അമിതവണ്ണത്തിനൊപ്പം രക്തസമ്മർദ്ദവും ഉള്ളവർക്ക് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത കൂടുതലാണ്. ആരോഗ്യകരമായ ശരീരഭാരം ഉള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തരക്കാരിൽ ഉയർന്ന മരണനിരക്ക് ഉണ്ടാകാനും സാധ്യതയുണ്ട്. മധ്യവയസ്‌കരിൽ ഉയർന്ന രക്തസമ്മർദ്ദവും അമിതഭാരവുമുള്ളവർക്ക് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത 35 ശതമാനം കൂടുതലാണെന്ന് യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയുടെ (ഇഎസ്‌സി) സമീപകാല വാർഷിക യോഗത്തിൽ വ്യക്തമാക്കിയിരുന്നു.
മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച്, ഉയർന്ന രക്തസമ്മർദ്ദമുള്ള അമിതഭാരമുള്ളവരായ ആളുകൾക്ക് അവരുടെ അതേ പ്രായത്തിലുള്ള, ആരോഗ്യമുള്ള വ്യക്തികളേക്കാൾ കുറഞ്ഞത് രണ്ട് വർഷം മുമ്പെങ്കിലും ഹൃദയസംബദ്ധമായ തകരാറുകൾ (ഹൃദയാഘാതം അല്ലെങ്കിൽ പക്ഷാഘാതം) ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. ആഗോള ജനസംഖ്യയുടെ 31 ശതമാനം ആളുകൾക്കും ഉപാപചയ സംബന്ധമായ രോഗങ്ങൾ, പ്രത്യേകിച്ച് പൊണ്ണത്തടി ബാധിക്കുന്നുണ്ടെന്നും യോഗം വെളിപ്പെടുത്തി. സ്വീഡിഷ് കൌണ്ടിയിലെ വാസ്റ്റ്മാൻലാൻ്റിൽ ഒരു കാർഡിയോവാസ്കുലർ സ്ക്രീനിംഗ് പ്രോഗ്രാമിൽ പങ്കെടുത്ത 34,269 മധ്യവയസ്കരിൽ നിന്ന് (40 കളിലും 50 കളിലും ഉള്ളവർ) ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കി ഗവേഷകർ അവരുടെ പഠനത്തിൻ്റെ കണ്ടെത്തലുകൾ വിശദീകരിച്ചു. ലോകമെമ്പാടുമുള്ള ഹൃദയസംബന്ധമായ സങ്കീർണതകൾക്ക് പ്രഥാന കാരണം ജീവിതശൈലി രോഗങ്ങളായ അമിതവണ്ണവും രക്തസമ്മർദ്ദവുമാണെന്ന് പഠനത്തിൽകണ്ടെത്തിയിരുന്നു.
അമേരിക്കൻ ഹാർട്ട് അസോസിയേഷൻ്റെ (AHA) അഭിപ്രായത്തിൽ, ഹൃദ്രോഗം, പ്രമേഹം, സ്ട്രോക്ക് എന്നിവയുടെ ഉയർന്ന അപകടസാധ്യതകളിലേക്ക് നയിച്ചേക്കാവുന്ന അഞ്ച് അവസ്ഥകളുടെ കൂട്ടത്തെയാണ് മെറ്റബോളിക് സിൻഡ്രോം സൂചിപ്പിക്കുന്നത്. അവ ഇനിപ്പറയുന്നവയാണ്.
