“എന്നെ വീഴ്ത്തിയാലും ഞാൻ വീണ്ടും എഴുന്നേൽക്കും. നിങ്ങൾക്ക് എന്നെ ഒരിക്കലും തോൽപ്പിക്കാനാവില്ല”
1990-കളുടെ അവസാനത്തിൽ പുറത്തിറങ്ങിയ ടബ്‌തമ്പിംഗ് എന്ന ആകർഷകമായ ഗാനം ഒരു ഹിറ്റ് ആയിരുന്നു എന്ന വിസ്മയത്തേക്കാൾ വളരെ വലുതാണ് പ്രതിരോധത്തിൻ്റെ ഒരു കീർത്തനമാണ് അതിൻ്റെ പല്ലവി എന്നത്.
ജീവിതത്തിൽ പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാനും തിരിച്ചുവരാനുമുള്ള ഒരാളുടെ കഴിവിനെ വാക്കുകൾ കൊണ്ട് എങ്ങനെ നിർവചിക്കും? നിർവചനം ഒരുപക്ഷെ എളുപ്പമായിരിക്കും, പക്ഷെ അതിനായുള്ള പ്രവർത്തനം അത്ര എളുപ്പമല്ല
ഒരു വൈകാരിക പ്രതിസന്ധിക്ക് ശേഷം സ്വയം അംഗീകരിക്കാനും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും ഒരാളെ സഹായിക്കുന്നത് തെറാപ്പി പ്രക്രിയയുടെ ഭാഗമാണെന്ന് സൈക്കോതെറാപ്പി, കൗൺസിലിംഗ് വിദഗ്ദ്ധർ പറയുന്നു. ഒരു തിരിച്ചടിക്കു ശേഷമോ വൈകാരികമോ ശാരീരികമോ ഉണ്ടായ വേദനാജനകമായ അനുഭവത്തിന് ശേഷമോ ഉയിർത്തെഴുന്നേൽക്കുന്നതും മുന്നോട്ട് പോകുന്നതും എങ്ങനെയാണെന്നറിയാത്തവരെ ഇത് സഹായിക്കുന്നു.
പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്യൽ
“ഇരുണ്ട തുരങ്കത്തിൻ്റെ അറ്റത്ത് വെളിച്ചമുണ്ടെന്ന് വിശ്വസിക്കുന്നതാണ് പ്രതിരോധശേഷി”. 32-ാം വയസ്സിൽ മുൻമുൻ ഗുഹയ്ക്ക് പെട്ടെന്ന് ഭർത്താവിനെ നഷ്ടപ്പെട്ടു. അഞ്ച് വയസ്സുള്ള ഒരു ആൺകുട്ടിയുടെ അമ്മയായിരുന്നു അവൾ, മൂന്ന് പേരും പശ്ചിമ ബംഗാളിലെ സിലിഗുരിയിലാണ് താമസിച്ചിരുന്നത്. നഷ്ടത്തിൻ്റെ ആഘാതവും താനും മകനും എങ്ങനെ അത് കൈകാര്യം ചെയ്യുമെന്ന് അറിയാത്തതും അവളെ കടുത്ത വിഷാദത്തിലേക്ക് തള്ളിവിട്ടു.
നിരവധി കൗൺസിലിംഗ് സെഷനുകൾക്ക് ശേഷം, ഇരുവശത്തുമുള്ള അവളുടെ കുടുംബത്തിൻ്റെ, പ്രത്യേകിച്ച് അവളുടെ സഹോദരിയുടെ നിരന്തര പിന്തുണയോടെ, ഗുഹ ജീവിതത്തിൻ്റെ നിയന്ത്രണം പതുക്കെ വീണ്ടെടുക്കാൻ തുടങ്ങി. അവൾ കൊൽക്കത്തയിൽ ഒരു അധ്യാപക പരിശീലന കോഴ്സിൽ ചേർന്നു. താമസിയാതെ ഒരു സ്വകാര്യ സ്കൂളിൽ ജോലി ലഭിച്ചു.
