കുട്ടിക്കാലത്ത്, സാമൂഹികമായി ഇടപെടുമ്പോൾ ലജ്ജയും ഉത്കണ്ഠയും ഉണ്ടാകുന്നത് സാധാരണമാണ്. സ്‌കൂളിൽ സഹപാഠികളോടും അധ്യാപകരോടും ഇടപഴകാൻ തുടങ്ങുമ്പോൾ കുട്ടികൾ സാധാരണയായി ആ ഭയം മറികടക്കാറുണ്ട്. പക്ഷെ, ആ ലജ്ജ നീണ്ടുനിൽക്കുകയോ കുട്ടികളുമായി ഇടപഴകുന്നതിൽ സ്ഥിരമായി ഭയം അനുഭവപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിൽ, അത് സാമൂഹിക ഉത്കണ്ഠാ രോഗത്തിൻ്റെ സൂചനയായിരിക്കാം.
“പുതിയ ആളുകളെ കണ്ടുമുട്ടുമ്പോൾ കുട്ടികൾ പൊതുവെ ഉത്കണ്ഠാകുലരാകാറുണ്ട്. എന്നാൽ ഈ പിരിമുറുക്കം അവരുടെ സാമൂഹിക ബന്ധങ്ങളെയും ദൈനംദിന പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ടെങ്കിൽ, ആ ഭയം ഒരു വലിയ പ്രശ്നത്തിൻ്റെ ഭാഗമാകും”. ന്യൂഡൽഹി സർ ഗംഗാ റാം ഹോസ്പിറ്റലിലെ ശിശു വികസന ക്ലിനിക്കിൽ ചൈൽഡ് ഡെവലപ്‌മെൻ്റ് ആൻ്റ് മെൻ്റൽ ഹെൽത്ത് സർവീസസ് ഓർഗനൈസേഷനായ മൈൻഡ് മെഡോയുടെ ഡയറക്ടറും കൺസൾട്ടൻ്റ് ചീഫ് സൈക്കോളജിസ്റ്റുമായ ഡോ. ഇമ്രാൻ നൂറാനി പറയുന്നു.
5-6 വയസ് പ്രായമുള്ളപ്പോൾ തന്നെ കുട്ടികളിൽ സാമൂഹിക ഉത്കണ്ഠാ രോഗം ഉണ്ടോയെന്ന് അറിയാനുള്ള നടപടികൾ സ്വീകരിക്കുന്നത് ചികിത്സ എളുപ്പമാക്കുമെന്ന് മുംബൈയിലെ ഫോർട്ടിസ് ഹിരാനന്ദാനി ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് പീഡിയാട്രീഷ്യൻ ഡോ.സുഭാഷ് റാവു പറയുന്നു. “14-15 വയസ്സുള്ളപ്പോൾ, ചികിത്സ സാധ്യമാണെങ്കിൽ പോലും അത് വളരെ ബുദ്ധിമുട്ടാണ്” ഡോ. റാവു പറയുന്നു.
സാമൂഹിക ഉത്കണ്ഠ രോഗത്തിൻ്റെ ലക്ഷണങ്ങൾ
ഡോ. റാവുവിൻ്റെ അഭിപ്രായത്തിൽ, കൗമാരത്തിലും പ്രായപൂർത്തി എത്തുന്ന സമയത്തും ഈ അസുഖം സാധാരണമാണ്. “നിങ്ങളുടെ കുട്ടി ഒറ്റയ്ക്ക് ഇരിക്കുമെന്നും സ്‌കൂളിൽ ആരുമായും ശരിയായി ആശയവിനിമയം നടത്തുന്നില്ലെന്നും ഒരു അധ്യാപകൻ പറയുകയാണെങ്കിൽ രക്ഷിതാവ് മുൻകരുതൽ എടുക്കേണ്ടതുണ്ട്.”അദ്ദേഹം പറയുന്നു.
