
വ്യത്യസ്‌ത ശബ്‌ദങ്ങൾ വ്യത്യസ്‌ത അവസ്ഥകളിലേക്കോ പരിക്കുകളിലേക്കോ സൂചന നൽകുന്നു. പലപ്പോഴും, സിനോവിയൽ ദ്രാവകത്തിൽ (സന്ധികൾക്കിടയിൽ സ്ഥിതിചെയ്യുന്ന കട്ടിയുള്ള ദ്രാവകം) രൂപപ്പെടുന്ന കാർബൺ ഡൈ ഓക്സൈഡിൻ്റെ കുമിളയാണ് ശബ്ദമുണ്ടാക്കുന്നത്. ശരീരത്തിന് ഒരു ദോഷവും വരുത്താത്ത ഒരു സ്വമേധയാ ഉള്ള പ്രക്രിയയാണിതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
കാൽമുട്ടിൻ്റെ വിവിധ വശങ്ങളിൽ നിന്ന് വേദനയില്ലാതെ പൊട്ടുന്ന ശബ്ദം ഉണ്ടാകുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് വാശി-മുംബൈയിലെ ഫോർട്ടിസ് ഹിരനന്ദിനി ആശുപത്രിയിലെ അസ്ഥിരോഗ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ.പ്രമോദ് ഭോർ പറയുന്നു.
ക്രെപിറ്റസ്: വിള്ളൽ ശബ്ധമല്ല പൊട്ടുന്ന ശബ്ധം
ഹൈദരാബാദിലെ കാമിനേനി ഹോസ്പിറ്റലിലെ സീനിയർ ഓർത്തോസ്കോപ്പിക് സർജൻ ഡോ സി കാമരാജ് പറയുന്നതനുസരിച്ച്, വിള്ളൽ പോലുള്ള ശബ്ദവും പൊട്ടുന്ന ശബ്ദവും വ്യത്യസ്തമാണ്.
സന്ധികളുടെ തേയ്മാനം മൂലമുണ്ടാകുന്ന വിള്ളൽ ശബ്ദത്തെ ക്രെപിറ്റസ് (ഗ്രേറ്റിംഗ് സെൻസേഷൻ) എന്ന് വിളിക്കുന്നു. സന്ധികളുടെ ഉപരിതലം വളരെ പരുക്കനും ക്രമരഹിതവുമാകുമ്പോൾ രണ്ട് പരുക്കൻ പ്രതലങ്ങൾ പരസ്പരം ഉരസുന്നത് ഒരു വിള്ളൽ ശബ്ദം ഉണ്ടാക്കുന്നു. സന്ധികൾക്ക് ചില അപകടകരമായ മാറ്റം ഉണ്ടായിട്ടുണ്ടെന്നതിൻ്റെ സൂചനയാണിത്; ഇത് പ്രായവുമായി ബന്ധപ്പെട്ട തേയ്മാനമാണ്, ”അദ്ദേഹം വിശദീകരിക്കുന്നു.
വിള്ളൽ ശബ്ദം പ്രായമായവരിൽ വളരെ സാധാരണമാണെന്നും ഇത് പലപ്പോഴും ഓസ്റ്റിയോ ആർത്രൈറ്റിസുമായി ബന്ധപ്പെട്ടതാണെന്നും ഡോ.ഭോർ പറയുന്നു. “മിക്കവാറും 50 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കും 60 വയസ്സിന് മുകളിലുള്ള പുരുഷന്മാർക്കും അസ്ഥി തേയ്മാനം ഉണ്ട്, ഇത് സന്ധികളുടെ തേയ്മാനത്തിനും അതുവഴി ക്രെപിറ്റസിനും കാരണമാകുന്നു,” ഡോ. ഭോർ പറയുന്നു.
ഒരിടത്ത് മാത്രമുള്ള വേദന/ശബ്ധം: ശ്രദ്ധ ആവശ്യമാണ്
ഓസ്റ്റിയോ ആർത്രൈറ്റിസ് ഉള്ള ആളുകൾക്ക് ഒരിടത്തായി വേദനാജനകമായ വിള്ളൽ ശബ്ദം അനുഭവപ്പെടാറുണ്ട്. ശബ്ദവും ആ ഭാഗത്ത് മാത്രമായി കേൾക്കുമെന്ന് ഡോ ഭോർ പറയുന്നു. “വേദനയില്ലാതെ പൊട്ടുന്ന ശബ്ദം വരുന്ന ഭാഗം മാറിക്കൊണ്ടിരിക്കുകയാണെങ്കിൽ, അതിനെക്കുറിച്ചോർത്ത് നമ്മൾ വിഷമിക്കേണ്ടതില്ല. എന്നാൽ അത് എപ്പോഴും ഒരിടത്ത് നിന്നോ ഉള്ളിൽ നിന്നോ വശങ്ങളിൽ നിന്നോ ആണെങ്കിൽ, ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ചിലപ്പോൾ ശരീരത്തിലെ ചില പരിക്കുകൾ മൂലമോ വാത സംബന്ധമായ മാറ്റങ്ങളോ മൂലമാകാം, ”അദ്ദേഹം പറയുന്നു.