ബംഗളൂരുവിലെ ഇനാറ കളക്ടീവിലെ കൗൺസിലിംഗ് സൈക്കോളജിസ്റ്റായ മോനിഷ ശർമ്മ “പ്രതിസന്ധികളെ തരണം ചെയ്യാനുള്ള നമ്മുടെ കഴിവ്” എന്നാണ് സഹിഷ്ണുതയെ വിശേഷിപ്പിക്കുന്നത്. അവരുടെ അഭിപ്രായത്തിൽ, “സമ്മർദ്ദത്തിൻ്റെ പ്രതികൂല ആഘാതം കുറയ്ക്കുന്നതിനും മികച്ച ഫലങ്ങൾ പ്രാപ്തമാക്കുന്നതിനും വിവിധ സംവിധാനങ്ങളും കഴിവുകളും ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു പ്രക്രിയയാണിത്.”
ഒരു വിഷമകരമായ സാഹചര്യത്തിൽ നിന്ന് കരകയറുന്ന ഘട്ടങ്ങളും വഴികളും എന്തൊക്കെയാണ്? ചിലത് ഇതാ.
വികാരങ്ങളെ അംഗീകരിക്കുക
വികാരങ്ങളെ അംഗീകരിക്കുകയാണ് ആദ്യപടിയെന്ന്, സൈക്കോതെറാപ്പിസ്റ്റും ഇക്വിലിബ്രിയോ അഡ്വൈസറി എൽഎൽപി സഹസ്ഥാപകയുമായ , മുംബൈയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സമൃതി മക്കാർ മിധ പറയുന്നു.
“ഒരാളുടെ വികാരങ്ങൾ – നിരാശയോ മോഹഭംഗമോ സങ്കടമോ – എന്തായിരുന്നാലും വികാരങ്ങളുമായി പൊരുതുന്നതിനേക്കാൾ പ്രധാനമാണ് അതുമായി പൊരുത്തപ്പെടുക എന്നത്. നാം നമ്മുടെ അനുഭവങ്ങളെ ബഹുമാനിക്കേണ്ടതുണ്ടെന്ന് അവർ പറയുന്നു. പലപ്പോഴും, ഒരു വിഷമകരമായ സാഹചര്യം നേരിടുമ്പോൾ, അസുഖകരമായ വികാരങ്ങൾ ഫലപ്രദമായി പരിഹരിക്കാതെ നമ്മൾ അതിനെ അടിച്ചമർത്തുന്നു എന്ന് ശർമ്മ കൂട്ടിച്ചേർക്കുന്നു. “നമ്മൾ അനുഭവിക്കുന്ന വികാരങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം, ആ വികാരങ്ങൾ അനുഭവിക്കാൻ സുരക്ഷിതമായ ഇടങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്,” അവൾ പറയുന്നു.
പിന്തുണാ സംവിധാനങ്ങൾ തേടുക:
പ്രതികൂല സമയങ്ങളിൽ, ഒരാളുടെ സ്വന്തക്കാരിലേക്കോ സോഷ്യൽ നെറ്റ്‌വർക്കിലേക്കോ തിരിയുന്നത് പ്രധാനമാണെന്ന് മിധ പറയുന്നു. സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ എന്നല്ല വെറുമൊരു പോഡ്‌കാസ്‌റ്റിന് പോലും വ്യക്തി തനിച്ചല്ല എന്ന ആശ്വാസം പകരാൻ കഴിയും.
“ഒരു വിശ്വസ്ത സുഹൃത്തിന്, കുടുംബാംഗത്തിന് അല്ലെങ്കിൽ ഒരു തെറാപ്പിസ്റ്റിന് ചിന്തകളെ [ഒരു വൈകാരിക പ്രതിസന്ധി] വഴി തിരിച്ചു വിടാനും ഒരാളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും സഹായിക്കാനാകും. ഹെൽപ്പ്‌ലൈനുകൾ, സോഷ്യൽ വർക്ക് ഓർഗനൈസേഷനുകൾ, നിയമസംവിധാനങ്ങൾ, നമ്മുടെ സമീപപ്രദേശത്തുള്ള പിന്തുണാ സംവിധാനങ്ങൾ തുടങ്ങിയ സാമൂഹ്യ സ്രോതസ്സുകളെ കുറിച്ചും നമ്മൾ ബോധവാന്മാരായിരിക്കണം,” ശർമ്മ പറയുന്നു.
