30-ാം വയസ്സിലാണ്, മുംബൈയിൽ നിന്നുള്ള പ്ലാനിംഗ് എഞ്ചിനീയറായ റിഷു ശർമ്മയുടെ കാലുകളിൽ തരിപ്പും മരവിപ്പും അനുഭവപ്പെടാൻ തുടങ്ങിയത്. ഇതിനോട് അനുബന്ധമായി തലകറക്കവും ഓർമ്മക്കുറവും ഒരു വർഷത്തോളം തുടർന്നു. അതിനോടൊപ്പം ഉന്മേഷക്കുറവും തളച്ചയും അലട്ടാൻ തുടങ്ങി.
നിരാശ വർദ്ധിച്ചു വന്നതോടെ “എന്താണ് തൻ്റെ അവസ്ഥ എന്ന് ആരുമായും പങ്കിടാൻ പോലും താല്പര്യം ഇല്ലാതായെന്ന് അദ്ദേഹം സമ്മതിക്കുന്നു. കാലക്രമേണ, ഈ പ്രശ്നങ്ങൾ വഷളാവുകയും ഹൃദയമിടിപ്പ് വർദ്ധിക്കുകയും കിതപ്പ് അനുഭപ്പെടാൻ തുടങ്ങുകയും ചെയ്തു.
അങ്ങനെ വന്നപ്പോഴാണ്, റിഷു ഡോക്ടറുടെ സഹായം തേടാൻ തീരുമാനിച്ചത്. ഡോക്ടർ അദ്ദേഹത്തിന് ഫുൾ ബോഡി ചെക്കപ്പ്, സമ്പൂർണ രക്തപരിശോധന, സെറം വിറ്റാമിൻ ബി12 പരിശോധന, ഹോമോസിസ്റ്റീൻ ലെവൽ ടെസ്റ്റ് എന്നിവയുൾപ്പെടെയുള്ള ചില പരിശോധനകൾ നിർദേശിച്ചു. ഈ ടെസ്റ്റുകളുടെ ഫലത്തിൽ നിന്നും റിഷുവിന് വിറ്റാമിൻ ബി 12 ൻ്റെ കുറവുള്ളതായി മനസ്സിലാക്കാനായി. ഇതാണ് അദ്ദേഹത്തിൻ്റെ വിഷാദ മാനസികാവസ്ഥയ്ക്ക് കാരണമായതെന്നാണ് ഡോക്ടർ കണ്ടെത്തിയത്.
“വിറ്റാമിൻ ബി 12 ൻ്റെ കുറവാണ് വിഷാദാവസ്ഥയിലേക്ക് നയിച്ചതെന്ന വസ്തുത എന്നെ ഞെട്ടിച്ചു,” ശർമ്മ ഓർമ്മിക്കുന്നു. ചികിത്സയുടെ ഭാഗമായി ഡോക്ടർ റിഷുവിൻ്റെ ഡയറ്റ് പ്ലാൻ ക്രമീകരിക്കുകയും വിറ്റാമിൻ ബി 12 ൻ്റെ ഓറൽ സപ്ലിമെൻ്റ് നൽകുകയും മൂന്ന് മാസത്തിൽ ഒരിക്കൽ അളവ് പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
വിറ്റാമിൻ ബി12: നിങ്ങൾ അറിയേണ്ടത്
വിറ്റാമിൻ ബി 12, കോബാലമിൻ എന്നും അറിയപ്പെടുന്നു, ബി ഗ്രൂപ്പ് വിറ്റാമിനുകളിൽ പെടുന്ന ഇത് വെള്ളത്തിൽ ലയിക്കും”. നാഡീവ്യൂഹം, ഡിഎൻഎ സിന്തസിസ്, ചുവന്ന രക്താണുക്കളുടെ രൂപീകരണം എന്നിവ വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ഇത് പ്രധാനമാണ്,” ന്യൂട്രീഷ്യനിസ്റ്റും ബെംഗളൂരുവിലെ സ്വാസ്ഥ്യ ന്യൂട്രീഷൻ്റെ സ്ഥാപകയുമായ സുഷമ ജയ്‌സ്വാൾ പറയുന്നു.
