728X90

728X90

0

0

0

ഈ ലേഖനത്തിൽ

Back Pain During Pregnancy: ഗർഭിണികൾക്കുള്ള പൊടിക്കൈകളും വ്യായാമങ്ങളും
13

Back Pain During Pregnancy: ഗർഭിണികൾക്കുള്ള പൊടിക്കൈകളും വ്യായാമങ്ങളും

ഭൂരിഭാഗം ഗർഭിണികളും അനുഭവിക്കുന്ന ഒന്നാണ് നടുവേദന. ഇവ കുറയ്ക്കാൻ വേദനസംഹാരികൾ ഒഴിവാക്കുകയും വ്യായാമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ് നല്ലതെന്ന് വിദഗ്ദ്ധർ പറയുന്നു .

50-80 percent of women deal with back pain during their pregnancy 50-80 ശതമാനം സ്ത്രീകളും ഗർഭകാലത്ത് നടുവേദന അനുഭവിക്കാറുണ്ട്.

ഗർഭധാരണം എന്നത് ആലങ്കാരികമായും അക്ഷരാർത്ഥത്തിലും വിലപ്പെട്ട നിരവധി നിമിഷങ്ങളും മാറ്റങ്ങളും ഉൾക്കൊള്ളുന്ന ഒരു മനോഹര യാത്രയാണ്. മാറ്റങ്ങളെക്കുറിച്ച് പറഞ്ഞാൽ, ഒരു സ്ത്രീ നേരിടുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികൾ കഷ്ടപ്പാട് നിറഞ്ഞതാണ്. ഈ മാറ്റങ്ങളും അവയുടെ ഫലങ്ങളും ഓരോ വ്യക്തിക്കും വ്യത്യസ്തമാണെങ്കിലും, ഭൂരിഭാഗം ഗർഭിണികളും ഗർഭകാലത്ത് ഏതെങ്കിലും ഘട്ടത്തിൽ നടുവേദന അനുഭവിക്കുന്നവരാണ്.

എന്തുകൊണ്ടാണ് ഗർഭകാലത്ത് നടുവേദന ഉണ്ടാകുന്നത്?

50-80 ശതമാനം സ്ത്രീകൾക്കും ഗർഭാവസ്ഥയിൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ മൂലം നടുവേദന അനുഭവപ്പെടുന്നു. “ഗർഭകാലത്ത് ഗർഭപാത്രത്തിൻ്റെ വലിപ്പം കൂടുന്നതിനനുസരിച്ച് ശരീഭാരം കൂടുകയും വയർ വലുതാകുന്നതിനനുസരിച്ച് നട്ടെല്ല് വളയുകയും ചെയ്യും. ഇത് നടുവേദനയുമായി നേരിട്ട് ബന്ധപ്പെട്ട ലോർഡോസിസിലേക്ക് നയിക്കുന്നു.” ബംഗളൂരു ബന്നാർഘട്ട റോഡിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഫെർട്ടിലിറ്റി ആൻഡ് ലാപ്രോസ്‌കോപ്പിക് സർജൻ കൺസൾട്ടൻ്റും ഒബ്‌സ്റ്റട്രീഷ്യൻ-ഗൈനക്കോളജിസ്റ്റും ആയ ഡോ.ഉഷ ബി.ആർ വിശദീകരിക്കുന്നു.

ബെംഗളുരുവിലെ ആസ്റ്റർ ആർവി ഹോസ്പിറ്റലിലെ ചീഫ് ഫിസിയോതെറാപ്പിസ്റ്റ് പാലക് ഡെംഗ്ല പറയുന്നതനുസരിച്ച്, “ലിഗമെൻ്റ് ലാക്സിറ്റി മറ്റൊരു പ്രധാന കാരണമാണ്. ഗർഭകാലത്ത്, റിലാക്‌സിൻ ഹോർമോണിൻ്റെ അളവ് കൂടുകയും അസ്ഥിബന്ധങ്ങളും പേശികളും വിശ്രമിക്കുന്നതിനാൽ, സന്ധികളിന്മേലുള്ള ലോഡ് വർദ്ധിക്കുകയും ചെയ്യുന്നു. അങ്ങനെ, നടുഭാഗത്തുള്ള പേശികളിൽ ആയാസമനുഭവപ്പെടുന്നു.”

ശരിയല്ലാത്ത ശരീര വിന്യാസങ്ങളും പിരിമുറുക്കവുമാണ് നടുവേദനയുടെ  പലപ്പോഴും ശ്രദ്ധിക്കാത്ത മറ്റ് കാരണങ്ങൾ.

