രാജ്യത്തുടനീളം ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനിടെ തെറ്റായ പരിശോധനാ ഫലങ്ങൾ പുറത്ത് വരുന്നതിൽ കനത്ത ആശങ്ക ഉയരുന്നു. ഡെങ്കിപ്പനിയുടെ സാധാരണ ലക്ഷണങ്ങൾ ഉള്ളവരിൽ പോലും തെറ്റായ നെഗറ്റീവ് ടെസ്റ്റ് ഫലങ്ങൾ ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്.
രോഗബാധിതനായ വ്യക്തിക്ക് വൈറസ് ബാധയുണ്ടായിട്ടും പരിശോധനയിൽ വൈറസ് കണ്ടെത്താനാകാതെ വരികയും പോസിറ്റീവ് റിപ്പോർട്ടിന് പകരം നെഗറ്റീവ് റിപ്പോർട്ട് നൽകുകയും ചെയ്യുന്നതാണ് തെറ്റായ-നെഗറ്റീവ് ഫലങ്ങൾ.ഡെങ്കിപ്പനിക്ക് പ്രത്യേക ചികിത്സ ഇല്ലാത്തതിനാൽ രോഗലക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ചികിത്സ നടത്തുന്നത് തെറ്റായ നെഗറ്റീവ് ഫലങ്ങൾ രോഗനിർണയത്തിലും ചികിത്സയിലും കാര്യമായ സ്വാധീനം ചെലുത്തുമെന്ന് വിദഗ്ദ്ധർ പറയുന്നു.
അടുത്തിടെ ബാംഗ്ലൂരിൽ നിന്നുള്ള അഞ്ചു വയസുകാരനായ ആൺകുട്ടിക്ക് പനി,തൊണ്ടവേദന, തലവേദന, പേശിവേദന, വിശപ്പില്ലായ്മ എന്നിവ അനുഭവപ്പെടുകയുണ്ടായി. ഡോക്ടർ അവന് പാരസെറ്റമോൾ,ലോസഞ്ചസ് എന്നീ മരുന്നുകൾ കഴിക്കാൻ നൽകി. എന്നാൽ അഞ്ചു ദിവസം മരുന്നു കഴിച്ചിട്ടും അസുഖം കുറയാതിരുന്നതിനെ തുടർന്ന് രക്ഷിതാക്കൾ അവനെ കൂടുതൽ ചികിത്സയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചു.
“പേശിവേദന കാരണം അവന് നടക്കാൻ ബുദ്ധിമുട്ടും ശരീരത്തിൽ നിർജലീകരണവും ഉണ്ടായിരുന്നതായി ഡോ. എസ് നാരായസ്വാമി പറഞ്ഞു”.ബാംഗ്ലൂർ ആത്രേയ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടറും ഫൗണ്ടറുമാണ് അദ്ദേഹം. “ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളായിരുന്നു അവനുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പക്ഷേ ക്ലിനിക്കൽ കണ്ടെത്തലുകൾക്ക് വിരുദ്ധമായി, ഡെങ്കിപ്പനി കണ്ടെത്തുന്നതിനായി നടത്തിയ ദ്രുത പരിശോധനയിലും എലിസ(ELISA) ടെസ്റ്റിലും നെഗറ്റീവ് ഫലമായിരുന്നു ലഭിച്ചത്.
എലിസ (ELISA)- ഒരു രോഗകാരിക്ക് എതിരായ ഒരു ആൻ്റിജൻ്റേയോ ആൻ്റിബോഡിയുടെയും സാന്നിധ്യം കണ്ടെത്തുന്ന ഒരു സ്ക്രീനിംഗ് പരിശോധനയാണിത്. ഡെങ്കിപ്പനി കണ്ടെത്തുന്നതിനുള്ള ഏറ്റവും കൃത്യമായ പരിശോധനയായാണ് എലിസ ടെസ്റ്റ് അറിയപ്പെടുന്നത്. കുട്ടിയുടെ രക്ത പരിശോധനയിൽ പ്ലേറ്റ്ലറ്റുകളുടെ എണ്ണത്തിൽ കുറവുള്ളതായി കണ്ടെത്തി. സാധാരണ 1.5 ലക്ഷം മുതൽ 5 ലക്ഷം വരെ പ്ലേറ്റ്ലറ്റുകൾ ഉണ്ടാകേണ്ടതിന് പകരം, കുട്ടിക്ക് 1 ലക്ഷം പ്ലേറ്റ്ലറ്റുകളായിരുന്നു പരിശോധനയിൽ ഉണ്ടായിരുന്നത്.