ബി വിറ്റാമിനുകളുടെ ന്യൂറോളജിക്കൽ ഗുണങ്ങൾ മനസ്സിലാക്കുന്നതിനായി 2019ൽ നടന്ന പഠനത്തിൽ, ഒരാളുടെ നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിൽ കോബാലമിൻ വഹിക്കുന്ന പ്രധാന പങ്കുകൾ ചൂണ്ടിക്കാണിക്കുന്നു. ചില കണ്ടെത്തലുകൾ ഇതാ:
- ന്യൂറോണുകളുടെ സംരക്ഷണം: നാഡിയുടെ ആക്സോണിന് ചുറ്റും ഫാറ്റി ആസിഡ് രൂപീകരിക്കാൻ വിറ്റാമിൻ ബി 12 സഹായിക്കുന്നു. തലച്ചോറിനുള്ളിൽ ഒരു ന്യൂറോണിൽ നിന്ന് മറ്റൊരു ന്യൂറോണിലേക്ക് സിഗ്നലുകൾ കൈമാറാൻ ഈ ഫാറ്റി ആസിഡുകൾ അത്യാവശ്യമാണ്. ഇത് വ്യക്തികളെ ചിന്തിക്കാനും ലക്ഷ്യബോധമുള്ളതും ഏകോപിതവുമായ രീതിയിൽ പ്രവർത്തിക്കാനും സഹായിക്കുന്നു.
- ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉത്പാദനം: ഒരാളുടെ മൊത്തത്തിലുള്ള മാനസികാരോഗ്യത്തിന് ആവശ്യമായ മെത്തിലേഷൻ എന്നറിയപ്പെടുന്ന ഒരു ബയോകെമിക്കൽ പ്രക്രിയയിലൂടെ ഡോപാമിൻ, സെറോടോണിൻ, നോറെപിനെഫ്രിൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ സമന്വയത്തിന് വിറ്റാമിൻ ബി 12 സഹായിക്കുന്നു.
“നാഡികളുടെ ആരോഗ്യത്തിനുള്ള ഒരു പ്രധാന പോഷകമാണ് ഈ വിറ്റാമിൻ. ഹോമോസിസ്റ്റൈൻ (സ്വാഭാവികമായി ഉണ്ടാകുന്ന അമിനോ ആസിഡ്) മെഥിയോണിൻ (അമിനോ ആസിഡ്) ആയി മാറുന്നതിനും ന്യൂറോണുകളുടെ സംരക്ഷണത്തിനായി മൈലിൻ ഷീത്തിൻ്റെ സമന്വയത്തിനും ഇത് പ്രധാനമാണ്, ”ബെംഗളൂരു ആസ്ഥാനമായുള്ള അപ്പോളോ ആശുപത്രിയിലെ ന്യൂറോ സൈക്യാട്രിസ്റ്റ് ഡോ. ഗജാനൻ കുൽക്കർണി പറയുന്നു.
വിറ്റാമിൻ ബി 12 അപര്യാപ്തത എങ്ങനെ ഉണ്ടാകുന്നു?
സുഷമ ജയ്‌സ്വാളിൻ്റെ വാക്കുകൾ പ്രകാരം, “തെറ്റായ ഭക്ഷണക്രമം മൂലമോ ശരീരത്തിൽ നിന്ന് വിറ്റാമിൻ ശരിയായി ആഗിരണം ചെയ്യാത്തതിനാലോ ആണ് രക്തത്തിൽ വിറ്റാമിൻ ബി12ൻ്റെ കുറവ് സംഭവിക്കുന്നത്. മുട്ട, മാംസം, കക്കയിറച്ചി, പാലുൽപ്പന്നങ്ങൾ തുടങ്ങിയ ഭക്ഷണങ്ങളിൽ ഇത് സാധാരണയായി കാണപ്പെടുന്നു. അതിനാൽ, സസ്യാഹാരികളായ ആളുകൾക്ക് അവരുടെ ഭക്ഷണത്തിലൂടെ ആവശ്യമായ വിറ്റാമിൻ ബി 12 ശരീരത്തിൽ ലഭിച്ചേക്കില്ല. വിറ്റാമിൻ ബി 12 ചേർത്ത് സമ്പുഷ്ടമാക്കിയ ഉൽപ്പന്നങ്ങൾ ഇത്തരക്കാർക്ക് ഉചിതമായിരിക്കും.
