
മുംബൈയിൽ നിന്നുള്ള 12 വയസുകാരൻ പലപ്പോഴും അച്ഛനമ്മമാരോട് ദേഷ്യപ്പെടുകയും വാക്കുകൾ കൊണ്ട് അവരെ അധിക്ഷേപിക്കുകയും ചെയ്യുമായിരുന്നു. മണിക്കൂറുകളോളം ഫോൺ ഉപയോഗിക്കുന്ന ശീലം മാറ്റുന്നതിനായി മാതാപിതാക്കൾ ഇടപെട്ട് അവന് പുസ്തങ്ങൾ വായിക്കാൻ നൽകി. എന്നാൽ ഇത് അവനെ കൂടുതൽ അസ്വസ്ഥനാക്കി. കുട്ടികൾ കാണിക്കുന്ന ഇത്തരത്തിലുള്ള ദേഷ്യ പ്രകടനങ്ങൾ നിയന്ത്രിക്കുക എന്നത് പല മാതാപിതാക്കളേയും അലട്ടുന്ന ആശങ്കയാണ്. കൂടാതെ കുട്ടികളുടെ വ്യത്യസ്ത സ്വഭാവ പ്രകടനങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ളത് പലർക്കും അറിയില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ശരിയായ രീതിയിലുള്ള മാനസിക വളർച്ചക്കും പെരുമാറ്റ രൂപീകരണത്തിനുമായി കുട്ടികളിലെ അനാവശ്യ കോപം നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
കോവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗണിന് ശേഷം സ്കൂളുകൾ പുനരാരംഭിച്ചപ്പോൾ പഠനഭാരം കൂടിയതും മാതാപിതാക്കൾ കുട്ടിയിൽ കൂടുതൽ പ്രതീക്ഷ നൽകിയതുമാണ് ഈ പന്ത്രണ്ടുകാരൻ്റെ കാര്യത്തിൽ ദേഷ്യ പ്രകടനങ്ങൾ വഷളാകാൻ ഇടയാക്കിയത്. കൂടാതെ ചില കളിയാക്കലുകൾ നേരിടേണ്ടി വന്നതും കുട്ടിയുടെ ദേഷ്യപ്പെടൽ വർദ്ധിക്കാൻ കാരണമായതായി അവനെ ചികിത്സിച്ചിരുന്ന സൈക്കോളജിസ്റ്റ് സച്ചി ഡാൽവി പറയുന്നു.
കുട്ടികളിലെ ദേഷ്യം നിയന്ത്രിക്കാം
കുട്ടികളിലെ കോപം നിയന്ത്രിക്കുന്നതിലെ ഒരു പ്രധാന ഘട്ടം അവരുടെ കോപപ്രകടനത്തിന് കാരണമാകുന്ന കാര്യങ്ങൾ തിരിച്ചറിയുക എന്നതാണ്. രക്ഷിതാക്കൾക്ക് കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാതിരുന്നാൽ അത് അവരുടെ ദേഷ്യത്തിന് കാരണമാകുമെന്ന് സച്ചി ഡാൽവി പറയുന്നു. ” അഥവാ ഒരു കള്ളം പറഞ്ഞ് അവർ പിടിക്കപ്പെട്ടാൽ സത്യം സമ്മതിക്കുന്നതിന് പകരം പ്രതിരോധത്തിനായി ദേഷ്യത്തെ ഉപയോഗിച്ചേക്കാമെന്നും അവർ വിശദീകരിക്കുന്നു. കൂടാതെ, കുട്ടിക്ക് ഇഷ്‌ടപ്പെടാത്ത കാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെടുന്നതും പ്രകോപനത്തിന് കാരണമാകുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
ദേഷ്യം മൂലം കുട്ടികളിലുണ്ടാകുന്ന പ്രശ്നങ്ങൾ
“നമ്മുടെ തലച്ചോറിനെ രണ്ട് ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. വലത് ഭാഗം വികാര പ്രകടനങ്ങളുമായും ഇടത് ഭാഗം യുക്തിയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ വലത് ഭാഗം ഇടത് ഭാഗത്തേക്കാൾ വേഗത്തിൽ വികസിക്കുന്നത് മൂലമാണ് വികാരങ്ങളോട് യുക്തിസഹമായി പ്രതികരിക്കാൻ കുട്ടികൾക്ക് സാധിക്കാതെ വരുന്നത്”- ബാംഗ്ലൂർ സ്പാർഷ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ഇൻ്റെൻസിവിസ്റ്റ് ഡോ.സുമൈറ ഖാസി പറയുന്നു. യുക്തിപരമായ ഭാഗം പൂർണ്ണമായി വികസിക്കുന്നതിന് സമയവും ജീവിതാനുഭവവും ആവശ്യമാണ്. അതുകൊണ്ട് തന്നെ ഒരു കുട്ടിക്ക് സാഹചര്യങ്ങളോട് ഉചിതമായി പ്രതികരിക്കാന് സാധിച്ചെന്ന് വരില്ല.
