ഇമോഷണൽ ബിഹേവിയറൽ ഡിസോർഡർ (Emotional Behavoural Disorder – EBD) മുതിർന്നവരിൽ മാത്രമല്ല, കുട്ടികൾക്കിടയിലും ഒരു ആശങ്കയാണ്. EBD പ്രശ്നങ്ങൾ ശരിയായി നേരിട്ടില്ലെങ്കിൽ, പഠിക്കാനും സമപ്രായക്കാരുമായി ഇടപഴകാനുമുള്ള കുട്ടികളുടെ കഴിവിനെ ഇത് തടസ്സപ്പെടുത്തുകയും ജീവിതത്തെ പോസിറ്റീവ് ആയി അഭിമുഖീകരിക്കാനുള്ള അവരുടെ കഴിവിന് ഒരു വെല്ലുവിളിയായി മാറുകയും ചെയ്യും.
സാമൂഹികവും സാംസ്കാരികവുമായ സ്വാധീനങ്ങൾക്ക് പുറമെ ജനിതകമായും, മാനസികാഘാതത്തിലൂടെയും, പീഡനം, അവഗണന, പാരിസ്ഥിതിക സമ്മർദ്ദങ്ങൾ തുടങ്ങിയ ഘടകങ്ങളിൽ നിന്നും ഇമോഷണൽ ബിഹേവിയറൽ ഡിസോർഡർ ഉണ്ടാകാം. ഓട്ടിസം, അറ്റൻഷൻ ഡെഫിഷിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എ.ഡി.എച്ച്.ഡി) തുടങ്ങിയ പാരമ്പര്യ രോഗാവസ്ഥകൾ ജനിതക ഘടകങ്ങളിൽ ഉൾപ്പെടുന്നു.
പിരിമുറുക്കം, മാനസികാഘാതം, പീഡനം, അക്രമം എന്നിവയും സ്‌കൂളിലും കുടുംബത്തിലുമുള്ള പ്രശ്നങ്ങൾ അല്ലെങ്കിൽ മെഡിക്കൽ അവസ്ഥകൾ പോലുള്ളവയും പാരിസ്ഥിതിക ഘടകങ്ങളിൽ ഉൾപ്പെടുന്നു.
വേദനാജനകമായ സംഭവങ്ങൾ
മംഗളൂരു റസിഡൻഷ്യൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ സുമൻ സാഹിലിന് ഗണിതശാസ്ത്രത്തോടുള്ള താല്പര്യം നഷപ്പെട്ടത് മൂന്നാം ക്ലാസിലുണ്ടായ ഒരു സംഭവത്തെ തുടർന്നാണ്: ഗണിതശാസ്ത്ര അധ്യാപകൻ അവൻ്റെ നേരെ പുസ്തകങ്ങൾ വലിച്ചെറിയുമായിരുന്നു. ഇത് ഗണിതശാസ്ത്ര വിഷയത്തോട് ഒരു വൈകാരിക തടസ്സവും ഭയവും അനുഭവപ്പെടാൻ കാരണമായി. അവൻ്റെ അമ്മ അനുരാധ ഒരു തെറാപ്പിസ്റ്റിൻ്റെ അടുത്തേക്ക് കൊണ്ടുപോകുകയും അദ്ദേഹം പ്രശ്നത്തിൻ്റെ വേരുകൾ കണ്ടെത്തുകയും ചെയ്തു.
“ഞങ്ങൾ അവനോട് സംസാരിച്ചും സംഭവങ്ങൾ പുനർ വിശകലനം ചെയ്തും മൂലകാരണം കണ്ടെത്തുകയും ഗുണകരമല്ലാത്ത വികാരങ്ങൾ നീക്കം ചെയ്യാൻ അവൻ്റെ ഉപബോധമനസ്സിനെ നിർദേശിക്കുകയും ചെയ്തു.” പെരുമാറ്റവും പഠനവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടാൻ കുട്ടികളെ സഹായിക്കുന്ന സംഘടനയായ മൻവന്തരയിലെ വിദ്യാഭ്യാസ കൺസൽട്ടൻ്റ് സൗമ്യ ജി.എം ചന്ദ്രശേഖർ പറയുന്നു. അടുത്ത ദിവസം ആയപ്പോഴേക്കും സാഹിൽ ഗണിതത്തിൽ താൽപര്യം പ്രകടിപ്പിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തു.