വിറ്റാമിൻ ബി12 നെ കുടലുകളിൽ ആഗിരണം ചെയ്യപ്പെടാൻ കാരണമാകുന്ന ഇൻട്രിൻസിക് ഫാക്ടർ എന്ന പ്രത്യേക പ്രോട്ടീൻ്റെ വൈകല്യം മൂലവും ഇതിൻ്റെ അപര്യാപ്തത ഉണ്ടാകാം. ജയ്‌സ്വാൾ പറയുന്നു.
വിറ്റാമിൻ ബി12-ൻ്റെ അഭാവം വിഷാദത്തിന് കാരണമാകുമോ?
2013-ൽ ഫിൻലാൻഡ് ആസ്ഥാനമായുള്ള ഒരു സർവേയിൽ വിറ്റാമിൻ ബി12- ൻ്റെ കുറവും കടുത്ത വിഷാദരോഗവും തമ്മിലുള്ള ബന്ധം എടുത്തു കാണിക്കുകയുണ്ടായി. ബി.എം.സി സൈക്യാട്രി ജേണലിൽ പ്രസിദ്ധീകരിച്ച ഈ സർവേയുടെ ഫലം പ്രകാരം മാനസികാരോഗ്യ പ്രശ്നങ്ങളുള്ള 20% വ്യക്തികളിലും, സെറം വിറ്റാമിൻ ബി12 അളവ് കുറവാണ്
2021-ൽ യു.എസിലെ എമോറി സ്കൂൾ ഓഫ് മെഡിസിൻ, ഇരട്ടകളിൽ നടത്തിയ ക്ലിനിക്കൽ പഠന പ്രകാരം, കടുത്ത വിഷാദരോഗങ്ങളുള്ള ഇരട്ടകളിൽ ഹോമോസിസ്റ്റീൻ്റെ അളവ് കൂടുതലായി കണ്ടെത്തി. വിറ്റാമിൻ ബി12 – ൻ്റെ അളവ് കുറയുന്നത് തലച്ചോറിൽ ടോക്സിക് അമിനോ ആസിഡുകളുടെ നിക്ഷേപത്തിന് കാരണമാകുമെന്നും ഇത് ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉൽപാദനത്തിൽ കുറവുണ്ടാക്കുമെന്നും പഠനം വ്യക്തമാക്കുന്നു.
അനാരോഗ്യകരമായ ഭക്ഷണരീതികളുള്ളവരിൽ വിറ്റാമിൻ ബി12 -ൻ്റെ അളവ് കുറയുന്നത് വിഷാദരോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഡബ്ലിനിലെ ട്രിനിറ്റി കോളേജിൽ 2021 ഡിസംബറിൽ നടത്തിയ ഒരു പഠനം, വൈറ്റമിൻ ബി12-ഉം ഫോളേറ്റിൻ്റെ അളവും തമ്മിലുള്ള ബന്ധവും 50 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവരിലെ വിഷാദ ലക്ഷണങ്ങളും വിശകലനം ചെയ്യുന്നതാണ്. വിറ്റാമിൻ ബി12 – അപര്യാപ്തത ഉള്ള വ്യക്തികൾക്ക് നാല് വർഷത്തിനുള്ളിൽ വിഷാദരോഗത്തിനുള്ള സാധ്യത 51% കൂടുതലാണെന്ന് ഇത് കാണിക്കുന്നു. കൂടാതെ, പ്രായമായ എട്ടുപേരിൽ ഒരാൾക്ക് വിറ്റാമിൻ ബി12 അളവ് അപര്യാപ്തത ഉണ്ടെന്നും ഇത് പ്രായമാകുന്നവരിൽ പ്രാധാന്യമർഹിക്കുന്ന വിധം ആശങ്കയുണ്ടാക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.