കുട്ടികൾ വാക്കുകൾ പഠിച്ചു തുടങ്ങുന്നവരാണ്. പരിമിതമായ പദസമ്പത്ത് കാരണം അവരുടെ വികാരങ്ങൾ വാക്കുകളാൽ പ്രകടിപ്പിക്കാൻ കഴിയാത്തതിനാലും കുട്ടികൾ ദേഷ്യപ്പെടാൻ സാധ്യതയുണ്ട്. അതായത് ദേഷ്യം അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള മാർഗ്ഗമായി മാറുന്നു. സംസാരം വൈകുന്ന കുട്ടികളിൽ ദേഷ്യത്തിനുള്ള സാധ്യത കൂടുതലാണെന്നും ഡോ.സുമൈറ ഖാസി പറയുന്നു.
ദേഷ്യപ്പെടുന്നതിനുള്ള കാരണങ്ങൾ
കുട്ടികളുടെ ദേഷ്യത്തിനുള്ള ചില പൊതുവായ കാരണങ്ങൾ പങ്കുവെക്കുകയാണ് മുതിർന്ന സൈക്കോളജിസ്റ്റ് ആയ ദീപാലി ഭത്ര. അവയിൽ ഇനി പറയുന്നവ ഉൾപ്പെടുന്നു
- ജനിതകം
- ADAH, വിഷാദം എന്നിവ പോലുള്ള മാനസിക പ്രശ്നങ്ങൾ
- കുടുംബ പ്രശ്നങ്ങൾ
- മാതാപിതാക്കളിൽ നിന്ന് നേരിടുന്ന കടുത്ത പെരുമാറ്റങ്ങൾ
- കൂട്ടുകാരിൽ നിന്നോ സമപ്രായക്കാരിൽ നിന്നോ നേരിടുന്ന കളിയാക്കലുകൾ
- ശരിയായി ഉറങ്ങാതിരിക്കൽ, അക്രമാസക്തമായ വീഡിയോ ഗെയിമുകൾ കാണൽ
- ശാരീരികമോ, മാനസികമോ,ലൈംഗികമോ ആയ ചൂഷണം
കുട്ടികളിലെ ദേഷ്യം പ്രശ്നക്കാരനാകുന്നത് എപ്പോൾ?
നിസാര കാരണങ്ങൾക്ക് പോലും നിരന്തരം കടുത്ത വാശിയും ദേഷ്യവും കാണിക്കുന്നത് കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചക്ക് തീരെ അനുയോജ്യമല്ല. ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ ഉചിതമായി പരിഹരിക്കണം. ഡോ.സുമൈറ ഖാസിയുടെ അഭിപ്രായത്തിൽ ആഴ്ചയിൽ എട്ട് മുതൽ ഒൻപത് തവണ വരെയുള്ള കോപപ്രകടനങ്ങൾ കുഴപ്പമില്ല എന്നാണ്.
ADHD പോലുള്ള മാനസിക പ്രശ്നങ്ങളുള്ള കുട്ടികൾക്ക്, ദേഷ്യം ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ഏകാഗ്രത കുറവ്, പ്രവർത്തന മാന്ദ്യങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാവുമെന്ന് ദീപാലി ഭത്ര പറയുന്നു.