കൃത്യമായ കാരണം അറിയില്ലെങ്കിലും, പാരമ്പര്യം, മസ്തിഷ്ക തകരാറുകൾ, ഭക്ഷണക്രമം, പിരിമുറുക്കം, കുടുംബ പ്രശ്നങ്ങൾ തുടങ്ങിയ സാധ്യതയുള്ള കാരണങ്ങളെക്കുറിച്ച് പഠനങ്ങളും നിർദ്ദേശങ്ങളും ഉണ്ടായിട്ടുണ്ട്.
കൂടാതെ, ഗാഡ്‌ജെറ്റ് ഉപയോഗം, ഭീഷണിപ്പെടുത്തൽ, കുടുംബ പ്രശ്‌നങ്ങൾ, മാതാപിതാക്കളുടെ മാനസികാരോഗ്യം, മാതാപിതാക്കളിൽ നിന്നും സമപ്രായക്കാരിൽ നിന്നുമുള്ള സമ്മർദ്ദം തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളും EBD ഉണ്ടാകുന്നതിന് കാരണങ്ങളാണ്.
ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിലെ ചൈൽഡ് ആൻഡ് അഡോളസൻ്റ് സൈക്യാട്രി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ.കെ.ജോൺ വിജയ് സാഗർ പറയുന്നു, “പ്രതികൂലമായ അനുഭവങ്ങൾ സമ്മർദ്ദത്തിന് കാരണമാകുമെന്നതിനാൽ, സ്ഥിരതയുള്ള സംരക്ഷണ ഘടകങ്ങൾ തിരിച്ചറിയേണ്ടത് പ്രധാനമാണ്. കുടുംബാന്തരീക്ഷം, ആരോഗ്യകരമായ രക്ഷാകർതൃത്വം, നല്ല സമപ്രായക്കാരുമായുള്ള ബന്ധങ്ങൾ, സ്‌കൂളിൽ നിന്നുള്ള പിന്തുണ എന്നിവ സമ്മർദ്ദവും പെരുമാറ്റ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാൻ കുട്ടികളെ സഹായിക്കുന്നു.
ഭിന്നശേഷി വിദ്യാഭ്യാസ നിയമം (IDEA) അനുസരിച്ച്, വൈകാരികവും പെരുമാറ്റപരവുമായ വൈകല്യങ്ങളുള്ള കുട്ടികൾ താഴെ പറയുന്ന അഞ്ച് സവിശേഷതകളിൽ ഒന്നോ അതിലധികമോ പ്രകടിപ്പിക്കുന്നു:
- മാനസികമോ, ഇന്ദ്രിയ സംബന്ധമോ, അല്ലെങ്കിൽ ശാരീരിക പ്രശ്നങ്ങളുമായോ ബന്ധമില്ലാത്ത പഠന വൈകല്യങ്ങൾ.
- സഹപാഠികളുമായും അധ്യാപകരുമായും ഇടപഴകുന്നതിൽ ബുദ്ധിമുട്ട്.
- ഉചിതമല്ലാത്ത വികാരങ്ങളും പെരുമാറ്റങ്ങളും പ്രകടിപ്പിക്കൽ.
- സമൂഹത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്ന വിധത്തിൽ ദുഃസ്വഭാവം അല്ലെങ്കിൽ അസന്തുഷ്ടി സ്ഥിരമായി അനുഭവപ്പെടൽ.
- ശാരീരിക ലക്ഷണങ്ങൾക്കുള്ള പ്രവണത അല്ലെങ്കിൽ വ്യക്തിപരമോ അക്കാദമികമോ ആയ പ്രശ്‌നങ്ങൾ മൂലമുണ്ടാകുന്ന ഉത്കണ്ഠയ്ക്കുള്ള സാധ്യത.
10-17 വയസ് പ്രായമുള്ളവരിൽ 3-6 ശതമാനം പേർക്ക് വിഷാദവും ഉത്കണ്ഠയും ഉണ്ടാകാറുണ്ടെന്ന് ഡോക്ടർ വിജയ് സാഗർ വിശദീകരിക്കുന്നു – 10 വയസ്സിന് താഴെയുള്ളവരിൽ കുറഞ്ഞ നിരക്കിൽ എങ്കിലും അവ ഉണ്ടാകാൻ സാധ്യതയുണ്ട്. പലപ്പോഴും, വിഷാദരോഗം അനുഭവിക്കുന്ന കുട്ടികൾ ഉത്കണ്ഠയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലൂടെ കടന്നുപോകാറുണ്ട്. തിരിച്ചും സംഭവിക്കാം.