മുട്ടിൽ നിന്ന് പൊട്ടുന്ന ശബ്ധം കേൾക്കുന്നതിനുള്ള മറ്റ് കാരണങ്ങൾ ?
ഡിസ്‌കോയിഡ് മെനിസ്‌കസ് എന്ന അവസ്ഥയും പൊട്ടുന്ന ശബ്ദത്തിന് കാരണമാകുമെന്ന് ഡോ കാമരാജ് പറയുന്നു. തുടയെല്ലിനും കീഴ്ക്കാലിലെ എല്ലിനും ഇടയിലുള്ള സി ആകൃതിയിലുള്ള തരുണാസ്ഥിയാണ് മെനിസ്കസ്.
“മെനിസ്‌കസിൽ പിണഞ്ഞത് പോലുള്ള പരിക്കുണ്ടെങ്കിൽ, ഒരു ക്ലിക്ക് ശബ്ദമോ പൊട്ടുന്ന ശബ്ദമോ ഉണ്ടാകും. പൊട്ടുന്ന ശബ്ദത്തേക്കാൾ ഉപരി ഇത് സന്ധികൾ ക്ലിക്ക് ചെയ്യുന്ന ശബ്ദമാണ്. ”അദ്ദേഹം പറയുന്നു, ഇത് ചെറുപ്പക്കാരിലും സംഭവിക്കാം.
ഡിസ്‌കോയ്‌ഡ് മെനിസ്‌കസിൽ, വേദനയില്ലാതെ തന്നെ പൊട്ടുന്ന ശബ്ദം ഉണ്ടാകാം, എന്നാൽ വിള്ളൽ ശബ്ദം (ക്രെപിറ്റസ്) സാധാരണയായി അപചയത്തിൻ്റെ മാറ്റങ്ങൾ മൂലമുള്ള വേദനയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡോ കാമരാജ് കൂട്ടിച്ചേർക്കുന്നു.
“ഡിസ്‌കോയിഡ് മെനിസ്‌കസിൽ, ചില കുട്ടികൾ ഇരുന്നു എഴുന്നേൽക്കുമ്പോഴോ കാൽമുട്ട് ചലിപ്പിക്കാൻ ശ്രമിക്കുമ്പോഴോ ഒരു പൊട്ടുന്ന പോലുള്ള ശബ്ദം അനുഭവപ്പെടാറുണ്ട്. ചില ആളുകൾക്ക് ഇത് വളരെ വേദനാജനകവും ചിലർക്ക് വേദനയില്ലാത്തതുമായിരിക്കും, ”അദ്ദേഹം പറയുന്നു.
സന്ധികളിൽ കേടുവന്ന ലിഗമെൻ്റുകളും അയഞ്ഞ ശകലങ്ങളും ശബ്ദമുണ്ടാക്കും. കാൽമുട്ട് ജോയിൻ്റിലോ മുട്ടിൻ്റെ ചിരട്ടയ്ക്കും തുടയെല്ലിനും ഇടയിലുള്ള പാറ്റല്ലോഫെമറൽ ജോയിൻ്റിലോ ശബ്ദം ഉണ്ടാകാം,” ഡോ കാമരാജ് പറയുന്നു
ഒരു ഉദാഹരണം ചൂണ്ടിക്കാണിച്ചു കൊണ്ട് ഡോ.കാമരാജ് പറയുന്നു, “മെഡിയൽ മെനിസ്‌കസ്, ലാറ്ററൽ മെനിസ്‌കസ് എന്നിങ്ങനെ ലിഗമെൻ്റുകൾ ഉണ്ട്. ഈ ലിഗമെൻ്റുകൾക്ക് കേടുപാടുകളോ പരിക്കുകളോ ഉണ്ടെങ്കിൽ, അത് പൊട്ടുന്ന ശബ്ദത്തിന് കാരണമാകും. അനക്കാനാകാതെ ഇറുകി പിടിക്കുന്ന മുട്ട് കൂട്ടിപ്പിടുത്തം എന്നും ഇതിനെ വിളിക്കുന്നു.
പൊട്ടുന്ന ശബ്ദത്തിൻ്റെ മറ്റൊരു കാരണം, സന്ധിയിലെ സൈനോവിയത്തിൻ്റെ (സോഫ്റ്റ് ടിഷ്യൂകൾ) വീക്കമായ സൈനോവിറ്റിസ് ആയിരിക്കാം, ഡോ ഭോർ ചൂണ്ടിക്കാട്ടുന്നു.
