കോഴിക്കോട് ജില്ലയിൽ രണ്ട് നിപ്പ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ പ്രാദേശിക ആരോഗ്യ അധികൃതർ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. നിലവിൽ ആകെ നാല് പേർക്കാണ് ജില്ലയിൽ നിപ്പ സ്ഥിരീകരിച്ചിട്ടുള്ളത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ന്യൂമോണിയ ലക്ഷണങ്ങളോടെ ആഗസ്ത് 30ന് മരണപ്പെട്ട നാൽപ്പത്തി നാലുകാരൻ നിപ്പ അണുബാധയുടെ ഇൻഡക്സ് കേസായി കണക്കാക്കുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജജ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ലിവർ സ്ക്ലീറോസിസ് മൂലമുള്ള മരണം എന്നായിരുന്നു ഇത് കണക്കാക്കിയിരുന്നത്. എന്നാൽ അദ്ദേഹത്തിൻ്റെ 25 വയസുള്ള ഭാര്യാ സഹോദരനും 9 വയസുള്ള മകളും നിപ്പ സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സെപ്തംബർ 11ന് നാൽപതുകാരൻ മരണപ്പെട്ടതും നിപ്പ മൂലമാണെന്ന് സ്ഥരീകരിച്ചിരുന്നു.
നിരീക്ഷണ നടപടികളുടെ ഭാഗമായി രോഗം ബാധിച്ചവരുമായി സമ്പർക്കത്തിൽ വന്ന 168 ആളുകളെ തിരിച്ചറിഞ്ഞു കഴിഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി നിലവിൽ കേന്ദ്രസംഘം കേരളത്തിലെത്തിയിട്ടുണ്ട്. ചെന്നൈയിൽ നിന്നുള്ള രോഗപര്യവേഷക സംഘവും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുള്ള വിദഗ്ദ്ധ സംഘവും അടുത്ത ദിവസങ്ങളിലായി ജില്ലയിൽ എത്തും.
കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു; യാത്രകൾക്ക് വിലക്ക്
നിപ്പ വൈറസ് അണുബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, വില്യാപ്പള്ളി, കാവിൽപ്പാറ ഗ്രാമപഞ്ചായത്തുകൾ കണ്ടെയ്മെൻ്റ് സോണായി പ്രാദേശിക ആരോഗ്യ വിഭാഗം പ്രഖ്യാപിച്ചു. ഈ പഞ്ചായത്തുകളിൽ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഭക്ഷണം മരുന്ന് എന്നീ അവശ്യ വസ്തുക്കൾ വിൽപ്പന നടത്തുന്ന കടകൾക്ക് മാത്രമേ രാവിലെ 7മുതൽ വൈകീട്ട് 5വരെ ഈ പ്രദേശത്ത് തുറന്ന് പ്രവർത്തിക്കാനുള്ള അനുമതിയുള്ളു എന്ന് കോഴിക്കോട് ജില്ലാ കളക്ടർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഫാർമസികൾക്കും മറ്റ് ആരോഗ്യ സ്ഥാപനങ്ങൾക്കും നിയന്ത്രണങ്ങൾ ബാധകമല്ലെന്നും അവർ വ്യക്തമാക്കി.
നിപ്പ – നിങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ
മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും കണ്ടെയ്ൻമെൻ്റ് സോണുകളിൽ കർശനമാക്കിയിട്ടുണ്ട്. കൂടാതെ പൊതുജനങ്ങൾക്കായി പ്രദേശിക ആരോഗ്യ വിഭാഗം പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ആർക്കെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സിക്കാതെ എത്രയും പെട്ടെന്ന് നിപ്പ കൺട്രോൾ റൂമിൽ വിവരം അറിയിക്കേണ്ടതാണ്. അവരുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് സ്വയം ഐസൊലേറ്റ് ചെയ്യുന്നിനുള്ള കാര്യങ്ങളിൽ ഉറപ്പ് വരുത്തണം.
പക്ഷികൾ കടിച്ചതോ, കേടുപാടുകൾ പറ്റിയതോ, ചതഞ്ഞതോ ആയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശമുണ്ട്. തുറന്നതോ, കൃത്യമായി മൂടിയില്ലാത്തതോ ആയ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച കള്ള്, മറ്റ് പാനീയങ്ങൾ എന്നിവ ഉപയോഗിക്കാതിരിക്കുക. പക്ഷികളുടേയോ മറ്റ് വളർത്തു ജീവികളുടേയോ കാഷ്ടം,മൂത്രം എന്നിവ ജലസംഭരണികളിൽ കലരാതിരിക്കാൻ നെറ്റിട്ട് സംരക്ഷിക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
വളർത്തു ജീവികളുടെ വിസർജ്യ വസ്തുക്കളുമായി നേരിട്ട് ബന്ധമുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുള്ളവരുമായി നേരിട്ട് സമ്പർക്കത്തിൽ വരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണം. സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ രോഗം ബാധിച്ചവരെ സന്ദർശിക്കുകയോ, ശുശ്രൂഷിക്കുകയോ ചെയ്യരുത്. രോഗം ബാധിച്ച വ്യക്തികൾ ഉപയോഗിച്ച വസ്ത്രങ്ങൾ, പാത്രങ്ങൾ എന്നിവ അലക്ഷ്യമായി കൈകാര്യം ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രോഗികളെ ശുശ്രൂഷിക്കുന്നവർ മാസ്കും കൈയുറകളും നിർബന്ധമായും ധിച്ചിരിക്കണം.
