
സ്വയം നിയന്ത്രിക്കാവുന്ന രോഗമാണ് ഡെങ്കിപ്പനി. ഇത് ബാധിച്ചവർ ഉയർന്ന അളവിൽ ദ്രാവകം അടങ്ങിയ കൊഴുപ്പ് കുറഞ്ഞ ഭക്ഷണ ക്രമമാണ് തിരഞ്ഞെടുക്കേണ്ടതെന്ന് വിദഗ്ദ്ധർ പറയുന്നു.
മഴക്കാലത്ത് നമ്മൾ എല്ലാവരും അഭിമുഖീകരിക്കുന്ന ഒന്നാണ് ഡെങ്കിപ്പനി! വേണ്ടത്ര ശ്രദ്ധ നൽകിയില്ലെങ്കിൽ ഈ രോഗം ജീവന് തന്നെ ഭീഷണിയായേക്കാം. അതുകൊണ്ട് തന്നെ ഡെങ്കിപ്പനി ചികിത്സയിൽ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. “നമ്മുടെ ശരീരത്തിന് ആരോഗ്യം വീണ്ടെടുക്കാൻ ശരിയായ തരത്തിലുള്ള ഭക്ഷണ ക്രമം ആവശ്യമാണെന്ന് ഹൈദരാബാദിലെ പ്രൈം ഹെൽത്ത് പ്രൈവറ്റ് ലിമിറ്റഡ് പോഷകാഹാര വിദഗ്ദ്ധയും ഡയറ്റീഷ്യനുമായ ഡോ.തനുജ ഖുറാന പറയുന്നു. ശരീരത്തിൽ രോഗത്തിൻ്റെ ആഘാതം മനസ്സിലാക്കി വേണം ഡങ്കിപ്പനി ഭക്ഷണം ക്രമപ്പെടുത്തേണ്ടത്.
ഡെങ്കിപ്പനി ഭക്ഷണം: നിർബന്ധമായും ഉൾപ്പെടുത്തേണ്ടവ
പഴച്ചാറുകൾ(ഫ്രൂട്ട് ജ്യൂസുകൾ)
ജലാംശം നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഡോ ഖുറാന പരാമർശിക്കുന്നു. ഡെങ്കിപ്പനി ബാധിച്ചവർ വെള്ളം, ഐസോടോണിക് ദ്രാവകങ്ങൾ തുടങ്ങിയവ ധാരാളമായി കഴിക്കണം. ശരീരത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണവും ഫൈബ്രിനോജൻ്റെ അളവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിനാൽ സ്ഥിരമായി പഴച്ചാറുകൾ കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഫൈബ്രിനോജൻ്റെ അളവ് കൂടുന്നതിനനുസരിച്ച് നമ്മുടെ പ്ലേറ്റ്‌ലെറ്റുകൾ സ്വയമേവ വർദ്ധിക്കുമെന്നും അവർ വ്യക്തമാക്കുന്നു.
മത്സ്യം, ചിക്കൻ, പനീർ
നമ്മുടെ ശരീരത്തെ ശക്തിപ്പെടുത്താനും വീണ്ടെടുക്കാനും പ്രോട്ടീനുകൾ ആവശ്യമാണ്. ഡെങ്കിപ്പനിയിൽ നിന്ന് കരകയറുന്നവർ പ്രോട്ടീൻ്റെ പ്രധാന സ്രോതസ്സുകളായ ചിക്കൻ, മത്സ്യം, മുട്ട എന്നിവ കഴിക്കാൻ നിർദേശിക്കുന്നു. അതേസമയം,സസ്യാഹാരികൾക്ക് “ടോഫു, പനീർ, ബീൻസ് എന്നിവ നല്ല ഓപ്ഷനുകളാണ്. വെളുത്ത ബീൻസ് വേണം തിരഞ്ഞെടുക്കാൻ, ചുവപ്പ് അല്ല. ശരീരത്തിന് കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ ആവശ്യമാണെന്നത് ശ്രദ്ധിക്കേണ്ടതാണ്.
പച്ചക്കറികൾ
ചീര, കാപ്‌സിക്കം, ബീൻസ്, ശതാവരി തുടങ്ങിയ പച്ചക്കറികൾ കഴിക്കണം, കാരണം അവയിൽ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ കോശ വളർച്ചയ്ക്കും വിഭജനത്തിനും കാരണമാകുന്നു. ഡെങ്കിപ്പനിയിൽ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാനുള്ള പോരാട്ടത്തിൽ ഇവ വളരെ പ്രധാനമാണെന്ന് ഡോ.തനുജ ഖുറാന പരാമർശിക്കുന്നു. ഡെങ്കിപ്പനി ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ മുളകൾ, ബ്രൊക്കോളി തുടങ്ങിയ വിറ്റാമിൻ കെ അടങ്ങിയവ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണമെന്നും അവർ നിർദേശിക്കുന്നു. രക്തം കട്ടപിടിക്കുന്നതിനും രക്തസ്രാവം തടയുന്നതിനും ഇത് പ്രധാനമാണ്.