- ഉയർന്ന രക്തസമ്മർദ്ദം
- രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതൽ
- ഉയർന്ന ട്രൈഗ്ലിസറൈഡ് അളവ്
- നല്ല കൊളസ്ട്രോളിൻ്റെ അളവ് കുറയൽ
- വയറിലെ അമിതമായ കൊഴുപ്പ്
അമിതവണ്ണവും ഹൃദ്രോഗ സാധ്യതയും
അമിതവണ്ണമുള്ളവരുടെ ചർമ്മത്തിന് കീഴിലും (അഡിപ്പോസ് ഫാറ്റ് ടിഷ്യു എന്ന് അറിയപ്പെടുന്നു) അവരുടെ ആന്തരിക അവയവങ്ങളിലും (വിസറൽ ഫാറ്റ് എന്ന് വിളിക്കുന്നു) അധിക കൊഴുപ്പ് നിക്ഷേപം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് അവരുടെ ശരീരഭാരം വർദ്ധിപ്പിക്കുന്നു. “ശരിയായ രക്തചംക്രമണം ഉറപ്പാക്കാൻ ഇത് ഹൃദയത്തിൽ അധികമായി സമ്മർദ്ദം ചെലുത്തുന്നു,” ചെന്നൈയിലെ ഫോർട്ടിസ് മലർ ഹോസ്പിറ്റലിലെ കാർഡിയോതൊറാസിക് വാസ്കുലർ സർജൻ ഡോ. തേജസ്വി എൻ മാർല പറയുന്നു.
അഡിപ്പോസ് ഫാറ്റ് ടിഷ്യു കൂടുതലുള്ള ആളുകൾക്ക് നീര്, രക്തത്തിൽ കൂടിയ അളവിലുള്ള കൊളസ്‌ട്രോൾ, ധമനികളിൽ പ്ലാക് അടിഞ്ഞുകൂടൽ എന്നിവയ്ക്ക് സാധ്യത കൂടുതലാണെന്ന് മംഗലാപുരം കസ്തൂർബ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ഡോ രാജേഷ് ഭട്ട് വിശദീകരിക്കുന്നു. ഇത് ധമനികളിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് ശരിയായ രക്തചംക്രമണം ഉറപ്പാക്കാൻ ഹൃദയം പമ്പ് ചെയ്യൽ കഠിനമാക്കുകയും ഇത് രക്തസമ്മർദ്ദം കൂട്ടുകയും ചെയ്യുന്നു.
ഉദാസീനമായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണക്രമവും അമിതവണ്ണത്തിനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളാണെന്നും ഡോക്ടർ മാർല ചൂണ്ടിക്കാട്ടുന്നു. ട്രാൻസ് ഫാറ്റി ആസിഡുകൾ അടങ്ങിയ അമിതമായി പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളുടെ അമിത ഉപഭോഗവും ഹൃദയാഘാതത്തിനുള്ള ഉയർന്ന അപകട ഘടകമായി കണക്കാക്കപ്പെടുന്നു. ഇത് നിങ്ങളുടെ രക്തത്തിലെ ചീത്ത കൊളസ്ട്രോളിൻ്റേയും ട്രൈഗ്ലിസറൈഡിൻ്റേയും അളവ് വർദ്ധിപ്പിക്കും. ഉയർന്ന കൊളസ്ട്രോൾ, അമിതഭാരമുള്ളവരിലും ആരോഗ്യകരമായ ശരീരഭാരം ഉള്ളവരിലും ഒരുപോലെ സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
അമിതവണ്ണവും രക്തസമ്മർദ്ദവും ഉള്ളവർ എടുക്കേണ്ട മുൻകരുതലുകൾ
അധിക ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യം നിലനിർത്താനും ചില ജീവിതശൈലി നടപടികൾ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു, അവ ഇനിപ്പറയുന്നവയാണ്
ചിട്ടയായ വ്യായാമം
നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗമായി, ലഘുവായതു മുതൽ മിതമായതു വരെയുള്ള വ്യായാമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വളരെ നല്ലതാണ്. ശരീരത്തിൽ നിന്ന് അധിക കൊഴുപ്പ് കത്തിച്ചു കളയാൻ ഇത് സഹായിക്കുന്നു. ഒപ്പം, ഹൃദയത്തിന് രക്തം പമ്പ് ചെയ്യൽ എളുപ്പമാക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രണത്തിലാക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഇത് സഹായിക്കുന്നു.
