ഹോസ്റ്റൽ ജീവിതത്തിൽ ആകൃഷ്ടയായി ഒരു ബോർഡിംഗ് സ്കൂളിൽ ചേരണമെന്ന് ഋഷിക അഗർവാൾ എന്ന 12 വയസ്സുകാരി ആഗ്രഹിച്ചത് 2013 ലാണ്. അവളെ വീട്ടിൽ നിന്ന് പറഞ്ഞയക്കാൻ മാതാപിതാക്കൾക്ക് താല്പര്യമില്ലായിരുന്നെങ്കിലും, മനസ്സില്ലാമനസ്സോടെ മകളുടെ ആഗ്രഹത്തിന് സമ്മതിച്ചു. പക്ഷെ അവിടെ തനിക്ക് ഏകാന്തത അനുഭവപ്പെടുമെന്നും ഗൃഹാതുരത്വം അനുഭവിക്കേണ്ടി വരുമെന്നും ഋഷിക അറിഞ്ഞിരുന്നില്ല. കുട്ടികളിലെ ഗൃഹാതുരത്വം മിക്ക കുട്ടികളിലും രണ്ട് മാസത്തിനുള്ളിൽ മറികടക്കാവുന്ന ഒരു സാധാരണ പ്രതിഭാസമാണെന്ന് വിദഗ്ദ്ധർ പറയുന്നു. എന്നാൽ ചിലർക്ക് വിഷാദവും വേർപിരിയലിലെ ഉത്കണ്ഠയും ദീർഘകാലത്തേക്ക് അനുഭവപ്പെടാം.
“21 ദിവസത്തെ ഹോസ്റ്റൽ ജീവിതത്തിനു ശേഷം ആദ്യമായി വീട്ടിലേക്ക് വിളിച്ചത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ഒരക്ഷരം മിണ്ടാൻ കഴിയാതെ ഞാൻ പൊട്ടിക്കരയുകയായിരുന്നു,” റിഷിക ഹാപ്പിയസ്റ്റ് ഹെൽത്തിനോട് പറയുന്നു.
കുട്ടികളിലെ വേർപിരിയലിൻ്റെ ഉത്കണ്ഠ : മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
“സുരക്ഷിതമായ അന്തരീക്ഷം നഷ്‌ടപ്പെടുകയും അപരിചിതമായ അന്തരീക്ഷത്തിൽ ആവുകയും ചെയ്യുമ്പോൾ ഒരാൾക്ക് ഗൃഹാതുരത്വം അനുഭവപ്പെടാൻ തുടങ്ങുന്നു,” ലഖ്‌നൗവിൽ നിന്നുള്ള, ചൈൽഡ് ആൻഡ് അഡോളസെൻ്റ് സൈക്യാട്രിസ്റ്റായ ഡോ.പ്രഥം ദുവ പറയുന്നു.
ഒരു കുടുംബം കുട്ടിയെ വിദ്യാഭ്യാസത്തിനായി അയയ്ക്കാൻ തീരുമാനിക്കുകയാണെങ്കിൽ, കുട്ടിയും ആ തീരുമാനമെടുക്കൽ പ്രക്രിയയുടെ ഭാഗമാണെന്ന് മാതാപിതാക്കൾ ഉറപ്പാക്കണം, ഡോ ദുവ കൂട്ടിച്ചേർക്കുന്നു.
“ഒരു കുട്ടിയെ വീട്ടിൽ നിന്ന് അയയ്‌ക്കുന്നതിൻ്റെ കാരണങ്ങൾ യുക്തിസഹമാക്കുന്നത് അത്യന്താപേക്ഷിതമാണ്. “കുട്ടികളെ അവർ സ്നേഹിക്കുന്നുവെന്നും അവരെ യാത്രയാക്കുന്നത് ശിക്ഷയുടെ ഭാഗമായല്ല, മറിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് വേണ്ടിയാണെന്ന് മാതാപിതാക്കൾ അവർക്ക് ഉറപ്പ് നൽകേണ്ടതുണ്ട്.” മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നുള്ള പാരൻ്റിംഗ് എഡ്യൂക്കേറ്ററും ഫാമിലി കൗൺസിലറുമായ ഹിമാനി ഗുപ്തെ കൂട്ടിച്ചേർക്കുന്നു.