ഗർഭകാലത്തെ അതികഠിനമായ നടുവേദന അപകടമാണ്

നടുവേദനയുടെ സ്വഭാവവും തീവ്രതയും വ്യക്തിയുടെ ഉയരത്തെയും ശാരീരിക പ്രവർത്തനങ്ങളെയും ഫിറ്റ്‌നസ് ലെവലിനെയും ആശ്രയിച്ചിരിക്കുന്നു. ഗർഭപാത്രത്തിൻ്റെ വലിപ്പം, ഗർഭത്തിൻ്റെ പ്രായം (അവസാന ആർത്തവചക്രത്തിൻ്റെ ആദ്യ ദിവസം മുതൽ കണക്കാക്കിയ ഗർഭത്തിൻ്റെ പ്രായം) എന്നിവയ്ക്കും ഇതിൽ പങ്കുണ്ട്.

എന്നിരുന്നാലും, “ഗർഭാവസ്ഥയുടെ ആദ്യ മാസങ്ങളിൽ കഠിനമായ നടുവേദന അനുഭവപ്പെടുന്നത് ഒരു നല്ല ലക്ഷണമല്ല. അത് നിസ്സാരമായി കാണരുത്.” പാലക് ഡെംഗ്ല പറയുന്നു. “ഇത് വയറുവേദനയ്‌ക്കൊപ്പം അനുക്രമമായി വരുമ്പോൾ ഗൈനക്കോളജിസ്റ്റിനെക്കൊണ്ട് പരിശോധിപ്പിക്കണം, ഒരുപക്ഷെ, ഇത് അകാല പ്രസവത്തിൻ്റെ ലക്ഷണങ്ങളാകാം.” അവർ മുന്നറിയിപ്പ് നൽകുന്നു

“ഗർഭപാത്രത്തിൻ്റെ സ്ഥാനം അനുസരിച്ച്, ചില സ്ത്രീകൾക്ക് ഗർഭത്തിൻ്റെ ആദ്യ മാസങ്ങളിൽ തന്നെ നടുവേദന അനുഭവപ്പെടും,” ഡോ ഉഷ വിശദീകരിക്കുന്നു. “എന്നാൽ ലോർഡോസിസ് മൂലമുണ്ടാകുന്ന നടുവേദന ആരംഭിക്കുന്നത് നാലോ അഞ്ചോ മാസങ്ങൾക്ക് ശേഷമാണ്. മൂന്നാമത്തെ ത്രൈമാസത്തിൽ ഇത് കൂടുകയും പാരമ്യത്തിൽ എത്തുകയും ചെയ്യുന്നു. പ്രസവസമയത്ത് അതിൻ്റെ തീവ്രത വർദ്ധിക്കുന്നു. 16 മുതൽ 18 വരെയുള്ള സമയം മുതൽ വ്യായാമങ്ങൾ ആരംഭിക്കുന്നവർക്ക് അമിതമായ നടുവേദന ഉണ്ടാകാൻ സാധ്യത കുറവാണ്.

ആയാസവും വേദനയും ഭൂരിഭാഗവും താഴ്ഭാഗത്തായതിനാൽ, പാരസ്പൈനൽ പേശികൾ (നടുവിനേയും അതിൻ്റെ ചലനങ്ങളെയും പിന്തുണയ്ക്കുന്ന പേശികൾ), അരക്കെട്ടിലെ പേശികൾ, ഞരമ്പിലെ വൃത്താകൃതിയിലുള്ള ലിഗമെൻ്റ് എന്നിവയ്ക്കും ഇത് അനുഭവപ്പെടുന്നു.

ഗർഭകാല നടുവേദന കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ

കഴിക്കാനുള്ള വേദനാസംഹാരികളും പുറമെ തേക്കാവുന്ന പെയിൻ റിലീവറുകളും വേദന ഒഴിവാക്കാനുള്ള അവസാന മാർഗമായിരിക്കണം – ഇത് അത്യാവശ്യമുള്ളപ്പോൾ മാത്രം എടുക്കുക. ഇതൊന്നും കൂടാതെ, ഗർഭകാലത്ത് നടുവേദന ഒഴിവാക്കാൻ ആളുകൾക്ക് നിരവധി മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ചില വിദഗദ്ധ നിർദ്ദേശങ്ങൾ ഇതാ:

ശരിയായ ശരീര വിന്യാസം നിലനിർത്തുക: “ജോലി ചെയ്യുമ്പോൾ നിവർന്നു നിൽക്കാനും ഇരിക്കാനും എർഗണോമിക് കസേരകൾ ഉപയോഗിക്കുന്നത് നടുവേദന ഒഴിവാക്കാൻ സഹായിക്കും. കൂടാതെ, തുടർച്ചയായി ഇരിക്കുകയോ നിൽക്കുകയോ ചെയ്യാതിരിക്കുന്നതാണ് നല്ലത് – ആവശ്യമുള്ളപ്പോൾ ഇടവേളകൾ എടുക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും, ”ഡോ ഉഷ ചൂണ്ടിക്കാണിക്കുന്നു.