കുട്ടിക്കാലത്തെ പെരുമാറ്റവും വൈകാരിക പ്രശ്‌നങ്ങളും അവയുമായി ബന്ധപ്പെട്ട വൈകല്യങ്ങളും വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. 2018ൽ യു.കെയിലെ ഗ്ലെൻവുഡ് ഹെൽത്ത് സെൻ്റർ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കമ്മ്യൂണിറ്റിയിലെ മൈക്കൽ ഒ ഒഗുണ്ടെലെ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്. ചെറുപ്പത്തിൽ തന്നെ ചികിത്സിച്ചില്ലെങ്കിൽ, അവ കുട്ടിയുടെ വ്യക്തിപരവും വിദ്യാഭ്യാസപരവും കുടുംബപരവും തൊഴിൽപരവുമായ ജീവിതത്തിൽ ഹ്രസ്വവും ദീർഘകാലവുമായ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും.
പ്രശ്നത്തിൻ്റെ ലക്ഷണങ്ങൾ
ADHD-യ്‌ക്കൊപ്പം സാധാരണയായി ഉണ്ടാകാറുള്ള ഒരു പെരുമാറ്റ വൈകല്യമാണ് ഓപ്പോസിഷനാൽ ഡെഫിയൻ്റ് ഡിസോർഡർ (ODD). അതിലൂടെ കടന്നുപോകുന്ന കുട്ടികൾ ധാർഷ്ട്യമുള്ളവരും,നിർബന്ധ ബുദ്ധിക്കാരും, തർക്കിക്കുന്നവരും ആയിത്തീരുകയും എതിർപ്പുള്ളതോ പരസ്പരവിരുദ്ധമായതോ ആയ പെരുമാറ്റം കാണിക്കുകയും ചെയ്യുന്നു. അവർക്ക് ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനോ പൂർത്തിയാക്കാനോ കഴിയില്ല. ക്ലാസ് മുറിയിലെ മറ്റുള്ളവരെ തടസ്സപ്പെടുത്തുന്ന തരത്തിൽ പെരുമാറിയേക്കാം. ആവേശത്തിൽ മറ്റുള്ളവരെ അടിക്കാനുള്ള പ്രവണതയും ഇവരിൽ ഉണ്ടാകാം.
കൗമാരക്കാർ വീട്ടിലും പുറത്തും കൂടുതൽ ഗുരുതരമായ പെരുമാറ്റ വൈകല്യങ്ങൾ പ്രകടിപ്പിച്ചേക്കാം. “കൗമാരക്കാരിൽ പെരുമാറ്റ ക്രമക്കേടുകൾ നാം കാണാറുണ്ട്. അതിൽ നിയമലംഘനങ്ങൾ മുതൽ ഭീഷണികൾ, ആക്രമണം, ആയുധ ഉപയോഗം, മോഷണം, നിയമ വിരുദ്ധമായ പ്രവൃത്തികൾ, ബാലകുറ്റകൃത്യങ്ങൾ വരെയുള്ളവ ഉൾപ്പെടുന്നു,” ഡോക്ടർ വിജയ് സാഗർ പറയുന്നു.
സമ്മർദം മൂലമുള്ള അസ്വസ്ഥതകൾ വൈകാരികവും പെരുമാറ്റ വൈകല്യങ്ങളിലേക്കും നയിക്കുന്നു. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) എന്ന അവസ്ഥ പ്രധാനമായും ഭീഷണിപ്പെടുത്തൽ, ലൈംഗികമായ പീഡനം, അപകടം അല്ലെങ്കിൽ പ്രിയപ്പെട്ട ഒരാളുടെ മരണം തുടങ്ങിയ മാനസികാഘാതങ്ങൾക്ക് ശേഷം സാധാരണമാണ്.
മാനസിക പിരിമുറുക്കം, ഉത്കണ്ഠ, വിഷാദം, ADHD , പെരുമാറ്റ പ്രശ്നങ്ങൾ, ODD, ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്നിവയാണ് ഏറ്റവും സാധാരണയായി കണ്ടുവരുന്ന വൈകാരികവും പെരുമാറ്റപരവുമായ വൈകല്യങ്ങളെന്ന് ബെംഗളൂരുവിലെ കാഡബാംസ് ഗ്രൂപ്പിലെ കൺസൾട്ടൻ്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.അനിത ഭരതൻ പറയുന്നു.