“സ്‌കൂൾ വിദ്യാർത്ഥികളാകട്ടെ, കൗമാരക്കാരാകട്ടെ, മുതിർന്നവരാകട്ടെ, ആരായാലും എപ്പോഴും വീട്ടിൽ തന്നെ ചിലവഴിക്കുകയാണെങ്കിലോ അല്ലെങ്കിൽ വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചില്ലെങ്കിലോ ഗൃഹാതുരത്വമുള്ളവരായി മാറാറുണ്ട്” ഡോ ദുവ ചൂണ്ടിക്കാട്ടുന്നു.
കർണാടകയിലെ മടിക്കേരിക്കടുത്ത് ഗോണികൊപ്പയിലുള്ള KALS എന്ന ബോർഡിംഗ് സ്‌കൂളിലെ പ്രിൻസിപ്പൽ ഗൗരമ്മ നഞ്ചപ്പയുടെ അഭിപ്രായത്തിൽ, പെൺകുട്ടികളേക്കാൾ ആൺകുട്ടികളിൽ ദീർഘകാലത്തേക്ക് ഗൃഹാതുരത്വം അനുഭവപ്പെടാറുണ്ട്. “പെൺകുട്ടികളും ആൺകുട്ടികളും തമ്മിലുള്ള വൈകാരികവും സാമൂഹികവുമായ സ്വഭാവങ്ങളിലെ വ്യത്യാസമായിരിക്കാം കാരണം,” നഞ്ചപ്പ വിശദീകരിക്കുന്നു.
ഉത്തർപ്രദേശിൽ നിന്നുള്ള ബാങ്ക് മാനേജരായ കപിൽ ചൗധരി, 2007-ൽ തനിക്കുണ്ടായ ഗൃഹാതുരത്വത്തിൻ്റെ ഓർമ്മകൾ പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്. 17-ാം വയസ്സിലാണ് ഉത്തർപ്രദേശിലെ മുറാദാബാദിൽ നിന്ന് രാജസ്ഥാനിലെ കോട്ടയിലേക്ക് പരിശീലനത്തിനായി മാറുന്നത്. കഠിനമായ കാലാവസ്ഥയും വ്യത്യസ്തമായ ഭക്ഷണവും വീടിനെ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. “ആദ്യത്തെ 15 ദിവസം എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. പ്രയാസപ്പെട്ടാണ് അവിടെ കഴിച്ചുകൂട്ടിയത്. അമ്മയെയും അമ്മയുണ്ടാക്കുന്ന ഭക്ഷണവും ഞാൻ ഒരുപാട് മിസ് ചെയ്തു,” കപിൽ പറയുന്നു.
രക്ഷിതാക്കളിൽ നിന്ന് മാറി നിൽക്കുന്നതിൻ്റെ പ്രശ്നങ്ങൾ എങ്ങനെ മറികടക്കാം?
വീട്ടിൽ നിന്ന് മാറി നിൽക്കാൻ കുട്ടിയെ തയ്യാറാക്കുന്നതിൽ രക്ഷിതാക്കൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.
- അറിയാത്ത കാര്യങ്ങൾക്കായുള്ള തയ്യാറെടുപ്പ്: മുൻകൂട്ടി അറിയാവുന്ന ചുറ്റുപാടുകളെ കുറിച്ച് മുൻധാരണയുള്ള സാഹചര്യങ്ങളിലാണ് കുട്ടികൾ നന്നായി വളരുന്നതെന്ന് ഗുപ്തേ പറയുന്നു. മാതാപിതാക്കളിൽ നിന്നും വേർപിരിഞ്ഞ് അറിയാത്ത സ്ഥലത്തെത്തുന്നത് കുട്ടികളിൽ അപരിചിതരെക്കുറിച്ചുള്ള ഉത്കണ്ഠ സൃഷ്ടിക്കുന്നു. “ഒരു ബോർഡിംഗ് സ്‌കൂളിലേക്ക് വേണ്ടിയോ സമ്മർ ക്യാമ്പിന് വേണ്ടിയോ അല്ലെങ്കിൽ സ്‌കൂളിൻ്റെ ആദ്യ ദിവസത്തേക്ക് വേണ്ടിയോ രക്ഷിതാക്കൾക്ക് കുട്ടിയെ സജ്ജമാക്കാം. സ്‌കൂളിൻ്റെ വീഡിയോകളോ നേരിട്ട് സ്‌കൂൾ സന്ദർശനം നടത്തിയോ കുട്ടിക്ക് പുതിയ സ്ഥലം പരിചയപ്പെടുത്തുക,” ഗുപ്തെ പറയുന്നു.
- പടിപടിയായുള്ള സമീപനം: സുഹൃത്തിൻ്റെ അടുക്കൽ ഒരു രാത്രി ചിലവഴിക്കാനോ ഒന്നുരണ്ടു ദിവസത്തെ ക്യാമ്പിനു വേണ്ടിയോ കുട്ടിയെ സജ്ജമാക്കാൻ ആദ്യം ശ്രമിക്കണമെന്ന് ഡോ. ദുവ മാതാപിതാക്കളെ ഉപദേശിക്കുന്നു. “കുട്ടികളുടെ അനുഭവം പോസിറ്റീവും ഫലപ്രദവുമാണെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം. ഏത് നെഗറ്റീവ് അനുഭവവും ഉത്കണ്ഠ വർദ്ധിപ്പിക്കും, ”അദ്ദേഹം പറഞ്ഞു.
- കുട്ടിയുടെ സമ്മതം: “കുട്ടികളായാലും മുതിർന്നവവരായാലും വീടിന് പുറത്തേക്ക് പോകാൻ സജ്ജമാക്കുന്നതിനുള്ള ആദ്യപടിയാണ് ആശയവിനിമയം,” ഗുപ്തെ പറയുന്നു. കുട്ടിയെ സമ്മർ ക്യാമ്പിലേക്കോ ബോർഡിംഗ് സ്കൂളിലേക്കോ അയക്കുകയാണെങ്കിൽ, കുട്ടിയുടെ സമ്മതം അത്യന്താപേക്ഷിതമാണ്. “ഇത് കുട്ടിയെ മാനസികമായി തയ്യാറെടുക്കാൻ സജ്ജമാക്കും,” ഡോ ദുവ പറയുന്നു.
- കണിശത പുലർത്തുക: ഇടയ്ക്കിടെയുള്ള ഫോൺ കോളുകൾ കുട്ടിയെ കൂടുതൽ ഗൃഹാതുരമാക്കുമെന്ന് ഡോ. ദുവ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, “മാതാപിതാക്കൾ അവർക്ക് കുട്ടിയുമായി വേർപിരിയുമ്പോൾ ഉണ്ടാകുന്ന ഉത്കണ്ഠ കുട്ടിയുടെ മുന്നിൽ കാണിക്കരുത്. കാരണം ഇത് പുതിയ ചുറ്റുപാടുമായി പൊരുത്തപ്പെടുന്നതിൽ നിന്ന് കുട്ടിയെ പിന്തിരിപ്പിക്കും.” ഡെറാഡൂണിലെ ഹോസ്റ്റലിൽ ആദ്യത്തെ 21 ദിവസം വീട്ടിലേക്ക് വിളിക്കുന്നത് വിലക്കിയിരുന്നുവെന്ന് റിഷിക ഓർക്കുന്നു. 21 ദിവസത്തിനുശേഷം, ഞങ്ങളുടെ കുടുംബവുമായി സംസാരിക്കാൻ ഒരു മാസത്തിൽ 60 മിനിറ്റ് സമയം തന്നു.” അവൾ പറയുന്നു, “തിരിഞ്ഞു നോക്കുമ്പോൾ, 21 ദിവസത്തേക്ക് വിളിക്കരുതെന്ന നിയമം പുതിയ സ്ഥലവുമായി നന്നായി പൊരുത്തപ്പെടാൻ എന്നെ സഹായിച്ചു.”
മേൽനോട്ടക്കാർക്കും അധ്യാപകർക്കും സഹായിക്കാം
ഗൃഹാതുരതയുള്ള കുട്ടിയെ സഹായിക്കുന്നതിന് അവരെ പരിചരിക്കുന്നവർക്കായി നഞ്ചപ്പ നൽകുന്ന ചില ടിപ്പുകൾ ഇതാ
-
ആശ്വാസകരമായതും ഉന്മേഷകരമായതുമായ അന്തരീക്ഷം സൃഷ്ടിക്കുക
കളിക്കുന്ന സമയം പ്രോത്സാഹിപ്പിക്കുക, പഠനത്തോടൊപ്പം ചെയ്യാവുന്ന പ്രവർത്തനങ്ങൾക്കും വിനോദപരിപാടികൾക്കും അവസരങ്ങൾ സൃഷ്ടിക്കുക, ചെറിയ പിക്നിക്കുകൾ അല്ലെങ്കിൽ സമീപ പ്രദേശങ്ങളിലേക്കുള്ള കാൽനട യാത്രകൾ എന്നിവ കുട്ടിയെ പുതിയ ചുറ്റുപാടുമായി പൊരുത്തപ്പെടുത്താൻ സഹായിക്കും.
-
നല്ല നിലവാരമുള്ള അടിസ്ഥാന ആവശ്യങ്ങൾ നൽകുക
“ഒരു സ്ഥലത്തോടുള്ള സ്നേഹം വളർത്താൻ നല്ല ഭക്ഷണത്തിന് കഴിയും. അതിനാൽ ആവശ്യത്തിന് നല്ല ഭക്ഷണം നൽകുന്നത് അവരെ പുതിയ സ്ഥലവുമായി ഇണങ്ങാൻ വളരെയധികം സഹായിക്കും. , ”നഞ്ചപ്പ പറയുന്നു.
-
സമപ്രായക്കാരുടെ പിന്തുണ
രക്ഷിതാക്കളുടെ സ്ഥാനത്ത് അവിടെ തന്നെ താമസിക്കുന്ന അധ്യാപകർ ഉണ്ടായേക്കാം, എങ്കിലും സമപ്രായക്കാരുടെ പിന്തുണ അത്യാവശ്യമാണ്. നഞ്ചപ്പ വിശദീകരിക്കുന്നു, “പുതുതായി ബോർഡിങ്ങിൽ എത്തുന്നവർക്ക് പുതിയ ചുറ്റുപാടുകൾ മനസിലാക്കി കൊടുക്കുന്നതിന് അവിടെ നേരത്തെ ഉണ്ടായിരുന്നവരെ ബഡ്ഡികളായി ചുമതലപ്പെടുത്തുക.” അത്തരത്തിൽ തനിക്ക് കിട്ടിയ ബഡ്ഡിയാണ് ഹോസ്റ്റൽ സ്വന്തം വീട് പോലെ തോന്നിപ്പിക്കാൻ സഹായിച്ചതെന്ന് റിഷിക ചൂണ്ടിക്കാട്ടുന്നു. ‘എൻ്റെ കൂടെ ഫ്‌ളാറ്റിൽ ഉണ്ടായിരുന്നവരാണ് കോട്ട നല്ല ഒരു അനുഭവമാക്കിയത്’ കപിൽ കൂട്ടിച്ചേർക്കുന്നു.
സാമൂഹിക ഉത്കണ്ഠ പരിഹരിക്കാനാകാത്തത് എപ്പോൾ
ഭീഷണിപ്പെടുത്തൽ, അക്രമം അല്ലെങ്കിൽ മറ്റ് നെഗറ്റീവ് അനുഭവങ്ങൾ പോലുള്ള സാഹചര്യങ്ങൾ മാതാപിതാക്കളും മേൽനോട്ടം വഹിക്കുന്നവരും വിലയിരുത്തേണ്ടതുണ്ട്.
ഗൃഹാതുരത്വത്തിൻ്റെ തീവ്ര ലക്ഷണങ്ങൾ ഡോ.ദുവ ചൂണ്ടിക്കാണിക്കുന്നു:
- പ്രശ്‌നകരമായ പെരുമാറ്റം (അന്തർമുഖനായ ഒരു കുട്ടി സാമൂഹികമായ ഒറ്റപ്പെടുന്നു ബഹിർമുഖനായ കുട്ടി ആക്രമണ സ്വഭാവം കാണിക്കുന്നു)
- അക്കാദമിക് പ്രകടനത്തിലെ ഇടിവ്
- ഉറങ്ങുന്നതിലെ പ്രശ്നങ്ങൾ
- വിശപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
- തലവേദന
മനസ്സിലാക്കേണ്ടവ
- ഗൃഹാതുരത്വം ഒരു സ്വാഭാവിക പ്രതിഭാസമാണ്. സുരക്ഷിതമായ അന്തരീക്ഷം നഷ്ടപ്പെടുന്നതും അപരിചിതമായ ചുറ്റുപാടിൽ ആയിരിക്കുന്നതും ഒരാളെ ഗൃഹാതുരനാക്കുന്നു.
- കുട്ടി വിഷാദമോ ഉത്കണ്ഠയോ ശാരീരിക ലക്ഷണങ്ങളോ കാണിക്കുമ്പോൾ ഗൃഹാതുരത്വം അതിരൂക്ഷമാണെന്ന് മനസ്സിലാക്കാം.
- ഗൃഹാതുരത്വം മറികടക്കാൻ കുട്ടിയെ സഹായിക്കുന്നതിൽ മാതാപിതാക്കളും പരിചരിക്കുന്നവരും സമപ്രായക്കാരും ഒരു പ്രധാന പങ്ക് വഹിക്കുന്നു.