പ്രായമേറുന്നതിനനുസരിച്ച് തടസ്സങ്ങളില്ലാതെ ആവശ്യത്തിന് ഉറങ്ങാൻ ബുദ്ധിമുട്ടുകൾ തോന്നിത്തുടങ്ങും. അതായത് ദിവസേന 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങുക എന്ന കാര്യം സാധ്യമാകാതെ വരും. മൂത്രമൊഴിക്കുന്നതിനായി രാത്രിയിൽ ഇടയ്ക്കിടെ ഉണരുന്നതിനാൽ പ്രത്യേകിച്ച് പ്രായമായവരിൽ ഇത് കൂടുതൽ പ്രകടമായിരിക്കും. ഈ അവസ്ഥയെ നോക്റ്റൂറിയ എന്നാണ് അറിയപ്പെടുന്നത്.
പകൽ സമയത്ത് ക്ഷീണം, അമിതമായ ഉറക്കം എന്നിവ അനുഭവപ്പെടുക, ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയാതെ വരിക എന്നിവ ഈ അവസ്ഥ ഈ അവസ്ഥ മൂലം പ്രായമായവരിലുണ്ടാകുന്ന പ്രശ്നങ്ങളാണ്. ശരിയായ ഉറക്കം ലഭിക്കാതിരിക്കുന്നതിന് മാത്രമല്ല ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം, തളർച്ച എന്നിവയ്ക്കും ഇത് കാരണമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു.
നോക്റ്റൂറിയ മൂലം ജീവിത രീതിയിൽ മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ പ്രായമായവരിൽ ഒറ്റപ്പെടൽ, വിഷാദം എന്നീ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.
അമിത വണ്ണം,രക്തസമ്മർദ്ദം,പ്രമേഹം എന്നിവ ഈ അവസ്ഥയുടെ അപകട സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളായി യുഎസ് ആസ്ഥാനമായി നടത്തിയ പഠനത്തിൽ പറയുന്നു. പഠനത്തിൽ ഉൾപ്പെട്ടവരിൽ 49.7 ശതമാനവും 65 നും 85 നും ഇടയിൽ പ്രായമുള്ള വ്യക്തികളാണ്
നൊക്ടൂറിയയുടെ കാരണങ്ങൾ
1.പ്രോസ്റ്റേറ്റ് വലുതാവൽ. പ്രോസ്റ്റാറ്റിക് ബെനിൻ ഹൈപ്പർപ്ലാസിയ എന്നും അറിയപ്പെടുന്നു. പുരുഷന്മാരിൽ മൂത്രസഞ്ചിക്ക് താഴെയും മലദ്വാരത്തിന് മുന്നിലും ഉള്ള ഒരു ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്
2 .മൂത്രനാളിയിലെ അണുബാധ
3.മൂത്രാശയ ശേഷി കുറയൽ, ഹോർമോൺ വ്യതിയാനങ്ങൾ എന്നിങ്ങനെ പ്രായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
4.വൃക്കയ്ക്കുണ്ടാകുന്ന തകരാറുകൾ
5. ഉറങ്ങാൻ പോകുന്നതിനോടുപ്പിച്ച് ഡൈയൂററ്റിക്സ് ഉപയോഗിക്കൽ. ശരീരത്തിൽ നിന്ന് അധിക വെള്ളവും സോഡിയവും നീക്കം ചെയ്യുന്ന ഗുളികകളാണ് ഡൈയൂററ്റിക്സ് . ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് സാധാരണയായി ഇത് നിർദ്ദേശിക്കപ്പെടാറുണ്ട്.
6.വൈകുന്നേരവും ഉറങ്ങുന്നതിനു മുമ്പും അമിതമായി വെള്ളം കുടിക്കുക.
പ്രോസ്റ്റേറ്റ് വലുതാവുന്നതാണ് നോക്റ്റൂറിയയുടെ പൊതുവേയുള്ള കാരണം മൂത്രനാളിയിലെ അണുബാധ, രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയരുക, വൃക്കസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ മറ്റ് കാരണങ്ങളും രാത്രിയിൽ മൂത്രത്തിൻ്റെ ഉൽപ്പാദനം കൂടുന്നതിന് കാരണമാകും.
ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള പ്രവണത, മൂത്രം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ തുടങ്ങിയവ ചില ആളുകളിൽ നോക്റ്റൂറിയയോടൊപ്പം ഉണ്ടാകാവുന്ന മറ്റ് ലക്ഷണങ്ങളാണ് . ആരോഗ്യപരമായ കാരണങ്ങളാൽ ചില പ്രായമായ ആളുകൾ അത്താഴത്തിന് ശേഷം വലിയ അളവിൽ വെള്ളം കുടിക്കും. ഇത് രാത്രിയിൽ മൂത്രത്തിൻ്റെ അളവ് വർദ്ധിപ്പിക്കും നോക്റ്റൂറിയയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് പൂനെയിലെ നോബിൾ ഹോസ്പിറ്റൽ സീനിയർ കൺസൾട്ടൻ്റ് നെഫ്രോളജിസ്റ്റും ട്രാൻസ്പ്ലാൻ്റ് ഫിസിഷ്യനും നെഫ്രോളജി വിഭാഗം മേധാവിയുമായ ഡോ.അവിനാഷ് ഇഗ്നേഷ്യസ് പറയുന്നു.
പ്രായമാകുമ്പോൾ, വൃക്കകൾ ദുർബലമാവുകയും മൂത്രത്തിൻ്റെ ഉൽപാദനത്തെ ബാധിക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.
പ്രായം കുറഞ്ഞ വ്യക്തികളിൽ , വാസോപ്രെസിൻ എന്ന ഹോർമോണിൻ്റെ പ്രവർത്തനം കാരണം പകലിനെ അപേക്ഷിച്ച് രാത്രിയിൽ മൂത്രത്തിൻ്റെ ഉത്പാദനം കുറയുന്നു. എന്നാൽ പ്രായമായവരിൽ ഈ ഹോർമോണിൻ്റെ ഉൽപാദനം കുറയുകയും, രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാനുള്ള പ്രവണത വർധിപ്പിക്കുകയും ചെയ്യുമെന്ന് ഡോ ഇഗ്നേഷ്യസ് കൂട്ടിച്ചേർക്കുന്നു.
ചില ആരോഗ്യപ്രശ്നങ്ങൾ നോക്റ്റൂറിയയിലേക്ക് നയിച്ചേക്കാം
ചില ആരോഗ്യപ്രശ്നങ്ങളും രാത്രിയിൽ മൂത്രത്തിൻ്റെ അളവ് വർദ്ധിപ്പിക്കാൻ കാരണമാകാറുണ്ട്. വൃക്കസംബന്ധമോ ഹൃദയസംബന്ധമോ പ്രശ്നങ്ങളുള്ള പ്രായമായവർ പകൽ സമയത്ത് ദൈന്യംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ലോവർ ലിംബുകളിൽ ഒരു ദ്രാവകം അടിഞ്ഞു കൂടുന്നു.
“ചെറുപ്പക്കാരിൽ, ഈ ദ്രാവകം ശരീരത്തിലേക്ക് തന്നെ ആഗിരണം ചെയ്യപ്പെടുന്നു, എന്നാൽ പ്രായമായവരിൽ, രാത്രിയിൽ ഉറങ്ങുന്ന സമയത്ത് , അടിഞ്ഞുകൂടിയ ദ്രാവകം മൂത്രത്തിലൂടെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നതായി ബെംഗളൂരു ആസ്റ്റർ സിഎംഐ ഹോസ്പിറ്റൽ യൂറോളജി ആൻഡ് യൂറോ ഓങ്കോളജി ലീഡ് കൺസൾട്ടൻ്റായ ഡോ. ഗോവർദ്ധൻ റെഡ്ഡി വിശദീകരിക്കുന്നു.
രാത്രിയിലെ മൂത്രമൊഴിക്കൽ എങ്ങനെ ബാധിക്കുന്നു?
കൃത്യമായ ഉറക്കം ലഭിക്കാതിരുന്നാൽ ക്ഷീണവും വിശ്രമക്കുറവും അനുഭവപ്പെടും. ഇത് പകൽ സമയത്തെ അമിതമായ ഉറക്കത്തിന് കാരണമാകും. രക്തസമ്മർദ്ദം കൂടുന്നതിനും, രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾക്കും, വീഴ്ചകൾക്കും പരിക്കുകൾക്കും ഉള്ള സാധ്യതയും ഇതുമായി ബന്ധപ്പെട്ട് ഉണ്ടായേക്കും.