ആവശ്യമനുസരിച്ച് പിന്തുണകൾ ഉപയോഗിക്കുക: “നിങ്ങൾ നിൽക്കുകയും എന്തെങ്കിലും ജോലി ചെയ്യുകയും ചെയ്യുകയാണെങ്കിൽ, പിന്തുണയ്‌ക്കായി ഒരു ഫുട് സ്റ്റൂൾ ഉപയോഗിക്കുക,” ഡെംഗ്‌ല നിർദ്ദേശിക്കുന്നു. “രണ്ട് കാലുകളും ഒരേസമയം ഫുട് സ്റ്റൂളിൽ വയ്ക്കുന്നതിനുപകരം, നിങ്ങൾക്ക് അവ ഒന്നിടവിട്ട് മാറ്റി മാറ്റി വയ്ക്കാം.  ഇത് നടുവിനുണ്ടാകുന്ന ഭാരം ലഘൂകരിക്കുന്നു. മാത്രമല്ല, വലുതായി വരുന്ന വയറിൻ്റെ പിന്തുണയ്ക്കായി ചില ബെല്ലി ബാൻഡുകൾ ഉപയോഗിക്കാവുന്നതാണ്. “നല്ല പിന്തുണ നൽകുമ്പോൾ, അത് നാടുവിൻ്റെ വേദന കുറയ്ക്കുന്നു. എന്നിരുന്നാലും, ഉറങ്ങുമ്പോൾ ഇത് ധരിക്കാൻ പാടില്ല. പകൽ സമയത്ത് ഇടയ്ക്ക് ധരിക്കുകയും അഴിച്ചു വയ്ക്കുകയും ചെയ്യുന്നതാണുത്തമം.” ഡെംഗ്ല കൂട്ടിച്ചേർക്കുന്നു. മറ്റേണിറ്റി തലയിണകളും ഉപയോഗപ്രദമായിരിക്കും, എന്നാൽ പരമാവധി ഗുണങ്ങൾ ലഭിക്കുന്നതിന് അവ ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടതുണ്ട്.

പാദരക്ഷകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുക: ഗർഭിണികൾ ഹൈ ഹീലുകളും പൂർണ്ണമായും പരന്ന ഷൂകളും പോലുള്ള അസുഖകരമായ പാദരക്ഷകൾ ഒഴിവാക്കണം. ചെറിയ, വെഡ്‌ജഡ് ഹീലുകളുള്ളതും നടുഭാഗം വളഞ്ഞതുമായ പാദരക്ഷകൾ ശരീരഭാരം തുല്യമായി വിന്യസിക്കാൻ സഹായിക്കും.

പതിവായി വ്യായാമം ചെയ്യുക: എല്ലാറ്റിനുമുപരി, ഗർഭകാല നടുവേദന ഒഴിവാക്കാൻ ആദ്യമായി ചെയ്യേണ്ട ഒരു മികച്ച മാർഗ്ഗമാണ് വ്യായാമം.

നടുവേദന കുറയ്ക്കാൻ വ്യായാമങ്ങളും സ്ട്രെച്ചിങ്ങും

ഗർഭകാലത്ത് ഏതെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യുന്നതിനുമുമ്പ്, നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കാൻ മറക്കരുത്. പാരസ്പൈനൽ പേശികളെ ലക്ഷ്യമാക്കി അവയെ ശക്തിപ്പെടുത്തുന്ന വ്യായാമങ്ങൾ നടുവേദന കുറയ്ക്കും.

“പ്രസവത്തിനു മുൻപായി ചെയ്യാൻ പറ്റുന്ന നിരവധി വ്യായാമങ്ങൾ ഉണ്ട് – ആൻ്റിനേറ്റൽ പൈലേറ്റുകൾ ഒരു ഉദാഹരണമാണ്” ഡെംഗ്ല പറയുന്നു. സ്ട്രെച്ചിംഗ് വ്യായാമങ്ങളും ഗുണം ചെയ്യും. സേതുബന്ധനാസനം അല്ലെങ്കിൽ പെൽവിക് ടിൽറ്റ്, മാർജാരാസനം, ഉസ്ട്രാസനം എന്നിവ ഗർഭകാലത്ത് നല്ല ഗുണം ചെയ്യുമെന്ന് ഡോ ഉഷ പറയുന്നു.