നിപ്പ വൈറസ് രോഗബാധയുടെ ലക്ഷണങ്ങൾ
മലിനമായ ഭക്ഷണത്തിലൂടെയും രോഗം ബാധിച്ച വ്യക്തിയിൽ നിന്ന മറ്റൊരു വ്യക്തിയിലേക്കുമാണ് നിപ്പ വൈറസ് സാധാരണയായി പകരുന്നതെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പകർച്ചവ്യാധി വിഭാഗം മുൻമേധാവി ഡോ.ഷീലാമാത്യൂ പറഞ്ഞു. വളരെ വിരളമായി പന്നി പോലുള്ള മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുമുണ്ട്.
“നിപ്പ അണുബാധയുടെ ലക്ഷണങ്ങൾ പലവിധത്തിലുണ്ട്. പലർക്കും പലവിധത്തിലായിരിക്കും ഇവ അനുഭവപ്പെടുക. ചിലർക്കാകട്ടെ ലക്ഷണങ്ങലൊന്നും കണ്ടെന്നു വരില്ലെന്ന് ഡോ.ഷീല മാത്യു വ്യക്തമാക്കി. 2018ൽ നിപ്പ വൈറസ്ബാധയുടെ സാഹചര്യത്തിൽ നടത്തിയ സീറോ സർവ്വേയിലെ ഫലത്തെ മുൻനിർത്തിയായിരുന്നു അവർ ഇത് സൂചിപ്പിച്ചത്.
എങ്കിലും സാധാരണയായി പനി, കടുത്ത ശരീര വേദന, തലവേദന എന്നിവയാണ് നിപ്പ വൈറസ് ബാധയുടെ പ്രാഥമിക ലക്ഷണങ്ങളായി കണക്കാക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു. എന്നാൽ ചില ആളുകളിൽ പ്രാഥമിക ലക്ഷണങ്ങൾ ശ്വാസകോശ അണുബാധ, ശ്വാസതടസ്സം, രക്തത്തിലെ ഓക്സിജൻ്റെ നില താഴുക എന്നീ അവസ്ഥകളിലേക്ക് നീങ്ങുകയും ഇത് തലച്ചോറിലെ അണുബാധയ്ക്ക് കാരണമാവുകയും ചെയ്യുമെന്ന് അവർ പറഞ്ഞു.
ചിലരിലാകട്ടെ മാനസികാവസ്ഥയിൽ അകാരണമായ മാറ്റങ്ങളുണ്ടാകാൻ നിപ്പ വൈറസ് ബാധ കാരണമാകും. ഇത്തരക്കാർക്ക് ആളുകളെ തിരിച്ചറിയാൻ സാധിക്കാതിരിക്കുക, അമിതമായ ഉത്കണ്ഠ, തളർച്ച എന്നിവയും അനുഭവപ്പെട്ടേക്കാം. വളരെ കുറഞ്ഞ ആളുകളിൽ അപസ്മാരം, മസിലുകൾക്ക് കോച്ചിപ്പിടുത്തം എന്നിവയും അനുഭവപ്പെട്ടിട്ടുണ്ട്. ഇത് ഹൃദയത്തെ ബാധിക്കുകയും രക്ത സമ്മർദ്ദം താഴുന്നതിനും, പൾസ് നില ഉയരുന്നതിനും കാരണമാകുമെന്നും ഡോ.ഷീല മാത്യു വ്യക്തമാക്കി.
കൈകൾ എപ്പോഴും വൃത്തിയായിരിക്കണം
നിപ്പ സ്തരപാളിയുള്ള വൈറസ് ആയതിനാൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുന്നതിലൂടെയും ആൾക്കഹോൾ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസർ ഉപയോഗിക്കുന്നതിലൂടെയും ഇതിനെ നശിപ്പിക്കാമെന്ന് ഡോ. ഷീല വ്യക്തമാക്കി. കൈകളുടെ ശുചിത്യം വളരെ പ്രധാനമാണ്. സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി മാസ്ക്ക് ധരിക്കുക്കുകയും കൈകഴുകുകയും ചെയ്യുന്നതോടൊപ്പം അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആശുപത്രികൾ സന്ദർശിക്കുന്നതും ശുചിത്വമില്ലാത്ത ഭക്ഷണങ്ങൾ കഴിക്കുന്നതും ഒഴിവാക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
പ്രധാന പോയൻ്റുകൾ
നിപ്പ വൈറസ് അണുബാധയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കായി ആരോഗ്യ വിഭാഗം അധികൃതർ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുക, അസുഖം ബാധിച്ചവരെ പരിചരിക്കുമ്പോൾ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക, പക്ഷികൾ കടിച്ചതോ കേടുവന്നതോ ആയ പഴങ്ങളും പച്ചക്കറികളും കഴിക്കാതിരിക്കുക, പക്ഷികളുടേയോ വളർത്തു ജീവികളുടേയോ കാഷ്ടം,മൂത്രം എന്നിവ പതിക്കാതിരിക്കാൻ കിണറുകളും മറ്റ് കുടിവെള്ള സ്രോതസ്സുകളും വലയിട്ട് മൂടുക എന്നവയാണ് പ്രധാന നിർദ്ദേശങ്ങൾ.