറയുന്നു. “ചിലർക്ക് മൂക്കിൽ നിന്ന് സ്രവം വരികയും തൊണ്ടവേദനയും ഉണ്ടായേക്കാം, ഇത് കൂടുതൽ കഠിനമായ രൂപത്തിലേക്ക് പുരോഗമിക്കാറുണ്ടെങ്കിലും അത് അപൂർവമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

പന്നികളിൽ നിന്ന് മനുഷ്യരിലേക്ക് പനി പടരുമോ?

സാധാരണ പന്നിപ്പനിയുടെ കാര്യത്തിൽ, അണുബാധ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും തിരിച്ചും ശ്വാസകോശ സ്രവങ്ങൾ വഴി പകരാമെന്ന് ഡോക്ടർ മിശ്ര വിശദീകരിക്കുന്നു. ശരീര സ്രവങ്ങൾ ഉള്ള പ്രതലങ്ങളിൽ സ്പർശിക്കുകയും ശേഷം നിങ്ങളുടെ കണ്ണിലോ മൂക്കിലോ വായിലോ സ്പർശിക്കുന്നതിലൂടെ അണുബാധ പടരുമെന്ന് സി.ഡി.സി വ്യക്തമാക്കുന്നു.

“നിങ്ങൾ രോഗബാധിതനായ ഒരാളുമായി മുഖാമുഖം സംസാരിക്കുകയാണെങ്കിൽ, രോഗാണുക്കൾ നിങ്ങളുടെ മൂക്കിലേക്കും വായിലേക്കും നേരിട്ട് പ്രവേശിക്കും.” മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് എച്ച് 1 എൻ 1 വൈറസ് പടരുന്നതിനെക്കുറിച്ച് ഡോ. ജോർജ്ജ് പറയുന്നു.

ശ്രദ്ധിക്കുക

കേരളത്തിലെ കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി പടർന്നുപിടിച്ചതായി റിപ്പോർട്ട്. പന്നികളിൽ പെട്ടെന്ന് പടർന്ന് പിടിക്കാനും മാരകമാകാനും സാധ്യതയുള്ള ആഫ്രിക്കൻ പന്നിപ്പനി മനുഷൃരിലേക്ക് പടരാത്തതിനാൽ പൊതുജനാരോഗ്യ പ്രശ്നം ഇല്ലെന്ന് അധികൃതർ അറിയിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്