പപ്പായ, ആപ്പിൾ, ഓറഞ്ച്
പപ്പായ, ഓറഞ്ച്, പിയർ, ആപ്പിൾ എന്നിവ കഴിക്കാൻ ഡോ.തനൂജ ഖുറാന ശുപാർശ ചെയ്യുന്നു. കാരണം ഈ പഴങ്ങൾ ആൻ്റിഓക്സിഡൻ്റുകളാൽ സമ്പുഷ്ടമായതിനാൽ ശരീരത്തിൻ്റെ ആരോഗ്യം വേഗത്തിൽ വീണ്ടെടുക്കാൻ സഹായിക്കുന്നു. പപ്പായ ഫൈബ്രിനോജൻ്റെ അളവ് വർദ്ധിപ്പിക്കുകയും ഡെങ്കിപ്പനി ചികിത്സ ഫലപ്രദമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
വെണ്ണ പോലുള്ള ഉയർന്ന കൊഴുപ്പുള്ള ഭക്ഷണങ്ങൾ, ബേക്കറി ഇനങ്ങൾ എന്നിവ ഒഴിവാക്കണമെന്നും ഡോ ഖുറാന ചൂണ്ടിക്കാട്ടി. “ഡെങ്കിപ്പനിക്കെതിരെ പോരാടുമ്പോൾ നമുക്ക് ധാരാളം ജലാംശം ആവശ്യമാണ്.എരിവുള്ള ഭക്ഷണങ്ങളും കഫീൻ അടങ്ങിയ പാനീയങ്ങളും കഴിക്കുന്നത് ഒഴിവാക്കുക, കാരണം ഇവ ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. അതിനാൽ, ഈ ഭക്ഷണങ്ങൾ മുഴുവൻ പ്രക്രിയയ്ക്കും വിരുദ്ധമാണെന്ന് അവർ കൂട്ടിച്ചേർത്തു
മൊഹാലിയിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഹെഡ് ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റായ ആസ്താ ഖുംഗർ ഡെങ്കിപ്പനി ബാധിതരുടെ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ എങ്ങനെ ക്രമീകരിക്കണമെന്ന് വ്യക്തമാക്കുന്നു
- പ്രഭാതഭക്ഷണത്തിന് ഡാലിയ അല്ലെങ്കിൽ ഓട്സ് കഴിക്കാമെന്ന് അവർ നിർദേശിക്കുന്നു. ജലാംശം നിലനിർത്താൻ ലെമനേഡ് കഴിക്കണം. കൂടാതെ റൊട്ടി കഴിക്കാൻ പാടില്ലെന്നും അവർ കൂട്ടിച്ചേർത്തു
- ഉച്ചഭക്ഷണ സമയത്ത് പനീർ കൊണ്ട് സൂപ്പ് അല്ലെങ്കിൽ മില്ലറ്റ് കൊണ്ടുള്ള കിച്ചടി എന്നിവ നിർദേശിക്കുന്നു.
- അത്താഴത്തിന് ചോറും ദാലും കഴിക്കാം. കൂടാതെ, നമ്മുടെ ശരീരത്തിന് കലോറി ആവശ്യമുള്ളതിനാൽ കസ്റ്റാർഡും ഉൾപ്പെടുത്തണം
അണുബാധ സംഭവിച്ച് മൂന്ന് മുതൽ അഞ്ച് ദിവസങ്ങൾക്കിടയിൽ നമ്മുടെ കരൾ അണുബാധയ്‌ക്കെതിരെ പോരാടാൻ കഠിനമായി പ്രവർത്തിക്കുമെന്ന് ബംഗളൂരുവിലെ മില്ലേഴ്‌സ് റോഡിലെ മണിപ്പാൽ ഹോസ്പിറ്റൽ ഇൻ്റേണൽ മെഡിസിൻ കൺസൾട്ടൻ്റ് ഡോ. പ്രമോദ് വി സത്യ ചൂണ്ടിക്കാട്ടുന്നു. ഇതിൻ്റെ ഫലമായി കരൾ വീർക്കുകയും വിശപ്പ് കുറയ്ക്കുകയും ഓക്കാനം ഉണ്ടാക്കുകയും ചെയ്യുന്നു. വറുത്ത ലഘുഭക്ഷണങ്ങളോ ഉയർന്ന കൊഴുപ്പുള്ള ഭക്ഷണങ്ങളോ കഴിക്കുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. കാരണം അത്തരത്തിലുള്ള ഭക്ഷണം ദഹിപ്പിക്കാൻ കരൾ അനാവശ്യമായി പ്രയത്നിക്കേണ്ടിവരും.
ഡെങ്കിപ്പനി സ്വയം നിയന്ത്രിക്കാവുന്ന രോഗമാണെന്നും അതുമൂലം ബുദ്ധിമുട്ടുന്നവർ കൊഴുപ്പ് കുറഞ്ഞ ഭക്ഷണക്രമമായിരിക്കണം പിന്തുടരേണ്ടതെന്നും അദ്ദേഹം ഊന്നിപ്പറയുന്നു. ധാരാളം ദ്രാവകങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.