കുട്ടികളിലെ ദേഷ്യം എങ്ങിനെ നിയന്ത്രിക്കാം
കുട്ടി ദേഷ്യപ്പെടുമ്പോൾ തിരിച്ച് ദേഷ്യത്തിൽ പെരുമാറാതെ അവരുടെ വികാരത്തെ അംഗീകരിക്കേണ്ടതിൻ്റെ പ്രാധാന്യം വ്യക്തമാക്കുകയാണ് സൈക്കോളജിസ്റ്റായ സച്ചി ഡാൽവി. ഇത്തരത്തിലുള്ള വികാര പ്രകടനങ്ങൾ മനുഷ്യ സഹജമാണെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കുകയാണ് ആദ്യം വേണ്ടതെന്ന് അവർ പറയുന്നു
കുട്ടികളിലെ ദേഷ്യം നിയന്ത്രിക്കുന്നതിനായി അവർ നിർദ്ദേിക്കുന്ന നാല് ഘട്ടങ്ങൾ ഇവയെല്ലാമാണ്.
കുട്ടിയുടെ പെരുമാറ്റത്തിൻ്റെ അനന്തരഫലങ്ങളെ കുറിച്ച് മനസിലാക്കുകയും അത് കുട്ടിയെ സ്നേഹത്തോടെ പറഞ്ഞ് മനസിലാക്കുകയുമാണ് ആദ്യം ചെയ്യേണ്ട്. ഇനി കുട്ടി അതിന് വഴങ്ങുന്നില്ല എങ്കിൽ ദേഷ്യം അടങ്ങി അവർ ശാന്തരാകുകയും തെറ്റായി പെരുമാറിയതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നത് വരെ കുട്ടിയുമായി സംസാരിക്കാതിരിക്കുക. സ്നേഹവും കാർക്കശ്യവും ഇടകലർത്തി വേണം കുട്ടിയെ സമീപിക്കാൻ. സംസാരത്തിലും ശരീരഭാഷയിലുമായി കാർക്കശ്യം ഒതുക്കാനും കുട്ടിയെ അടിക്കാനോ ശാരീരികമായി ഉപദ്രവിക്കാതിരിക്കാനോ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. ഇത് പ്രാവർത്തികമാകുന്നില്ല എങ്കിൽ മാതാപിതാക്കൾ സമീപനം വീണ്ടും കർശനമാക്കണം.അതായത് കുട്ടിയുടെ പ്രവർത്തിയുടെ പരിണിത ഫലമാണിതെന്ന് ബോധ്യപ്പെടുത്തി കൊണ്ട് കുട്ടിയോട് മിണ്ടാതിരിക്കുന്ന നടപടി സ്വീകരിക്കാം. തൻ്റെ തെറ്റ് തിരിച്ചറിയുകയും മാപ്പപേക്ഷിക്കുകയും ചെയ്യുന്നത് വരെ അവരോട് സംസാരിക്കാൻ പാടില്ല. കുട്ടികൾക്ക് ആത്മപരിശോധന നടത്താൻ രക്ഷിതാക്കൾ സമയം നൽകണം, അതിനു ശേഷം അവർക്ക് ഇരട്ടി സ്നേഹം നൽകാം.