ദിവസവും 30-45 മിനിറ്റ് നടക്കുന്നത് നടുവേദന കുറയ്ക്കാൻ വളരെയധികം സഹായിക്കും. കസേര കൊണ്ടുള്ള വ്യായാമങ്ങൾ മറ്റൊരു മാർഗമാണ്, പ്രത്യേകിച്ച് പരിമിതമായ ചലനശേഷിയുള്ള സന്ദർഭങ്ങളിൽ. നീന്തൽ ഗർഭിണികൾക്കുള്ള വളരെ നല്ലൊരു വ്യായാമമാണ്. “ഗർഭകാലത്ത് നിങ്ങളുടെ പേശികളിലെയും സന്ധികളിലെയും ഭാരം കുറയ്ക്കാൻ നീന്തൽ സഹായകരമാണ്, നിങ്ങളുടെ അവസാന ത്രൈമാസത്തിൽ പോലും ഇത് സുരക്ഷിതമാണ്,” ഡെംഗ്ല എടുത്തുപറയുന്നു.

വ്യായാമം ചെയ്യുമ്പോൾ, നിങ്ങൾ വളരെ സുഖകരമായി ശ്വാസോച്ഛ്വാസം നടത്തേണ്ടത് വളരെയധികം പ്രാധാന്യമുള്ള കാര്യമാണ്. ഏതെങ്കിലും ഘട്ടത്തിൽ, നിങ്ങൾക്ക് അമിതമായ വലിച്ചിൽ അല്ലെങ്കിൽ അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കിൽ ഉടനെ നിർത്തുക. “ബോധപൂർവും സാവധാനത്തിലും ആഴത്തിലുമുള്ള ശ്വസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലാമേസ് ശ്വസന സാങ്കേതികത പരിശീലിക്കുന്നത് ഗർഭിണിയെ ശാന്തമാക്കാനും ഉത്കണ്ഠയും സമ്മർദവും കുറയ്ക്കാനും പ്രസവത്തിനായി സജ്ജമാക്കാനും സഹായിക്കുന്നു,” ഡെംഗ്ല വിശദീകരിക്കുന്നു.

മനസ്സിലാക്കേണ്ടവ

  • ശാരീരിക മാറ്റങ്ങൾ മൂലം ഏകദേശം 50-80 ശതമാനം സ്ത്രീകൾക്കും ഗർഭകാലത്ത് നടുവേദന അനുഭവപ്പെടാറുണ്ട്.
  • റിലാക്‌സിൻ ഹോർമോണും ലോർഡോസിസും ഒപ്പം മോശം ശരീര വിന്യാസവും പിരിമുറുക്കവുമാണ് നടുവേദനയുടെ പ്രധാന കാരണങ്ങൾ.
  • പതിവായി വ്യായാമം ചെയ്യുക, ഇരിക്കുമ്പോഴോ നിൽക്കുമ്പോഴോ ശരിയായ ശരീര വിന്യാസം നിലനിർത്തുക, ഉചിതമായ പാദരക്ഷകൾ, ബെല്ലി ബാൻഡുകൾ,  മറ്റേണിറ്റി തലയിണകൾ എന്നിവ ഉപയോഗിക്കുക. ഇതെല്ലാം തന്നെ വേദന ലഘൂകരിക്കാൻ സ്വീകരിക്കാവുന്ന ചില മാർഗങ്ങളിൽ ഉൾപ്പെടുന്നു.
  • പെൽവിക് ടിൽറ്റ്, മാർജരാസനം, ഉസ്ട്രാസനം തുടങ്ങിയവ പോലുള്ള സ്ട്രെച്ചിങ്ങുകളും നടത്തം, നീന്തൽ തുടങ്ങിയ വ്യായാമങ്ങളും നിങ്ങളുടെ പേശികളെ ശക്തമാക്കുകയും അങ്ങനെ നടുവേദന കുറയ്ക്കുകയും ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

9 − 4 =

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

Previous
Next

Opt-in To Our Daily Newsletter

* Please check your Spam folder for the Opt-in confirmation mail

Opt-in To Our
Daily Newsletter

We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്