ഒരു കുട്ടി അന്തർമുഖനായിരിക്കുന്നത് സാമൂഹിക ഉൽക്കണ്ഠാ രോഗത്തിൽ നിന്ന് വിഭിന്നമാണെന്ന് വിദഗ്ദ്ധർ കൂട്ടിച്ചേർക്കുന്നു. സാമൂഹിക ഉത്കണ്ഠ ഉള്ള കുട്ടികളും അന്തർമുഖത ഉള്ള കുട്ടികളും വ്യത്യസ്ത സ്വഭാവ സവിശേഷതകളായിരിക്കും പ്രകടിപ്പിക്കുക. അന്തർമുഖത മൂലം ഒരു കുട്ടി നിശബ്ദനുമായിരിക്കുന്നത് സാമൂഹിക ഉത്കണ്ഠയായി തെറ്റിദ്ധരിക്കരുതെന്ന് ഡോക്ടർമാർ പറയുന്നു.
റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റും കൊൽക്കത്തയിലെ എം.എസ് ക്ലിനിക്കിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററുമായ മൗമിത ഗാംഗുലി പറയുന്നതനുസരിച്ച്, സാമൂഹിക ഉൽക്കണ്ഠ രോഗം ഉള്ള കുട്ടികളിൽ ഇനിപ്പറയുന്ന ലക്ഷണങ്ങൾ പ്രകടമാണ്:
- സാമൂഹിക ഒത്തുചേരലുകൾ ഒഴിവാക്കുക
- ഒരു സാമൂഹിക ഇടപെടലിന് മുമ്പ് വിയർക്കുക (വിയർക്കുമ്പോൾ തണുപ്പ് തോന്നുക).
- നാണക്കേട് ഉണ്ടാകുമെന്ന ഭയം
- അപമാനത്തെക്കുറിച്ചുള്ള തീവ്രവും അകാരണവുമായ ഭയം
സാമൂഹിക ഉൽക്കണ്ഠാ രോഗമുള്ള ഒരു കുട്ടി, സ്‌കൂളിൽ പോകുന്നതിന് പോലും, വയറുവേദന അല്ലെങ്കിൽ സുഖമില്ലായ്മ തുടങ്ങിയ ഒഴികഴിവുകൾ പറഞ്ഞേക്കാം. ബെംഗളുരുവിലെ സ്പർഷ് ഹോസ്പിറ്റലിലെ ലീഡ് കൺസൾട്ടൻ്റ് പീഡിയാട്രീഷ്യനായ ഡോ. അനിൽ എം.യു പറയുന്നു.
സാമൂഹിക ഉത്കണ്ഠാ രോഗത്തിൻ്റെ കാരണം?
ചില കാരണങ്ങൾ ഡോ. നൂറാനി ചൂണ്ടിക്കാട്ടുന്നു:
- പാരമ്പര്യ സ്വഭാവങ്ങളും സാമൂഹിക അവഹേളനം, കളിയാക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളും കുട്ടികളിൽ സാമൂഹിക ഉത്കണ്ഠാ രോഗത്തിന് കാരണമാകും.
- ഭയത്തോടുള്ള പ്രതികരണം നിയന്ത്രിക്കുന്നതിൽ അമിഗ്ഡല ( വൈകാരിക പ്രക്രിയകളുമായി ബന്ധപ്പെട്ടിരിക്കുന്ന തലച്ചോറിൻ്റെ ഭാഗം) ഒരു പ്രധാന പങ്ക് വഹിക്കുന്നു. അമിഗ്ഡലയുടെ അമിതപ്രവർത്തനം ഉള്ള ആളുകൾ ഭയത്തോട് അമിതമായി പ്രതികരിക്കും, ഇത് സാമൂഹിക ഉത്കണ്ഠയ്ക്ക് കാരണമായേക്കാം.
- വാക്കാലുള്ളതോ വൈകാരികമോ ശാരീരികമോ ആയ പീഡനം നേരിടുന്ന കുട്ടികളും ഈ അവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ട്.
- ഒരു കുട്ടിയുടെ മേലുള്ള സാമൂഹികമായ പ്രതീക്ഷകളും അപകട ഘടകമാകാം.
- ശരീര പ്രതിച്ഛായയെക്കുറിച്ചുള്ള ഉത്കണ്ഠ ഈ അവസ്ഥയുടെ ആക്കം കൂട്ടും.