ചില സന്ദർഭങ്ങളിൽ, നോക്റ്റൂറിയ കാരണം പകൽസമയത്ത് പോലും നിരന്തരം മൂത്രമൊഴിക്കേണ്ടി വന്നേക്കാം. ഇക്കാരണത്താൽ, രോഗം ബാധിച്ച വ്യക്തിക്ക് സാമൂഹികമായ ഒറ്റപ്പെടൽ അനുഭവപ്പെടുകയും ഇത് വിഷാദത്തിലേക്ക് നയിക്കുകയും ചെയ്യും. പ്രശ്നം ഗുരുതരമാണെങ്കിൽ ആ വ്യക്തിക്ക് രാത്രിയിൽ ഒരു ഡയപ്പർ ഉപയോഗിക്കേണ്ടി വരികയും അത് അവരെ മാനസികമായി ബാധിക്കുമെന്നും ഡോ. ഇഗ്നേഷ്യസ് കൂട്ടിച്ചേർക്കുന്നു.
നൊക്റ്റൂറിയയുടെ രോഗനിർണയം ആരംഭിക്കേണ്ടത് ഒരു സമഗ്രമായ മെഡിക്കൽ ഹിസ്റ്ററിയും ദൈനംദിന ശീലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നതിലൂടെയാണെന്ന് ഡോക്ടർമാർ പറയുന്നു:
- ഒരു വ്യക്തി എത്രമാത്രം മൂത്രമൊഴിക്കുന്നു?
- രാത്രിയിൽ അവർ എത്ര തവണ എഴുന്നേൽക്കും?
- അവർക്ക് നോക്റ്റൂറിയ കൂടാതെ മറ്റ് ലക്ഷണങ്ങളുണ്ടോ?
- ബാത്ത്റൂമിൽ എത്തുന്നതിനുമുമ്പ് അവർക്ക് മൂത്രത്തിൻ്റെ ഒഴുക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടോ?
ചികിത്സ
നൊക്റ്റൂറിയയുടെ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് 4 മുതൽ 5 മണിക്കൂറെങ്കിലും ശരിയായ ഉറക്കം ലഭിക്കുന്നണ്ട് എന്ന് ഉറപ്പു വരുത്തുകയാണ് ഈ അവസ്ഥയ്ക്കുള്ള പ്രാഥമിക ചികിത്സ. എങ്കിൽ മാത്രമേ ഇത്തരക്കാർക്ക് സാധാരണ രീതിയിൽ പ്രവർത്തിക്കാനാകൂ
അവർ രാത്രിയിൽ കൂടുതൽ വെള്ളം കുടിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. പ്രോസ്റ്റേറ്റ് വൈകല്യം, വൃക്ക അല്ലെങ്കിൽ ഹൃദയ പ്രശ്നങ്ങൾ, പ്രമേഹം തുടങ്ങിയവ ഒഴിവാക്കാൻ ആവശ്യമായ പരിശോധനകൾ കൃത്യമായി നടത്തണം. ഒട്ടുമിക്ക അസുഖങ്ങളും മരുന്നുകളിലൂടെയും ജീവിതശൈലിയിലെ ചില മാറ്റങ്ങളിലൂടെയും ചികിത്സിക്കാമെന്ന് ഡോ റെഡ്ഡി പറയുന്നു.
“കഠിനമായ നോക്റ്റൂറിയ ഉള്ള ചില രോഗികൾക്ക് മൂത്രത്തിൻ്റെ അളവ് കുറയ്ക്കാൻ ഡെസ്മോപ്രസിൻ എന്ന മരുന്ന് നിർദ്ദേശിക്കാറുണ്ട്. എന്നാൽ ഈ മരുന്നിന് ശരീരത്തിലെ സോഡിയത്തിൻ്റെ അളവ് കുറയ്ക്കാൻ കഴിയുമെന്നതിനാൽ ഇത് വളരെ ജാഗ്രതയോടെയാണ് ചെയ്യുന്നത്, ഡോ റെഡ്ഡി കൂട്ടിച്ചേർക്കുന്നു.
പ്രധാന പോയിൻ്റുകൾ
- ഒരു വ്യക്തിയ്ക്ക് ഉറക്കത്തിൽ ഇടയ്ക്കിടെ ഉണർന്ന് മൂത്രമൊഴിക്കേണ്ടി വരുന്ന അവസ്ഥയാണ് നോക്റ്റൂറിയ. 2 – 3 തവണയിൽ കൂടുതൽ ഉണരുന്ന ഈ അവസ്ഥ പ്രായമായവരിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.
- ഈ അവസ്ഥയ്ക്ക് പ്രായവുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളുണ്ട്, ഉടനടി വൈദ്യോപദേശം തേടുന്നതും ജീവിതശൈലി മാറ്റങ്ങൾ സ്വീകരിക്കുന്നതും ഈ അവസ്ഥയെ മറികടക്കാൻ സഹായിക്കും.