കുഞ്ഞിനെ ഡേകെയറിലേക്ക് അയക്കുന്നത് മാതാപിതാക്കളെ കുഴപ്പിക്കുന്ന ഒരു പരീക്ഷണമായിരിക്കും. ബാംഗ്ലൂരിൽ താമസിക്കുന്ന പ്രിയ സാഹയ്ക്ക് (32) രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജോലിയിൽ തിരികെ പ്രവേശിക്കാൻ ഡേകെയർ ആവശ്യമായിരുന്നു. മകൾക്ക് 2 വർഷവും 3 മാസവും പ്രായമുള്ളപ്പോൾ 2019 ജൂലൈയിൽ അവർ മകളെ ഡേകെയറിൽ ചേർത്തു. അതിനായി ഏകദേശം മൂന്ന് മാസത്തോളം മകൾക്ക് തയ്യാറെടുപ്പുകൾ നൽകിയതായി പ്രിയ പറയുന്നു. അവരുടെ കുട്ടിക്ക് ഡേകെയറുമായി പരിചയപ്പെടാൻ ഏകദേശം രണ്ടാഴ്ച സമയമെടുത്തു.
“വീടിനോട് സാമ്യമുള്ള ഒരു ഡേകെയർ സെൻ്റർ തിരഞ്ഞെടുക്കുക,” കർണാടക കൗൺസിൽ ഓഫ് പ്രീസ്‌കൂളിൻ്റെ സെക്രട്ടറിയും പരിചയസമ്പന്നനായ വിദ്യാഭ്യാസ ഉപദേഷ്ടാവുമായ പൃഥ്വി ബൻവാസി ഉപദേശിക്കുന്നു. സുഗമമായ ഒരു മാറ്റത്തിനായി, കുഞ്ഞിന് ഡേകെയറിൽ ആയിരിക്കുമ്പോൾ വീട്ടിലിരിക്കുന്നതായി അനുഭവപ്പെടണം, കാരണം അവർ അന്നുവരെ അവരുടെ മാതാപിതാക്കളുടെയും മുത്തശ്ശി മുത്തശ്ശന്മാരുടെയും കൂടെ മാത്രമേ കഴിഞ്ഞിട്ടുള്ളൂ.
ഇതിനോട് യോജിച്ചുകൊണ്ട്, മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നുള്ള പാരൻ്റിംഗ് എഡ്യൂക്കേറ്ററും ഫാമിലി കൗൺസിലറുമായ ഹിമാനി ഗുപ്തെ ചൂണ്ടിക്കാണിക്കുന്നു, “കുട്ടിയെ പരിപാലിക്കാൻ പരിസ്ഥിതിയും അവിടെയുള്ള സാധനങ്ങളും അധ്യാപക-അനധ്യാപക ജീവനക്കാരും യോഗ്യരാണെന്ന് മാതാപിതാക്കൾ ഉറപ്പാക്കണമെന്ന് അവർ കൂട്ടിച്ചേർക്കുന്നു, “ഡേകെയർ സ്‌കൂൾ പോലെയാണ്. അതിനാൽ, മാതാപിതാക്കൾ തങ്ങളുടെ കുട്ടിക്കായി ഒരു ഡേകെയർ തിരഞ്ഞെടുക്കുമ്പോൾ അക്കാദമിക് വിദഗ്ദ്ധരേക്കാൾ സാമൂഹിക അന്തരീക്ഷത്തിന് മുൻഗണന നൽകണം.
കുട്ടിയെ എപ്പോൾ ഡേകെയറിലാക്കണം
ഡേകെയറിലെ കുഞ്ഞുങ്ങളുടെ പ്രായം ഒന്നര വയസ്സ് മുതൽ മുതൽ 12 വയസ്സ് വരെ അല്ലെങ്കിൽ 14 വയസ്സ് വരെയാകാം (അപൂർവ സന്ദർഭങ്ങളിൽ). രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക്, മുതിർന്ന കുട്ടികളെ അപേക്ഷിച്ച് ഡേകെയറിൽ ചെലവഴിക്കുന്ന സമയം പൊതുവെ കുറവായിരിക്കും, ഗുപ്തെ ചൂണ്ടിക്കാട്ടുന്നു. “ഡേകെയറിൽ ചേരുന്നതിന് മുമ്പ് കുട്ടി അടിസ്ഥാന ആശയവിനിമയം പഠിക്കണം,” അവർ കൂട്ടിച്ചേർക്കുന്നു.