ഗ്രൗണ്ടിംഗ് ടെക്നിക്കുകൾ:
മസ്തിഷ്കം ഉത്കണ്ഠാകുലമായ ചിന്തകളാൽ നിറഞ്ഞിരിക്കുമ്പോൾ, ശ്രദ്ധ കേന്ദ്രീകരിക്കൽ, ബോധപൂർവമായ ശ്വസന വ്യായാമങ്ങൾ, ധ്യാനം തുടങ്ങിയ ഗ്രൗണ്ടിംഗ് ടെക്നിക്കുകൾ വളരെ പ്രയോജനകരമാണെന്ന് ബെംഗളൂരു നസാരിയസ് ആൻഡ് കോയിലെ ലൈഫ് ആൻഡ് എക്സിക്യൂട്ടീവ് കോച്ച് നസാരിയസ് മനോഹരൻ പറയുന്നു.
“ബുദ്ധമതത്തിൽ വേരുകളുള്ള ‘സ്നേഹപൂർവകമായ ദയാവായ്‌പോടു കൂടിയ ധ്യാനം‘ പോലുള്ള സാങ്കേതിക വിദ്യകൾ വ്യക്തികളെ അവരുടെ യാത്രയിൽ തിരിച്ചുവരാൻ സഹായിക്കും,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
കൃതജ്ഞത
ഒരു നല്ല വീക്ഷണം കൊണ്ടുവരുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ടോക്സിക് പോസിറ്റിവിറ്റി എന്നത് പ്രതിരോധശേഷി വളർത്തുന്നതിനുള്ള ആരോഗ്യകരമായ മാർഗമല്ലെന്നും എന്നാൽ കൃതജ്ഞതയാണ് സന്തോഷത്തിൻ്റെ താക്കോലെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നതായി മനോഹരം പറയുന്നു. സന്തോഷം, സന്തോഷകരമായ ചിന്തകൾ, ഉള്ളതിൽ സംതൃപ്തി എന്നിവ തിരഞ്ഞെടുക്കാൻ പരിശീലനവും മനസ്സിൻ്റെ മാറ്റവും ആവശ്യമാണ്.”
നിലയുറപ്പിക്കുക
ഉള്ളിലേക്ക് നോക്കുക:
പ്രതിരോധശേഷി വളർത്തിയെടുക്കാൻ ശ്രമിക്കുമ്പോൾ, ചില പ്രധാനപ്പെട്ട ചോദ്യങ്ങൾ സ്വയം ചോദിക്കേണ്ടതുണ്ടെന്ന് ശർമ്മ പറയുന്നു. എന്താണ് പ്രശ്നം? എന്താണ് ഈ പ്രശ്നത്തിന് കാരണം? എന്തായിരിക്കാം അതിനെ നല്ലതോ ചീത്തയോ ആക്കുന്നത്? എന്ത് പരിഹാരങ്ങളാണ് ഒരാൾക്ക് ചിന്തിക്കാൻ കഴിയുക? ആർക്കാണ് സഹായിക്കാൻ കഴിയുക?
ഇപ്പോൾ, മുൻമുൻ ഗുഹയുടെ മകൻ വിദേശത്ത് പഠിക്കുന്നു, അവൾ തൻ്റെ ആളൊഴിഞ്ഞ കൂടുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്നു. “ഇത് എളുപ്പമല്ല, പക്ഷേ ഞാൻ എൻ്റെ താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്നതും മാനസികമായും ശാരീരികമായും ഇടപഴകുന്നതുമായ പ്രവർത്തനങ്ങൾ ചെയ്യുന്നു. ഏകാന്തത അതിരുകടക്കുമ്പോൾ, എൻ്റഎ ശക്തിസ്രോതസ്സായ സഹോദരിയുമായി ഞാൻ ചാറ്റ് ചെയ്യുകയും കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നു,” മുൻമുൻ ഗുഹ കൂട്ടിച്ചേർക്കുന്നു.
ആത്മ പരിചരണം:
പലപ്പോഴും, നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റം വരുമ്പോൾ, നാം ദിനചര്യയിൽ നിന്ന് വിട്ടുനിൽക്കാറാണ് പതിവ്. മിധ പറയുന്നു, “പതിവുകൾ തിരികെ കൊണ്ടുവരുന്നത് ആരോഗ്യകരമാണ്, അത് നിങ്ങളെ നിയന്ത്രണത്തിലാക്കുന്നു. അത് വ്യായാമമോ ഹോബിയോ പാചകമോ ആകാം. പതിവുകൾ ചെയ്യാതിരിക്കുമ്പോൾ ഒരാൾക്ക് നിസ്സഹായനും ശക്തിയില്ലാത്തവനുമായി തോന്നാം. ആവശ്യത്തിന് വിശ്രമിക്കുക, നന്നായി ഭക്ഷണം കഴിക്കുക, കുറച്ച് ശാരീരിക പ്രവർത്തനങ്ങൾക്കായി സമയം എടുക്കുക എന്നിവയും പ്രധാനമാണ്.
വർത്തമാനകാലത്തിൽ ആയിരിക്കുക
ഇത് പ്രധാനമാണ്. ഭാവിയെക്കുറിച്ച് ചിന്തിക്കുന്നത് ഒരു വ്യക്തിയെ ഉത്കണ്ഠാകുലനാക്കും. ഭൂതകാലം ഒരാളെ വിഷാദത്തിലാക്കും. “നമ്മുടെ മനസ്സ് അലഞ്ഞുതിരിയാൻ ശ്രമിക്കുന്നു. അതിനാൽ, വർത്തമാനകാലത്ത് ആയിരിക്കുകയും ഇപ്പോഴുള്ളതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്, ”മനോഹരൻ പറയുന്നു.
ചെറിയ കാര്യങ്ങൾ പ്രധാനമാണ്:
പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ, വലിയ ലക്ഷ്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും നമ്മുടെ ആത്മാഭിമാനം വളർത്തിയെടുക്കാൻ സഹായിക്കുന്ന ചെറിയ കാര്യങ്ങളെ അവഗണിക്കാനും എളുപ്പമാണ്. “ഓരോ വ്യക്തിയുടെയും യാത്ര വ്യത്യസ്തമാണ്. ഒരു പ്ലാൻ ഒരാളിൽ പ്രവർത്തിക്കാൻ ഏതാനും മാസങ്ങൾ മതിയെങ്കിൽ മറ്റൊരാൾക്കായി [ഫലപ്രദമാകാൻ] അതിന് വർഷങ്ങൾ എടുത്തേക്കാം. എന്നാൽ ചെറിയ കാര്യങ്ങളെ ബഹുമാനിക്കുന്നത്, ഉദാഹരണത്തിന്, തെറാപ്പിക്കായി സമയം കണ്ടെത്തുക പോലുള്ള ചെറിയ കാര്യങ്ങൾ മുന്നോട്ടുള്ള ചുവടുകളാണ്, ”മിധ നിർദ്ദേശിക്കുന്നു.
“എൻ്റെ ഭർത്താവിനെ നഷ്ടപ്പെട്ട ഈ 18 വർഷത്തിനിടയിൽ സമാനമായ നിരവധി വെല്ലുവിളികൾ എനിക്ക് ഉണ്ടായിട്ടുണ്ട്. പക്ഷേ നഷ്ടത്തിൽ നിന്ന് കരകയറാനുള്ള കരുത്ത് എനിക്കുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ, ഞാൻ വെല്ലുവിളികൾ ഏറ്റെടുക്കാൻ തുടങ്ങി,” മുൻമുൻ ഗുഹ പറയുന്നു.
പ്രതികൂലമായ ഒരു സംഭവത്തിന് ശേഷം തിരിച്ചുവരാനുള്ള വഴി ദീർഘവും വളഞ്ഞുപുളഞ്ഞതും നിരാശാജനകവുമാണ്. ശ്രമം ഉപേക്ഷിച്ച് പോകാൻ ആഗ്രഹിക്കുന്ന നിമിഷങ്ങൾ നമുക്ക് ഉണ്ടാകാം, എന്നാൽ ആ നിമിഷങ്ങളിലാണ് നാം നമ്മളേയും നമ്മുടെ ലോകത്തെയും കുറച്ചുകൂടി നന്നായി മനസ്സിലാക്കുന്നത്. മുന്നോട്ട് പോകേണ്ട സമയമാണിത്.