ഈ കേസിൽ, അത് ഡെങ്കിപ്പനി അല്ലെങ്കിൽ ഡെങ്കിപ്പനി പോലുള്ള പനി ആയിരിക്കാം, പക്ഷേ ആ കുട്ടിക്ക് ശ്വാസതടസ്സം ഉണ്ടായിരുന്നു. അജ്ഞാത കാരണത്താലുള്ള പനി എന്നായിരുന്നു കണ്ടെത്തൽ. കുട്ടിക്ക് IV ഫ്ലൂയിഡും വേദനസംഹാരികളും ഉൾപ്പെടെയുള്ള രോഗലക്ഷണ ചികിത്സ നൽകി. മൂന്നു ദിവസത്തിനകം ആ കുട്ടി പൂർണമായും സുഖം പ്രാപിക്കുകയും ആശുപത്രി വിടുകയും ചെയ്തു. ഡെങ്കിപ്പനിയിൽ നിന്നും സുഖം പ്രാപിക്കാൻ പോഷകാഹാരങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. കൊഴുപ്പ് കുറഞ്ഞതും കൂടുതൽ ജലാംശം അടങ്ങിയതുമായ ഭക്ഷണക്രമം വേണം തിരഞ്ഞെടുക്കാൻ.
തെറ്റായ നെഗറ്റീവ് ടെസ്റ്റ് ഫലങ്ങൾക്കുള്ള കാരണങ്ങൾ
സാമ്പിൾ ശേഖരിക്കൽ, ടെസ്റ്റ് നടത്തൽ എന്നിവയിലെ അപാകത, ടെസ്റ്റിംഗ് കിറ്റുകളുടെ കൃത്യത കുറവ്, പരിശോധയ്ക്കായി ഉപയോഗിച്ച ഡെങ്കി ആൻ്റിജൻ്റേയോ ആൻ്റിബോഡിയുടേയോ ഗുണനിലവാര കുറവ് എന്നീ ഘടകങ്ങൾ തെറ്റായ നെഗറ്റീവ് റിപ്പോർട്ട് ലഭിക്കുന്നതിനുള്ള കാരണങ്ങളാണെന്ന് ഡോ.ചവി ഗുപ്ത പറയുന്നു. ഡൽഹി സനേറ്റീവ് ഹെൽത്ത്കെയറിലെ കൺസൾട്ടൻ്റ് ഇൻഫെക്ടസ് ഡിസീസ് സ്പെഷലിസ്റ്റ് ആണ് അദ്ദേഹം.
ആദ്യത്തെ അഞ്ച് ദിവസങ്ങളിലാണ് വൈറസ് ശരീരത്തിൽ പടരുന്നത് അതിനാൽ ആൻ്റിജൻ ടെസ്റ്റിലൂടെ രോഗനിർണ്ണയം നടത്താം. ഡെങ്കിപ്പനി വൈറസുകൾക്കെതിരെ പ്രവർത്തിക്കുന്ന IgM, IgG വൈറസുകളുടെ സാന്നിധ്യം അണുബാധയുടെ സൂചനയാണ്. IgM ആൻ്റിബോഡികൾ നിലവിലെ അണുബാധയെ സൂചിപ്പിക്കുമ്പോൾ, IgG ആൻ്റിബോഡികൾ സമീപകാലത്ത് ആ വ്യക്തിക്ക് അണുബാധയുണ്ടായിരുന്നതായി കാണിക്കുന്നു.