യു.കെയിലെ നോർവിച്ചിൽ നിന്നുള്ള വീട്ടമ്മയായ ലോറ അവിസ് (43) 2021-ൽ, തൻ്റെ കുഞ്ഞിന് 2 വയസ്സുള്ളപ്പോൾ ഡേകെയറിൽ ചേർത്തു. “എൻ്റെ മകൻ്റെ പുരോഗതി പടിപടിയായി ആയിരുന്നു. ഒന്നോ രണ്ടോ മണിക്കൂർ ഡേകെയറിൽ ചെലവഴിക്കുന്നതിൽ നിന്ന്, ഒരു ദിവസം മുഴുവൻ അവിടെ തങ്ങാൻ പാകത്തിൽ അവൻ പുരോഗമിച്ചു.” അവർ പറയുന്നു,
ആദ്യ ദിവസത്തിന് മുമ്പ് കുട്ടിയുമായി ഡേ കെയർ സന്ദർശിക്കുന്നത് അവരുടെ പരിചയം വർദ്ധിപ്പിക്കാനിടയാക്കുമെന്ന് ഗൈനക്കോളജിസ്റ്റും ചൈൽഡ് സൈക്കോളജിസ്റ്റും ഗോവയിലെ കാനക്കോണയിലെ ഹെൽത്ത് ആൻ്റ് ഇമോഷൻ സ്ഥാപകയുമായ ഡോ.രാജലക്ഷ്മി പറയുന്നു. “കുട്ടിയെ പരിശീലിപ്പിക്കുന്നത് ഒരു പുതിയ പരിതസ്ഥിതി സൃഷ്ടിക്കുന്ന ആഘാതം തടയാൻ കഴിയും. മാതാപിതാക്കളിൽ നിന്ന് മാറി നിൽക്കുന്നതിൻ്റെ മാനസിക പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവ പതുക്കെ മാറ്റിയെടുക്കുകയും വേണം, ”അവർ പറയുന്നു.
ഡേകെയറിലെ കുഞ്ഞ്: മാറ്റം ഒരിക്കലും എളുപ്പമല്ല
പുതിയ പരിതസ്ഥിതിയുമായി പതുക്കെ മാത്രമേ കുട്ടികൾ പൊരുത്തപ്പെടുകയുള്ളൂ എന്നതിനാൽ ഡേകെയറിലേക്കുള്ള മാറ്റം കുട്ടിക്ക് വെല്ലുവിളി നിറഞ്ഞതാണ്. “കുട്ടിയുടെ തയ്യാറെടുപ്പും സുഖസൗകര്യവും പ്രധാനമാണ്,” ഗുപ്തെ അഭിപ്രായപ്പെടുന്നു. “ആദ്യ ദിവസങ്ങളിൽ, ഞാൻ കൂടെ നിൽക്കണമെന്ന് അവന് വാശിയായിരുന്നു. പക്ഷെ, കാലക്രമേണ അവൻ പുതിയ പരിസ്ഥിതിയുമായി പൊരുത്തപ്പെടുമെന്ന് ശിശു സംരക്ഷണ കേന്ദ്രം എന്നെ ആശ്വസിപ്പിച്ചു. അവിസ് ഹാപ്പിയസ്റ്റ് ഹെൽത്തിനോട് പറഞ്ഞു.
നോർവേയിലെ ഓസ്‌ലോയിൽ നിന്നുള്ള ഗവേഷകർ 2021-ൽ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത്, ഒരു കുട്ടി വീട്ടിൽ നിന്ന് ശിശുപരിപാലനത്തിലേക്ക് മാറുമ്പോൾ ഉയർന്ന അളവിൽ കോർട്ടിസോൾ (സ്ട്രെസ് ഹോർമോൺ) പുറപ്പെടുവിക്കുന്നു എന്നാണ്. അവർ മാതാപിതാക്കളിൽ നിന്ന് വേർപിരിയുമ്പോൾ പിരിമുറുക്കം ഏറ്റവും ഉയർന്ന നിലയിലാണ്. മാതാപിതാക്കളുമായി വീണ്ടും ഒന്നിക്കുമ്പോൾ വൈകുന്നേരത്തോടെ പിരിമുറുക്കം ഗണ്യമായി കുറയുന്നു.