EBD-കളെ “ഉള്ളിലൊതുക്കൽ” എന്നും (വിഷാദം, ഉത്കണ്ഠ തുടങ്ങിയ വൈകാരിക വൈകല്യങ്ങൾ നിശബ്ദമായി ഉള്ളിൽ അനുഭവിക്കൽ) അല്ലെങ്കിൽ ” പ്രകടിപ്പിക്കൽ” എന്നും – (ADHD, പെരുമാറ്റ വൈകല്യം തുടങ്ങിയ അപകടകരമായ പെരുമാറ്റങ്ങൾ പരസ്യമായി കാണിക്കൽ) രണ്ടായി തരം തിരിക്കാമെന്ന് അവർ പറയുന്നു.
കുട്ടികളിലെ OCD യെക്കുറിച്ച് കൂടുതലറിയാം
കാരണം കണ്ടെത്തൽ നിർണായകം
കുട്ടികളിൽ ദേഷ്യം, ഭീഷണിപ്പെടുത്തുന്ന പെരുമാറ്റം, ഉറക്കത്തിലും വിശപ്പിലുമുള്ള മാറ്റങ്ങൾ, ഏകാഗ്രത കുറയൽ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാം.
കുട്ടി രണ്ടാഴ്ചയിലധികം പെട്ടെന്നുള്ള മാറ്റങ്ങൾ പെരുമാറ്റത്തിൽ കാണിക്കുകയും അത് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്താൽ കുട്ടിയുടെ അടുത്ത സുഹൃത്തുക്കളുമായും സ്കൂളുമായും ബന്ധപ്പെടണമെന്ന് ഡോക്ടർ വിജയ് സാഗർ രക്ഷിതാക്കളെ ഉപദേശിക്കുന്നു.
ചില കൗമാരക്കാർ ഒറ്റപ്പെടൽ ആഗ്രഹിക്കുകയും ഭക്ഷണം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയും സ്വയം ഉപദ്രവിക്കാൻ സാധ്യതയുള്ള ലക്ഷണങ്ങൾ കാണിക്കുകയും ചെയ്തേക്കാം.
സമപ്രായക്കാരിൽ ഗെയിമുകളും സൂചന നൽകുന്നു
ഡോക്ടർ വിജയ് സാഗർ പറയുന്നതനുസരിച്ച്, “രോഗ നിർണയം നടത്തുന്നതിനായി ഞങ്ങൾ രക്ഷിതാക്കളുമായും അധ്യാപകരുമായും കുട്ടിയുമായും സംസാരിച്ച് വിവരങ്ങൾ ശേഖരിക്കാറുണ്ട്.” കുട്ടിയുടെ അനുഭവങ്ങളുടേയും പെരുമാറ്റത്തിൻ്റേയും ചരിത്രം മനസിലാക്കാൻ ഇത് വളരെയധികം സഹായിക്കും.അതായത് പെരുമാറ്റത്തിൽ വ്യത്യാസങ്ങൾ കണ്ടുതുടങ്ങിയതിന് മുമ്പ് കുട്ടിയുടെ സ്വഭാവം എങ്ങനെയായിരുന്നുവെന്നും പിന്നീട് എന്ത് മാറ്റങ്ങൾ സംഭവിച്ചുവെന്നും മനസിലാക്കാൻ ഈ വിവരങ്ങളിലൂടെ ഞങ്ങൾ ശ്രമിക്കുന്നു.”
ഏകദേശം 8 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് വാക്കാലുള്ള രീതിയിൽ പ്രകടിപ്പിക്കാൻ കഴിയില്ല. അതിനാൽ പടം വരക്കുമ്പോഴോ ഗെയിമുകൾ പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴോ അവരെ നിരീക്ഷിക്കുക. ലളിതമായ ചോദ്യങ്ങൾക്ക് നൽകുന്ന മറുപടിയിലൂടെ അവരുടെ പ്രതികരണങ്ങളും ഭാവങ്ങളും നിരീക്ഷിച്ച് കൊണ്ട് പ്രശ്നം മനസിലാക്കിയെടുക്കാം. അവരുടെ മാതാപിതാക്കളിൽ നിന്നോ ചുറ്റുപാടുകളിൽ നിന്നോ വിവരങ്ങൾ ശേഖരിക്കുന്നതും സഹായിക്കും.