വിറ്റാമിൻ ബി 12 അപര്യാപ്തത എങ്ങനെ കണ്ടെത്താം
ഓരോരുത്തരിലുമുള്ള ലക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് വിറ്റാമിൻ ബി12 -ൻ്റെ അപര്യാപ്തത നിർണ്ണയിക്കുന്നത്.
മെഗലോബ്ലാസ്റ്റിക് അനീമിയ (അസ്ഥിമജ്ജയിൽ വലിയ ചുവന്ന രക്താണുക്കളുടെ സാന്നിധ്യം), ബാലൻസ് തകരാറിലാകുക, നടത്തത്തിലെ പ്രശ്നങ്ങൾ, ഓർമ്മക്കുറവ് എന്നിവ ഈ അപര്യാപ്തതയുടെ ലക്ഷണമാകാം. വിറ്റാമിൻ ബി12 സെറം, ഹോമോസിസ്റ്റീൻ, ഹീമോഗ്ലോബിൻ തുടങ്ങിയ രക്തപരിശോധനകളിലൂടെയും കംപ്ലീറ്റ് ബ്ലഡ് കൗണ്ട് വഴിയും വിറ്റാമിൻ ബി12 അളവ് പരിശോധിക്കാമെന്ന് ഡോ.കുൽക്കർണി പറയുന്നു.
വിറ്റാമിൻ്റെ അളവ് 148pg/L-ൽ താഴെയാണെങ്കിൽ, അയാൾക്ക് വിറ്റാമിൻ ബി12 -ൻ്റെ അപര്യാപ്തത ഉണ്ടെന്ന് കണക്കാക്കാം. വിറ്റാമിൻ ലെവൽ 148-221pg/L-ന് ഇടയിലാണെങ്കിൽ, ആ വ്യക്തിക്ക് വിറ്റാമിൻ ബി 12 മതിയായ അളവിൽ ഇല്ലെന്നും അപര്യാപ്തതയുടെ അതിർത്തി രേഖയിലാണെന്നും കണക്കാക്കാം. ക്ലിനിക്കൽ ലക്ഷണങ്ങളില്ലാതെ തന്നെ അപര്യാപ്തമായ അളവ് ഉണ്ടാകുന്നത് വളരെ സാധാരണമാണ്. കൂടാതെ ഭക്ഷണത്തിലെ മാറ്റം വിറ്റാമിൻ ബി12 -ൻ്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും. അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
വിറ്റാമിൻ ബി12 അപര്യാപ്തത മൂലമുള്ള വിഷാദരോഗ ചികിത്സ
“ഒരാളിൽ വിറ്റാമിൻ ബി12 ശരിയായി ആഗിരണം ചെയ്യപ്പെടുന്നില്ലെങ്കിൽ, അയാൾ വിറ്റാമിൻ ബി12 കുത്തിവയ്പ്പുകളും വിറ്റാമിൻ ബി12 സെറത്തിൻ്റെ ഉയർന്ന ഡോസ് സപ്ലിമെൻ്റുകളും കഴിക്കേണ്ടതുണ്ട്” ജയ്‌സ്വാൾ പറയുന്നു. “സസ്യഭുക്കുകൾക്കും സസ്യാഹാരികൾക്കും വിറ്റാമിൻ ബി12 അടങ്ങിയ ധാന്യങ്ങൾ, തൈര്, ചീസ്, കൊഴുപ്പ് കുറഞ്ഞ പാൽ, ഇലക്കറികൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് അവരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ കഴിയും” അവർ കൂട്ടിച്ചേർക്കുന്നു.
വിറ്റാമിൻ ബി12 കുറവുള്ള മുതിർന്നവർക്ക് വിറ്റാമിൻ ബി12 സപ്ലിമെൻ്റുകളും വിറ്റാമിൻ ബി12 അടങ്ങിയ മൾട്ടിവിറ്റാമിനുകളും നിർദ്ദേശിക്കാറുണ്ട്. വ്യക്തിയുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ വിറ്റാമിൻ ബി 12 സപ്ലിമെൻ്റും ഡയറ്റ് പരിഷ്‌ക്കരണവും മതിയാകാത്ത സന്ദർഭങ്ങളിൽ, ഡോക്ടർ ചില ആൻ്റി ഡിപ്രസൻ്റ്സ് നിർദ്ദേശിക്കും. “വിറ്റാമിൻ ബി12 സപ്ലിമെൻ്റിനൊപ്പം ആൻ്റി ഡിപ്രസൻ്റുകൾ നൽകുന്നത് ഉത്കണ്ഠ, വിഷാദം, അവബോധ പ്രവർത്തനങ്ങൾ എന്നിവയുടെ ചികിത്സാ ഫലങ്ങൾ മെച്ചപ്പെടുത്തുന്നു,” ഡോ കുൽക്കർണി പറയുന്നു.
ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ഭക്ഷണമാണ് പരിഹാരം
വൈറ്റമിൻ ബി12, അവശ്യ വിറ്റാമിനുകൾ, ബാക്ടീരിയ എന്നിവകളാൽ സമന്വയിപ്പിക്കപ്പെട്ടിരിക്കുന്നു. ഇത് പ്രധാനമായും ജന്തുജന്യ ഉൽപ്പന്നങ്ങളിലാണ് കാണപ്പെടുന്നത്. മനുഷ്യശരീരത്തിൽ വിറ്റാമിൻ ബി12 ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഒരു ജൈവ പ്രക്രിയയും ഇല്ല.
ഫോളിക് ആസിഡിനൊപ്പം വിറ്റാമിൻ ബി 12 കഴിക്കുന്നത് മറവിരോഗം, മൂഡ് ബിഹേവിയർ തുടങ്ങിയ മാനസികവും നാഡീസംബന്ധവുമായ വൈകല്യങ്ങൾ തടയാൻ സഹായിക്കുമെന്ന് കരുതപ്പെടുന്നു. കേന്ദ്ര നാഡീവ്യവസ്ഥയുടെ ആരോഗ്യകരമായ പ്രവർത്തനത്തിന് ഈ സംയോജനം വളരെ പ്രധാനമാണ്. ഈ വിറ്റാമിന്റെ ഗുരുതരമായ കുറവ് വിളർച്ച എന്നറിയപ്പെടുന്ന മറ്റൊരു അവസ്ഥയ്ക്കും കാരണമാകുന്നു.
തീവ്രമല്ലാത്ത കേസുകളിൽ അപര്യാപ്തത കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും സാധാരണമായ മാർഗ്ഗമാണ് ഡയറ്റ് പരിഷ്‌ക്കരണം. എന്നിരുന്നാലും, ഗുരുതരമായ കുറവുണ്ടായാൽ മറ്റ് ഇടപെടൽ ആവശ്യമാണ്.
മാംസം, കോഴി, കടൽ വിഭവങ്ങൾ, മുട്ട, പാലുൽപ്പന്നങ്ങൾ, വിറ്റാമിൻ ബി12 ചേർത്ത് പോഷകഗുണം വർദ്ധിപ്പിച്ച റൊട്ടി തുടങ്ങിയ ഭക്ഷണങ്ങളിൽ വിറ്റാമിൻ ബി 12 അടങ്ങിയിരിക്കുന്നു. ഒരാളുടെ ഭക്ഷണത്തിൽ ഈ ഭക്ഷ്യ ഉൽപന്നങ്ങൾ ആവശ്യത്തിന് ഉൾപ്പെടുത്തുന്നത്, ഈ നിർണായക വിറ്റാമിൻ്റെ അനുയോജ്യമായ അളവ് നിലനിർത്താൻ സഹായിക്കുന്നു.
പാലോ പാലുൽപ്പന്നങ്ങളോ കഴിക്കാൻ കഴിയാത്ത ലാക്ടോസ് അസഹിഷ്ണുത പോലുള്ള മെഡിക്കൽ അവസ്ഥകളുള്ള വ്യക്തികൾ, ഡോക്ടർ നിർദേശിക്കുന്ന ശരിയായ അളവിൽ വിറ്റാമിൻ ബി12 സപ്ലിമെൻ്റുകളും മൾട്ടിവിറ്റാമിനുകളും എടുക്കേണ്ടതുണ്ട്.