ഡേകെയറിൽ വിട്ട് ഞാൻ പോകുമ്പോൾ ഒരാഴ്‌ചയോളം കുറച്ചു സമയം മകൾ കരയുമായിരുന്നെന്ന് പ്രിയ ഓർക്കുന്നു. “പക്ഷെ, രണ്ടാഴ്ചയ്ക്കുള്ളിൽ, അവൾ സന്തോഷത്തോടെ ഒരു ബൈ പറഞ്ഞു കൊണ്ട് കൈവീശി. അത് എനിക്ക് ആശ്വാസം പകരുന്നതായിരുന്നു,” അവർ കൂട്ടിച്ചേർക്കുന്നു.
കൂടാതെ, കുട്ടികളെ ഡേകെയറിലേക്ക് അയയ്‌ക്കുന്നത് മാതാപിതാക്കളിലും വൈകാരിക പ്രക്ഷുബ്ദത ഉണ്ടാക്കും. ഡേകെയറിൽ സുഹൃത്തുക്കളെ ഉണ്ടാക്കി സാമൂഹികപരമായ കഴിവുകൾ (പങ്കിടലും കരുതലും പോലെ) പഠിച്ച് തൻ്റെ മകൻ സ്വതന്ത്രനായിരിക്കണമെന്നും സ്കൂൾ അന്തരീക്ഷത്തിനായി തയ്യാറെടുക്കണമെന്നും കരുതുന്ന ലോറ പറയുന്നത് “ അവൻ എനിക്കുവേണ്ടി വാതിൽക്കൽ നിന്ന് കരഞ്ഞപ്പോൾ കണ്ടുനിൽക്കാൻ പ്രയാസമായിരുന്നു,” എന്നാണ്. ദിവസം മുഴുവനും ജീവനക്കാർ അയച്ച ആശ്വാസകരമായ സന്ദേശങ്ങളും ഫോട്ടോകളും വിഷമം മാറാൻ സഹായിച്ചതായും അവർ ഓർത്തെടുത്തു.
കുട്ടിയെ ഡേകെയറിൽ അയക്കാൻ എങ്ങനെ തയ്യാറാക്കാം?
“അടിസ്ഥാന വാക്കുകൾ സംസാരിക്കാനും സ്വയം ഭക്ഷണം കഴിക്കാനും ടോയ്‌ലറ്റ് ട്രെയിനിങ്ങും പഠിപ്പിച്ച് മാതാപിതാക്കൾ കുട്ടിയെ തയ്യാറാക്കണം” ഗുപ്തെ വിശദീകരിക്കുന്നു. മകൾക്ക് മാതൃഭാഷ മാത്രമേ അറിയൂ എന്നതിനാൽ ബേബി കെയർ സെൻ്ററിൽ പുതിയ ഭാഷ മനസ്സിലാകുമോ എന്നുള്ളതായിരുന്നു തൻ്റെ ആശങ്കകളിലൊന്നെന്ന് പ്രിയ പറയുന്നു. “എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അവൾ പുതിയ ഇംഗ്ലീഷ്, കന്നഡ വാക്കുകൾ പഠിച്ച് തിരിച്ചെത്തി,” അവൾ കൂട്ടിച്ചേർക്കുന്നു.
മിക്ക രക്ഷിതാക്കളുടെയും മറ്റൊരു ആശങ്ക ശുചിത്വവും അവിടെയുള്ള മറ്റു വസ്തുക്കളുമാണ്. “ഡേകെയർ ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് തന്നെ കൈ വൃത്തിയാക്കാനും ടിഫിൻ ബോക്സിൽ നിന്ന് ഭക്ഷണം കഴിക്കാനും ഞാൻ അവളെ പഠിപ്പിച്ചു. എന്നിരുന്നാലും, അവൾ ഭക്ഷണം കഴിക്കാൻ മടിയുള്ള കുട്ടിയായതിനാൽ, ഡേകെയർ ജീവനക്കാർ അവളുടെ ഭക്ഷണരീതികൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് ഞാൻ നിർദേശിച്ചിരുന്നു. ”പ്രിയ പറയുന്നു.
ബാഗ്, വാട്ടർ ബോട്ടിൽ, ടിഫിൻ ബോക്സ് തുടങ്ങിയ സാധനങ്ങൾ സൂക്ഷിക്കാൻ നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുക, ഗുപ്തെ ഉപദേശിക്കുന്നു. ഇത് അവരിൽ സ്വയംഭരണവും ഉത്തരവാദിത്തബോധവും വളർത്തുന്നതായി അവർ കൂട്ടിച്ചേർക്കുന്നു.