സാമൂഹിക ഉത്കണ്ഠ രോഗത്തിൻ്റെ അനന്തരഫലങ്ങൾ
സോഷ്യൽ ആങ്സൈറ്റി ഡിസോർഡർ ചികിത്സിച്ചില്ലെങ്കിൽ അത് വ്യക്തിയുടെ ജീവിതത്തെ ബാധിച്ചേക്കാം. “ഇത് ആത്മാഭിമാനം കുറയുന്നതിനും [സാമൂഹിക സാഹചര്യങ്ങളോടുള്ള] ഹൈപ്പർസെൻസിറ്റിവിറ്റിക്കും ഒറ്റപ്പെടലിനും കാരണമാകുന്നു. കുട്ടികളിൽ അക്കാദമിക പ്രകടനം മോശമാകുകയും ചില കടുത്ത കേസുകളിൽ ആത്മഹത്യാ പ്രവണത കാണിക്കുകയും ചെയ്യാം, ”ഡോ നൂറാനി പറയുന്നു.
സ്കൂളിൽ പോകാൻ വിസമ്മതിക്കുന്നത് അവരുടെ വിദ്യാഭ്യാസം തടസ്സപ്പെടാനും സാമൂഹിക കഴിവുകളുടെ വികസനം മോശമാകാനും ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
14 വയസ്സുകാരിയായ മകളുടെ അക്കാദമിക പ്രകടനം താഴേക്ക് പോയപ്പോൾ മാതാപിതാക്കൾ അവളെയും കൂട്ടി തൻ്റെ അടുത്തേക്ക് വന്ന സംഭവം ഡോ. റാവു ഓർക്കുന്നു. അമിതഭാരം കാരണം സയാനിക്ക് (പേര് മാറ്റിയിരിക്കുന്നു) ശരീരത്തിൻ്റെ പ്രതിച്ഛായയിൽ ആകുലത ഉണ്ടായിരുന്നു. ഉച്ചാരണത്തിലുള്ള വൈകല്യവും അവളെ സാമൂഹിക ഉൽക്കണ്ഠയിലേക്ക് നയിച്ചു. “നിരവധി കൗൺസിലിംഗ് സെഷനുകൾക്ക് ശേഷം, അവൾ തൻ്റെ പ്രശ്നങ്ങൾ തുറന്നുപറയുകയും സാമൂഹികമായി ക്രമേണ ഇടപഴകാൻ തുടങ്ങുകയും ചെയ്തു. ഇപ്പോൾ അവൾ സുഖമായിരിക്കുന്നു”. അദ്ദേഹം വിശദീകരിച്ചു.
സാമൂഹിക ഉത്കണ്ഠ കൈകാര്യം ചെയ്യുന്നതിൽ മാതാപിതാക്കളുടെ പങ്ക്
കുട്ടി ഉത്കണ്ഠ നേരിടുന്ന സാമൂഹിക സാഹചര്യങ്ങളുടെ ഒരു ജേണൽ സൂക്ഷിക്കുന്നത് ചികിത്സാ കോഴ്സ് തീരുമാനിക്കാൻ സഹായിക്കുമെന്ന് ഡോ.നൂറാനി പറയുന്നു.
ഭയത്തെ മറികടക്കാൻ കുട്ടികളെ സഹായിക്കുന്നതിൽ മാതാപിതാക്കൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. “അവരുടെ കുട്ടിയുടെ സാമൂഹിക ഉത്കണ്ഠയുടെ കാരണം തിരിച്ചറിയുക എന്നതാണ് ആദ്യപടി,” ശ്രീമതി ഗാംഗുലി.യുടെ വാക്കുകൾ
ചെറുതും ക്രമേണയുള്ളതുമായ മാറ്റങ്ങൾ വരുത്താൻ ഡോ. റാവു ഉപദേശിക്കുന്നു. “നിങ്ങളുടെ കുട്ടിയെ ഒരു ചെറിയ കുടുംബ സമ്മേളനങ്ങളിലേക്ക് കൊണ്ടുപോകുന്നതിലൂടെ ആരംഭിക്കുക. അത് സാവധാനം കമ്മ്യൂണിറ്റി സമ്മേളനങ്ങൾ പോലുള്ള സാമൂഹിക പരിപാടികളിൽ പങ്കെടുക്കുന്നതിലേക്ക് വ്യാപിപ്പിക്കുക. അത്തരം ഒത്തുചേരലുകളിൽ നിങ്ങളുടെ കുട്ടിയെ അഭിനന്ദിക്കുന്നത് ഭയത്തെ സാവധാനം മറികടക്കാൻ അവരെ സഹായിക്കും.”
