728X90

728X90

0

0

0

0

0

0

0

0

0

ഈ ലേഖനത്തിൽ

പുരുഷന്മാരിലെ ആർത്തവവിരാമം: ചില യാഥാർത്ഥ്യങ്ങൾ
1520

പുരുഷന്മാരിലെ ആർത്തവവിരാമം: ചില യാഥാർത്ഥ്യങ്ങൾ

സ്ത്രീകളുടെ ആർത്തവ വിരാമത്തിൻ്റെ അത്രയും ലക്ഷണങ്ങൾ ഇല്ലെങ്കിലും ഈ സ്വാഭാവികപ്രക്രിയ മൂലം പുരുഷന്മാരും സമാനമായ അവസ്ഥയിലൂടെ കടന്നുപോകും .

പുരുഷന്മാരിലെ ആർത്തവ വിരാമം

പ്രായമാകുമ്പോൾ ശരീരത്തിന് പല മാറ്റങ്ങളും സംഭവിക്കും. അവയിൽ ചില മാറ്റങ്ങൾ നമുക്കറിയുന്നവയാണ്. എന്നാൽ ചിലതിനെപ്പറ്റി നമുക്ക് കാര്യമായ അറിവില്ല. അത്തരത്തിൽ ഒന്നാണ് പുരുഷന്മാരിലെ  ആർത്തവവിരാമം. പുരുഷൻ എന്നർഥമുള്ള ‘ആൻഡ്രാസ്’ എന്നും നിലയ്ക്കുക എന്നർഥം വരുന്ന ‘പോസ്’ എന്നും രണ്ടു ഗ്രീക്ക് പദങ്ങൾ ചേർന്നാണ് പുരുഷന്മാരുടെ ആർത്തവവിരാമത്തിന് ഇംഗ്ലീഷിൽ  ആൻഡ്രോപോസ് എന്ന വാക്കുണ്ടായത്.

സ്ത്രീകളുടെ ആർത്തവ വിരാമത്തിൻ്റെ അത്രയും ലക്ഷണങ്ങൾ  ഇല്ലെങ്കിലും വാർദ്ധക്യത്തിൽ ഉണ്ടാകുന്ന ഈ സ്വാഭാവികപ്രക്രിയ മൂലം പുരുഷന്മാരും സമാനമായ അവസ്ഥയിലൂടെ കടന്നുപോകുമെന്ന് പലർക്കും അറിയില്ല. ഇത് എപ്പോഴാണ് സംഭവിക്കുകയെന്ന് കൃത്യമായി പറയാൻ പ്രയാസമാണെങ്കിലും സാധാരണയായി 40 വയസ്സിനു മുകളിലുള്ള പുരുഷന്മാർക്കാണ് ഈ പ്രശ്നം കൂടുതലായും അനുഭവപ്പെടുന്നത്. മാത്രമല്ല, ഇത് എല്ലാ പുരുഷന്മാർക്കും ഉണ്ടാകുന്ന ഒന്നല്ല.

ലളിതമായി പറഞ്ഞാൽ, പ്രായകൂടുന്നതിനനുസരിച്ച് പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണിൻ്റെ അളവ് കുറയുമ്പോൾ പൊതുവായ ആരോഗ്യത്തിലോ ലൈംഗിക സംതൃപ്തിയിലോ കുറവുണ്ടാകുന്ന ഒരു അവസ്ഥ അല്ലെങ്കിൽ ജീവിത ഘട്ടമാണ് ആൻഡ്രോപോസ്.

“പ്രായം കൂടുമ്പോൾ ടെസ്റ്റോസ്റ്റിറോൺ സാന്ദ്രതയിൽ വരുന്ന കുറവാണ് ആൻഡ്രോപോസ്. സ്ത്രീകളിൽ ആർത്തവവിരാമം ഒരു നിശ്ചിത പ്രായത്തിലാണ് സംഭവിക്കുന്നത്. എന്നാൽ പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ കുറയുന്ന ഒരു നിശ്ചിത പ്രായം നിർവചിക്കുക പ്രയാസമാണ്. യഥാർത്ഥത്തിൽ മുപ്പതുകളിൽ തുടങ്ങി ടെസ്റ്റോസ്റ്റിറോണിൻ്റെ അളവ് സാവധാനത്തിൽ കുറയാൻ തുടങ്ങുന്ന ഒരു ആന്തരിക പ്രക്രിയയാണ് ആൻഡ്രോപോസ്. ലൈംഗികശേഷിയിലും ലൈംഗിക പ്രവർത്തനങ്ങളിലും വരുന്ന കുറവ്, പേശികളുടെ വലുപ്പവും  ശക്തിയും കുറയുക, വിഷാദാവസ്ഥ, അസ്ഥികളിൽ ധാതുക്കളുടെ സാന്ദ്രത കുറയുക, വിളർച്ച എന്നിങ്ങനെ വിവിധ കാര്യങ്ങൾ ഇതുമൂലം സംഭവിക്കാം,” ഡൽഹി അപ്പോളോ ആസുപത്രിയിലെ  എൻഡോക്രൈനോളജി സീനിയർ കൺസൾട്ടൻ്റ് ഡോ.എസ് .കെ. വാങ്നൂ പറയുന്നു.

വൃഷണങ്ങളിൽ ടെസ്റ്റോസ്റ്റിറോണിൻ്റെ ഉത്പാദനം കുറയുന്നതാണ് ശരീരത്തിൽ ഈ ഹോർമോൺ കുറയുന്നതിനുള്ള ഒരു പ്രധാന കാരണം. പ്രായമാകുമ്പോൾ ഇത് സാധാരണമാണ്. ചില പുരുഷന്മാരിൽ ഈ കുറവിൻ്റെ തോത് വലുതായിരിക്കും. അതിന് ഇടയാക്കുന്നതാകട്ടെ പൊണ്ണത്തടിയും.  അമിതവണ്ണമുള്ള പുരുഷന്മാരിൽ ഈസ്ട്രജൻ്റെ അളവ് കൂടുതലായിരിക്കും. ഇത് ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തെ തടയും.

ഈ അവസ്ഥയെ ടെസ്റ്റോസ്റ്റിറോൺ ഡെഫിഷ്യൻസി, ആൻഡ്രോജൻ ഡെഫിഷ്യൻസി, ലേറ്റ്-ഓൺസെറ്റ് ഹൈപ്പോഗൊണാഡിസം എന്നെല്ലാം പറയാറുണ്ട്. വൃഷണങ്ങളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോണാണ് ടെസ്റ്റോസ്റ്റിറോൺ. ലൈംഗികത്വര വർദ്ധിപ്പിക്കുന്നതിനൊപ്പം  പ്രായപൂർത്തിയാകുന്ന സമയത്ത് ഇത് ശരീരത്തിൽ പലതരം മാറ്റങ്ങൾ വരുത്തുന്നു. മാനസികവും ശാരീരികവുമായ ഊർജ്ജം നല്കുന്നതും പേശികളുടെ വലുപ്പം നിലനിർത്തുന്നതും  ഈ ഹോർമോൺ ആണ്.

ആൻഡ്രോപോസിൻ്റെ ലക്ഷണങ്ങൾ

പ്രധാനമായും ശ്രദ്ധിക്കേണ്ട മൂന്ന് ലക്ഷണങ്ങൾ ഇവയാണ്: ഊർജ്ജസ്വലത കുറയുക, ശരീരഭാരം കുറയുക, ലൈംഗികശേഷി കുറയുക. ഒരാൾക്ക് ഈ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ വൈദ്യസഹായം തേടുന്നത് നല്ലതായിരിക്കും. കാരണം, ശരീരത്തിൽ ടെസ്റ്റോസ്റ്റിറോൺ ഉൽപാദനം കുറയുന്നു എന്നാണ് അത് സൂചിപ്പിക്കുന്നത്. പ്രകടമായ ശാരീരിക പ്രശ്‌നങ്ങൾക്ക് പുറമെ, രോഗലക്ഷണങ്ങളെ അവഗണിക്കുന്നത് പിന്നീട് പല മാനസിക പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം.

വിഷാദം, മുടികൊഴിച്ചിൽ, ഹോട്ട് ഫ്ലഷുകൾ, ഉന്മേഷക്കുറവ്, ഉറക്കമില്ലായ്മ, ആത്മവിശ്വാസക്കുറവ്, പേശികളുടെ ശോഷണം, അസ്ഥികളുടെ സാന്ദ്രത കുറയൽ, ഉദ്ധാരണക്കുറവ് തുടങ്ങിയവയെല്ലാം ടെസ്റ്റോസ്റ്റിറോൺ കുറയുന്നതിൻ്റെ മറ്റു ചില ലക്ഷണങ്ങളാണ്. ഈ അവസ്ഥ അങ്ങേയറ്റം വർദ്ധിക്കുകയാണെങ്കിൽ ഗൈനക്കോമാസ്റ്റിയ(സ്തനവളർച്ച)യും ഉണ്ടാകാം.

ആൻഡ്രോപോസും പ്രായവും

മയോ ക്ലിനിക്കിൻ്റെ ഒരു പഠനമനുസരിച്ച്, പുരുഷന്മാരിൽ 30 വയസ്സ് തികഞ്ഞു കഴിഞ്ഞാൽ പ്രതിവർഷം ഒരു ശതമാനം എന്ന നിരക്കിൽ ടെസ്റ്റോസ്റ്റിറോൺ അളവ് കുറഞ്ഞുകൊണ്ടിരിക്കും. ചില ആരോഗ്യസ്ഥിതികൾ മൂലം ഇത് നേരത്തെ സംഭവിക്കാം, കുറയുന്നതിൻ്റെ അളവും ഗണ്യമായി വർദ്ധിച്ചേക്കാം.

47-കാരനായ രോഹിത് ഷെട്ടിക്ക് രക്തസമ്മർദ്ദവും ഹൃദ്രോഗവും തിരിച്ചറിഞ്ഞതിനു ശേഷമായിരുന്നു കാര്യങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയത്. “ഞാൻ വിഷാദത്തിലായിരുന്നു. ലൈംഗികശേഷിയും കുറവായിരുന്നു. വല്ലാത്ത ഒരു അവസ്ഥയായിരുന്നു അത്. ജീവിതത്തിൽ എല്ലാറ്റിനോടും അതൃപ്തി തോന്നി. കോപം നിയന്ത്രിക്കാനും ബുദ്ധിമുട്ടി.” ഡൽഹിയിൽ ബിസിനസുകാരനായ അദ്ദേഹം പറഞ്ഞു. അനവധി ടെസ്റ്റുകൾക്ക് ശേഷമാണ് അദ്ദേഹത്തിന് ടെസ്റ്റോസ്റ്റിറോൺ കുറവാണെന്ന് കണ്ടെത്തിയത്. “ഞാൻ ഇതിനകം പല മരുന്നുകളും കഴിക്കുന്നുണ്ടായിരുന്നു. ലൈംഗികശേഷി കുറഞ്ഞതിനോടൊപ്പം എനിക്ക് ഉദ്ധാരണക്കുറവും ആരംഭിച്ചു. ഇങ്ങനെ മുമ്പ് സംഭവിച്ചിട്ടില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ചില ഗവേഷകർ ഈ രോഗലക്ഷണങ്ങളെ പ്രായമാകുന്ന പുരുഷനിൽ ആൻഡ്രോജൻ കുറയൽ അല്ലെങ്കിൽ വൈകി ഉണ്ടാകുന്ന ഹൈപ്പോഗൊനാഡിസം എന്ന അവസ്ഥയുമായിട്ടാണ് ബന്ധപ്പെടുത്തുന്നത്. ഗൊണാഡുകൾ അല്ലെങ്കിൽ ലൈംഗികകോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന അവയവങ്ങൾക്ക് പ്രായമാകുകയും പ്രവർത്തനശേഷി നഷ്ടപ്പെടുകയും ചെയ്യുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണിത്. 2.1 ശതമാനം പുരുഷന്മാർക്കു മാത്രമേ ഈ അവസ്ഥ ഉണ്ടാകുകയുള്ളൂ. അതേസമയം, സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആർത്തവവിരാമം എന്നത് ലൈംഗിക വികാസത്തിൻ്റെ ഒരു സ്വാഭാവിക ഭാഗമാണ്.

50 മുതൽ 55 വയസ്സ് വരെ പ്രായമുള്ളവരിൽ ആൻഡ്രോപോസ് സംഭവിക്കാം എന്നാണ് പൊതുവെ മനസ്സിലാക്കിയിരിക്കുന്നത്. എന്നാൽ ഇത് നേരത്തെയും സംഭവിക്കാം. “40 വയസ്സിനു ശേഷവും അതിനു മുമ്പോ ആൻഡ്രോപോസ് സംഭവിക്കാം. എന്നാൽ നിങ്ങൾ 40 വയസ്സിനോട് അടുക്കുകയും മേൽപ്പറഞ്ഞ ലക്ഷണങ്ങളിൽ  ഏതെങ്കിലും നിങ്ങൾക്ക് അനുഭവപ്പെടുകയും ചെയ്താൽ പരിശോധനയ്ക്ക് വിധേയനാകുകയും ചികിത്സ തുടങ്ങുകയുമാണ് ഏറ്റവും നല്ലത്. കാരണം. ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുന്നത് ലൈംഗികത്വര കുറയുന്നതിനും മാനസികാവസ്ഥയിൽ ചടുലമായ വ്യതിയാനങ്ങൾ അനുഭവപ്പെടുന്നതിനും കാരണമാകും,” മുംബൈയിലെ കല്യാൺ വെസ്റ്റിലുള്ള ലോഖണ്ഡേസ് ക്ലിനിക്കിലെ ഡയബറ്റോളജിസ്റ്റ്  ഡോ.മനോജ് ലോഖണ്ഡേ പറയുന്നു.

ചികിത്സ

പുരുഷ ആർത്തവവിരാമം കഠിനമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയോ ജീവിതത്തെ തടസ്സപ്പെടുത്തുകയോ ചെയ്യുന്നില്ലെങ്കിൽ, ചികിത്സയില്ലാതെ തന്നെ ഒരാൾക്ക് രോഗലക്ഷണങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കും. വാർദ്ധക്യത്തിൻ്റെ സ്വാഭാവികഫലങ്ങളും അത് ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളും തടയാൻ നമുക്ക് അധികമൊന്നും ചെയ്യാൻ സാധിക്കില്ലെങ്കിലും ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരുന്നതിലൂടെ അതിൻ്റെ ഫലങ്ങൾ കുറയ്ക്കാൻ സാധിക്കും.

“വാർദ്ധക്യത്തോടൊപ്പം സ്വാഭാവികമായും സംഭവിക്കുന്ന ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുന്നത് തടയാൻ കൂടുതലൊന്നും ചെയ്യാനില്ല. എന്നാൽ ആരോഗ്യകരമായ ഒരു ജീവിതശൈലിയിലൂടെ ഇതിൻ്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ സാധിക്കും. ഉദാഹരണത്തിന്, കൃത്യമായ ശാരീരിക വ്യായാമത്തോടൊപ്പം മതിയായ കാൽസ്യവും വിറ്റാമിൻ ഡിയും ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇത് അസ്ഥികളെയും പേശികളെയും ബലപ്പെടുത്തും,” അപ്പോളോയിലെ ഡോ.വാങ്നൂ പറയുന്നു.

ടെസ്റ്റോസ്റ്റിറോൺ അളവ് കണ്ടെത്താൻ ഡോക്ടറെ കാണുകയും രക്തസാമ്പിളുകൾ നൽകുകയും വേണ്ടിവന്നേക്കാം.

വൈറ്റമിൻ്റെ കുറവല്ല ലക്ഷണങ്ങളുടെ കാരണം എന്നുറപ്പാക്കാനും ടെസ്റ്റോസ്റ്റിറോൺ അളവ് പരിശോധിക്കാനും പ്രോസ്റ്റേറ്റ് ടെസ്റ്റ് പിഎസ്എ (പ്രോസ്റ്റേറ്റ് സ്പെസിഫിക് ആൻ്റിജൻ) ചെയ്യാനും ഡോക്ടർ ചില രക്തപരിശോധനകൾ നിർദ്ദേശിച്ചേക്കാം.

“പുരുഷ ആർത്തവവിരാമത്തിൻ്റെ ലക്ഷണങ്ങൾക്ക് സാധാരണയായി നല്കുന്ന ചികിത്സ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, നന്നായി ഉറങ്ങുക, സമ്മർദ്ദം കുറയ്ക്കുക എന്നിവയിലൂടെ ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുക എന്നതാണ്. വിഷാദം പോലുള്ള പ്രശ്‌നങ്ങൾക്ക് ആൻ്റിഡിപ്രസൻ്റുകൾ, തെറാപ്പി, ജീവിതശൈലി മാറ്റങ്ങൾ എന്നിവയും വേണ്ടിവന്നേക്കാം,” ഡോ ലോഖണ്ഡേ പറയുന്നു.

“ഹോർമോൺ മാറ്റിസ്ഥാപിക്കൽ തെറാപ്പി മറ്റൊരു ചികിത്സാ ഉപാധിയാണ്. എങ്കിലും ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതിനാൽ ഇത് വ്യാപകമായി ശുപാർശ ചെയ്യപ്പെടാറില്ല. സമാനമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾ പോലെ ഇതിനുമുള്ള ഒരു പരിഹാരം ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കുക എന്നതാണ്. പാലുൽപ്പന്നങ്ങൾ, ശുദ്ധീകരിച്ച മൈദ, എണ്ണ, പഞ്ചസാര, ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവ ഒഴിവാക്കുക. പകരം  നട്സ് പോലെ വിറ്റാമിനുകളും ധാതുക്കളും (പ്രത്യേകിച്ച് വിറ്റാമിൻ ഡി, സിങ്ക്, സെലിനിയം എന്നിവ) അടങ്ങിയ ഭക്ഷണം കഴിക്കുക. ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറങ്ങുന്നുവെന്ന് ഉറപ്പാക്കുക, ജിമ്മിൽ പോകുക, അല്ലെങ്കിൽ നടത്തം, യോഗ, നീന്തൽ പോലുള്ള ഏതെങ്കിലും വ്യായാമങ്ങളിൽ ഏർപ്പെടുക.

എല്ലാ പുരുഷൻമാരും ആൻഡ്രോപോസ് എന്ന അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരില്ലെങ്കിലും അങ്ങനെ സംഭവിക്കാമെന്ന് അറിഞ്ഞിരിക്കേണ്ടത് എപ്പോഴും നല്ലതാണ്. പ്രത്യേകിച്ചും ആരോഗ്യസംബന്ധമായ മറ്റു പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുന്നതും പരിശോധനകൾ നടത്തുന്നതും നല്ലതാണ്. പുരുഷന്മാരിലെ ആർത്തവവിരാമത്തെ ചികിത്സിക്കുന്നതിനുള്ള ഒരു വലിയ തടസ്സം രോഗലക്ഷണങ്ങളെക്കുറിച്ച് അവർ ഡോക്ടറോട് സംസാരിക്കാൻ മടിക്കുന്നതാണ്.

“എൻ്റെ ശാരീരിക പ്രശ്‌നങ്ങളിൽ ഭൂരിഭാഗവും എൻ്റെ മാനസികാവസ്ഥയുമായി ബന്ധപ്പെട്ടതാണെന്ന് ഞാൻ കരുതി. ജോലിയിലെ സമ്മർദ്ദവും ബന്ധങ്ങളുടെ പരാജയവും കാരണം ഞാൻ അത്ര നല്ല അവസ്ഥയിൽ ആയിരുന്നില്ല. എന്നാൽ രോഗം കണ്ടെത്തുകയും ജീവിതശൈലിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്തതിനു ശേഷം കാര്യങ്ങൾ മെച്ചപ്പെട്ടു, പൂർണ്ണമായിട്ടല്ലെങ്കിലും, ” ഷെട്ടി പറയുന്നു.

ചില പഠനങ്ങൾ ആൻഡ്രോപോസിനെ പുരുഷ മിഡ്‌ലൈഫ് പ്രതിസന്ധി അല്ലെങ്കിൽ “യൗവ്വനം നഷ്ടപ്പെടൽ” എന്ന് വിളിക്കുന്നു. സാധാരണയായി ഹോർമോൺ സംബന്ധമായതും മാനസികവും വ്യക്തിപരവും സാമൂഹികവും  ലൈംഗികവും ആത്മീയവുമായ മാറ്റങ്ങൾ ഇതോടൊപ്പം സംഭവിക്കുന്നു.

എന്നാൽ തിരുത്തൽ നടപടികളിലൂടെ പ്രായവുമായി ബന്ധപ്പെട്ട ചില മാറ്റങ്ങളുടെ വേഗത കുറയ്ക്കാൻ സാധിക്കും. പൂർണ്ണമായി തടയാനായില്ലെങ്കിലും. അങ്ങനെ പ്രായമായ പുരുഷന്മാരിൽ മെച്ചപ്പെട്ട ആരോഗ്യവും ജീവിതനിലവാരവും ഉറപ്പുവരുത്താം.

നിങ്ങളുടെ അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ പങ്കുവെക്കൂ

Leave a Reply

Your email address will not be published. Required fields are marked *

0

0

0

ട്രൻഡിംഗ്

ആർട്ടിക്കിൾ

ആർട്ടിക്കിൾ
ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിൽ രാത്രികാലങ്ങളിലെ കാലുവേദന കൂടുതലായി അനുഭവപ്പെടും. ഇത് നിയന്ത്രിക്കാൻ വേദന സംഹാരികൾ ഉപയോഗിക്കരുത്
ആർട്ടിക്കിൾ
കിഡ്നിക്കുള്ളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞുകൂടുമ്പോഴാണ് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. നിർജ്ജലീകരണവും ഉയർന്ന സോഡിയം ഭക്ഷണവും അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു
ആർട്ടിക്കിൾ
ആർത്തവ വേദന ഒഴിവാക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കാനും ആർത്തവ സമയങ്ങളിലെ ലൈംഗികബന്ധം ഗുണം ചെയ്യും
ആർട്ടിക്കിൾ
വ്യായാമ വേളയിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണെങ്കിലും, അമിതമായി വെള്ളം കുടിക്കുന്നത് സോഡിയത്തിൻ്റെ അളവ് കുറയുന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും
ആർട്ടിക്കിൾ
ശരീരഭാരത്തിൽ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗർഭധാരണം, വാർദ്ധക്യം തുടങ്ങിയവ ചില ഘടകങ്ങളാണെങ്കിലും പ്രധാന കാരണം മറ്റൊന്നാണ്
ആർട്ടിക്കിൾ
ഇൻഫ്ലുവൻസ പോലുള്ള വൈറൽ അണുബാധകൾ ഹൃദയത്തെ ബാധിക്കുകയും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു

0

0

0

0

0

0

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient

Opt-in To Our Daily Healthzine

A potion of health & wellness delivered daily to your inbox

Personal stories and insights from doctors, plus practical tips on improving your happiness quotient
We use cookies to customize your user experience, view our policy here

നിങ്ങളുടെ അഭിപ്രായം വിജയകരമായി രേഖപ്പെടുത്തിയിരിക്കുന്നു

ഹാപ്പിയസ്റ്റ് ഹെൽത്ത് ടീം എത്രയും പെട്ടെന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്