“ഓരോ കേസും അനുസരിച്ച് പരിശോധനകൾ ശ്രദ്ധാപൂർവ്വം ക്രമീകരിക്കണമെന്ന് ഡോ.അനികേത് മുളെ പറയുന്നു. മുംബൈ വോക്കാർഡ് ഹോസ്പിറ്റലിലെ ഇൻ്റേണൽ മെഡിസിൻ കൺസൾട്ടൻ്റാണ് അദ്ദേഹം.” ടെസ്റ്റ് ചെയ്യുന്ന ദിവസവും പ്രധാനമാണ്. ആദ്യ ദിവസങ്ങളിൽ ആൻ്റി ബോഡി പരിശോധനകൾ നടത്തുകയും ആൻ്റിബോഡി രൂപപ്പെടാൻ അഞ്ച് മുതൽ ഏഴ് ദിവസം വരെ എടുക്കുകയും ചെയ്താൽ, അത് തെറ്റായ നെഗറ്റീവ് റിസൾട്ട് നൽകാം.”
NS1 ആൻ്റിജൻ ടെസ്റ്റിൽ, ആദ്യഘട്ടത്തിൽ – അതായത് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയ ആദ്യ ഏഴു ദിവസങ്ങളിൽ പരിശോധിച്ചാൽ മാത്രമേ അണുബാധ കണ്ടെത്താനാകൂ.”ഏത് ടെസ്റ്റാണ് ഉപയോഗിക്കേണ്ടതെന്ന അറിവില്ലായ്മയും ലബോറട്ടറിയിലെ ചില സാങ്കേതിക പിശകുകളും തെറ്റായ നെഗറ്റീവ് റിപ്പോർട്ടുകളിലേക്ക് നയിച്ചേക്കാം”(അതായത് റാപ്പിഡ് ടെസ്റ്റുകളുടെ കാര്യത്തിൽ) ഡോ.ഗുപ്ത പറയുന്നു. ആശങ്ക നിലനിൽക്കുകയാണെങ്കിൽ അംഗീകൃത എലിസ കിറ്റ് ഉപയോഗിച്ച് സ്ഥിരീകരണ പരിശോധന നടത്താം. തെറ്റായ നെഗറ്റീവ് റിപ്പോർട്ടുകൾ ലഭിച്ചാൽ അവ പരിഗണിക്കാതെ രോഗലക്ഷണ ചികിത്സയാണ് പിന്തുടരുന്നതെന്ന് ഡോക്ടർമാർ കൂട്ടിച്ചേർക്കുന്നു.
പ്രധാന പോയിൻ്റുകൾ
♦ഡെങ്കിപ്പനി പരിശോധനാ ഫലങ്ങളിൽ തെറ്റായ നെഗറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
♦ ഒരു വ്യക്തി രോഗബാധിതനായിട്ടും പരിശോധനയിൽ വൈറസ് കണ്ടെത്താനാകാത്തതാണ് തെറ്റായ-നെഗറ്റീവ് ഫലങ്ങൾ എന്ന് അർത്ഥമാക്കുന്നത്
♦ പരിശോധനയിലേയും സാമ്പിൾ ശേഖരണത്തിലേയും പിഴവ്, ടെസ്റ്റിംഗ് കിറ്റുകളുടെ കൃത്യതയില്ലായ്മ, പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ഡെങ്കി ആൻ്റിജൻ്റേയും ആൻ്റിബോഡിയുടെയും ഗുണനിലവാര കുറവ് എന്നിവയാണ് തെറ്റായ-നെഗറ്റീവ് റിപ്പോർട്ടുകൾ ലഭിക്കുന്നതിനുള്ള കാരണങ്ങൾ.
♦ ഡെങ്കിപ്പനിക്കുള്ള പരിശോധനകളിൽ റാപ്പിഡ് ഡെങ്കി IgG ആൻ്റിബോഡി ടെസ്റ്റ്, റാപ്പിഡ് ഡെങ്കി IgM ആൻ്റിബോഡി ടെസ്റ്റ്, ഡെങ്കി എലിസ ടെസ്റ്റ്, ഡെങ്കിപ്പനി NS1 ആൻ്റിജൻ ടെസ്റ്റ്, ഡെങ്കി RT-PCR ടെസ്റ്റ് എന്നിവ ഉൾപ്പെടുന്നു.
♦ഡെങ്കിപ്പനിക്ക് പ്രത്യേക ചികിത്സയില്ല. രോഗലക്ഷണങ്ങളെ ചികിത്സയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.