മാതാപിതാക്കൾ ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ട്, അവരെ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യരുത്. “എത്ര ശ്രമിച്ചിട്ടും കുട്ടിക്ക് അകാരണമായ ഭയം മാറുന്നില്ലെങ്കിൽ, മാതാപിതാക്കൾ വിദഗ്ദ്ധരുടെ സഹായം തേടണം,” ശ്രീമതി ഗാംഗുലി പറയുന്നു.
കുട്ടികളിലെ സാമൂഹിക ഉത്കണ്ഠ രോഗ ചികിത്സ
പ്രായം, കുടുംബ ചരിത്രം, മാനസികാരോഗ്യ അവസ്ഥ എന്നിവയെ ആശ്രയിച്ച് വ്യത്യസ്ത തരം പെരുമാറ്റ ചികിത്സകളുണ്ട്. “മറ്റെന്തെങ്കിലും ഉത്കണ്ഠ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ സമഗ്രമായ പരിശോധനകൾ നടത്തുന്നു. ഗുരുതരമായ കേസുകളിൽ മരുന്നുകൾ നിർദ്ദേശിക്കപ്പെടുന്നു, ”ഗാംഗുലി പറയുന്നു.
ചെറുപ്പത്തിൽ തന്നെ സഹായം ലഭിക്കുന്നത് സാമൂഹിക ഉത്കണ്ഠയുള്ള ഒരു കുട്ടിയെ ആ അവസ്ഥ തരണം ചെയ്യാനും ആരോഗ്യമുള്ളവരായി വളരാനും സഹായിക്കുമെന്ന് ഡോ. റാവു പറയുന്നു. “പ്രായപൂർത്തിയായി കഴിഞ്ഞാൽ, ചികിത്സ സാധ്യമാണെങ്കിലും ബുദ്ധിമുട്ടായിരിക്കും.”
“സാമൂഹിക ഉത്കണ്ഠ ചികിത്സയിൽ കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയും (CBT) മറ്റ് തരത്തിലുള്ള വ്യക്തിഗത ചികിത്സാ ഇടപെടലുകളും ലളിതമായ പെരുമാറ്റ പരിഷ്കാരങ്ങളും ഉൾപ്പെടുന്നതായി.” ഡോ.നൂറാനി വിശദീകരിക്കുന്നു.
മനസ്സിലാക്കേണ്ടവ
- കുട്ടികളായിരിക്കുമ്പോൾ സാമൂഹികമായി ഉത്കണ്ഠ തോന്നുന്നത് സാധാരണമാണ്. എന്നാൽ സാമൂഹികമായി ഇടപഴകുന്നതിൻ്റെ പിരിമുറുക്കം ഒരു കുട്ടിയുടെ ദൈനംദിന ജീവിതത്തെ ബാധിക്കുമ്പോൾ, അത് സാമൂഹിക ഉത്കണ്ഠാ രോഗത്തിൻ്റെ സൂചനയായിരിക്കാം.
- പ്രായപൂർത്തിയാകുമ്പോൾ ഇത് സാധാരണമായി കാണപ്പെടുന്നു. ഭീഷണിപ്പെടുത്തൽ, കളിയാക്കൽ, സാമൂഹിക അപമാനം എന്നിങ്ങനെയുള്ള നിരവധി പാരിസ്ഥിതിക ഘടകങ്ങളാൽ സാമൂഹിക ഉത്കണ്ഠാ രോഗം ഉണ്ടാകാം.
- പ്രായപൂർത്തിയായി കഴിഞ്ഞാൽ ചികിത്സ ബുദ്ധിമുട്ടായതിനാൽ ചെറുപ്പത്തിൽ തന്നെ സഹായം തേടാൻ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു.
- കുട്ടികളിലെ സാമൂഹിക ഉത്കണ്ഠയുടെ കാരണം മനസ്സിലാക്കുന്നതിൽ മാതാപിതാക്കൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു.