
ഓരോരുത്തരുടേയും ആരോഗ്യ സംരക്ഷണത്തിൽ പോഷകാഹാരം ഏറ്റവും അത്യന്താപേക്ഷിതമാണ്. എന്നാൽ ഇത് സംബന്ധിച്ച് ധാരാളം തെറ്റായ വിവരങ്ങൾ പ്രചരിക്കുകയും ചെയ്യുന്നുണ്ട്. അവ തിരുത്തപ്പെടേണ്ടത് അത്യാവശ്യമാണ്. സെൻ്റ് ജോൺസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പോഷകാഹാര വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ.റെബേക്ക കുര്യൻ രാജ് ജൂലൈ 12-ന് നടന്ന ഹാപ്പിയസ്റ്റ് ഹെൽത്തിൻ്റെ ദ എഡ്ജ് ഓഫ് ന്യൂട്രീഷൻ ഉച്ചകോടിയിൽ പോഷകാഹാരത്തിൻ്റെ അടിസ്ഥാനതത്വങ്ങളിലേക്ക് തിരിച്ചുപോകേണ്ടതിൻ്റെ ആവശ്യകത എടുത്തുകാട്ടി സംസാരിച്ചു. ആരോഗ്യമുള്ള ശരീരത്തിന് അനുയോജ്യമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതിൻ്റെ ആവശ്യകത ഡോ.റെബേക്ക ഊന്നിപ്പറഞ്ഞു.
ഭക്ഷണക്രമത്തെയും പോഷകാഹാരത്തെയും കുറിച്ചുള്ള ഏറ്റവും സാധാരണമായ ചില മിഥ്യാധാരണകളെ അവർ ഇവിടെ പൊളിച്ചടുക്കുന്നു, തെറ്റായ വിവരങ്ങളെ അറിവ് ഉപയോഗിച്ച് പ്രതിരോധിക്കുന്നു:
മിഥ്യാ ധാരണ1 : മുട്ടയുടെ മഞ്ഞക്കരു കൊളസ്‌ട്രോൾ കൂടുന്നതിന് കാരണമാകും
വസ്തുത: മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ കൂടുതലാണ്. എന്നാൽ മുട്ടയുടെ മഞ്ഞക്കരു മാത്രം കഴിച്ചാൽ കൊളസ്‌ട്രോൾ കൂടുമെന്ന് ഇതിനർത്ഥമില്ല. നമ്മൾ കഴിക്കുന്ന എല്ലാ ഭക്ഷണത്തിനും ഇതിൽ പങ്കുണ്ട് .
മിഥ്യാ ധാരണ 2: ഗർഭിണികൾ രണ്ട് ആളുകൾക്ക് ഉള്ള ഭക്ഷണം കഴിക്കണം
വസ്തുത: വേണ്ട. ഗർഭിണിയായ സ്ത്രീ കഴിക്കുന്ന ഭക്ഷണത്തിൻ്റെ അളവല്ല പ്രധാനം . ആരോഗ്യകരമായ ഗർഭകാലത്തിന് ആവശ്യമായ വിവിധ പോഷകങ്ങൾ കഴിക്കുക എന്നതാണ് കൂടുതൽ പ്രധാനം. വൈവിധ്യമാർന്നതും പോഷകങ്ങൾ നൽകുന്നതുമായ ഭക്ഷണക്രമം പാലിക്കണം.
മിഥ്യാ ധാരണ 3: അത്ലറ്റുകൾ ധാരാളം പ്രോട്ടീൻ കഴിക്കണം
വസ്‌തുത: അത്‌ലറ്റുകൾക്ക് ഉയർന്ന അളവിൽ പ്രോട്ടീൻ ആവശ്യമാണ്, എന്നാൽ അവർ വേണ്ടത്ര വ്യായാമം ചെയ്യുന്നില്ലെങ്കിൽ ആ പ്രോട്ടീനുകൾ കൊണ്ട് പ്രയോജനമില്ല.
മിഥ്യാ ധാരണ 4: തീവ്രമായ വർക്ക്ഔട്ടുകൾക്ക് മാത്രമേ ശരീരഭാരം കുറയ്ക്കാൻ കഴിയൂ
വസ്‌തുത: അല്ല. നിങ്ങൾ കഴിക്കുന്നതും വ്യായാമം ചെയ്യുന്നതും ബാലൻസിലാണെങ്കിൽ തീർച്ചയായും നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സാധിക്കും
മിഥ്യാ ധാരണ 5: നിങ്ങൾക്ക് വ്യായാമത്തിന് മുമ്പും ശേഷവും ലഘുഭക്ഷണം ആവശ്യമാണ്
വസ്‌തുത: അതെ, നിങ്ങൾ വ്യായാമത്തിലൂടെ മസിലുകൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ, പേശികളെ വളർത്താനും സംരക്ഷിക്കാനും സഹായിക്കുന്ന തരത്തിൽ ആവശ്യത്തിന് ഊർജം നൽകുന്ന ലഘുഭക്ഷണങ്ങൾ കഴിക്കാം
മിഥ്യാധാരണ 6: വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ വാഴപ്പഴം കഴിക്കുന്നത് നല്ലതല്ല.
വസ്‌തുത: വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുള്ള ആളുകൾക്ക് വാഴപ്പഴം കഴിക്കാം. എന്നാൽ വാഴപ്പഴം മാത്രമല്ല, മുഴുവൻ ഭക്ഷണത്തിലെയും പൊട്ടാസ്യത്തിൻ്റെ അളവ് സൂക്ഷ്മമായി നിരീക്ഷിക്കണം.