എല്ലുമായി ബന്ധപ്പെട്ട ക്ഷതം അല്ലെങ്കിൽ മൃദുവായ ടിഷ്യൂകൾക്കുണ്ടാകുന്ന ക്ഷതം എന്നിവയും ശബ്ദമുണ്ടാകാനുള്ള കാരണങ്ങളാകാം. “ചിലപ്പോൾ പാറ്റേല എന്ന മുട്ടിൻ്റെ ചിരട്ടയ്ക്ക്, സ്ഥാനഭ്രംശം ഉണ്ടാകാം. അങ്ങിനെ വരുമ്പോൾ നിങ്ങൾക്ക് ചിരട്ടയുടെ ചലനം അനുഭവിക്കാൻ കഴിയും, ചില ആളുകളിൽ അത് പൊട്ടുന്ന പോലുള്ള ശബ്ദമുവുമുണ്ടാക്കും. മൃദുവായ ടിഷ്യുവിലും ഒരു പ്രശ്നമുണ്ടാകാം; ചിലപ്പോൾ സ്നായുക്കൾ എല്ലിനു മുകളിലൂടെ ചലിക്കുന്നതും പൊട്ടുന്ന ശബ്ദത്തിനോ സംവേദനത്തിനോ ഇടയാക്കും. ”ഡോ കാമരാജ് പറയുന്നു.
ചികിത്സ
വിള്ളൽ ശബ്ദത്തിൻ്റേയും പൊട്ടുന്ന ശബ്ദത്തിൻ്റേയും കാരണങ്ങൾ തിരിച്ചറിയേണ്ടത് പ്രധാനമാണ്, ഡോ കാമരാജ് പറയുന്നു. “ശബ്ദം ഡിസ്‌കോയിഡ് മെനിസ്‌കസ് മൂലമോ മെനിസ്‌കസ് തേയ്മാനം മൂലമോ ആണെങ്കിൽ, അതിന് ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. ഇത് വളരെ പ്രാരംഭ ഘട്ടത്തിലാണെങ്കിൽ, മരുന്ന്, ഫിസിയോതെറാപ്പി, വ്യായാമം എന്നിവയിലൂടെ ഇത് നിയന്ത്രിക്കാനാകും. മിക്കപ്പോഴും, ആളുകൾ ഈ ശബ്ദങ്ങൾ അവഗണിക്കുകയും പിന്നീട് തിരിച്ചു വരാൻ ഇടയാക്കുകയും ചെയ്യുന്നു. പൂർവ്വസ്ഥിതിയിലേക്ക് വരാവുന്ന ഒരു പ്രശ്നം അശ്രദ്ധമൂലം പരിഹരിക്കാനാകാത്തതായി മാറിയേക്കാം,” അദ്ദേഹം പറയുന്നു.
സാധാരണയായി ആളുകൾ പൊട്ടുന്ന ശബ്ദം അവഗണിക്കുകയും മുട്ടിൽ വേദനയോ പ്രശ്‌നമോ അനുഭവിക്കുമ്പോൾ മാത്രമേ ഡോക്ടറെ സന്ദർശിക്കാറുള്ളൂവെന്നും ഡോ ഭോർ പറയുന്നു.
ഡോക്ടർ കാമരാജ് പറയുന്നതനുസരിച്ച്, ഒരാൾക്ക് ശരീരത്തിൽ എന്തെങ്കിലും അസ്വാഭാവികത അനുഭവപ്പെടുമ്പോൾ തന്നെ അവർ ഡോക്ടറെ സമീപിക്കേണ്ടതുണ്ട്. “വേദന ആരംഭിക്കുന്നത് വരെ അവർ കാത്തിരിക്കരുത്, കാരണം അപ്പോഴേക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടാകും. ചെറിയതാണെങ്കിലും, അത് വഷളാകുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കണം, ”അദ്ദേഹം പറയുന്നു.
വിരൽ ഞൊടിക്കുന്ന ശബ്ധം വ്യത്യസ്തമാണ്
വിരൽ ഞൊടിക്കുന്നത് സ്വമേധയാ ചെയ്യുന്ന ഒന്നാണ്.അതുകൊണ്ട് തന്നെ അത് മുട്ടിലെ പൊട്ടുന്ന ശബ്ദത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് എന്ന് ഡോ.ഭോർ പറയുന്നു. മുട്ടിലുണ്ടാകുന്ന ശബ്ദം അനിയന്ത്രിതമാണ്, രണ്ടും സൃഷ്ടിക്കുന്ന ശബ്ദങ്ങൾ വ്യത്യസ്തവുമാണ്.