കുട്ടികളുടെ ദേഷ്യം നിയന്ത്രിക്കാൻ അവരോട് ഏത് തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കണമെന്ന് മാതാപിതാക്കൾ ഒന്നിച്ചു വേണം തീരുമാനിക്കാൻ (ഉദാഹരണത്തിന് ദേഷ്യപ്പെടരുത്, സംസാരിക്കാതിരിക്കൂ എന്നിങ്ങനെയുള്ളവ). ഒരേ വാക്യങ്ങൾ ആവർത്തിച്ചുപയോഗിക്കുന്നത് ആശയക്കുഴപ്പമില്ലാതെ സന്ദേശം മനസ്സിലാക്കാൻ കുട്ടിയെ സഹായിക്കും.” “കാർക്കശ്യത്തിൻ്റെ കാര്യത്തിൽ രക്ഷിതാക്കളും ചില ശ്രദ്ധ നൽകണം. കാരണം രക്ഷിതാക്കളിലൊരാൾ കുട്ടി ദേഷ്യപ്പെടുമ്പോൾ കാർക്കശ്യത്തോടെ പെരുമാറുകയാണെങ്കിൽ മറ്റേ വ്യക്തിയിലും സമാനമായ സമീപനമായിരിക്കണം ഉണ്ടാകേണ്ടത്”
ശരിയായ പ്രതിരോധ തന്ത്രം തിരഞ്ഞെടുക്കാം
കുട്ടികൾ ദേഷ്യപ്പെടുമ്പോൾ രക്ഷിതാക്കൾ തിരിച്ച് അതേ ദേഷ്യത്തോടെ പെരുമാറരുത് എന്നാണ് ഡോ.സുമൈറ ഖാസിയുടെ നിർദ്ദേശം. ” കുട്ടികൾ ദേഷ്യപ്പെടുമ്പോൾ അവരിൽ നിന്ന് മനപ്പൂർവ്വം മാറി നിൽക്കാൻ ശ്രമിക്കണം. പിന്നീട് ദേഷ്യം അടങ്ങിയതിന് ശേഷം കുട്ടിയെ സമീപിക്കുക. നയപരവും ആരോഗ്യകരവുമായ സമീപനം കുട്ടിയെ പഠിപ്പിക്കാൻ ഇത് സഹായകരമാകും. നിങ്ങളും ദേഷ്യത്തോടെ തന്നെ പ്രതികരിക്കുകയാണെങ്കിൽ അതൊരു പതിവായി മാറും.
കുട്ടികളുടെ ദേഷ്യം തണുപ്പിക്കുന്നതിനായി വരയ്ക്കാനോ എഴുതാനോ എന്തെങ്കിലും നൽകാവുന്നതാണ്(ചെറിയ കുട്ടികൾക്ക്). അല്ലെങ്കിൽ അവരെ നടക്കാനായി കൊണ്ടുപോകാം. വലിയ കുട്ടികളാണെങ്കിൽ ഒരു ഡയറി എഴുതുന്നതു പോലെ അവരുടെ മനസിലെ ചിന്തകളും വികാരങ്ങളും കുറിച്ചിടാൻ പ്രോത്സാഹിപ്പിക്കാം.
മാതാപിതാക്കൾ കുട്ടികളോടൊപ്പം കൂടുതൽ സമയം ചിലവിടാൻ ശ്രമിക്കണം. കുട്ടികളിലെ ദേഷ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് ഒരു പരിധി വരെ സഹായിക്കും. കുട്ടികളോടൊപ്പം കളിക്കുന്നതും, അവരുടെ മാനസിക വികാരങ്ങൾ പങ്കുവെക്കുന്നതിനും, സ്കൂളിലെ വിശേഷങ്ങൾ ചോദിച്ചറിയുന്നതിനുമെല്ലാം മാതാപിതാക്കൾ സമയം കണ്ടെത്തണമെന്നും സുമൈറ ഖാസി പറയുന്നു.
രക്ഷിതാക്കൾ സ്വയം ശ്രദ്ധാലുക്കളാകണം
മുൻപ് പറഞ്ഞ കുട്ടിയുടെ കാര്യത്തിൽ , അവൻ്റെ അച്ഛൻ വാക്കുകളാൽ അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്യാറുണ്ടെന്ന് കണ്ടെത്തി. ഇത് കുട്ടി അനുകരിക്കുകയായിരുന്നു. ” അവൻ അച്ഛനെ മാതൃകയായി കണക്കാകുകയും, അച്ഛൻ്റെ അശ്ലീല പദപ്രയോഗങ്ങൾ പകർത്തുകയും ചെയ്തതായിരുന്നു പ്രശ്നത്തിന് കാരണം”- സച്ചി ഡാൽവി പറയുന്നു.
കുട്ടികളുടെ മുന്നിൽ വച്ച് ദേഷ്യപ്പെടുമ്പോൾ മാതാപിതാക്കൾ കർശനമായും നിയന്ത്രണങ്ങൾ പാലിക്കണം എന്നതിനുള്ള വ്യക്തമായ തെളിവാണിത്. കടുത്ത വാക്കുകളോ പദപ്രയോഗങ്ങളോ മർദ്ദനങ്ങളോ നിർബന്ധമായും ഒഴിവാക്കണം. കുട്ടിയെ എപ്പോഴും ഊർജസ്വലരായിരിക്കാൻ സഹായിക്കണം. അതിനായി എപ്പോഴും അവരോട് സംസാരിക്കാൻ ശ്രമിക്കണം. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ആശയവിനിമയം നടത്തുന്നതും അവരെ ശ്രദ്ധാപൂർവ്വം കേൾക്കുന്നതും അത്യന്താപേക്ഷിതമാണ്.