ആരോഗ്യകരമായ ഭക്ഷണക്രമം
സമീകൃതവും ഹൃദയത്തിന് ഇണങ്ങുന്നതുമായ ഭക്ഷണക്രമം നിങ്ങളുടെ ഹൃദയാരോഗ്യം നിലനിർത്തുന്നതിനുള്ള മികച്ച മാർഗമാണ്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ആരോഗ്യകരമായ ഭക്ഷണക്രമവും സജീവമായ ജീവിതശൈലിയും ഹൃദയത്തിൻ്റെ പ്രശ്നങ്ങളെ അകറ്റി നിർത്താൻ സഹായിക്കും. ഭക്ഷണത്തിൽ സമീകൃതമായ അളവിൽ പച്ച നിറത്തിലുള്ള ഇലക്കറികൾ, മുട്ടകൾ, പഴങ്ങൾ എന്നിവ ഉൾപ്പെടുത്താൻ ശുപാർശ ചെയ്യുന്നു, ജങ്ക് ഫുഡ് പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് നിങ്ങളുടെ ശരീരത്തിന് ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനുകളും സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളും ദിവസേന ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശുപാർശ ചെയ്യുന്നു. പ്രോട്ടീൻ്റെ അധിക ഉപഭോഗം വൃക്കകളെ ദോഷകരമായി ബാധിക്കുമെന്നതിനാൽ, അവ മിതമായ അളവിൽ കഴിക്കേണ്ടത് പ്രധാനമാണെന്ന് ഡോക്ടർ മാർല പറയുന്നു.
പതിവായി പരിശോധന നടത്തുക
നിങ്ങളുടെ കൊളസ്‌ട്രോളിൻ്റേയും രക്തത്തിലെ പഞ്ചസാരയുടെയും അളവ് നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. അമിതവണ്ണവും രക്തസമ്മർദ്ദവും ഉള്ളവർ പതിവായി ആരോഗ്യ പരിശോധനയ്ക്ക് പോകണമെന്നും ആവശ്യമെങ്കിൽ വൈദ്യസഹായം തേടണമെന്നും ഡോ. ഭട്ട് പറയുന്നു.
പുകവലിയും മദ്യപാനവും ഒഴിവാക്കുക
പുകവലി, മദ്യപാനം എന്നിവ പൂർണമായും ഒഴിവാക്കേണ്ടത് പ്രധാനമാണെന്ന് വിദഗ്ദ്ധർ പറയുന്നു. പുകയിലയും മദ്യവും നിങ്ങളുടെ രക്തസമ്മർദ്ദത്തിൻ്റെ നിലയിലും ഗ്ലൂക്കോസിൻ്റെ അളവിലും മാറ്റം വരുത്തും. അത് നിങ്ങളുടെ ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അമിതമായ മദ്യപാനം ചില വ്യക്തികളിൽ പൊണ്ണത്തടിക്ക് ഒരു പ്രധാന കാരണമാണ്.
മനസ്സിലാക്കേണ്ടവ
- പ്രായമായവരിൽ രക്തസമ്മർദ്ദവും അമിതവണ്ണവും ഉള്ളപ്പോൾ ഹൃദയസംബന്ധമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
- ഉദാസീനമായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണക്രമവും അമിതവണ്ണത്തിനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളാണ്, ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത വർദ്ധിപ്പിക്കും.
- അമിതവണ്ണവും രക്തസമ്മർദ്ദവുമുള്ള ആളുകൾ പതിവായി വ്യായാമ പ്രവർത്തനങ്ങളിൽ ഏർപ്പെടണം. ഒപ്പം ആരോഗ്യകരമായ ഭക്ഷണക്രമം, പതിവ് പരിശോധനകൾ എന്നിവയും പ്രധാനമാണ്.
- അമിതവണ്ണമുള്ളവർ പുകവലിയും മദ്യപാനവും ഒഴിവാക്കണം, അത് അവരുടെ രക്തസമ്മർദ്ദത്തിൻ്റെ നിലയിലും ഗ്ലൂക്കോസിൻ്റെ അളവിലും മാറ്റം വരുത്തും.