കുട്ടിക്ക് വീട്ടിലെന്ന പോലെ സുരക്ഷിതത്വം തോന്നണം
പുതിയ ചുറ്റുപാട് കുട്ടിയെ സ്വാഗതം ചെയ്യുന്ന തരത്തിലാകണം എന്ന് ബൻവാസി പറയുന്നു. അതായത് കുട്ടിക്ക് വീട്ടിലെന്ന പോലെ സുരക്ഷിതത്വം തോന്നണം. “ഡേകെയർ ആദ്യം അനൗപചാരികമായി കാണണം, മറ്റ് കുട്ടികളുമായി കളിക്കാനായി ഒരു കുടുംബ സുഹൃത്തിൻ്റെ വീട് സന്ദർശിക്കാൻ കുട്ടി പോകുന്നതുപോലെ” അദ്ദേഹം വിശദീകരിക്കുന്നു. കൂടാതെ, ഡേകെയർ ജീവനക്കാർ ഓരോ കുട്ടിയുടെയും പ്രത്യേകതകൾ സൂക്ഷ്മമായി മനസ്സിലാക്കുന്നതും നിർണായകമാണ്.
പിഞ്ചുകുഞ്ഞുങ്ങളുടെ വസ്ത്രവും ഭക്ഷണവും സംബന്ധിച്ച് മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു. “ആ പ്രായത്തിൽ കുട്ടികളുടെ ജിജ്ഞാസ ഏറ്റവും ഉയർന്ന നിലയിലായതിനാൽ, സുഖപ്രദമായ വസ്ത്രങ്ങളും (ട്രൗസറുകൾ, ഷോർട്ട്സ് അല്ലെങ്കിൽ ടി-ഷർട്ടുകൾ പോലുള്ളവ) മിതമായ ആഭരണങ്ങളും കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം പറയുന്നു. “കൂടാതെ, കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഗ്യാസ്ട്രോഎൻ്ററിക് അണുബാധ തടയുന്നതിനും മാതാപിതാക്കൾ ആരോഗ്യകരവും പുതുതായി പാകം ചെയ്തതുമായ ഭക്ഷണം വേണം അവർക്കായി പായ്ക്ക് ചെയ്യ്തു നൽകേണ്ടത്.”
നിങ്ങളുടെ കുട്ടിയെ ഡേകെയറിൽ ചേർക്കുന്നതിന് മുമ്പ് ചില ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന് ഗുപ്തെ പറയുന്നു. സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ സ്പർശനത്തെക്കുറിച്ച് കുട്ടിയെ പഠിപ്പിക്കുന്നതിനൊപ്പം കുട്ടികളുടെ എണ്ണം കുറഞ്ഞ ഒരു ഡേകെയർ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കൂടാതെ കാര്യങ്ങൾ കൃത്യമായി മനസിലാക്കുന്നതിനായി ക്യാമറകൾ സജ്ജീകരിച്ച ഡേ കെയറുകൾ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.
ഓർത്തിരിക്കേണ്ടവ
- വീടിനോട് സാമ്യമുള്ള ഒരു ഡേകെയർ ആയിരിക്കണം കുട്ടികൾക്കായി തിരഞ്ഞെടുക്കേണ്ടത്. കൂടാതെ, കുട്ടിയെ പരിപാലിക്കാനുള്ള പരിസ്ഥിതിയും വസ്തുക്കളും അധ്യാപക-അനധ്യാപക ജീവനക്കാരും യോഗ്യരാണെന്ന് ഉറപ്പാക്കണം.
- അടിസ്ഥാന വാക്കുകൾ സംസാരിക്കാനും സ്വയം ഭക്ഷണം കഴിക്കാനും ടോയ്‌ലറ്റ് ട്രെയിനിങ്ങും പഠിപ്പിക്കുന്നത് കുട്ടികളെ ഡേകെയറിനായി തയ്യാറാക്കുന്നതിൽ പ്രധാനമാണ്.
- പിഞ്ചുകുഞ്ഞുങ്ങളുടെ വസ്ത്രവും ഭക്ഷണവും സംബന്ധിച്ച് മാതാപിതാക്കൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. കുട്ടികൾ സുഖപ്രദമായ വസ്ത്രങ്ങൾ ധരിക്കുന്നുവെന്നും ആരോഗ്യകരവും പുതുതായി പാകം ചെയ്തതുമായ ഭക്ഷണം അവർക്കായി പായ്ക്ക് ചെയ്യുന്നുവെന്നും ഉറപ്പാക്കണം.