കുട്ടികളെ വിമർശിക്കുന്നതും ഏതെങ്കിലും കാര്യത്തിൻ്റെ പേരിൽ ഭീഷണിപ്പെടുത്തുന്നതും ഒഴിവാക്കണം. അവർക്ക് സുരക്ഷിതത്വം അനുഭവപ്പെടുകയും പേടിയില്ലാതെ ആശയ വിനിമയം നടത്താനുള്ള സ്വാതന്ത്ര്യം അനുഭവപ്പെടുകയും ചെയ്യുന്ന തരത്തിലുള്ള ആത്മബന്ധം കെട്ടിപ്പടുക്കാൻ മാതാപിതാക്കൾ എപ്പോഴും ശ്രദ്ധിക്കണമെന്ന് ദീപാലി ഭത്ര നിർദ്ദേശിക്കുന്നു.
ചികിത്സ ആവശ്യമാണ്
കുട്ടിയുടെ അച്ഛന് ദേഷ്യം നിയന്ത്രിക്കുന്നതിനുള്ള കൗൺസലിംഗുകൾ നൽകി. അദ്ദേഹത്തിൻ്റെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയപ്പോൾ കുട്ടിയിലും അത് പ്രതിഫലിക്കാൻ ആരംഭിച്ചു. മെഡിറ്റേഷൻ ഉൾപ്പെടുന്ന ചികിത്സയായിരുന്നു കുട്ടിക്ക് നൽകിയിരുന്നത്. രണ്ട് മാസത്തിനുള്ളിൽ തന്നെ ദേഷ്യം മൂലമുള്ള പ്രശ്നങ്ങൾ ഫലപ്രദമായി തന്നെ കുറഞ്ഞതായി സച്ചി ഡാൽവി പറഞ്ഞു.
കുട്ടികളാണ് എല്ലാ പ്രശ്നത്തിനും കാരണക്കാർ എന്ന തരത്തിൽ മാതാപിതാക്കൾ അവരെ മുദ്ര കുത്തരുത്. കുട്ടിയും മാതാപിതാക്കളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്ന തരത്തിലുള്ള സമീപനമായിരിക്കണം ഇരുഭാഗത്തും നിന്നും ഉണ്ടാകേണ്ടത്.
കുട്ടികളിലെ കോപം നിയന്ത്രിക്കുന്നതിനുള്ള ചികിത്സാ ഇടപെടലുകളിൽ ബിഹേവിയർ തെറാപ്പി ഉൾപ്പെടുന്നു. അതേസമയം മാതാപിതാക്കൾ അവരുടെ സ്വഭാവം മാറ്റുന്നതിലൂടെ കുട്ടികളുടെ സ്വഭാവത്തിലും മാറ്റം വരുത്താൻ സാധിക്കും.
പ്രധാന പോയിൻ്റുകൾ
മാനസിക പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ, മാതപിതാക്കളിൽ നിന്ന് നേരിടുന്ന കടുത്ത പെരുമാറ്റങ്ങൾ എന്നിവ കുട്ടികളിലെ ദേഷ്യത്തിനുള്ള കാരണങ്ങളാകും.
കുട്ടികളുടെ ദേഷ്യം അംഗീകരിക്കാൻ മാതാപിതാക്കൾ തയ്യാറാകുകയും മനുഷ്യ സഹജമായ വികാരമാണ് ഇതെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കുകയും വേണം.
കുട്ടികൾ ദേഷ്യത്തിലിരിക്കുമ്പോൾ മാതാപിതാക്കൾ അവരെ സമീപിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൂടാതെ കുട്ടിയുടെ ദേഷ്യം തണ്ുത്തതിനു ശേഷം ഇത് ആവർത്തിക്കാതിരിക്കാനുള്ള ഒരു തന്ത്രമെന്ന നിലയിൽ അവരോട് അൽപം അകലം പാലിക്കാൻ ശ്രമിക്കണം.