കുട്ടികളെ അമിതമായി രോഗനിർണയത്തിന് വിധേയരാക്കരുത്. പുതിയ ചുറ്റുപാടുകളിൽ അവർ ഉത്കണ്ഠാകുലരായിരിക്കുന്നത് സ്വാഭാവികമാണ്. അതെപ്പോഴും ഒരു പ്രശ്നത്തെ സൂചിപ്പിക്കണമെന്നില്ല. കുട്ടികൾക്ക് സംസാരിക്കാൻ കഴിയുമെങ്കിൽ, അവരെ കരയിപ്പിച്ചത് അല്ലെങ്കിൽ ഒരു പ്രത്യേക രീതിയിൽ പെരുമാറിയത് എന്താണെന്ന് അവരോട് നേരിട്ട് ചോദിക്കണമെന്ന് ഡോക്ടർ പറയുന്നു
ചികിത്സാ മാർഗ്ഗങ്ങൾ
- നിരന്തരമായ തെറാപ്പി – CBT അല്ലെങ്കിൽ കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി ഉൾപ്പെടെയുള്ള വ്യത്യസ്ത ചികിത്സകൾ ഒരു പ്രശ്നം പരിഹരിക്കാനും ആശയവിനിമയം നടത്താനും വികാരങ്ങൾ നിയന്ത്രിക്കാനും കുട്ടിയെ സഹായിക്കുന്നു.
- സന്ദർഭോചിതമായ ഘടകങ്ങൾ – ട്രിഗർ പോയിൻ്റ് മനസിലാക്കാനും അത് പരിഹരിക്കാനും സുഹൃത്തുക്കൾ, കുടുംബം, സ്കൂൾ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കൽ.
- മെഡിക്കേഷൻ: കുട്ടിയുടെ മാനസികാവസ്ഥയും കോപവും നിയന്ത്രിക്കേണ്ട ചില സന്ദർഭങ്ങളിൽ മരുന്ന് നൽകാറുണ്ട്.
- 4 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകാറില്ല.
കുടുംബത്തിൻ്റേയും സ്കൂളിൻ്റേയും പങ്ക്
കുട്ടിയുടെ മാനസികാരോഗ്യത്തിന് പിന്തുണയും പ്രോത്സാഹനവും നൽകുന്ന ഒരു അന്തരീക്ഷം നൽകുന്നതിൽ കുടുംബം ഒരു പ്രധാന പങ്ക് വഹിക്കുന്നു. സ്കൂളിലെ നിയമങ്ങൾ പാലിക്കാത്തത് പോലുള്ള പെരുമാറ്റ പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ പഠന ബുദ്ധിമുട്ടുകളെ സൂചിപ്പിച്ചേക്കാം.
“മാതാപിതാക്കൾക്ക് മാനേജ്മെൻ്റ് ടെക്നിക്കുകളിൽ പരിശീലനം നൽകേണ്ടതുണ്ട്. മാനസികാരോഗ്യ വിദഗ്ദ്ധർ പ്രശ്നങ്ങൾ നേരത്തേ തിരിച്ചറിയുകയും കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും തെറാപ്പിയും പിന്തുണയും നൽകുകയും വേണം.” ഭരതൻ പറയുന്നു.
വിദഗ്ദ്ധരുടെ വീക്ഷണത്തിൽ പൊതുവായ കാര്യം ഇതാണ്: രക്ഷിതാക്കൾ ആരോഗ്യകരമായ പരിധികൾ നിശ്ചയിക്കുകയും സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് വേണം കുട്ടികളെ വളർത്താൻ. സ്കൂളിൽ പോകുന്ന കുട്ടികൾക്കും കൗമാരക്കാർക്കും കുട്ടിയും കുടുംബവും സ്കൂളും ഉൾപ്പെടുന്ന പരിശീലനത്തിൻ്റേയും തെറാപ്പിയുടെയും സംയോജനം പലപ്പോഴും ഫലപ്രദമാണ്. സാമൂഹികവും വ്യക്തിപരവുമായ അവശ്യ കഴിവുകൾ പഠിപ്പിക്കുന്നതിൽ സ്കൂളുകൾ ശ്രദ്ധ കേന്ദ്രീകരിക്കണം.